Sunday, 22 February 2026

1 മനസ്സ്


സസ്യങ്ങളും ജന്തുക്കളും മൃഗങ്ങളും അന്നത്തെ അന്വേഷിക്കുന്നു. മനുഷ്യനാകട്ടെ അന്നം, അര്‍ത്ഥം എന്നിവയെ അന്വേഷിക്കുകയും മനനം ചെയ്യുകയും ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ഉയര്‍ന്ന മാനസികവളര്‍ച്ചയായ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യുന്നു. ചിന്തിക്കാനും വിഷയങ്ങളെ മനസ്സിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാടാണ് മനനം. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ്, ആത്മബോധകലകള്‍, ആത്മബോധം എന്നിവ ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം മനീഷ ഉള്ളവന്‍ അഥവാ വിവേകപൂര്‍വ്വം ചിന്തിക്കുന്നവന്‍ എന്നാണ്. മസ്തിഷ്കവികാസം പ്രാപിച്ച മനുഷ്യന്‍ വിഷയങ്ങളെയും ഒപ്പം അതിന് സൂക്ഷ്മകാരണമായ സത്യബോധത്തെയും അന്വേഷിക്കുന്നു. മനുഷ്യനിലെ സത്ത ആത്മബോധമാണ്. ആശയ ഊര്‍ജ്ജങ്ങളായ ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകള്‍ ആത്മബോധത്തിന്‍റെ സഹചാരികളാണ്. എല്ലാവരിലെ സത്തയും സമാനമാണ്. വിത്യാസം നിലകൊള്ളുന്നത് അതിന്‍റെ ആവരണങ്ങളിലാണ്.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ടതാണ് കാര്യശരീരം. മൂടുപടം ഒന്നുമില്ലാതെ സാഹചര്യത്തോട് പെരുമാറുന്ന കാര്യശരീരരൂപമാണ് വ്യക്തി. വ്യക്തിയിലെ ചേതനയാണ് പ്രാണശക്തി. മനസ്സ് ഒരു ഭൗതികയിനം ഊര്‍ജ്ജപ്രതിഭാസമാണ്. വ്യക്തി എന്ന നിലയില്‍ തന്‍റെ ഭാവം എങ്ങിനെയായിരിക്കണം, തന്‍റെ കർമ്മങ്ങള്‍ എന്തെല്ലാമായിരിക്കണം, സാഹചര്യത്തില്‍ തന്‍റെ സ്ഥാനം എന്താണ്, സ്ഥൂലമായും സൂക്ഷ്മമായും താന്‍ ആരാണ്, കാര്യശരീരസംരക്ഷണത്തിനും പൂര്‍ണ്ണായുസ്സ് അനുഭവത്തിനും താന്‍ എന്തെല്ലാമാണ് അനുഷ്ഠിക്കേണ്ടത്, തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം എന്താണ് എന്നതൊക്കെ തിരിച്ചറിയേണ്ടത്, അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് വ്യക്തിയുടെ കർത്തവ്യമാണ്. സത്ത ഉണ്ടെങ്കില്‍ സത്തയുടെ ലക്ഷ്യം, ലക്ഷ്യത്തിന് ഉതകുന്ന മാര്‍ഗ്ഗങ്ങള്‍, സത്തയുടെ സഹായികള്‍, ആവരണങ്ങള്‍, ആവരണങ്ങളിലെ പ്രശ്നങ്ങള്‍, പ്രശ്നപരിഹാരങ്ങള്‍ എന്നിവയെപ്പറ്റി അറിയേണ്ടതും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും സത്തയുടെ കർത്തവ്യമാണ്.

ഓരോ വ്യക്തിക്കും വിത്യസ്തമായ ശരീരരൂപവുണ്ട്. സ്ഥൂലശരീരത്തിലെയും സൂക്ഷ്മശരീരത്തിലെയും അപൂർണ്ണതയാണ് വ്യക്തിയിലെ വിത്യാസത്തെ നിർണ്ണയിക്കുന്നത്. അപൂര്‍ണ്ണതക്ക് ആധാരം കർമ്മങ്ങളും സാഹചര്യങ്ങളും ഇവയിലെ അശുദ്ധിയുമാണ്. കര്‍മ്മങ്ങൾക്ക് സഹായകമായ കാര്യശരീരത്തിന്‍റെ ഗുണമാണ് വീര്യം. കാര്യശരീരത്തെ പുരുഷന്‍, സ്ത്രീ എന്നത് കൂടാതെ വീര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഷ്ണപ്രകൃതി, ശീതപ്രകൃതി എന്നും തരംതിരിക്കാനാകും.

കാര്യശരീരം ഭൗതികമാണ്. അത് ആത്മബോധത്തെ സംബന്ധിച്ച് വാഹനം മാത്രമല്ല പ്രകൃതിഭോഗത്തിനുള്ള ഉപകരണം കൂടിയാണ്. കാര്യശരീരത്തിന്‍റെ നിലനില്‍പ്പിന് ആഹാരം വേണ്ടതുണ്ട്. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. ആഹാരത്തിൽ നിന്നാണ് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ക്രമത്തിൽ രൂപപ്പെടുന്നത്. രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, ശുക്ര എന്നിവ ഉള്‍പ്പെട്ട സപ്തധാതുക്കള്‍ തന്നെയാണ് സ്ഥൂലശരീരം. കഴിച്ച ആഹാരവും അതില്‍ നിന്ന് വികസിച്ച സപ്തധാതുക്കളും പരിണമിച്ചാണ് പ്രാണശക്തി, മനസ്സ് എന്നിവ രൂപപ്പെടുന്നത്.

കാര്യശരീരത്തെ പഞ്ചഭൂത ആശയത്തില്‍ സങ്കല്‍പ്പിച്ച് പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു പൂർവ്വികർ സ്വീകരിച്ചുപോന്നത്. ദ്രവ്യം, ഊര്‍ജ്ജം എന്നിവയുടെ അടിസ്ഥാനഘടകങ്ങള്‍ പഞ്ചഭൂതങ്ങളാണ് എന്നായിരുന്നു പൂര്‍വ്വികരുടെ നിഗമനം. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ആധുനികകാലത്ത് ഇലട്രോണുകള്‍, പ്രോട്ടോണുകള്‍, ന്യൂട്രോണുകള്‍ എന്നിവ ഉള്‍പ്പെട്ട ആറ്റമാണ് ദ്രവ്യത്തിന്‍റെ അടിസ്ഥാനഘടകം. ഊര്‍ജ്ജം പ്രകാശമാണെങ്കില്‍ അതിന്‍റെ പിണ്ഡം ഇല്ലാത്ത ഘടകമാണ് ഫോട്ടോണുകള്‍. ഫോട്ടോണുകൾക്ക് പ്രകാശവേഗതയിൽ സഞ്ചരിക്കാനാകും. ചില ഘട്ടത്തിൽ പ്രകാശാതീത വേഗതയിലും സഞ്ചരിക്കാൻ കഴിയും. മനുഷ്യശരീരത്തില്‍ നിന്നും ഫോട്ടോണുകള്‍ ബഹിര്‍ഗമിക്കുന്നുണ്ട്. ആകാശം, വായു എന്നീ ഭൂതങ്ങള്‍ക്ക് സൂക്ഷ്മത, വികാസം എന്നീ ഗുണങ്ങള്‍ കൂടും. സ്ഥൂലത, സങ്കോചം, ഘനത്വം തുടങ്ങിയ ഗുണങ്ങള്‍ കൂടുതലുള്ളതാണ് ജലം, ഭൂമി എന്നീ ഭൂതങ്ങള്‍. ആകാശഭൂതം വായുഭൂതം, അഗ്നിഭൂതം, ജലഭൂതം ക്രമത്തില്‍ പരിണമിച്ചാല്‍ ഭൂമിഭൂതമാകും. ഭൂമിഭൂതം തിരികെ ജലഭൂതം, അഗ്നിഭൂതം, വായുഭൂതം ക്രമത്തില്‍ പരിണമിച്ചാൽ ആകാശഭൂതവുമാകും. ആദം, ഹവ്വ എന്നിവ ആദ്യത്തില്‍ യഥാക്രമം ഭൂമി, ജലം എന്നീ ഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന പദങ്ങളായിരുന്നത്രേ. ഭൂമിഭൂതം ആകാശഭൂതത്തിന്‍റെ ഉല്‍പന്നമാണ്, അങ്ങിനെയല്ല അത് അഗ്നിഭൂതത്തിന്‍റെ ഉല്‍പന്നമാണ് എന്നതായിരുന്നത്രെ മനുഷ്യര്‍ക്കിടയിലെ ആദ്യത്തെ തര്‍ക്കം.

ഭൂലോകത്ത് ഏറ്റവും കൂടുതല്‍ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് മനുഷ്യന്‍. മനുഷ്യമസ്തിഷ്കത്തില്‍ ഏകദേശം 100 ബില്യന്‍ നാഡീകോശങ്ങളും ഒരു ലക്ഷം ബില്യന്‍ നാഡീയബന്ധങ്ങളും ഉണ്ട്. മസ്തിഷ്കത്തില്‍ അറുപത് ശതമാനവും കൊഴുപ്പുധാതുവാണ്. ബാല്യത്തില്‍ മസ്തിഷ്കകോശങ്ങളില്‍ ഭൂമിഭൂതത്തിന്‍റെ തോത് കൂടുകയും ആകാശഭൂതത്തിന്‍റെ തോത് കുറയുകയും ചെയ്‌താല്‍ ബുദ്ധിവളര്‍ച്ച സാവധാനത്തിലാകും. ആശയവിനിമയശേഷി കുറയും. മസ്തിഷ്കകോശങ്ങളില്‍ ഭൂമിഭൂതത്തിന്‍റെ തോത് വളരെ കുറഞ്ഞാല്‍ ബഹളീഭാവം പ്രകടമാകും. വളര്‍ച്ചയുടെ തോത് ശരീരത്തില്‍ ശിരോഭാഗത്ത് സാവധാനത്തിലും അധോഭാഗത്ത് വേഗത്തിലുമാണ്. ശിരോഭാഗത്ത് ആകാശവായു ഭൂതങ്ങളും മൂലഭാഗത്ത് ഭൂമിജല ഭൂതങ്ങളും കൂടുതലായി നിലകൊള്ളേണ്ടതുണ്ട് എന്ന് സങ്കല്‍പ്പിച്ച് ആ രീതിയില്‍ കാര്യശരീരത്തെ സംരക്ഷിക്കാനാകും. നിലനില്‍പ്പ്‌ ജീവിതത്തിന്‍റെയും പൂര്‍ണ്ണായുസ്സ് അനുഭവത്തിന്‍റെയും അടിസ്ഥാനം സപ്തധാതുപരിണാമങ്ങളിലെ സുസ്ഥിതിയും അതനുസരിച്ചുള്ള കാര്യശരീരത്തിന്‍റെ ആരോഗ്യവുമാണ്.

ഭൂമിയിലെ ഉത്തമ ജീവിയാണ് മനുഷ്യൻ. ഓരോ മനുഷ്യന്‍റെ ആരോഗ്യവും കര്‍മ്മങ്ങളും കർമ്മഫലങ്ങളും ജീവിതവീക്ഷണങ്ങളും ജീവിതാനുഭവങ്ങളും വിത്യസതമാണ്. പ്രശ്നങ്ങളും വിത്യസ്തമാണ്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ മുഖ്യമായത് വേദന, രോഗം, കഷ്ടത, ശല്യം, ദോഷം, വാർദ്ധക്യം, അകാലമരണം എന്നിവയാണ്. ദാരിദ്ര്യവും ഒരു പ്രശ്നവിഷയമാണ്. ദാരിദ്ര്യം എന്നത് ഇല്ലായ്മയാണ്. വിജ്ഞാനം, ആരോഗ്യം, അര്‍ത്ഥം എന്നിവയുടെ ഇല്ലായ്മയും ദാരിദ്രമാണ്. ദുഃഖം, ദേഷ്യം, ഭയം, ആസക്തി, മോഹഭംഗം, വെറുപ്പ് തുടങ്ങിയ മനോമലങ്ങളും കര്‍മ്മപ്രാരാബ്ധങ്ങള്‍, സാഹചര്യശല്യം, മുഷിപ്പ്, ക്ഷീണം, വേദന, അകാലവാര്‍ദ്ധക്യം എന്നിവയും ഇവയുടെയൊക്കെ ഭവിഷ്യത്തുക്കളും മനുഷ്യന്‍റെ പ്രശ്നങ്ങളാണ്. മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയും അനുഭവിച്ചുപോരുന്ന പ്രയാസങ്ങളുടെയും നിദാനം ശരീരം, പ്രാണശക്തി, മനസ്സ്, ആത്മബോധകലകള്‍ എന്നിവ തമ്മിലും; കാര്യശരീരം, സാഹചര്യം എന്നിവ തമ്മിലും വേണ്ട സൗമ്യത തകരാറിലാകുന്നതാണ്. പ്രശ്നങ്ങളിൽ മുഖ്യം വേദന തന്നെയാണ്. വേദന പൊതുവെ അനുഭവിക്കുന്നത് നാഡിവ്യൂഹവുമായി ബന്ധപ്പെട്ട കോശങ്ങളാണ്. നാഡിവ്യൂഹയിതരകോശങ്ങള്‍, അവയവങ്ങള്‍, ദേഹദ്രാവകങ്ങള്‍ എന്നിവയെല്ലാം വേദനാരൂപീകരണത്തിന്‍റെ വേദികള്‍ മാത്രമാണ്. കാര്യശരീരത്തിലെ അശുദ്ധി, അസന്തുലിതാവസ്ഥ, അന്നമില്ലായ്മ; അവയവങ്ങള്‍, കോശങ്ങള്‍, എന്നിവയിലെ ക്ഷതം, വീക്കം, ക്ഷയം; വിഷം, സാരംഗ്നികളുടെ കുറവ്, പ്രതിഹോർമോണുകളുടെ സാന്നിദ്ധ്യം, സങ്കോചവികാസ തകരാറുകള്‍, അഹന്താദോഷങ്ങള്‍ തുടങ്ങിയവയെല്ലാം വേദനയ്ക്ക് കാരണങ്ങളാണ്. സ്രോതസ്സുകള്‍, ചാലുകള്‍, ദ്വാരങ്ങള്‍ എന്നിവയിലെ സ്തംഭനം, തടസ്സം എന്നിവയും വേദനയ്ക്ക് കാരണങ്ങളാണ്. പുരുഷന്‍റെ സ്ഥൂലശരീരത്തില്‍ വലിയ ദ്വാരങ്ങളുടെ എണ്ണം പതിനൊന്നും സ്ത്രീശരീരത്തില്‍ അത് പന്ത്രണ്ട് എണ്ണവുമാണ്. ചര്‍മ്മത്തിലെ ചെറുസുഷിരങ്ങളുടെ ആകെ എണ്ണം ഏകദേശം അന്‍പത് ലക്ഷമാണ്. കയ്യിന്‍റെ പിന്‍വശത്ത്‌ 17000 ചെറുസുഷിരങ്ങളും ഉള്ളംകയ്യില്‍ ഏകദേശം 10000 ചെറുസുഷിരങ്ങള്‍ വീതവും ഉണ്ട്. കാര്യശരീരത്തിൽ രൂപപ്പെട്ട മലങ്ങളും പുറമെ നിന്ന് എത്തിയ മാലിന്യങ്ങളും ഒപ്പം പ്രാണശക്തിയുടെ കുറച്ച് അംശങ്ങളും ബാഹ്യദ്വാരങ്ങളിലൂടെ ഇടയ്ക്കിടെ പുറത്തുപോകും. സൂക്ഷ്മസുഷിരങ്ങളിലൂടെയും പോകും. വായുമാലിന്യങ്ങള്‍, ധാതുമലങ്ങള്‍ എന്നിവ സ്രോതസ്സുകളിലും ചാലുകളിലും ദ്വാരങ്ങളിലും തങ്ങി തടസ്സപ്പെടുന്നതാണ് ദൈനംദിന പ്രയാസങ്ങള്‍ക്ക് പലപ്പോഴും വഴിയൊരുക്കുന്നത്. പൂര്‍വ്വജന്മം, ഗര്‍ഭസ്ഥം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ഘട്ടങ്ങളിലെ കർമ്മവൈകല്യങ്ങളും വേദനയ്ക്ക് കാരണമാണ്.

സാമാന്യമായി അനുഭവപ്പെട്ടുപോരുന്ന ദുഃഖങ്ങള്‍ക്ക് നിദാനം മനസ്സിലെ മോഹങ്ങള്‍, സങ്കല്‍പ്പങ്ങള്‍, ബുദ്ധി എന്നിവയുടെ വൈകല്യങ്ങളോ മനസ്സ് സൃഷ്ടിച്ച അഹിതബന്ധങ്ങളോ ബന്ധനങ്ങളോ അവിദ്യയൊ ആണ്. അഹന്താതത്വം ബാധിച്ച മനസ്സാണ് അവിദ്യ. വേദന, ദുഃഖം തുടങ്ങിയ അസ്വസ്ഥതകൾക്ക് മറ്റൊരു കാരണം സാഹചര്യം ഒരുക്കിയ വികലയിനം സംവിധാനങ്ങളാണ്. ദേശവും കാലവും ഉള്‍പ്പെട്ടതാണ് സാഹചര്യം. പൂര്‍വ്വജന്മപാപങ്ങള്‍ മൂലം ആന്തരിക മനസ്സ് അനുഭവിക്കുന്ന വേദനകളാണ് നൊമ്പരം. വേദനയെ പരിഹരിച്ചും ശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തിയും അകാലമരണത്തെ പ്രതിരോധിച്ചും പൂർണ്ണായുസ്സ് അനുഭവിക്കാൻ വ്യക്തിയെ സഹായിക്കലാണ് സമഗ്രവൈദ്യത്തിന്‍റെ ലക്ഷ്യം. വാര്‍ദ്ധക്യഅതിജീവനത്തിന്‍റെ ലക്ഷ്യവും അതുതന്നെയാണ്.

ഇരുന്നൂറില്‍ അധികം വിത്യസ്തതരം കോശങ്ങൾ ശരീരത്തിലുണ്ട്. ശരീരം എന്നാൽ നിത്യേനെ നശിക്കുന്നത് എന്നാണർത്ഥം ശരീരത്തിൽ സാമാന്യമെന്നോണം തന്നെ ഏകദേശം പത്ത് ലക്ഷത്തിലധികം കോശങ്ങൾ നിമിഷംപ്രതി മരണപ്പെടുന്നുണ്ട്. വിഷങ്ങൾ, മാലിന്യങ്ങൾ, അമ്ലവർദ്ധനവ്, ക്ഷതം എന്നിവയാണ് കോശനാശങ്ങൾക്ക് നിദാനമാകുന്നത്. നശിക്കുന്ന കോശങ്ങൾ അവയുടെ വേദനയടക്കമുളള വിവരങ്ങൾ, മസ്തിഷ്കത്തിലാണെങ്കിൽ സങ്കല്‍പ്പങ്ങൾ, ചിന്തകൾ, കർമ്മങ്ങൾ എന്നിവ ഉൾപ്പെട്ട വിവരങ്ങൾ സമീപമുള്ള കോശങ്ങളിലോട്ടോ ദ്രാവകങ്ങളിലോട്ടോ ഊർജ്ജ മേഖലകളിലോട്ടോ പകർന്നുകൊടുത്ത ശേഷമാണ് മരണപ്പെടുന്നത്.

ദ്രവ്യം, ഊര്‍ജ്ജം, അറിവ്, ആശയം, അവസ്ഥ തുടങ്ങിയവ നിലകൊള്ളുന്നതിന് സ്ഥൂലമൊ സൂക്ഷ്മമൊ ആയ ഒരു ഇടമൊ മാദ്ധ്യമമൊ ആവശ്യമുണ്ട്. രോഗം ഒരു അവസ്ഥയൊ അനുഭവമൊ ആണ്. രോഗ് എന്ന സംസ്‌കൃതപദത്തിന്‍റെ അർത്ഥം വേദന എന്നാണ്. വേദന അനുഭവിക്കുന്നതിനും ഒരു മാദ്ധ്യമം ആവശ്യമുണ്ട്. വേദനയ്‌ക്ക് കേന്ദ്രമാകുന്നത് കാരണശരീരത്തെക്കാളും കൂടെയുള്ള ഊർജ്ജവിശേഷങ്ങളെക്കാളും ഉപരി മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ ഉള്‍പ്പെട്ട കാര്യശരീരം തന്നെയാണ്. മനുഷ്യന്‍ അനുഭവിച്ചുപോരുന്ന ആകെ വേദനകളിൽ 80% വും മനോതലത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്. വേദന അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ബാഹ്യമനസ്സാണ്. ദുഃഖം, ഭയം, മുഷിപ്പ്, മോഹഭംഗം, ദേഷ്യം തുടങ്ങിയ മനോമലങ്ങളെ അനുഭവിക്കുന്നതും ബാഹ്യമനസ്സാണ്. കാമമയകോശം, ബുദ്ധിമയകോശം എന്നിവയെ സമ്യക് ആക്കിയാല്‍, മനസ്സിനെ ശുദ്ധമാക്കിയാല്‍ അനുഭവിച്ചുപോരുന്ന ഒട്ടുമിക്ക പ്രയാസങ്ങളില്‍ നിന്നും മുക്തി നേടാനാകും. വേദനാമുക്തി അനുഭവിക്കുന്നതിന് കാര്യശരീരത്തില്‍ ശുദ്ധി, സൗമ്യത എന്നിവ വേണം. കാര്യശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിന് വേണ്ട ആഹാരം വേണം. അശുദ്ധിനിവാരണത്തിനും കോശങ്ങളുടെ ക്രമീകരണത്തിനും ഉതകുന്ന ഔഷധങ്ങളും മുഹൂർത്തവും ഒരു അര്‍ഹതയും വേണം.

ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. വായുവും വെള്ളവും വെളിച്ചവും ശബ്ദവും സസ്യങ്ങളും മത്സ്യവും മാംസവും എല്ലാം ആഹാരമാണ്. സസ്യങ്ങളെ ആശ്രയമാക്കുമ്പോള്‍ അവയുടെ സ്വാതികാംശങ്ങളാണ് മനുഷ്യന് ആഹാരമാകുന്നത്. സസ്യം എന്നതിന് മാനുഷ എന്നും അര്‍ത്ഥമുണ്ട്. മാനുഷയില്‍ നിന്ന് പരിണമിച്ച് രൂപംകൊണ്ട ജീവി എന്നും ആദിമ മനുഷ്യനെ വിശേഷിപ്പിക്കാറുണ്ട്. സസ്യത്തിന്‍റെ തലതിരിഞ്ഞ രൂപമത്രേ മനുഷ്യന് കിട്ടിയത്.

ഷധം, ദുഃഖം എന്നിവയെ പരിഹരിച്ച് സ്വസ്ഥത അനുഭവിക്കാന്‍ സഹായകമായതാണ് ഭിഷജം. സസ്യങ്ങളിലെ ആഹാരയിതര തമസ്സ് അംശങ്ങളെയാണ് ഭിഷജമായി പൊതുവെ പ്രയോജനപ്പെടുത്തുന്നത്. ഭിഷജം കൈവശമുള്ളവനാണ്, ഭീതിയെ മാറ്റുന്നവനാണ് ഭിഷഗ്വരൻ. ചികിത്സയുടെ ലക്ഷ്യം വേദനാപരിഹാരവും ആരോഗ്യസമ്പാദനവുമാണ്. ചികിത്സയിലെ പ്രഥമ കാര്യം ശുദ്ധി സംഘാടനമാണ്. വേദനയ്ക്ക് ശാശ്വത പരിഹാരമാകുന്നത് സാഹചര്യം, സ്ഥൂലശരീരം, സൂക്ഷ്മശരീരം എന്നിവ തമ്മിലുള്ള സൗമ്യതയുടെ നിത്യതയാണ്. കാര്യശരീരത്തിന്‍റെ ഘടകങ്ങളായ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യതയെയും ബലത്തെയുമാണ് ആരോഗ്യം എന്ന് പറയുന്നത്. കാര്യശരീരത്തെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കേണ്ടത്, മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കേണ്ടത്, സുഖത്തോടെയും സന്തോഷത്തോടെയും പൂര്‍ണ്ണായുസ്സ് അനുഭവിക്കാൻ തയ്യാറാക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യത്തില്‍പ്പെട്ട കാര്യമാണ്. ക്ഷീണിച്ച കോശങ്ങളിലെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതിനും പ്രാണശക്തിയുടെ ഉണര്‍ച്ചയ്ക്കും ആത്മബോധകലകളുടെ വികാസത്തിനും അവയുടെ സംയോഗത്തിനും ആത്മബോധത്തിന്‍റെ ഉയർത്തെഴുന്നേൽപ്പിനും എല്ലാം ഭിഷജങ്ങളെ പ്രയോജനപ്പെടുത്താനാകും.

പ്രകൃതിയിനം ഭിഷജങ്ങളുടെയും അവയുടെ പ്രയോഗങ്ങളുടെയും സങ്കേതമാണ് സമഗ്രവൈദ്യം. വൈദ്യത്തിന്‍റെ ലക്ഷ്യം വേദനാമുക്തിയാണ്. വേദന ഇല്ലാത്ത അവസ്ഥയാണ് സുഖം. ബലവും അയവും സുഖവും ഉള്ള അവസ്ഥയാണ് ആരോഗ്യം. ആരോഗ്യബലത്തെ അനുഭവിക്കുന്നതിന് ശുദ്ധി, സപ്തധാതുക്കളിലെ സൗമ്യത, ഇന്ദ്രിയക്ഷമത എന്നിവയുള്ള സ്ഥൂലശരീരത്തോടൊപ്പം, വാത, പിത്ത, കഫ ബലങ്ങളിൽ സൗമ്യതയുള്ള പ്രാണശക്തിയോടൊപ്പം; ഓർമ്മ, ബുദ്ധി, യുക്തി, വിനയം, വിവേകം, നിശ്ചയദാര്‍ഢ്യം, അവബോധം എന്നിവയുള്ള മനസ്സും വേണം. ബുദ്ധിയുടെയും അനുകൂലയിനം ഓർമ്മകളുടെയും സമഗ്രതയാണ്, ഉയർന്ന തോതിലുള്ള വിവേകമാണ് അവബോധം. ധര്‍മ്മം, കര്‍ത്തവ്യബോധം, മര്യാദ, സ്ഥലകാലബോധം, സമചിത്തത, കൂട്ടായ്മ, പൂജ, കൃതജ്ഞത, തെളിമ, പ്രസാദാത്മകത, ആത്മസംയമനം, സഹനം, സ്നേഹം, നന്മ, കരുണ, ത്യാഗം, സമര്‍പ്പണം, സന്തോഷം, സമാധാനം, സംതൃപ്തി, ആനന്ദം എന്നിവയെല്ലാം അവബോധമനസ്സിന്‍റെ സവിശേഷതകളാണ്.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ്, അഹന്താദോഷങ്ങൾ; ആത്മബോധകലകള്‍, ആത്മബോധം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് മനുഷ്യന്‍. കാമം, ഭൗതികാസക്തി, യുക്തിബോധം എന്നിവ കൂടുതലുള്ള, സങ്കൽപ്പിക്കാനും ഓര്‍മ്മിക്കാനും ബുദ്ധിയെ പ്രയോജനപ്പെടുത്തി ചിന്തിക്കാനും ആനന്ദിക്കാനും ശേഷിയുള്ള ജീവിയാണ് ഹോമോ സാപിയന്‍സ്. ലാറ്റിന്‍ ഭാഷയില്‍ ഹോമോ എന്നാല്‍ മനുഷ്യന്‍ എന്നാണര്‍ത്ഥം. ഹോമോ സാപിയന്‍സിനെ മറ്റ് ജീവികളില്‍ നിന്ന് വേര്‍തിരിക്കുന്നതില്‍ മുഖ്യം അവനിലെ ഓർമ്മശേഷിയുള്ള, മനനശേഷിയുള്ള മനസ്സാണ്. മനനം എന്നത് ചിന്തയാണ്. ശരീരധാതുക്കൾ, ധാതുമലങ്ങൾ, പ്രാണശക്തി, മനസ്സ്; ആത്മബോധകലകള്‍, ആത്മബോധം എന്നിവ ഉൾപ്പെട്ട ജീവി എന്നപോലെ മെച്ചപ്പെട്ട തരത്തിലുള്ള മസ്‌തിഷ്കം, ബുദ്ധി, അവബോധം, മെച്ചപ്പെട്ടയിനം അർത്ഥം എന്നിവ കൈവശപ്പെട്ട പുണ്യവാനായും മനുഷ്യനെ കണക്കാക്കാവുന്നതാണ്‌. ജീവിക്കാന്‍ ആവശ്യമായ സാഹചര്യത്തിലെ ഘടകങ്ങളാണ് അർത്ഥം. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, ക്രിയാശക്തി, ഐശ്വര്യം, ശ്രേയസ്, സൌന്ദര്യം, സ്ഥൈര്യം, ആനന്ദം തുടങ്ങിയ ആത്മബോധകലകളും ഒരു തരത്തില്‍ അര്‍ത്ഥമാണ്. ആത്മബോധവും ആത്മബോധകലകളും ജന്മസഹജമാണ്. ഓരോരുത്തരിലുമുള്ള ആത്മബോധകലകളുടെ വികാസവും അവയുടെ സംയോഗവുമാണ് ജീവിതവിജയത്തിനും പൂര്‍ണ്ണായുസ്സിനും അടിസ്ഥാനം. ആയുസ്സ് എന്നത് പ്രാണശക്തി ഉള്‍പ്പെട്ട കാര്യശരീരത്തിന്‍റെ കാലമാണ്. പ്രാണശക്തിയെ സംരക്ഷിക്കേണ്ടത്, അവബോധത്തെ വികസിപ്പിച്ചും കാര്യശരീരത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തിയും ആനന്ദത്തെ അനുഭവിക്കേണ്ടത്, ആത്മബോധത്തെ അതിന്‍റെ ആവരണങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.

മനസ്സ്

നാഡിവ്യൂഹം, ഹോര്‍‍മോണുകള്‍, സാരാംഗ്നികള്‍, ദേഹദ്രാവകങ്ങള്‍, കോശങ്ങള്‍, ക്രോമോസോമുകള്‍, ജീനുകള്‍ തുടങ്ങിയ ഘടകങ്ങളുടെ കൂട്ടായ പ്രവര്‍‍ത്തനം മൂലമുള്ള വിവരങ്ങളും മോഹം, അഹങ്കാരം, ഓര്‍മ്മ, ബുദ്ധി, വിവേകം, അവബോധം എന്നിവയും മറ്റും ഉൾപ്പെട്ട ഒരു സൂക്ഷ്മയിനം ഊര്‍ജ്ജമാണ് മനസ്സ്. ആഹാരം, ശരീരം, പ്രാണശക്തി എന്നിവയില്‍ നിന്നും ആത്മബോധകലകളില്‍ നിന്നും ഉൾത്തിരിഞ്ഞ ഒരു ഊർജ്ജപ്രതിഭാസമായും മനസ്സിനെ വിശേഷിപ്പിക്കാം. നാഡീകോശങ്ങളുടെയും നാഡീയബന്ധങ്ങളുടെയും അതിലൂടെ ഒഴുകുന്ന ആവേഗങ്ങളുടെയും അതിന്‍റെ പ്രകടനങ്ങളുടെയും ആകെത്തുകയാണ് മനസ്സ്. ജനിതകമായുള്ള ജ്ഞാനം, കാമം; ഇന്ദ്രിയങ്ങള്‍ വഴിയുള്ള മോഹം, അനുഭവവിജ്ഞാനം; സങ്കല്‍പ്പം, ശ്രദ്ധ, ധാരണ, കാഴ്ചപ്പാട്, പഠനം, ജാഗ്രത, സ്വപനം, സുഷുപ്തി, ആശയസംസ്‌ക്കരണം, ഓര്‍‍മ്മ, ചിന്ത, ബുദ്ധി, യുക്തി, വിവേകം, പ്രതികരണം, പ്രതികാരം, വികാരം, നാട്യം, വിനയം, നിർദ്ദേശം, ദയ, ത്യാഗം, നന്മ, സഹനം ക്ഷമ, നിശ്ചയദാര്‍ഢ്യം, ഉത്സാഹം, അനുഭവം, അനുഭൂതി, പ്രശ്നപരിഹാരത്തിനുള്ള താല്‍പര്യം, സമചിത്തത, നിസംഗത, അവബോധം, സമാധാനം, സന്തോഷം, സംതൃപ്തി, ആനന്ദം എന്നിങ്ങിനെ വിവിധ ശേഷികളും വിശേഷങ്ങളും അടങ്ങിയ ഒന്നാണ് മനസ്സ്. മനസ്സിന്‍റെ രൂപമാണ് സ്വഭാവം. സ്വാതികം, രജസ്സ്, തമസ്സ് എന്നിവയാണ് മനസ്സിന്‍റെ ഗുണങ്ങള്‍.

മോഹിക്കുന്നത്, സങ്കല്‍പ്പിക്കുന്നത്, ഓർക്കുന്നത്, പ്രതീക്ഷിക്കുന്നത്, ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്നത്, ബുദ്ധിപൂര്‍വ്വം പ്രവർത്തിപ്പിക്കുന്നത്, കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്, ജന്മവാസനയ്ക്കും ബുദ്ധിക്കും അപരനായി നിലകൊണ്ട് അഭിനയിക്കുന്നത്, നിഷേധിക്കുന്നത്, വിഡ്ഢിയാകുന്നത്, ദുഃഖിക്കുന്നത്, വേദനിക്കുന്നത്, ആസ്വദിക്കുന്നത്, നിസംഗതനാകുന്നത്, സമചിത്തനാകുന്നത്, സംതൃപ്തിയെ അനുഭവിക്കുന്നത്; സ്ഥൂലശരീരത്തെ കൊണ്ടും പ്രാണശക്തിയെ കൊണ്ടും കര്‍മ്മങ്ങളെ ചെയ്യിക്കുന്ന ജീവശക്തിയാണ് ഞാന്‍ എന്നറിയുന്നതും ബന്ധിതനായി നിലകൊള്ളുന്ന ആത്മബോധമാണ് ഞാന്‍ എന്ന് തിരിച്ചറിയുന്നതും എല്ലാം മനസ്സാണ്. മോഹം, ഭയം, ദുഃഖം, അഹങ്കാരം, കോപം, പ്രതിഷേധം, വിരോധം, വെറുപ്പ്, അസൂയ, വിഷാദം, അസ്വസ്ഥത, നിരാശ, മുഷിപ്പ് പോലുള്ള വികാരങ്ങളെയും കുറച്ച് വിചാരങ്ങളെയും മാത്രമാണ് ചിലര്‍ മനസ്സ് എന്ന് വിവക്ഷിക്കുന്നത്. ഇല്ലാത്ത ഒന്നാണ് മനസ്സ് എന്ന് വാദിക്കുന്നവരും ഉണ്ട്.

വര്‍ത്തമാനകാലം, ദേശം എന്നിവ ഉൾപ്പെട്ട സാഹചര്യത്തിലെ വിഷയങ്ങൾ ഇന്ദ്രിയങ്ങളിൽ ജനിപ്പിക്കുന്ന വികാരങ്ങളാണ് മോഹം. സാഹചര്യവിഷയങ്ങള്‍ അനുസരിച്ചും ഇന്ദ്രിയങ്ങളുടെ ശേഷി അനുസരിച്ചും മനസ്സിന്‍റെ ഭേദം അനുസരിച്ചും മോഹം, വികാരം, വിചാരം, ഭാവം, കര്‍മ്മം, കര്‍മ്മഫലം, സ്വസ്ഥത എന്നിവയില്‍ വിത്യാസം സംഭവിക്കും. അർത്ഥവസ്തുക്കളുടെ ചാരുതയോടെയുള്ള ഉപഭോഗത്തിന് ആധാരം ഇന്നലെകളിലേ തുടങ്ങിവെച്ച മോഹമാണ്. ജനിതകമായ കാമത്തെക്കാള്‍ ഉപരിയായി സാഹചര്യങ്ങളിലെ നവവിഷയങ്ങള്‍ പ്രേരിപ്പിക്കുന്ന മോഹം മനുഷ്യനെ സ്വാധീനിക്കും. പൂര്‍വ്വജന്മത്തിലെ കര്‍മ്മവിവരങ്ങള്‍, സഹജവാസനകള്‍, കാമം എന്നിവ മനസ്സിന്‍റെ കൂടെ എല്ലായിപ്പോഴും നിലകൊള്ളും. കാമവും മോഹവും വിഭിന്നമാണ്. ജന്മസഹജമായുള്ള താല്‍പര്യമാണ് കാമം. ധര്‍മ്മം അഥവാ മര്യാദാക്രമനിയമങ്ങള്‍ ഉള്ളിടത്ത്, ഉത്തരാവാദിത്വബോധം, അവബോധം എന്നിവ ഉള്ളിടത്ത് അതിമോഹം ഇല്ല. മോഹം വർദ്ധിച്ചാല്‍ ധർമ്മമര്യാദകള്‍ ഇല്ലാതാകും. ധര്‍മ്മക്രമനിയമങ്ങള്‍ക്ക് മൂല്യം ഇല്ലാതെ വന്നാല്‍ ഉത്തരവാദിത്വബോധം, അവബോധം, ആത്മബോധം, സത്യബോധം തുടങ്ങിയവയുടെ പ്രസക്തി കുറയും. ശുദ്ധി നേടി, മോഹത്തിൽ നിന്ന് വിമുക്തി നേടി ഉയര്‍ന്നയിനം ധര്‍മ്മാചരണത്തിലോട്ടുള്ള മാറ്റമാണ് ബോധോദയം.

വിഷയമോഹവും അതിമോഹവും ബാഹ്യമനസ്സിന്‍റെ സ്വഭാവങ്ങളാണ്. കാമം ജനിതകവും മോഹം ആർജിതവുമാണ്. ജനനത്തിന്‍റെ ഒരു കാരണം കാമമാണ്. അകാലത്തിലുള്ള ധാതുക്ഷയത്തിന്‍റെയും പ്രാണനാശത്തിന്‍റെയും കാരണങ്ങളില്‍ മുഖ്യം അതിമോഹമാണ്. പ്രാണശക്തിയെ സംബന്ധിച്ച് അതിമോഹം പാമ്പിൻവിഷത്തിന് സമാനമാണ്. സ്ഥൂലശരീരം, പ്രാണശക്തി എന്നിവയുടെ മാത്രമല്ല ആത്മബോധകലകളുടെ കൂടി ശത്രുവാണ് അതിമോഹം. ആഹാരം പരിണമിച്ചാണ് സപ്തധാതുകള്‍, ഓജസ്സ് എന്നിവ പുഷ്ടിപ്പെടുന്നത്. ഓജസ്സ്, പ്രാണശക്തി എന്നിവയില്‍ നിന്നും ആനന്ദം, ക്രിയാശക്തി, ജീവശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി എന്നിവ ഉള്‍പ്പെട്ട ആത്മബോധകലകളില്‍ നിന്നും ആണ് മനസ്സിന്‍റെ ഉത്ഭവം.

മനസ്സ് വ്യക്തിപരമാണ്. ബാഹ്യമനസ്സ്, ആന്തരിക മനസ്സ് എന്നിങ്ങിനെ മനസ്സിനെ തരംതിരിക്കാനാകും. മോഹം, സങ്കല്‍പ്പം, അഹങ്കാരം, ഓര്‍മ്മ, ബുദ്ധി, ഭാവം, ഭാരംതോന്നൽ, ഗ്രഹണം, ഋണാത്മകത, നകാരാന്മകത, പ്രതീക്ഷ, തീരുമാനം എന്നിവയെല്ലാം ബാഹ്യമനസ്സിന്‍റെ വിശേഷങ്ങളാണ്. പ്രകൃതി, സാഹചര്യം എന്നിവ സ്വാധീനിക്കുന്നത് ബാഹ്യമനസ്സിനെയാണ്. ബാഹ്യമനസ്സിനെ സംബന്ധിച്ചുള്ള അമിതവിശ്വാസമാണ് അഹങ്കാരം. ഉത്തരവാദിത്വബോധമില്ലായ്മ അഹങ്കാരലക്ഷണമാണ്. പരുഷത, രൂക്ഷത, തർക്കം, ശൗര്യം, ആത്മപ്രശംസ എന്നിവ അഹങ്കാരത്തിന്‍റെ സൂചനകളാണ്. സങ്കല്‍പ്പം, ഭയം, കോപം, ഹിംസ എന്നത് അഹങ്കാരത്തിന്‍റെ തമസ്സ് ഭാവങ്ങളാണ്. ഞാന്‍ എന്ന മനോഭാവം അഹങ്കാരത്തിന്‍റെ രജസ്സ് ഗുണമാണ്. അഹങ്കാരം, ബുദ്ധി എന്നിവ മരണത്തോടെ നശിക്കും. കാമം, മോഹം, ഓര്‍മ്മ എന്നിവ ഉള്‍പ്പെട്ട ചിത്തം പുനര്‍ജ്ജനിക്കും.

മനുഷ്യമസ്തിഷ്കത്തില്‍ നിന്ന് സാധാരണ നിലയിൽ ഒരു മിനുട്ടിൽ പത്ത് മുതല്‍ നാല്പത് സങ്കൽപ്പങ്ങൾ വരെ ഉളവാകുന്നുണ്ട്. സങ്കല്‍പ്പങ്ങള്‍ കൂടിയാല്‍ ബാഹ്യമനസ്സിന്‍റെ ഭാരം കൂടും. ആഹാരത്തില്‍ നിന്ന് സമ്പാദിച്ച ആകെ ഊർജ്ജത്തിന്‍റെ, ഓജസ്സിന്‍റെ 80% വും ചിലവഴിക്കുന്നത് മോഹിക്കാനും സങ്കൽപ്പിക്കാനും ആണത്രേ. മോഹങ്ങള്‍ കൂടുന്തോറും മോഹഭംഗങ്ങളുടെ നിരക്കും കൂടും. സങ്കൽപ്പങ്ങൾ കൂടുമ്പോൾ ശ്വസനനിരക്ക് കൂടും. ഹൃദയസ്പന്ദന വ്യതിയാന തോത് (Heart rate variability) കുറയും. ദഹനം കുറയും. ശ്വസനനിരക്ക് കുറച്ചാൽ, ഹൃദയസ്പന്ദനനിരക്ക് കുറയ്ക്കാനായാല്‍ സങ്കൽപ്പങ്ങളുടെ തോത് കുറയും. പ്രാണശക്തി മിച്ചമാകും. ആയുസ്സ് ദീര്‍ഘിക്കും.

സാഹചര്യവിഷയങ്ങൾ, ഇന്ദ്രിയങ്ങൾ എന്നിവ ബാഹ്യമനസ്സിൽ സൃഷ്ടിച്ച അശുദ്ധിയാണ്, അല്ലെങ്കില്‍ ബാഹ്യമനസ്സ് ആര്‍ജിച്ച വികാരമാണ് മോഹം. മോഹത്തിന് ആധാരമാകുന്ന വസ്തുക്കളിലും അര്‍ത്ഥസമ്പാദനത്തിന് ഉതകുന്ന ലാഭവ്യവഹാരങ്ങളിലും ശ്രദ്ധയാലുവാകുന്നത് ബാഹ്യമനസ്സാണ്. ബാഹ്യമനസ്സിന്‍റെ സേവകരാണ് ഇന്ദ്രിയങ്ങൾ. മോഹം ഇന്ദ്രിയങ്ങളുടേത് കൂടിയാണ്. ബാഹ്യമനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവ പ്രപഞ്ചവിഷയങ്ങളെ മോഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന അതേ തോതില്‍ അല്ലെങ്കിൽ തന്നെയും പ്രപഞ്ചവിഷയങ്ങൾ ബാഹ്യമനസ്സിനെ മോഹിപ്പിക്കുകയൊ അന്വേഷിപ്പിക്കുകയൊ ചെയ്യുന്നുണ്ട്. കാമം, മോഹം, ഓര്‍മ്മ എന്നിവ ഉള്‍പ്പെട്ട ചിത്തം നിജസ്വഭാവമുള്ളതാണ്. ബാഹ്യമനസ്സിൽ എന്ന പോലെ ആന്തരിക മനസ്സിലും മോഹം ഉണ്ട്. സൂക്ഷ്മശരീരത്തില്‍ വിജ്ഞാനമയകോശത്തിന്‍റെ വര്‍ദ്ധിച്ച കനത്തിന് നിദാനം ചിത്തമാണ്. പ്രാണമയകോശം, കാമമയകോശം, ബുദ്ധിമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ സൂക്ഷ്മശരീരത്തിലെ ഊര്‍ജ്ജമണ്ഡലങ്ങളാണ്. അന്നം കൊണ്ട് രൂപപ്പെട്ട അന്നമയകോശമാണ് സ്ഥൂലശരീരം.

ബാഹ്യമനസ്സ് വേഗത്തില്‍ പരിണമിക്കും. മോഹം, സങ്കല്‍പ്പം, ഭാവം, തീരുമാനം, ഓര്‍മ്മ തുടങ്ങിയ ഘടകങ്ങളും ഇവയുടെ ഫലങ്ങളും പൊതുവെ നൈമിഷികങ്ങളാണ്. ഒരു കാറ്റടിച്ചാൽ ഇലകള്‍ കൊഴിയും. മോഹവിഷയങ്ങള്‍ മരത്തിലെ ഇലകൾ പോലെയാണ്. മോഹത്തിന്‍റെ സ്വാഭാവിക ഉല്പന്നമാണ് നിരാശ. നിരാശ എന്ന പോലെ ബാഹ്യമനസ്സിലെ ദുഃഖവും ഹ്രസ്വമാണ്. മോഹങ്ങള്‍ കൂടിയാൽ സങ്കല്‍പ്പകമ്പനങ്ങള്‍ കൂടും. ചലനങ്ങള്‍ കൂടും. Heart rate variability നിരക്ക് കുറയും. അതിജീവനശേഷി കുറയും. കാര്യശരീരത്തിലെ വൈഷമ്യം വർദ്ധിക്കും. സൂക്ഷ്മശരീരത്തിലെ അശുദ്ധി കൂടും. മോഹങ്ങളെ നിയന്ത്രിച്ചാല്‍, മനസ്സിനെ സന്തുലനമാക്കിയാല്‍, ശ്വാസത്തെ ദീര്‍ഘിച്ചുവിട്ടാല്‍, ശ്വസനനിരക്ക് കുറച്ചാല്‍ Heart rate variability നിരക്ക് സാമാന്യമാകും. ബാഹ്യമനസ്സ് ലഘുവാകും. ലഘുവായ ശീതജലം കുടിച്ചാലും ചിരിച്ചാലും ഉറങ്ങിയാലും ബാഹ്യമനസ്സ് ലഘുവാകും, Heart rate variability നിരക്ക് വര്‍ദ്ധിച്ചുകിട്ടും.

വിഷയങ്ങള്‍, ആശയങ്ങള്‍ എന്നിവയെ വേര്‍തിരിച്ചറിയുന്നതാണ് ബുദ്ധി. ചെറുത്‌, വലുത് എന്ന് തരംതിരിക്കാനുള്ള ശേഷി ബുദ്ധിയാണ്. ബുദ്ധി എന്നത് തിരഞ്ഞെടുപ്പാണ്. മനസ്സിനെ തന്നെ ബാഹ്യം, ആന്തരികം എന്ന് തരംതിരിക്കുന്നതും ബുദ്ധിയാണ്. സാമാന്യബുദ്ധി, വിശേഷാൽബുദ്ധി എന്നിങ്ങിനേയും ബുദ്ധിയെ തരംതിരിക്കാം. വിശേഷാല്‍ബുദ്ധി കൊണ്ടുള്ള തരംതിരിവ് ഇല്ലെങ്കിൽ നന്മതിന്മകള്‍ ഇല്ല. സന്തോഷസന്താപങ്ങൾ പോലുള്ള അനുഭവങ്ങളും ഇല്ല. ഒന്ന് ചെറുത്, മറ്റേത് വലുത് എന്ന തരംതിരിവാണ് ദ്വൈതം. ദ്വൈതത്തിന്, ആപേക്ഷികതയ്ക്ക് ആധാരം ബുദ്ധിയാണ്. കാര്യകാരണങ്ങളെ അറിയുന്നതാണ് യുക്തി. ബാഹ്യമനസ്സ്, ആന്തരിക മനസ്സ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം യുക്തി ഉണ്ട്.

ബാഹ്യമനസ്സില്‍ മോഹം, സങ്കല്‍പ്പം, വിഷയം, ബുദ്ധി എന്നിവയുടെ തോത് കൂടിയാല്‍ ഭയം അനുഭവപ്പെടും. ഏകാന്തത, വേർപാട്, നഷ്ടപ്പെടൽ എന്നിവ ഭയത്തെ വര്‍ദ്ധിപ്പിക്കും. വിഷയം ലഘുവായാല്‍, വിഷയങ്ങളുടെ എണ്ണം കുറഞ്ഞാല്‍ ഭയം കുറയും. ബാഹ്യമനസ്സും സ്ഥൂലശരീരവും തമ്മിലുള്ള ബന്ധം ഹ്രസ്വമാണ്, പൂരകവുമാണ്. ആസക്തി, ഭയം, കോപം, അസൂയ, പക, വെറുപ്പ്, വൈരാഗ്യം പോലുള്ള മനോമലങ്ങള്‍ കൂടിയാല്‍ ശരീരവേദന കൂടും. ബാഹ്യമനസ്സ് ശുദ്ധമായാല്‍, ബാഹ്യമനസ്സിൽ സന്തോഷം അനുഭവപ്പെട്ടാല്‍ ശരീരവേദന കുറയും. സ്ഥൂലശരീരത്തിൽ മാലിന്യതോത് വര്‍ദ്ധിക്കുമ്പോള്‍, വേദന അനുഭവപ്പെടുമ്പോള്‍ ദുഃഖം, കോപം, ഭയം എന്നിവയുടെ തോത് കൂടും. സ്ഥൂലശരീരത്തില്‍ ബാഹ്യമാലിന്യങ്ങള്‍, വിഷം എന്നിവ എത്തുന്നതും ദുഃഖത്തിന് കാരണമാണ്. സ്ഥൂലശരീരം ശുദ്ധമായാല്‍ വേദനയോടൊപ്പം ദുഃഖവും കുറയും.

അതിമോഹം, ദുഃഖം, കോപം, ഭയം, അസൂയ പോലുള്ള മനോമലങ്ങളെ വര്‍ദ്ധിപ്പിക്കുന്നത് അഹന്താതത്വസന്തതികളായ അഹന്താകാലവും അഹന്താദോഷങ്ങളുമാണ്. അഹന്താദോഷങ്ങള്‍ നിലകൊള്ളുന്നത് കൂടുതലും ബാഹ്യമനസ്സിലാണ്. സത്യബോധസന്തതിയായ ആത്മബോധം വിഭജിച്ച് 830 കോടി എണ്ണം ആയപ്പോൾ അഹന്താതത്വവും വിഭജിച്ച് 830 കോടി എണ്ണമായി. അഹന്താദോഷങ്ങളും അഹന്താകാലവും തമ്മില്‍ കൂട്ടുചേര്‍ന്നപ്പോള്‍ വിഷയങ്ങള്‍ വര്‍ദ്ധിച്ചു. മോഹം, ഭയം, കോപം, വെറുപ്പ്, അസൂയ, പക തുടങ്ങിയ മനോമലങ്ങളുടെ തോത് കൂടി. അത് സ്ഥൂലശരീരത്തിലോട്ട് കൂടി വ്യാപിച്ചപ്പോള്‍  വേദനകള്‍ നിത്യവും കൂടുതല്‍ തീവ്രങ്ങളുമായി.

ബാഹ്യമനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവ ഇല്ലെങ്കിൽ വിഷയങ്ങളും സാഹചര്യവും അഹന്താപ്രപഞ്ചവും ഇല്ല. ബാഹ്യമനസ്സ് വികസിച്ചാൽ അഹന്താപ്രപഞ്ചവും വികസിക്കും. വിഷയങ്ങളുടെ എണ്ണവും കൂടും. മനസ്സിൽ എത്തിയ വിഷയങ്ങള്‍ പ്രതികൂലമായാൽ അവ തമ്മില്‍ സംഘട്ടനം നടക്കും. സംഘട്ടനത്തിൽ ചില വിഷയങ്ങള്‍ നശിക്കും, ചിലത് ക്ഷയിക്കും. ചിലത് ഒറ്റപ്പെടും. വിഷയങ്ങളെ പ്രതികൂലമാക്കുന്നത്‌ അഹങ്കാരമാണ്. അഹങ്കാരത്തിന് അടിസ്ഥാനം അഹന്താദോഷങ്ങളാണ്. അഹന്താദോഷങ്ങളെ ഇല്ലാതാക്കാൻ കഴിയുകയില്ല. ആത്മബോധകലകളെ ആശ്രയിച്ചും കൂടുതല്‍ വികസിപ്പിച്ചും പരസ്പരം ചേര്‍ത്തും പ്രാണശക്തിയെ മെച്ചപ്പെടുത്തിയും അഹന്താദോഷങ്ങളെ പ്രതിരോധിക്കാനാകും, നിഷ്ക്രിയമാക്കാനാകും.

ഭയത്തെ ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗ്ഗം സല്‍കര്‍മ്മങ്ങളാണ്. ഭയത്തെ മറികടക്കാന്‍ വേണ്ടി നന്മയെ സ്വീകരിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും ഉള്ള ശേഷിയാണ് ധൈര്യം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള മനോശക്തിയും വേദനയെ സഹിക്കാനുള്ള ശക്തിയും ധൈര്യമാണ്. ആത്മബലി ചെയ്യാനുള്ള ശക്തിയും ധൈര്യമാണ്. ആത്മബോധകലകളെ ആശ്രയിച്ചാല്‍ ഭയം കുറയും. മോഹങ്ങളെയും സങ്കല്‍പ്പങ്ങളെയും നിയന്ത്രിച്ചാല്‍, ബുദ്ധിയെ മറികടന്നാൽ, ഭയത്തെ ഒഴിവാക്കിയാല്‍ വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പുണ്യകർമ്മഫലങ്ങളെ അനുഭവിക്കാനാകും.

ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ അനാവശ്യവിഷയങ്ങളെ ഒഴിവാക്കിയാൽ, ഏകാന്തതയെ സ്വീകരിച്ചാല്‍ മോഹങ്ങളുടെ എണ്ണം കുറയും. ശ്വസനനിരക്ക് കുറച്ചാൽ സങ്കല്‍പ്പങ്ങൾ കുറയും. വിഷയങ്ങളുടെ എണ്ണത്തെ കുറച്ച്, ജ്ഞാനവിദ്യകള്‍ നേടി, അതനുസരിച്ചുള്ള കർമ്മങ്ങൾ നിരന്തരം ചെയ്‌താല്‍ സങ്കല്‍പ്പങ്ങള്‍, മോഹങ്ങള്‍ എന്നിവയുടെ തോത് കുറയും. കർമ്മഫലങ്ങളുടെ തോത് കൂടും. പുണ്യകർമ്മഫലത്യാഗത്തിനും അതുമൂലമുള്ള ആനന്ദാനുഭവങ്ങള്‍ക്കും അത് അവസരം ഒരുക്കും.

മോഹങ്ങളുടെയും വർത്തമാനകാല വിഷയങ്ങളുടെയും ഭൂതകാലഓർമ്മകളുടെയും കലവറയാണ് ബാഹ്യമനസ്സ്. ബാഹ്യമനസ്സ് ഉള്ളപ്പോൾ ആന്തരിക മനസ്സ് അധികം ഇല്ല. ബാഹ്യമനസ്സിന്‍റെയും ആന്തരിക മനസ്സിന്‍റെയും സ്ഥിതി വിപരീതനിലയിലാണ്. ബാഹ്യമനസ്സ് ഇല്ലാതായാൽ ആന്തരിക മനസ്സ് തെളിയും. കള്ള്, മദ്യം എന്നിവ കുടിച്ചാൽ ബാഹ്യമനസ്സ് ഉറങ്ങും. ദുഃഖവും വേദനയും മറയും. ആന്തരിക മനസ്സ്, ഉപബോധമനസ്സ്, ചിത്തം എന്നിവ ഉണരും. ആഹ്ലാദം അനുഭവപ്പെടും. കാപ്പി അധികം അളവില്‍ കുടിച്ചാല്‍ ബാഹ്യമനസ്സ് ഉണരും. ആവേശം വര്‍ദ്ധിക്കും. ഇന്ദ്രിയശ്രദ്ധ കൂടും. ബാഹ്യമനസ്സില്‍ രൂപപ്പെടുന്ന ശരികളെല്ലാം ആന്തരിക മനസ്സിന് വിരുദ്ധങ്ങളായവ ആയിരിക്കും. ബാഹ്യമനസ്സില്‍ അധികമായി എത്തുന്ന മോഹങ്ങളെയും സങ്കൽപ്പങ്ങളെയും വിഷയങ്ങളെയും യുക്തിയെ പ്രയോജനപ്പെടുത്തി നിഷ്‌ക്കാസനം ചെയ്യാനാകും. ഇന്ദ്രിയങ്ങൾ കൊണ്ടുവരുന്ന വിഷയങ്ങളെ ആഴത്തില്‍ മനസ്സിലാക്കി ബുദ്ധികൊണ്ട് തരംതിരിച്ച് അത് പ്രയോജനകരമാണോ കാലോചിതമാണോ എന്ന് തീരുമാനിക്കുന്നത് ആന്തരിക മനസ്സാണ്. വിഷയത്തെ നിരന്തരമെന്നോണം വിചിന്തനം ചെയ്‌താൽ വിഷയം മനസ്സിൽ ദൃഢമാകും. ആശയം വിശ്വാസമായി, അറിവായി, ജ്ഞാനമായി, ശക്തിയായി പരിണമിക്കും. മോഹങ്ങളെയും സങ്കല്‍പ്പങ്ങളെയും വിഷയങ്ങളെയും ക്രമീകരിക്കുന്നത്, ഇല്ലായ്മ ചെയ്യുന്നത് ആന്തരിക ചിന്താമനസ്സാണ്.

പുറത്തോട്ടും അകത്തോട്ടും അന്വേഷിക്കുന്ന, വിവേചനബുദ്ധി കൊണ്ട് ചിന്തിക്കുന്ന ജീവിയാണ് മനുഷ്യൻ. ആന്തരിക മനസ്സിന്‍റെ ഒരു ശേഷിയാണ് ചിന്ത അഥവാ മനനം. കർമ്മം, അനുഭവം, അര്‍ത്ഥം, വികാരം എന്നിവ മനനത്തിന്‍റെ ഉല്‍പന്നങ്ങളാണ്. ബുദ്ധിയിൽ ചിന്ത പ്രയോഗിച്ചാൽ വിഷയങ്ങളെ അപഗ്രഥിക്കാനാകും, ഹിംസ മുതൽ നന്മ വരെയുള്ള പെരുമാറ്റങ്ങളെ സൃഷ്ടിക്കാനാകും. ചുറ്റുമുള്ള ആളുകളോടും ജീവികളോടും സംവിധാനങ്ങളോടും ഉള്ള ഒരാളുടെ പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും മനോഭാവത്തിന്‍റെയും ആകെത്തുകയാണ് പെരുമാറ്റം. ചിന്തയെ ഉയർത്തിയാല്‍ സൂക്ഷ്മായതിനെ അറിയാനാകും. ചിന്ത ഒരു അന്വേഷണമാണ്. ചിന്തയുടെ കണ്ടെത്തലാണ് ജ്ഞാനം. ജ്ഞാനത്തിന്‍റെ ഉല്‍പന്നമാണ് ആനന്ദം.

നൈസര്‍ഗികമായുള്ള ജ്ഞാനവും പഞ്ചേന്ദ്രിയങ്ങള്‍ വഴി വിശേഷാല്‍ബുദ്ധി ശേഖരിച്ച വിജ്ഞാനവും സൂക്ഷ്മമനസ്സും അതീന്ദ്രിയജ്ഞാനവും ചേരുമ്പോഴാണ് പൂര്‍ണ്ണതയുള്ള അറിവ് രൂപംകൊള്ളുന്നത്. ആശയവും സിദ്ധാന്തവും അതിന്‍റെ പ്രയോഗകര്‍മ്മവിവരങ്ങളും ചേര്‍ന്നതാണ് അറിവ്. ജനിതകം വഴിയും ഇന്ദ്രിയങ്ങൾ വഴിയും വന്നുചേരുന്ന ഒരു ഗുണവിശേഷമാണത്. ആശയതത്വങ്ങളെ കുറിച്ചും ഭൗതികപ്രതിഭാസങ്ങളെ കുറിച്ചും ഉള്ള വിശദീകരണങ്ങളാണ് സിദ്ധാന്തം. ബാഹ്യമായത്, ആന്തരികമായത്; സ്ഥൂലമായത്, നിഗൂഡമായത്; കാര്യശരീരത്തിന് ഹിതമായത്, വിപരീതമായത്, വിരുദ്ധമായത്; കര്‍മ്മത്തെ ചെയ്യിക്കാൻ പ്രാപ്തമായത്, ദുഃഖിപ്പിക്കുന്നത്, സന്തോഷിപ്പിക്കുന്നത്; ചിത്തത്തിനും ആത്മബോധകലകള്‍ക്കും ഹിതമായത്, അഹിതമായത്; ശുദ്ധമായത്, പൂര്‍ണ്ണമായത്, നിത്യമായത് എന്നിങ്ങനെയെല്ലാം അറിവുകളെ തരംതിരിക്കാനാകും. ഇന്ദ്രിയങ്ങളിലൂടെ പുറമെ നിന്നും എത്തിയത്, സങ്കല്‍പ്പങ്ങളിലൂടെയും കഠിനമായ ചിന്തയിലൂടെയും സ്വയം കണ്ടെത്തിയത് എന്നിങ്ങനെയും തരംത്തിരിക്കാം. എല്ലായിനം കോശങ്ങളിലും അറിവ് നിലകൊള്ളുന്നുണ്ട്. കോശം, കോശകേന്ദ്രം എന്നിവയിലും കോശത്തിന് വെളിയിലും അറിവ് നിലകൊള്ളുന്നുണ്ട്‌. എല്ലായിനം കോശങ്ങളിലെയും ഡി.എന്‍.എ കള്‍ സമാനങ്ങളാണ്. ചുവന്നയിനം രക്തകോശങ്ങളില്‍ ഡി.എന്‍.എ യും മൈറ്റോകൊണ്ട്രിയയും ഇല്ല. കോശകേന്ദ്രവും മൈറ്റോകൊണ്ട്രിയയും ഇല്ലാതെ വരുമ്പോള്‍ കോശത്തില്‍ ഇടം കൂടും. പ്രാണവായുവിനെ കൂടുതല്‍ അളവില്‍ ഉള്‍കൊള്ളാനാകും. ശരീരത്തില്‍ ചുവന്നയിനം രക്തകോശങ്ങളുടെ ആകെ എണ്ണം ഏകദേശം 30 ട്രില്യനാണ്. മസ്തിഷ്കകോശങ്ങൾക്ക് മാത്രമാണ് വിവരങ്ങളെ വിവേചിച്ച് അറിയാനുള്ള ശേഷിയുള്ളത്. മസ്തിഷ്കത്തില്‍ ഏകദേശം 100 ബില്ല്യണില്‍ അധികം നാഡീകോശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദ്രവ്യം, ഊര്‍ജ്ജം എന്നിവ ഉള്‍പ്പെട്ട ഔഷധത്തെ പ്രയോജനപ്പെടുത്തി നാഡീകോശങ്ങളെ ഉണർത്താനും ഉറക്കാനുമാകും. ആവശ്യമെങ്കില്‍ നാഡീകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കാനുമാകും.

അറിയപ്പെടേണ്ട വിഷയം, അറിയുന്ന മനസ്സ്, അറിയല്‍ പ്രക്രിയ എന്നിവ സൗമ്യമായി ചേർന്നാൽ അറിവ് പൂർണ്ണമാകും. അറിവ് പൂര്‍ണ്ണമായാല്‍ അത് ആത്മബോധത്തിന്, സത്യബോധത്തിന് സമാനവുമാകും. അറിവിനെ, മനസ്സിന്‍റെ ഗുണങ്ങളെ പൂർവ്വികർ സ്വാതികം, രജസ്സ്, തമസ്സ് എന്നിങ്ങിനെ വിഭജിച്ചു. അതിമോഹം, ഭയം, അസൂയ, വെറുപ്പ്, പക തുടങ്ങിയവ തമസ്സാണ്. കോപം രജസ്സും ത്യാഗം, നന്മ, സമചിത്തത, കാരുണ്യബലി, ആനന്ദബലി എന്നിവ സ്വാതികവുമാണ്. സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ അനുസരിച്ച് അനുഭവങ്ങള്‍ മാറും.

ആനന്ദത്തെയും സംതൃപ്തിയെയും അനുവദിക്കുന്ന സ്വാതികയിനം അറിവുകളാണ് ജ്ഞാനം. ആന്തരിക മനസ്സിന് ജ്ഞാനവുമായൊ ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളുടെ സങ്കേതവുമായൊ ബന്ധപ്പെട്ട് നിലകൊള്ളാനായാല്‍ ഭൂതം, ഭാവി എന്നിവ ഉള്‍പ്പെട്ട കാലഭേദത്തിന്‍റെ ബന്ധനത്തിൽ നിന്ന് സ്വതന്ത്രമായി വര്‍ത്തമാനകാലത്തെ മുഴുവനായി അനുഭവിക്കാനാകും. സാഹചര്യത്തിലെയും ചിത്തത്തിലെയും ആത്മബോധകലകളിലെയും സ്വാതികതയെ മാത്രം ശ്രദ്ധിക്കുകയും അവലംബിക്കുകയും ചെയ്യുന്ന ജീവിതാശയമാണ് ആത്മീയത. പൂര്‍ണ്ണായുസ്സ് അനുഭവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന് ആത്മീയതയാണ്.

ബാഹ്യമനസ്സിന് നൈസര്‍ഗികമായി കിട്ടിയ വികാരമാണ് കാമം. സ്വാതികമനസ്സിനോട് കാമം ചേർന്നാൽ മനസ്സിന്‍റെ ഭാവം രജസ്സാകും. രജസ്സുമനസ്സിൽ കാമം സജീവമായാല്‍ മനസ്സിന്‍റെ ഭാവം തമസ്സാകും. ത്യാഗം, ഭോഗം, അതിമോഹം എന്നീ സ്വഭാവങ്ങള്‍ യഥാക്രമം സ്വാതികം, രജസ്സ്, തമസ്സ് ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഭയം രജസ്സും കോപം, അസൂയ, പക, ഹിംസാത്മകത എന്നിവ തമസ്സുമാണ്. പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും വലിയ ശക്തികളോട് ഏറ്റുമുട്ടുമ്പോഴുമാണ് പൊതുവെ ഭയം അനുഭവപ്പെടുന്നത്. രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാല്‍ തീവ്രതയുള്ള വികാരമാണ് അഹങ്കാരം. അഹങ്കാരത്തിന്‍റെ ആസ്ഥാനകേന്ദം ബാഹ്യമനസ്സാണ്. അഹങ്കാരത്തിന് അടിസ്ഥാനം അഹന്താദോഷങ്ങളാണ്.

മോഹിക്കുകയും കാമിക്കുകയും ചെയ്യുന്ന മനസ്സ്, മോഹത്തെയും കാമത്തെയും നടപ്പാക്കുന്ന മനസ്സ്, മോഹത്തെയും സങ്കല്‍പ്പങ്ങളെയും നിരോധിക്കുന്ന മനസ്സ്, വിഷയങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും സാക്ഷിയാകുന്ന മനസ്സ് എന്നിങ്ങിനേയും മനസ്സിനെ വിഭജിക്കാം. മോഹങ്ങൾക്ക് പ്രേരകമാകുന്നത് ഒരുവശത്ത് ഇന്ദ്രിയവിഷയങ്ങളാണങ്കിൽ; രജസ്സ്, തമസ്സ് എന്നീ ഗൂണങ്ങളുള്ള അഹങ്കാരമനസ്സാണെങ്കില്‍ മറുവശത്ത് സൂക്ഷ്മശരീരത്തിലെ വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന കര്‍മ്മയിനം ഓര്‍മ്മകളുടെ സങ്കേതമായ ചിത്തമാണ്. ആന്തരിക മനസ്സിനെ നിയന്ത്രിക്കുന്ന ജന്മസഹജമായ ഒരു ശക്തികേന്ദ്രമാണ് ചിത്തം.

ദൃശ്യപ്രകൃതിയുമായി മനസ്സ് സന്ധിക്കുമ്പോള്‍ രൂപപ്പെടുന്ന സംഗതികളാണ് വിഷയങ്ങള്‍. വിഷയങ്ങള്‍ക്ക് അടിസ്ഥാനം കൂടുതലും ബാഹ്യമനസ്സാണ്. ബാഹ്യമനസ്സിലോട്ട് പ്രപഞ്ചകാര്യങ്ങളെ കൊണ്ടുവരുന്നത് ഇന്ദ്രിയങ്ങളാണ്. രാതിയില്‍ കയറിനെ കണ്ടാല്‍ അത് പാമ്പാണ് എന്ന് തെറ്റിച്ചുപറഞ്ഞുതരുന്നതും സാഹചര്യവിഷയങ്ങള്‍ക്ക് അഹിതമെന്നോണം പെരുമാറാന്‍ പ്രേരിപ്പിക്കുന്നതും കാലദേശവിഷയങ്ങളില്‍ മയങ്ങി ചിത്തമനസ്സിലെ വിഷയങ്ങളെയും സത്യബോധയിനം വിഷയങ്ങളെയും കാണാതെ പ്രായം പോകാന്‍ ഇടയാക്കുന്നതും ബാഹ്യമനസ്സാണ്, ബാഹ്യമനസ്സിലെ അവിദ്യയാണ്.

സുഖത്തെ മോഹിക്കുന്നതും അതിനുതകുന്ന വിഷയങ്ങളെ അന്വേഷിക്കുന്നതും ബാഹ്യമനസ്സാണ്. സാഹചര്യപരവും ക്ഷണികവുമായ മോഹത്തെ സൃഷ്ടിക്കുന്നത്, പിടിച്ചുവെയ്ക്കുന്നത്; മോഹപൂര്‍ത്തീകരണസുഖത്തെ അനുഭവിക്കുന്നത് എല്ലാം ബാഹ്യമനസ്സാണ്. ആത്മബോധപ്രാപ്തിക്ക് വിഘ്നമാകുന്ന മോഹം, കാമം, ലോഭം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ കാര്യങ്ങള്‍ നിലകൊള്ളുന്നത് ബാഹ്യമനസ്സിലാണ്. അന്തരിന്ദ്രിയം മുഖേനെ സങ്കൽപ്പിക്കുന്നത്

ബാഹ്യമനസ്സാണ്. അന്ധവിശ്വാസം, വിഭ്രമം, മതിഭ്രമം എന്നിവ ബാഹ്യമനസ്സ് പരുവപ്പെടുത്തിയ സങ്കൽപ്പങ്ങളുടെ സൃഷ്ടികളാണ്. അന്തരിന്ദ്രിയങ്ങളും അതീന്ദ്രിയവും വിത്യസ്തങ്ങളാണ്. ബാഹ്യമനസ്സ് നിർണ്ണയിക്കുന്ന ശരിതെറ്റുകള്‍, ബാഹ്യമനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ എന്നിവയില്‍ അധികവും ക്ഷണികമാണ്, സങ്കല്‍പ്പപരമാണ്, ഭാവനാപരമാണ്. മനുഷ്യന്‍ അറിഞ്ഞുവെച്ച വസ്തുതാവിവരങ്ങളില്‍, ഭൂതകാലവിവരങ്ങളില്‍ ഒട്ടുമിക്കതും ബാഹ്യമനസ്സുകളുമായി ബന്ധപ്പെട്ട് രൂപകൊണ്ട ഭാവനാവിവരങ്ങളാണ്. ചരിത്രവിവരങ്ങളാണെങ്കില്‍ അതും സ്വാർത്ഥതാതൽപരരായ കുറെ ബാഹ്യമനസ്സുകളുടെ സൃഷ്ടികളായിരുന്നത്രേ. ചിത്തമനസ്സില്‍ നിലകൊള്ളുന്ന ഭൂതകാലവിഷയങ്ങളിലെ വിവരങ്ങളും മറ്റും അങ്ങിനെയല്ലാത്തത് വല്ലതും ആയിരുന്നുവെങ്കിൽ തന്നെയും വര്‍ത്തമാനകാലത്തിലെ ആന്തരിക മനസ്സിനെ സംബന്ധിച്ച്, ആത്മീയതയെ സംബന്ധിച്ച് അവയൊക്കെ അടുക്കിവെച്ച വെറും കഥകൾ മാത്രവുമത്രേ. ഇത്തരം കെട്ടുകഥകളിൽ അമിതമായ താല്‍പര്യം തോന്നുന്നത്, താല്‍പര്യം പുലർത്തുന്നത്, അതിൽ മാത്രം എപ്പോഴും ജീവിക്കുന്നത് ബാഹ്യമനസ്സാണ്. അതിന് നിദാനമാകുന്നത് അഹന്താദോഷങ്ങളാണ്.

വിഷയം മനസ്സിന് പുറത്തും മനസ്സിന് അകത്തും ഉണ്ട്. പ്രപഞ്ചവിഷയങ്ങള്‍, ഭൗതികവിഷയങ്ങള്‍ എന്നിവ ഒരാളുടെ മനസ്സില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴിയൊ സങ്കല്‍പ്പങ്ങളായൊ അതീന്ദ്രിയഭാവനകളായൊ എത്തുമ്പോള്‍ മാത്രമാണ് അത് അയാളുടെ മനോവിഷയമാകുന്നത്. വിഷയങ്ങള്‍ക്ക് കൂടുതല്‍ വികസിക്കാന്‍ കഴിയുന്നത്‌ മനസ്സിനകത്താണ്. വിഷയങ്ങളെ സ്വീകരിക്കുന്നത് ബാഹ്യമനസ്സാണ്. വിഷയസ്വീകരണത്തിന് പ്രേരകമാകുന്നതില്‍ ഒന്ന് ജന്മവാസനകളാണ്. മറ്റൊന്ന്‍ സാഹചര്യം അയാളില്‍ ഒരുക്കിയ മോഹങ്ങളും നിർബ്ബന്ധങ്ങളുമാണ്.

സുഖത്തിനും മനസ്സിലെ സന്തോഷത്തിനും ആധാരം വിഷയങ്ങളാണ്. വിഷയങ്ങള്‍ മനസ്സിനകത്ത് ശുദ്ധിയോടെയും ശാന്തതയോടെയും നിലകൊള്ളുമ്പോഴാണ് ആനന്ദത്തെ അനുഭവിക്കാനാകുന്നത്. സുഖം, സന്തോഷം, ആനന്ദം എന്നിവ അനുഭവിക്കുന്നതിന് വിഷയങ്ങളെ ആവശ്യമായ തോതിലും സൂക്ഷ്മമായും അറിയണം. വിഷയമില്ലാത്ത ശൂന്യതാവസ്ഥയും സുഖത്തെ അനുവദിക്കും. ഗാഢയിനം ഉറക്കത്തില്‍ വിഷയങ്ങള്‍ ഇല്ല. വിഷയസ്വീകരണത്തെയും വിഷയമില്ലായ്മയെയും അനുഭവിക്കാനുള്ള ശേഷി ആന്തരിക മനസ്സിന് ഉണ്ട്. മോഹം, സങ്കല്‍പ്പം, വിജ്ഞാനം, വിഷയം, ബുദ്ധി എന്നിവയും ഇവയെല്ലാം ഉള്‍പ്പെട്ട ബാഹ്യമനസ്സും ബഹുമുഖമാണ്. ഇവ വേഗത്തില്‍ പരിണമിക്കുന്നവയാകയാല്‍ ഒരുതരത്തിൽ മായയുമാണ്. വേഗത്തില്‍ പരിണമിക്കുന്ന വിഷയം, മായ ആയ കാര്യം വിഭ്രാന്തിയെ സൃഷ്ടിക്കും. വിഭ്രാന്തി ദുഃഖത്തിന് കാരണമാകും. അഹന്താദോഷങ്ങള്‍ ബഹുമുഖങ്ങളാണ്. അഹന്താദോഷങ്ങളും വിഷയങ്ങളെ വേഗത്തിൽ പരിണമിപ്പിക്കും. മനസ്സ് ബഹുമുഖമാകുമ്പോള്‍, നിരവധി വിഷയങ്ങൾക്ക് വിധേയമാകുമ്പോൾ അസ്വസ്ഥതയും ഏകമുഖമാകുമ്പോള്‍ സ്വസ്ഥതയും അനുഭവപ്പെടും.

അവബോധം ഏകമുഖമാണ്. മനുഷ്യശരീരത്തിൽ എകദേശം 200 ൽ പരം വിത്യസ്തയിനം കോശങ്ങളുണ്ട്. കോശങ്ങളെല്ലാം ബഹുമുഖങ്ങളാണ്. ഇവയിലെ ഡി.എൻ.എ തന്മാത്രകളെല്ലാം ഏകമുഖമാണ്. തന്മാത്രകളില്‍ ചിലതിലെ ക്രമം വിഭിന്നമാകാന്‍ ഇടവന്നതുമൂലമാണ് ജനിതകരോഗങ്ങളും നിജരോഗങ്ങളും അനുഭവിക്കേണ്ടിവരുന്നത്. ജ്ഞാനശക്തി, ഇച്ഛാശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകള്‍ സംഘം ചേര്‍ന്നാല്‍ അതും ഏകമുഖമാകും.

സ്ഥൂലം, സൂക്ഷ്മം എന്നിങ്ങിനെയും മനസ്സിനെ തരംതിരിക്കാനാകും. മോഹവും സങ്കല്‍പ്പങ്ങളും ഉള്‍പ്പെട്ട ബാഹ്യമനസ്സ് തന്നെയാണ് സ്ഥൂലമനസ്സ്. മോഹം, മോഹഭംഗം, ജയപരാജയബോധം, സുഖം, സന്തോഷാനുഭവം എന്നിവയെല്ലാം സ്ഥൂലമനസ്സിന്‍റെ ശേഷികളാണ്. പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് സ്ഥൂലമനസ്സ് വികസിക്കും. സ്ഥൂലമനസ്സ് ഇല്ലെങ്കില്‍ അഭിലാഷങ്ങളില്ല. ഇന്ദ്രിയസുഖം സംബന്ധിച്ച തീവ്രമായ അന്വേഷണമില്ല. ആസക്തി, അസൂയ, നിരാശ, കാപട്യം, പ്രതികാരം എന്നിവ ഇല്ല. സ്ഥൂലമനസ്സ് ഇല്ലെങ്കിൽ ബാക്കിയുള്ളത് ആത്മബോധകലകളോട് ചേർന്ന് നിലകൊള്ളുന്ന ആന്തരിക മനസ്സും അതിന്‍റെ അനുഭവങ്ങളും ആന്തരിക മനസ്സിനോട് ചേര്‍ന്ന ചിത്തവും അതിലെ ഓർമ്മകളും അതിന്‍റെ പരിണാമവിശേഷങ്ങളുമാണ്. സ്ഥൂലമനസ്സ് പരിവർത്തനം ചെയ്താല്‍ സൂക്ഷ്മമനസ്സാകാനാകും. പ്രപഞ്ചവിഷയങ്ങൾ സംബന്ധിച്ച് ഇന്ദ്രിയങ്ങളിലൂടെ നേടിയ ധാരണയെ വിശകലനം നടത്തി പൂര്‍‍ണ്ണമാക്കുന്നത് ആന്തരിക മനസ്സിലെ സൂക്ഷ്മയിനം വിശേഷാല്‍ബുദ്ധിയാണ്. ശരി എന്നതില്‍ അധികവും ഇത്തരം സൂക്ഷ്മമനസ്സിന്‍റെ വിലയിരുത്തലാണ്. യൗവനത്തിലെ വിശേഷാല്‍ബുദ്ധിയും വാര്‍ദ്ധക്യത്തിലെ വിശേഷാല്‍ബുദ്ധിയും സമചിത്തതയും വാര്‍ദ്ധക്യഅതിജീവനത്തിലെ വിശേഷാല്‍ബുദ്ധിയും സ്വാതികബുദ്ധിയും ചില ഘട്ടത്തില്‍ വിഭിന്നമാകും.

വ്യക്തിയെ സംബന്ധിച്ചതായാലും സമാജത്തെ സംബന്ധിച്ചതായാലും ഇവയുടെ താൽപര്യങ്ങളുടെ വികാസമാണ് അവയുടെ സാമാന്യബുദ്ധി. ജനിതകബോധത്തില്‍ ചിന്ത പ്രവർത്തിക്കുമ്പോഴാണ്, ചിന്തയില്‍ ആത്മബോധകലകള്‍ പ്രവർത്തിക്കുമ്പോഴാണ് ബുദ്ധി വികസിക്കുന്നത്. ആഹാരം അടക്കമുള്ള ദ്രവ്യങ്ങളിൽ നിന്ന് വികസിച്ച സാമാന്യബുദ്ധി, യുക്തിബോധത്തില്‍ നിന്ന് വികസിച്ച വിശേഷാല്‍ബുദ്ധി, അവബോധത്തില്‍ നിന്ന് വികസിച്ച വിവേകബുദ്ധി, ആത്മബോധകലകള്‍ മൂലം വികസിച്ച സ്വാതികബുദ്ധി എന്നിങ്ങനെ ബുദ്ധിയെ തരംതിരിക്കാനാകും. പൂര്‍വ്വജന്മവിഷയങ്ങള്‍ സംബന്ധിച്ച ഓര്‍മ്മയുടെ കേന്ദ്രം ചിത്തമനസ്സാണ്. സ്ഥൂലസൂക്ഷ്മ മനസ്സുകളുടെ കേന്ദ്രം ബുദ്ധിയാണ്. അത് ശരിതെറ്റുകൾ അന്വേഷിച്ച്, ഹിതാഅഹിതങ്ങള്‍ അന്വേഷിച്ച് എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ബുദ്ധിക്ക് വിശ്രമം ഇല്ല. ‘ബുദ്ധി നശിച്ചാൽ മനസ്സ് മരിച്ചു’ എന്നും വേണമെങ്കില്‍ പറയാം.

ബാഹ്യമനസ്സിന്‍റെ ശേഷിയാണ് സാമാന്യബുദ്ധി. സാമാന്യബുദ്ധിയുടെ ഒരു തന്ത്രവിശേഷമാണ് ആകാംക്ഷ. അറിയാനുള്ള കൗതുകമാണ്‌, ആഗ്രഹത്തോടെയുള്ള കാത്തിരിപ്പാണ് ആകാംക്ഷ. ആകാംക്ഷ ഉണ്ടെങ്കിലും വസ്തുവിനെ സംബന്ധിച്ചുള്ള കാര്യങ്ങളിലെ ആകെ വിവരങ്ങളിൽ 10 ശതമാനത്തിൽ താഴെയുള്ള വിവരങ്ങളെ മാത്രമാണ് ബാഹ്യമനസ്സിന് ഉള്‍കൊള്ളാന്‍ കഴിയുന്നത്‌. ബാഹ്യമനസ്സ് മുഖേനെ അറിഞ്ഞ ധാരണയില്‍ തെറ്റ് 90 ശതമാനവും, ശരി എന്നത് 10 ശതമാനം മാത്രവുമത്രേ. തെറ്റ്, ശരി എന്നത് കാലദേശാതിഷ്ടിതവും വ്യക്തിയാതിഷ്ടിതവും ആപേക്ഷികങ്ങളുമാണ്. വിഷയങ്ങളെ കാലത്തെ ആധാരമാക്കി വിഭജിച്ചാൽ ഇന്നലെകളിലെ തെറ്റ് ഇന്നത്തെ ശരിയായും ഇന്നലെകളിലെ ശരി ഇന്നത്തെ തെറ്റ് ആയും വ്യാഖ്യാനിക്കപ്പെടും, അനുഭവപ്പെടും. വിഷയങ്ങളെ തെറ്റ്, ശരി എന്നോണം വ്യാഖ്യാനിക്കുന്നതിന് ആധാരമാകുന്നത് ഒരാളിലെ ശരീരപ്രകൃതി, പ്രായം, അയാളിലെ ജനിതകവും ആര്‍ജിതവുമായ വാസനകള്‍, ബുദ്ധി, ഓര്‍മ്മ; ദോഷങ്ങള്‍, കാലപ്രകൃതി, ഋതുപ്രകൃതി, ദേശപ്രകൃതി എന്നിവയെല്ലാമാണ്. ജീവിതകര്‍മ്മങ്ങളുടെ ആവശ്യം, പ്രയോജനം; ജീവിതത്തിന്‍റെ ലക്ഷ്യം എന്നിവയോടൊപ്പം പുണ്യം, നന്മ എന്നിവയെക്കൂടി ആധാരമാക്കിയാകണം ജീവിതവിഷയങ്ങളെ ശരിയെന്നോണം വിലയിരുത്തി സാമ്പ്രദായികമാക്കേണ്ടത്. അഭിമുഖീകരിച്ചുപോരുന്ന കാര്യങ്ങള്‍, ദൃശ്യപ്രപഞ്ചവിഷയങ്ങള്‍ എല്ലാം തന്നെ ‘എല്ലായിപ്പോഴും ശരി’ എന്ന് കണക്കാക്കാനായാൽ സമാധാനം അനുഭവിക്കാനാകും. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുന്നതാണ് യൗവനത്തിലെ സമചിത്തത. ദൃശ്യപ്രപഞ്ചത്തിലെ എല്ലാം വിഷയങ്ങളും ശരിയാണ് എന്ന് കണക്കാക്കുന്നതും സമചിത്തതയാണ്. സമചിത്തതയാണ് അവബോധം. വാര്‍ദ്ധക്യത്തെ സംബന്ധിച്ച് ദൃശ്യപ്രപഞ്ചത്തിലെ എല്ലാം കാര്യങ്ങളും പ്രതികൂലമാണ് എന്ന് കണക്കാക്കുന്നതും ഒരു നിലക്ക് സമചിത്തയാണ്.

ഓരോ വ്യക്തിയുടെയും സ്ഥൂലശരീരം എന്നപോലെ ബുദ്ധിയുടെ ശേഷിയും വിത്യസ്തമാണ്. മോഹം, ഓര്‍മ്മ, ബുദ്ധി എന്നിവ അനുസരിച്ചുള്ള ഭാവങ്ങളും കർമ്മങ്ങളുമാണ് ഒരാളിലെ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനം. കാമം, മോഹം, ഓര്‍മ്മ എന്നിവ കുറെയൊക്കെ ജനിതകമാണ്. വ്യക്തിയിലെ മോഹം, ഓര്‍മ്മ, ബുദ്ധി എന്നിവയുടെ തോത് വിത്യാസപ്പെടുന്നതനുസരിച്ച് അഹങ്കാരം, ധര്‍മ്മം, അവബോധം എന്നിവ സംബന്ധിച്ച കാഴ്ചപ്പാട് മാറും. സാമാന്യബുദ്ധിക്ക്, വിശേഷാല്‍ബുദ്ധിയ്ക്ക്, വിവേകബുദ്ധിക്ക്, സാതികബുദ്ധിക്ക് ഓരോ വിഷയത്തിന്മേലും പ്രവര്‍ത്തിക്കാനാകും. ബുദ്ധിയില്‍ ചിന്ത പ്രവര്‍ത്തിക്കുമ്പോഴാണ് ഭാവനാശക്തി ഉദയംചെയ്യുന്നത്. ബുദ്ധി തെറ്റിയാല്‍ വസ്തുവിനെ കുറിച്ചുള്ള, വിഷയത്തെ കുറിച്ചുള്ള നിഗമനം തെറ്റും. ബന്ധം, ക്രമം, മാര്‍ഗ്ഗം, പ്രശ്നപരിഹാരം എന്നിവയെ സംബന്ധിച്ചും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം തുടങ്ങിയ ജീവിതലക്ഷ്യങ്ങളെ സംബന്ധിച്ചും ഉള്ള വ്യാഖ്യാനങ്ങള്‍ തെറ്റും. കർമ്മങ്ങൾ വ്യത്യാസപ്പെടും. കര്‍മ്മഫലങ്ങളും അതനുസരിച്ചുള്ള അനുഭവങ്ങളും വികാരങ്ങളും മാറും. ദേഹസാഹചര്യത്തിലും ദേശസാഹചര്യത്തിലും കാലത്തിലും മാറ്റം സംഭവിക്കും. ആഹാരത്തില്‍ നിന്ന് ഉദയംചെയ്യുന്ന താഴ്ന്നയിനം ബുദ്ധി, ബാഹ്യമനസ്സില്‍ നിന്നുള്ള വിശേഷാല്‍ബുദ്ധി, അന്ത:കരണ അവബോധത്തില്‍ നിന്നുള്ള ഉയര്‍ന്ന ബുദ്ധി, ആത്മബോധകലകളില്‍ നിന്ന് ഉദയംചെയ്ത സ്വാതികബുദ്ധി എന്നത് കൂടാതെ ‘നിര്‍മ്മിതബുദ്ധി’ എന്നൊരു ഇനം കൂടി ഇപ്പോള്‍ വികസിച്ചുവന്നിട്ടുണ്ട്. സാമാന്യബുദ്ധിയെ ജന്തുസഹജമായ ഗുണമായും വിശേഷാല്‍ബുദ്ധിയെ പൈശാചികഗുണമായും ചിലര്‍ വിശേഷിപ്പിച്ചു. ബുദ്ധിയുടെ ഉണര്‍ച്ചയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളില്‍ മുഖ്യം സാഹചര്യവിഷയങ്ങളാണ്. മറ്റൊന്ന് സാഹചര്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന അഹന്താദോഷങ്ങളാണ്. ബുദ്ധിനാശത്തിന് ഒരു നിദാനം അതിമോഹമാണ്. സ്മൃതിക്ഷയം അതിന്‍റെ ലക്ഷണമാണ്. അനാവശ്യമായ സങ്കല്‍പ്പങ്ങള്‍, വിഷയങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവ ഉയര്‍ന്ന ബുദ്ധിയുടെ പ്രസന്നതയ്ക്കും ആത്മബോധകലകളുടെ വികാസത്തിനും തടസ്സം നില്‍ക്കുന്ന ഘടകങ്ങളാണ്.

മോഹം വര്‍ദ്ധിക്കുന്നതിനും പാപകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കുന്നതിനും സ്ഥൂലശരീരം, പ്രാണശക്തി എന്നിവയ്ക്ക് അഹിതമായ ആഹാരം സ്വീകരിക്കുന്നതിനും വേദന അനുഭവിക്കുന്നതിനും എല്ലാം കാരണമാകുന്നത് വിശേഷാല്‍ബുദ്ധിയാണ്. വിശേഷാല്‍ബുദ്ധി ആദ്യം ക്ഷണികമായ സുഖത്തെ അനുവദിക്കും. തുടര്‍ന്ന് ദീര്‍ഘവും കഠിനവുമായ ദുഃഖത്തെ തരും. ദയയും ഹിംസയും വിശേഷാല്‍ബുദ്ധിയുടെ തന്നെ സ്വഭാവവിശേഷങ്ങളാണ്. വിശേഷാല്‍ബുദ്ധി എല്ലായിപ്പോഴും ദ്വൈതമാണ്. ചില ഘട്ടങ്ങളിൽ ബഹുമുഖമാണ്. ഭൂമി, ആകാശം; കര, കടല്‍; സ്ത്രീ, പുരുഷന്‍; രാത്രി, പകല്‍; ഇടത്, വലത്; നന്മ, തിന്മ; ശരി, തെറ്റ് ഇവയൊക്കെ ദ്വൈതമാണ്. ചെറുത്‌, വലുത് എന്ന ആപേക്ഷികത ദ്വൈതമാണ്. നരകം, സ്വര്‍ഗ്ഗം എന്നിങ്ങനെയുള്ള തരംതിരിവ് അസ്വസ്ഥതയ്ക്ക് കാരണമാക്കുന്ന ഒന്നാണ്. ശീതം, ഉഷ്ണം; ചലനം, ചലനമില്ലായ്മ തുടങ്ങിയ വിഭജനം സൂക്ഷ്മതലത്തില്‍ നോക്കിയാല്‍ വാസ്തവവിരുദ്ധമെന്ന് കാണാം. ഇത്തരം ആപേക്ഷികത വിശേഷാല്‍ബുദ്ധിയുടെ പോരായ്മയെയാണ് സൂചിപ്പിക്കുന്നത്. ബുദ്ധി ദ്വന്ദമായാല്‍, ബഹുമുഖമായാല്‍ അത് സംഘട്ടനത്തില്‍ ഏര്‍പ്പെടും. ‘ശരി’ എന്നത് ആപേക്ഷികമെങ്കില്‍, ‘ശരി’ എന്നത് രണ്ടുതരം ഉണ്ടെങ്കിൽ തെറ്റുകളും രണ്ടുതരം കാണും. ഇത്തരം വിഭജനം സംഘർഷങ്ങള്‍ക്ക് കാരണമാകും. രണ്ടിനം ശരികളും രണ്ടിനം തെറ്റുകളും കൂടി ചേര്‍ന്ന ചാതുർബുദ്ധിയാണ് വിശേഷാല്‍ബുദ്ധി. ബുദ്ധി എകമായാല്‍ അത് സമാധാനത്തെ അനുവദിക്കും. വിശേഷാല്‍ബുദ്ധിക്ക് അടിസ്ഥാനം അഹന്താദോഷങ്ങളാണ്.

വിശേഷാല്‍ബുദ്ധിയെ നിയന്ത്രിക്കുന്നത് ഉയര്‍ന്നയിനം ബുദ്ധിയായ വിവേകമാണ്. ആമ സുരക്ഷാഘട്ടങ്ങളില്‍ തലയും കാലും ഉള്‍വലിക്കുന്നതുപോലെ അനാവശ്യവിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്‌ വിവേകബുദ്ധിയാണ്. നൈസര്‍ഗികമായ കാമത്തെയും ആര്‍ജിതവും സാഹചര്യപ്രേരിതവുമായ മോഹങ്ങളെയും തിരിച്ചറിയുന്നത്, അതിമോഹത്തെ നിരോധിക്കുന്നത്, ബാഹ്യമനസ്സ് അറിഞ്ഞ കാര്യങ്ങളില്‍ ആവശ്യമില്ലാത്തതിനെ തിരസ്ക്കരിക്കുന്നത്, ആവശ്യമായതിനെ സ്വീകരിക്കുന്നത്, ദുഃഖത്തെ ലഘുവാക്കുന്നത് എല്ലാം വിവേകബുദ്ധിയാണ്. സ്വാതികം, രജസ്സ്, തമസ്സ് എന്നീ തരംതിരിവുകള്‍ വിവേകബുദ്ധിക്കും ബാധകമാക്കി വിഷയങ്ങളെ അഭിമുഖീകരിച്ചാല്‍ സംഘര്‍ഷങ്ങളെ കുറേക്കൂടി ലഘൂകരിക്കാനാകുമെന്ന് ചിലര്‍ വിശ്വസിച്ചു.

വിവേകബുദ്ധിയെ, പ്രജ്ഞാനത്തെ, അഹങ്കാരം ഇല്ലാത്ത അന്ത:കരണ അവബോധത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്നതും നന്മ, ത്യാഗം എന്നിവയെ കരുവാക്കി ആനന്ദത്തെ അനുഭവിക്കാന്‍ പ്രചോദിപ്പിക്കുന്നതും സ്വാതികബുദ്ധിയാണ്. ആന്തരിക മനസ്സിന്‍റെ സംസ്കരിപ്പെട്ട ധാരണയാണ്, ആത്മബോധകലകളുടെ പ്രകടനമാണ് സ്വാതികബുദ്ധി. ആന്തരിക മനസ്സിന്‍റെ സ്ഥിരതയ്ക്ക് ആധാരം സ്വാതികബുദ്ധിയാണ്. ആന്തരിക മനസ്സ് പരിശുദ്ധി നേടി സംസ്കരിച്ച് സ്വാതികമായാല്‍ ആത്മബോധകലകളെ വികസിപ്പിക്കാനാകും. അഹങ്കാരത്തെ നശിപ്പിച്ച് ആനന്ദമാർഗ്ഗത്തിലോട്ട് വഴി കാണിച്ചുതരുന്നത് സ്വാതികബുദ്ധിയാണ്. സ്ഥൂലശരീരം, പ്രാണശക്തി, കാമമനസ്സ് എന്നിവയെ അന്വേഷിച്ച് അറിയുന്നതുപോലെ ആന്തരിക മനസ്സിന്‍റെ സ്വാതികബുദ്ധിയെയും അറിയണം, ഉണര്‍ത്തി വികസിപ്പിക്കണം. ‘ബുദ്ധ’ എന്നാല്‍ വിശേഷാല്‍ബുദ്ധിക്കും അതീതമായ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നാണര്‍ത്ഥം. വിശേഷാല്‍ബുദ്ധിയെ, വിവേകബുദ്ധിയെ ഉണര്‍ത്തി പ്രജ്ഞാവബോധതലത്തില്‍ എത്തിക്കേണ്ടത്, സ്വാതികബുദ്ധിയെ ആധാരമാക്കി ജീവിക്കേണ്ടത് വ്യക്തിയുടെ സ്വധര്‍മ്മമാണ്.

വിഷയം സംബന്ധിച്ച അറിവ് മനസ്സിന് പുറത്തും മനസ്സിന് അകത്തും ഉണ്ട്. കൂടുതൽ ലഘുവായത്, പൂർണ്ണമായത് മനസ്സിന്‍റെ അകത്തുള്ള അറിവാണ്. ആന്തരിക മനസ്സിലെ സ്വാതികബുദ്ധിയുമായൊ ഉപബോധമനസ്സിലെ അറിവുമായൊ താരതമ്യം ചെയ്താൽ ബാഹ്യമനസ്സില്‍ നിലകൊള്ളുന്ന അറിവ്, സാമാന്യബുദ്ധി എന്നിവ നിസ്സാരങ്ങളാണ്. ബാഹ്യമനസ്സിന് പുറത്ത് നിലകൊള്ളുന്ന വിജ്ഞാനത്തിനെക്കാള്‍ ഏറെ ആനന്ദവിഷയങ്ങൾ ആന്തരിക മനസ്സിലെ ജ്ഞാനത്തില്‍ നിലകൊള്ളുന്നുണ്ട്. ബുദ്ധിയോടൊപ്പമുള്ള വിഷയങ്ങളെ മാത്രമാണ് ആന്തരിക മനസ്സിന് വ്യക്തതയോടെ അറിയാനും ഓര്‍മ്മയില്‍ നിലനിര്‍ത്താനും അനുഭവിക്കാനും കഴിയുന്നത്. മനസ്സിന് വിഷയങ്ങളെ സ്വയം സൃഷ്ടിക്കാന്‍ കഴിയുകയില്ല. വിഷയങ്ങള്‍ പുറം ഇന്ദ്രിയങ്ങള്‍ വഴിയൊ അകം ഇന്ദ്രിയങ്ങള്‍ വഴിയൊ എത്തിച്ചേരണം. അതിനുതകുന്ന ബാഹ്യവും ആന്തരികവുമായ പരിസ്ഥിതി വേണം. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ ഉള്‍പ്പെട്ട കാലവും ജീവിക്കുന്ന ദേശവും അതിലെ വസ്തുക്കളും ജീവികളും ഇവയിലെല്ലാമുള്ള മനസ്സും അതിലെ ആശയങ്ങളും എല്ലാം ഉള്‍പ്പെട്ട സാഹചര്യം തന്നെയാണ് പരിസ്ഥിതി. അത് തന്നെയാണ് ദൃശ്യപ്രകൃതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോള്‍ വ്യക്തിയില്‍ രൂപപ്പെടുന്ന ഒന്നാണ് സാമാന്യബോധം. അതില്‍ അധികവും ഇന്ദ്രിയാനുഭവ വിജ്ഞാനങ്ങളാണ്. ഒരുവന്‍ ജീവിക്കുന്ന ഭൗതികവും സാമുഹ്യപരവും കുടുംബപരവുമായ പരിസ്ഥിതി അസ്ഥിരമായാല്‍, അതിലെ ഘടകങ്ങള്‍ വൈകൃതമായാല്‍, ഒരുവന്‍ ജീവിക്കുന്ന പരിസ്ഥിതിയില്‍ രൂപപ്പെട്ട വിത്യാസങ്ങളും അവനിലെ ബുദ്ധിബോധവും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍‍ഷത്തിലായാല്‍ ശരീരപരിണാമം വേഗത്തിലാകും. പ്രാണശക്തി ക്ഷയിക്കും. ഇതിന്‍റെ ഭാഗമായും ബാഹ്യമനസ്സിൽ മനോമലങ്ങൾ വര്‍‍ദ്ധിക്കും. ഭയം, കോപം, ക്ഷീണം, ദുഃഖം, വേദന എന്നിവ അനുഭവപ്പെടും. വാര്‍ദ്ധക്യം വേഗത്തിലുമാകും.

അന്തരിക ഇന്ദ്രിയങ്ങള്‍ നല്‍കിയ സങ്കല്‍‍പ്പത്തില്‍ നിന്നാണ് വിശ്വാസം ജനിക്കുന്നത്. സങ്കൽപ്പിക്കാൻ ആകാത്ത, സങ്കൽപ്പത്തിന് അതീതമായ സംഗതികളെക്കുറിച്ചുള്ള ആന്തരിക മനസ്സിന്‍റെ വിലയിരുത്തലുകളും വിശ്വാസമാണ്. അഭൗതിക വിഷയങ്ങളെക്കുറിച്ചുള്ള ധാരണയും വിശ്വാസമാണ്. സങ്കൽപ്പം, വിശ്വാസം എന്നിവ അനുകൂലവും പ്രതികൂലവും ആയ അനുഭവങ്ങൾക്ക് കാരണമാകും. നല്ല സങ്കൽപ്പങ്ങളിൽ നിന്ന്, സമാനയിനം സങ്കൽപ്പങ്ങളിൽ നിന്ന് അനുകൂല അനുഭവങ്ങളുണ്ടാകും. മനനത്തിന്‍റെ പിന്‍ബലം ഇല്ലാതെയുള്ള ആശയങ്ങളും ശബ്ദകോലാഹലങ്ങളും കര്‍മ്മങ്ങളും അസ്ഥിരമാണ്. സാമാന്യബുദ്ധിയില്‍ നിന്ന് ഉല്‍ത്തിരിഞ്ഞ സങ്കല്‍പ്പങ്ങളും അതുമൂലമുണ്ടായ കര്‍മ്മങ്ങളും അസ്ഥിരമാണ്. ഇവ പകൽക്കിനാവ് പോലെ വേഗത്തില്‍ നശിച്ച് മിന്നിമറയും. അസ്ഥിരമായ കര്‍മ്മങ്ങള്‍ ആത്മബോധകലകളുടെ വികാസത്തിന് വിഘ്നവുമാണ്. സങ്കൽപ്പം, വിശ്വാസം, സാമാന്യബുദ്ധി എന്നിവയില്‍ നിന്ന് വിശേഷാല്‍ബുദ്ധിയുടെ അകമ്പടിയില്ലാതെ ധാരണ രൂപംകൊണ്ടാല്‍ അവ അപൂര്‍ണ്ണമൊ മിഥ്യയൊ ആയി മനസ്സില്‍ നിലകൊള്ളും. ഇത്തരം ധാരണയുടെ അടിസ്ഥാനത്തി‍ല്‍ ചെയ്യാനിടയാകുന്ന കര്‍‍മ്മങ്ങളില്‍ പിഴവുകൾ കടന്നുകൂടാനുള്ള സാദ്ധ്യത ഏറെയുമാണ്. ഈ രീതിയില്‍ രൂപപ്പെടുത്തിയ കഥാഖ്യാനങ്ങൾ, ചരിത്രപാഠങ്ങള്‍, പ്രബോധനാ ഉപദേശങ്ങള്‍ മനസ്സില്‍ ചേക്കേറി പ്രബലമായാല്‍ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യത തകരാറിലാകും. സൗമ്യത അഹിതമായാൽ അഹന്താദോഷങ്ങള്‍ ഉണരും. അത് കാര്യശരീരത്തെ പ്രതികൂലമായും വേഗത്തിലും പരിണമിപ്പിക്കും. ആയുസ്സ് ശുഷ്കിക്കും.

പഞ്ചേന്ദ്രിയവിഷയങ്ങളിലൂടെ രൂപപ്പെട്ട വിജ്ഞാനത്തിലും ബാഹ്യമനസ്സ് നടത്തിയ സങ്കല്‍പ്പങ്ങളിലും സ്ഥൂലശരീരത്തിലൂടെയുള്ള കര്‍‍‍മ്മങ്ങളിലും എല്ലാം അഹന്താതത്വം ഒളിഞ്ഞിരിപ്പുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ ശേഷിയെ വര്‍ദ്ധിപ്പിച്ചാല്‍ അഹന്താദോഷങ്ങള്‍ സജീവമാകും. അഹന്താദോഷങ്ങള്‍ സജീവമായാൽ പാപകർമ്മങ്ങളും പാപകര്‍മ്മങ്ങള്‍ കൂടിയാൽ ആനുപാതികമായി ദുഃഖവും ഉളവാകും. ഇന്ദ്രിയങ്ങള്‍ നല്‍‍കുന്ന വിവരങ്ങൾ, സാമാന്യബുദ്ധി നല്‍‍‍കുന്ന വിശകലനം എന്നിവ ഭിന്നമായാലും അപൂർണ്ണമായാലും സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യം തകരാറിലാകും. ഇതുമൂലവും ശരീരപരിണാമം വേഗത്തിലാകും. ആയുസ്സ് കുറയും.

സാഹചര്യം, വസ്തു, ആശയം എന്നിവയുടെ സങ്കേതമാണ് വിഷയം. വസ്തുവിനെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളുടെ ഉറവിടം ബാഹ്യമനസ്സാണെങ്കിലും വസ്തു സംബന്ധിച്ച ആശയങ്ങളുടെ ഉറവിടം ആന്തരിക മനസ്സാണ്. ആശയങ്ങളുടെ സ്ഥൂലത വസ്തുവും സൂക്ഷ്‌മത ആത്മബോധം എന്നും കരുതാനാകും. വസ്തുവിന്‍റെ സ്ഥൂലതയാണ് സാഹചര്യം. വസ്തുവിന്‍റെ അതിസൂക്ഷ്മതയാണ് ആശയം. വ്യക്തിയെ കേന്ദമാക്കി നോക്കിയാല്‍ ആശയങ്ങളുടെ സ്ഥൂലതയില്‍ മുഖ്യം അസ്ഥിയും മസ്തിഷ്കവുമാണ്. അസ്ഥികോശങ്ങള്‍, നാഡീകോശങ്ങള്‍ എന്നിവയുടെ അകത്തും ഇവയുടെ വെളിയിലും ആശയങ്ങള്‍ക്ക് നിലകൊള്ളാനാകും.

വസ്തുവിനെ സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യം അതിന്‍റെ ഗുണങ്ങളും പരിണാമവുമാണ്. ഗുണങ്ങള്‍ക്ക് ആധാരം അതിലെ പഞ്ചഭൂതങ്ങളുടെയൊ മൂലകങ്ങളുടെയൊ തന്മാത്രകളുടെയൊ ചേര്‍ച്ചാരീതിയാണ്. വസ്തുവിന്‍റെ ഗുണങ്ങളെ അനുഭവിക്കുന്നത് ബാഹ്യമനസ്സാണ്. കാര്യശരീരത്തിന് ചുറ്റുമായി വസ്തുക്കള്‍ വൈവിദ്ധ്യമാര്‍ന്ന രൂപത്തിലും സ്വഭാവത്തിലും എണ്ണത്തിലും നിലകൊള്ളുമ്പോള്‍ അവയുടെയെല്ലാം ഗുണങ്ങളെ അനുഭവിക്കാന്‍ ബാഹ്യമനസ്സിനെ കൊണ്ടാവില്ല. സ്ഥൂലശരീരം, പ്രാണശക്തി എന്നിവയോട് ഒപ്പമുള്ള ഘടകങ്ങളുടെ ഗുണങ്ങളെപ്പോലും അറിയാന്‍ കഴിയാത്ത അവസ്ഥ ബാഹ്യമനസ്സിനുണ്ട്. ബാഹ്യമനസ്സിലെ തന്നെ തമസ്സ്, രജസ്സ് ഗുണങ്ങളെ നിയന്ത്രിക്കാനാകാത്ത അവസ്ഥയും ഉണ്ട്. ബാഹ്യമനസ്സിനെ കൊണ്ട് സാധിക്കുന്നത് ചുറ്റുമുള്ള വസ്തുക്കളെ സംബന്ധിച്ചോ കാര്യശരീരത്തിന്‍റെ ഘടകങ്ങളെ സംബന്ധിച്ചോ ഏതാനും സാമാന്യവിവരങ്ങള്‍ അന്വേഷിച്ച് രൂപപ്പെടുത്തുകയും അതില്‍ വിശ്വസിച്ച് തൃപ്തിയടയുകയും ചെയ്യുക എന്നത് മാത്രമാണ്. മനസ്സുകളുടെ പൊതുവായ ഒരു ശേഷിയാണ് സാമാന്യബോധം. ഇന്നലെകളിലെ അറിവും ഇന്നത്തെ അറിവും ഇടകലര്‍ന്ന ഒരു പ്രവാഹമാണത്. സാമാന്യബോധത്തിന്‍റെ സ്രോതസ്സ് എല്ലായിപ്പോഴും സാഹചര്യവും അതില്‍ നിന്നുള്ള വിഷയങ്ങളുമാണ്. അറിവിന്‍റെ സ്രോതസ്സ് ചില ഘട്ടത്തില്‍ ആന്തരിക മനസ്സില്‍, വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പുണ്യകര്‍മ്മഫല ഓര്‍മ്മകളാണ്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ അത് ആത്മബോധകലകളും ഇവയുടെ സങ്കേതവുമാണ്.

മനസ്സിനെ ചിലര്‍ അബോധമനസ്സ്, ഉപബോധമനസ്സ്, സുബോധമനസ്സ് എന്നിങ്ങിനേയും തരംതിരിച്ചുനോക്കി. അറിയാത്ത, അറിയാനാകാത്ത മനസ്സിന്‍റെ മേഖലയാണ് അബോധമനസ്സ്. അബോധമനസ്സ് നിലകൊള്ളുന്നത് ആനന്ദമയകോശത്തിലും കാരണശരീരത്തിലുമാണ്. ആത്മബോധകലകളില്‍ നിന്നും വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പൂര്‍വ്വജ്ഞാനത്തില്‍ നിന്നും കര്‍മ്മങ്ങളില്‍ നിന്നുമാണ് ഉപബോധമനസ്സ് രൂപംകൊള്ളുന്നത്‌. സൂക്ഷ്മശരീരത്തിലെ വിജ്ഞാനമയകോശമാണ് ഉപബോധമനസ്സിന്‍റെ കേന്ദ്രം. ബുദ്ധിമയകോശം, കാമമയകോശം, പ്രാണശക്തി എന്നിവയിലെ ഊര്‍ജ്ജങ്ങളുടെയും സ്ഥൂലശരീരത്തിലെ പ്രപഞ്ചബോധാംശങ്ങളുടെയും ഉല്‍പന്നമാണ് സുബോധമനസ്സ്. സ്ഥൂലശരീരത്തെ ലഘുവാക്കിയാല്‍ പ്രാണശക്തി, യുക്തിമനസ്സ് എന്നിവയെ മെച്ചപ്പെടുത്തിയാല്‍ സുബോധമനസ്സിനെ അതിന്‍റെ മേന്മയില്‍ അനുഭവിക്കാനാകും. ആഹാരം, ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, മനോമയകോശം എന്നിവ കുറഞ്ഞാല്‍, അഹന്താദോഷങ്ങള്‍ പ്രബലമായാല്‍, ആത്മബോധകലകള്‍ ബന്ധിതമായാല്‍ സുബോധമനസ്സിന്‍റെ ശേഷി കുറയും. ഇന്ദ്രിയങ്ങളെ മെച്ചപ്പെടുത്താനായാല്‍ വികാരവിചാര അനുഭവങ്ങളുടെ മേന്മ കൂടും. പഞ്ചേന്ദ്രിയങ്ങള്‍, സങ്കല്‍പ്പേന്ദ്രിയം, സ്വപ്നേന്ദ്രിയം, തുരിയം അഥവാ അതീന്ദ്രിയം എന്നിങ്ങനെ എട്ട് ഇന്ദ്രിയങ്ങളുള്ള ജീവിയാണ് മനുഷ്യന്‍. ചന്ദ്രൻ, ഉല്‍ക്കകള്‍, സൂര്യൻ, നക്ഷത്രങ്ങൾ എന്നിവയെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണാനാകുന്നത് കണ്ണിന്‍റെ ശേഷി കൊണ്ട് മാത്രം അല്ല. ഭൂമിക്ക് ചുറ്റും അന്തരീക്ഷവായു നിലകൊള്ളുന്നതുകൊണ്ട് കൂടിയാണ്. മറ്റ് ഗ്രഹങ്ങളിൽ അന്തരീക്ഷവായു ഇല്ലെങ്കിൽ, ഗ്രഹങ്ങള്‍ക്ക്‌ സ്വയംഭ്രമണം ഇല്ലെങ്കില്‍, അവിടത്തെ ജീവികളിൽ നേത്രേന്ദ്രിയം ഇല്ലെങ്കിൽ ദൃശ്യആകാശമൊ രാപ്പകലുകളോ അവിടെയില്ല. ഈ കാഴ്ചപ്പാടിൽ പൂർവ്വികരിൽ ചിലർ പ്രാണവായുവിന്‍റെ സഞ്ചാരചാലുകള്‍, ശ്വസനാവയവങ്ങള്‍ എന്നിവയെപ്പോലെ ഇന്ദ്രിയാവയവങ്ങളെയും നേത്രഭാഗങ്ങളെയും (വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ലയൂടിന്‍, സെയസാന്തിന്‍, ഒമേഗ 3 അമ്ലങ്ങള്‍, തേന്‍, നെല്ലിക്ക, കടുക്ക, ത്യൂജ, പിലോകാര്‍പസ്, എരുക്ക്, ഗുഗ്ഗുല്‍, പെരുംജീരകം, കരിംജീരകം, കീഴാര്‍നെല്ലി, കാഞ്ഞിരം, ക്വാസിയ, യുഫ്രേഷ്യ, സിനറേറിയ, കാത്സ്യം ഫ്ലൂറൈഡ്, സിങ്ക്) കരുതലോടെ പരിപാലിച്ചു. ഇന്ദ്രിയസംരക്ഷണം വ്യക്തിയുടെ സ്വധര്‍മ്മമാണ്. ഇന്ദ്രിയങ്ങളിലൂടെയുള്ള സുബോധമനസ്സിന്‍റെ അനുഭവങ്ങളാണ് ഭൗതികജീവിതം.

സുഖത്തിനും സന്തോഷത്തിനും അടിസ്ഥാനം ബാഹ്യമനസ്സാണ്. ദുഃഖങ്ങള്‍ക്ക് അടിസ്ഥാനം ബാഹ്യമനസ്സിനോടൊപ്പം കൂടിയ നിജങ്ങളായ വിഷയഓര്‍മ്മകളോ ബാഹ്യമനസ്സിന്‍റെ മലങ്ങളായ ആർത്തി, ആസക്തി, കോപം, ഭയം, വിരോധം, വെറുപ്പ്, അലസത, അസൂയ എന്നിവയൊ, ബാഹ്യമനസ്സില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളോ ആണ്. ആന്തരിക മനസ്സില്‍, വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന ജനിതകയിനം പാപഓര്‍മ്മകളും ദുഃഖങ്ങള്‍ക്ക് കാരണമാണ്. ബാഹ്യമനസ്സിലെ മോഹങ്ങളോടും അവ നിമിത്തമുണ്ടായ കർമ്മങ്ങളോടും ഉള്ള ആന്തരിക മനസ്സിന്‍റെ പ്രതിഷേധവും ദുഃഖത്തിന് കാരണമാണ്. മനുഷ്യൻ അനുഭവിച്ചുപോരുന്ന ദീര്‍ഘവും തീവ്രവുമായ ദുഃഖം, വേദന എന്നിവയുടെ മൂലകാരണം പാപകർമ്മങ്ങളത്രേ. അഹങ്കാരം, അത്യാര്‍ത്തി, സത്യനിഷേധം, മോഷണം, ലൈംഗികദുരാചാരം, ദ്രോഹം, ഹിംസ; പക വെച്ചുപുലര്‍ത്തുക, അയല്‍ക്കാരന്‍റെ നന്മയില്‍ അസൂയപ്പെടുക, അയല്‍ക്കാരന് ആപത്ത് വരണമേ എന്ന് ചിന്തിക്കുക, പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല എന്ന് ചിന്തിക്കുക, കര്‍മ്മത്തിന് ഫലമില്ല എന്ന് ചിന്തിക്കുക, പ്രതികൂലകര്‍മ്മത്തില്‍ പശ്ചാത്തപിക്കാതിരിക്കുക; അസത്യം പറയുക, വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയുക, പരുഷമായ വാക്ക് പറയുക, കലഹവാക്ക് പറയുക, കോപം പ്രകടിപ്പിക്കുക; കര്‍മ്മം മര്യാദാക്രമത്തില്‍ അനുഷ്ഠിക്കാതിരിക്കുക, അശുദ്ധി കഴുകി കളയാതിരിക്കുക എന്നിവയെല്ലാമാണ് പാപങ്ങള്‍. പാപത്തിന്‍റെ പ്രതിഫലം കഠിനയിനം വേദനകളും അകാലത്തിലുള്ള മരണവുമത്രേ. പാപകര്‍മ്മങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നതും ദുഃഖഹേതുക്കളാണ്. പാപമില്ലായ്മയാണ് പുണ്യം. പുണ്യവും നന്മയും ചേര്‍ന്ന സല്‍ക്കര്‍മ്മങ്ങളാണ് കാരുണ്യം. കാരുണ്യഗുണത്തെ മറവി ബാധിക്കുകയില്ലത്രേ. വര്‍ദ്ധിച്ചുവരുന്ന മറവിരോഗനിരക്കിന്‍റെ കാരണങ്ങളില്‍ ഒന്ന് കാരുണ്യമില്ലായ്മയാണ് എന്നും പറയാം. വ്യക്തിക്ക് ഹിതകരമായ വിഷയങ്ങളെയും ധര്‍മ്മനിയമങ്ങളെയും ഒപ്പം അയല്‍ക്കാരൻ, സമാജം, സമൂഹം, സാഹചര്യം എന്നിവയ്ക്ക് ഹിതകരമായ വിഷയങ്ങള്‍, ആശയങ്ങള്‍, നിയമങ്ങള്‍ എന്നിവയെയും അന്വേഷിച്ച് അറിയണം. ഹിതവും ധര്‍മ്മപരവുമായ കര്‍മ്മങ്ങള്‍ ചെയ്യണം. പൂര്‍ണ്ണായുസ്സ് അനുഭവത്തിന് അടിസ്ഥാനം ശുദ്ധി, ധര്‍മ്മം, കാരുണ്യം, ആനന്ദബലി എന്നിവയാണ്. കാര്യശരീരത്തിന് ഹിതവും നിജവുമായ അര്‍ത്ഥം, അനുഭവങ്ങൾ, അനുഭൂതികള്‍ എന്നിവ ലഭിക്കുന്നതിന് ആധാരം ആത്മബോധകലകളാണ്. ആത്മബോധകലകളുടെ വികാസത്തിനും സംയോഗത്തിനും അടിസ്ഥാനം ശുദ്ധിയും ധര്‍മ്മവും സല്‍കര്‍മ്മങ്ങളുമാണ് എന്നും ചിലര്‍ വിശ്വസിച്ചു.

മനസ്സിന്‍റെ പിൻവാങ്ങലാണ് ഉറക്കം. ഉറക്കത്തിൽ വിഷയം, സങ്കല്‍പ്പം, മോഹം, ബുദ്ധി, ചിന്ത, ബാഹ്യമനസ്സ്, ഭാവന എന്നിവ ഒന്നും ഇല്ല. ജാഗ്രതുബോധവും ദുഃഖവും സന്തോഷവും ഇല്ല. സാമാന്യം, ഗാഡം, വിശേഷം എന്നിങ്ങിനെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉറക്കചക്രം. ഉറക്കത്തിന്‍റെ ആരംഭത്തിലും തുടര്‍ന്നുള്ള ഗാഢ ഉറക്കത്തിലും അവസാനത്തിലും കണ്ണിലെ ചലനം മന്ദഗതിയിലാകും. ഉറക്കത്തില്‍ ശ്വസനനിരക്ക്, ഹൃദയസ്പന്ദനനിരക്ക് എന്നിവ കുറയും. രക്തസമ്മര്‍ദ്ദതോത്, ശരീരോഷ്മാവ് എന്നിവയും ഉറക്കത്തില്‍ കുറയും. ഉറക്കചക്രം നാലോ അഞ്ചോ തവണ ആവര്‍ത്തിക്കുന്ന സ്വഭാവം ഓരോ ദിവസത്തിലെ ഉറക്കത്തിനും ഉണ്ട്. വിശേഷാല്‍ഉറക്കത്തിന്‍റെ സംഭാവനയാണ് സ്വപ്നം. യാഥാര്‍ഥ്യം, ക്രമം, താളം, ബന്ധം, നീതി, പരിഹാരം, അര്‍ഹത എന്നിവ ഒന്നും ഇല്ലാത്ത കാര്യങ്ങളാണ് സ്വപ്നത്തിലൂടെ അനുഭവിക്കാന്‍ ഇടയാകുന്നത്. സ്വപ്നേന്ദ്രിയങ്ങളിലൂടെയുള്ള വിഷയാനുഭവം ജാഗ്രത്തിലേതിനേക്കാൾ തീവ്രവും വൈവിദ്ധ്യവും ഹ്രസ്വവുമാണ്. വിശേഷാല്‍ഉറക്കത്തിലും സ്വപനം കാണുന്ന വേളയിലും കണ്ണിന്‍റെ ചലനം വേഗത്തിലാകും. ബാല്യത്തിലെ സ്വപ്നവിഷയങ്ങള്‍ക്ക് കാരണം പൂര്‍വ്വജന്മങ്ങളിലെ ഓര്‍മ്മകളാണ്. സ്ഥൂലശരീരത്തിന്‍റെ കര്‍മ്മം അഹന്താദോഷങ്ങള്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ് സ്വപ്നാടനം സംഭവിക്കുന്നത്‌. ദുസ്വപ്നങ്ങള്‍ക്ക് അടിസ്ഥാനവും അഹന്താദോഷങ്ങളാണ്. മസ്തിഷ്ക്കത്തിലെ പോന്‍സ്, ഹൈപ്പോതലാമസ് എന്നിവിടങ്ങളില്‍ നിന്ന് രൂപംകൊള്ളുന്ന ഗമ്മാ അമിനോ ബൂട്ടിറിക് ആസിഡ് എന്ന ന്യുറോട്രാന്‍സ്മിറ്റര്‍ ഉണര്‍വിന്‍റെ കേന്ദ്രങ്ങളെ നിരുത്സാഹപ്പെടുത്തുമ്പോഴാണ് ഉറക്കം സംഭവിക്കുന്നത്‌. ശ്വസനാവയവം, വൃഷണം, ഓവറി, ഗര്‍ഭാശയം, പാന്‍ക്രിയാസ്, കുടല്‍ എന്നിവിടങ്ങളില്‍ നിന്നും ഗമ്മാ അമിനോ ബൂട്ടിറിക് ആസിഡ് രൂപപ്പെടുന്നുണ്ട്. അസറ്റൈല്‍കോളിന്‍, നോര്‍ എപ്പിനെഫ്രിന്‍, ഡോപമിന്‍, ഹിസ്റ്റമിന്‍, സിറടോണിന്‍, റെക്സിന്‍, ഗ്ലുട്ടാമെറ്റ് തുടങ്ങിയ ന്യുറോട്രാന്‍സ്മിറ്ററുകള്‍ ഉണര്‍വിന്‍റെ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നവയാണ്. പുളിപ്പിച്ച അരി വിഭവങ്ങള്‍, തുവരപ്പയര്‍, ചുവന്ന പയര്‍, സോയാബീന്‍, തക്കാളി, കോളിഫ്ലവര്‍, മുന്തിരി എന്നിവയില്‍ ഗാമ്മാ അമിനോ ബൂട്ടിറിക് ആസിഡ് ഉള്‍പ്പെട്ടിട്ടുണ്ട്.

നിത്യവും 8 മണിക്കൂര്‍ നേരം ഉറങ്ങണം. ദീര്‍ഘിച്ചും ഗുണമേന്മയുള്ളതുമായ ഉറക്കം മൂലം ദഹനശക്തി, ഓജസ്സ്, രോഗപ്രതിരോധശേഷി, ഓര്‍മ്മശക്തി, പ്രശ്നപരിഹാരശേഷി എന്നിവ മെച്ചപ്പെടും. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയും. ഹോർമോണുകള്‍, സാരാംഗ്നികള്‍ എന്നിവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പേശികള്‍ക്ക് പുനരുജ്ജീവനം നല്‍കാനും നിലനില്‍പ്പിന് വേണ്ട ഊര്‍ജ്ജം വീണ്ടെടുക്കാനും ദീര്‍ഘിച്ചുള്ള ഉറക്കം സഹായിക്കും. ഉറക്കം ജീവിതമില്ലായ്മയാണ്, ചെറിയ മരണമാണ്. അകാലമരണത്തെ ചെറിയ മരണത്തിലൂടെ പ്രതിരോധിക്കാനാകും എന്നത് തഥര്‍ത്ഥകാരി ആശയമാണ്.

                      **