Tuesday, 28 July 2026

സത്യബോധം. Dr. Kader kochi.

മനസ്സിന് ഭാവനചെയ്യാന്‍ കഴിയുന്നതിനപ്പുറം വെളിയിലായി നികൊള്ളുന്ന അഭൗതിക ആശയമാണ് സത്യബോധം. സത്യബോധത്തിന്‍റെ വിശേഷസ്വഭാവമാണ് സത്യം. പരിശുദ്ധവും പരിപൂര്‍ണ്ണവും കാരണമില്ലാത്തതും സ്ഥൂലത്തിലും സൂക്ഷ്മത്തിലുംഏകവുമായ ആശയ ഊര്‍ജ്ജത്തെയാണ്‌ സത്യം എന്ന് വിളിച്ചുപോരുന്നത്. സത്യബോധത്തിന് ചഞ്ചലതയൊ പരിണാമമൊ ആശ്രിതത്വമൊ ഇല്ല. അത് പഞ്ചഭൂതപരമല്ല. തമസ്സ്, രജസ്സ്, സ്വാതികം എന്നീ ഗുണങ്ങള്‍ക്ക് അതീതമാണ്. സത്യബോധത്തിന്‍റെ ഉപാധി മഹാസത്യബോധമാണ്‌. വിശുദ്ധനും കരുണാനിധിയുമായ മഹാസത്യബോധം ആദ്യഘട്ടത്തില്‍ സത്യബോധത്തിന്‍റെ സൌകര്യത്തിനായി അഹന്താതത്വംആത്മബോധം എന്നിവയെയും ജ്ഞാനശക്തി, ഇച്ഛാശക്തിജീവശക്തികര്‍മ്മശക്തിസുസ്ഥിരത, ക്ഷമാശക്തി, ആനന്ദം തുടങ്ങിയ സേവനകലകളെയും സത്യബോധത്തില്‍ നിന്ന് സൃഷ്ടിച്ച് സത്യപ്രപഞ്ചത്തെയും സത്യകാലത്തെയും വികസിപ്പിച്ചു. സത്യപ്രപഞ്ചത്തില്‍ അഹന്താതത്വത്തെയും ആത്മബോധത്തെയും മറ്റും സൃഷ്ടിച്ചത് സത്യബോധത്തെ സേവിക്കാനാണ്. സത്യബോധം സ്വതന്ത്രമാണ്. സത്യബോധത്തിന്‍റെ ലഘുപതിപ്പാണ്‌ മനുഷ്യനിലെ ആത്മബോധം. സത്യബോധാംശമായ ആത്മബോധം നിലകൊള്ളുന്നത് ആത്മബോധകലകളോടും സൂക്ഷ്മസ്ഥൂല ശരീരങ്ങളോടും ഒപ്പമാണ്.

ശൂന്യത, സൂക്ഷ്മത, സ്ഥിരത, വിശാലത, അപാരത, ആനന്ദമയത്വം, സര്‍വ്വജ്ഞാനത്വം, സര്‍വ്വഗതത്വം, ഏകത്വം, സര്‍വ്വാത്മകത്വം, അഭൗതികത എന്നിവ സത്യത്തിന്‍റെ വിശേഷങ്ങളാണ്. ദൃശ്യപ്രപഞ്ചത്തിലെ എല്ലാ ദ്രവ്യങ്ങളിലും ഊര്‍ജ്ജങ്ങളിലും സത്യത്തിന്‍റെ അംശമുണ്ട്. സ്വാതികം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ ദൃശ്യപ്രപഞ്ചത്തിലെ എല്ലാത്തിലുമുണ്ട്. സത്യാംശം കൂടുതലുള്ളതാണ്‌ സ്വാതികം. സത്യാംശം കുറവുള്ളതാണ് തമസ്സ്. അതിസൂക്ഷ്മ തലത്തില്‍ എല്ലാ ദ്രവ്യങ്ങളും സമാനങ്ങളാണ്. വ്യത്യാസം പ്രകടമാകുന്നത് സ്ഥൂലതലത്തിലാണ്.

സത്യം ഒരു ഭാവനയിനം ആശയമാണ്. ആശയങ്ങളും കാന്തികവൈദ്യുതോര്‍ജ്ജങ്ങളും ദ്രവ്യങ്ങളും ആശയത്തിന്‍റെ ഉല്‍പന്നമായ പഞ്ചഭൂതങ്ങളും ദൃശ്യപ്രപഞ്ചത്തിലുള്ള സകലതും ഒഴുകികൊണ്ടേയിരിക്കുന്നു. ദൃശ്യപ്രപഞ്ചത്തിന്‍റെ മുഖ്യഘടകം അഗ്നിയാണ്. അഗ്നിയില്‍ നിന്ന് ഉത്ഭവിച്ച് പരിണമിച്ച് അഗ്നിയിലോട്ട് തന്നെ ഒഴുകുന്നതാണ് ദൃശ്യപ്രപഞ്ചത്തിലെ അടിസ്ഥാന സ്വഭാവം എന്നത് ഹേരാക്ലീറ്റസ് (ഗ്രീക്ക്, ബി.സി 500) ദര്‍ശനമാണ്. ആശയങ്ങളുടെ ഉല്‍പന്നമായ പഞ്ചഭൂതങ്ങള്‍ പരിണമിക്കുന്നവയാണ്, മായ ആണ്. ഭൗതികമായ പഞ്ചഭൂതങ്ങളുടെ ഉല്‍പന്നമാണ് ഞാന്‍ എന്ന അഹങ്കാരം. അഹങ്കാരം രജസ്സാണ്. ഞാന്‍ എന്ന അഹങ്കാരം നിത്യമല്ല, നശിക്കുന്നതാണ്, അസത്താണ്. അഹങ്കാരത്തിന്‍റെ ഒഴുക്ക് ആയുസ്സ് തീരുന്നതോടെ അവസാനിക്കും. ഞാന്‍ എന്ന ജീവശക്തി കല്‍പ്പമാണ്. സത്യം പൂര്‍ണ്ണമാണ്. അനശ്വരമാണ്. ധര്‍മ്മം അനശ്വരമാണെങ്കിലും അപൂര്‍ണ്ണമാണ്. ധര്‍മ്മം എന്നത് ക്രമനിയമങ്ങളാണ്. ക്രമത്തിലെ പൂര്‍ണ്ണതയാണ് സത്യം.

സത്യം ദൃശ്യപ്രപഞ്ചത്തില്‍ വ്യക്തമായ രൂപത്തില്‍ നിലകൊള്ളുന്നില്ല എന്നതിനാല്‍ അതിനെ വിശ്വസിക്കണം. ആരോഗ്യം, സാഹചര്യം, അര്‍ത്ഥം, ആയുസ്സ് എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ ബോദ്ധ്യപ്പെട്ട അറിവാണ് വിശ്വാസം. സത്യവിശ്വാസം, ധര്‍മ്മവിശ്വാസം, അവിശ്വാസം എന്നിങ്ങിനെ ചിലര്‍ വിശ്വാസത്തെ തരംതിരിച്ചിരുന്നു. വിഷയങ്ങളില്‍ ശരി എന്ന് ബോദ്ധ്യപ്പെട്ടതായുള്ള മനസ്സിന്‍റെ നിലപാടാണ് സത്യവിശ്വാസം. അവബോധം, സമചിത്തത, സത്യവിശ്വാസം എന്നിവ ഏറെക്കുറെ സാമാനങ്ങളാണ്. വിശ്വസിക്കുന്നത് ആന്തരിക മനസ്സാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള വിഷയങ്ങളില്‍ ഒന്നിലും തന്നെ ബോദ്ധ്യം വരാത്തവരാന്‍തക്ക മനസ്സ് ഇല്ലാത്തവരാണ് അവിശ്വാസി. കാഫിര്‍ എന്നാല്‍ അവിശ്വാസി എന്നാണര്‍ത്ഥം. വിജ്ഞാനവും അവിശ്വാസവും ഉള്‍പ്പെട്ടത് ദ്വൈതമാണ്. ആശയങ്ങളില്‍ അധിക്ഷേപത്വം കാണുന്നത് അവിദ്യമൂലമാണ്. സത്യബോധത്തില്‍, സത്യബോധാംശമായ ആത്മബോധത്തില്‍, ആത്മബോധകലകളില്‍ ഞാന്‍ കേമനാണ് എന്ന അഹങ്കാരഭാവം ഇല്ല. നിയ്യും ഞാനും എന്നത് ബുദ്ധിയുടെ, അസത്യത്തിന്‍റെ ഒരു ഭാവമാണ്. കാര്യശരീരം അസത്താണ്. സത്യവും അസത്യവും തമ്മില്‍ ചേരുകയില്ല. ചേരണമെങ്കില്‍ ആത്മബോധകലകളിലൂടെ അല്ലെങ്കില്‍ ശുദ്ധി, ധര്‍മ്മം, ബലി എന്നീ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ നിരന്തരം സംസ്കരിക്കപ്പെട്ട് ചേരണം.

മനുഷ്യന്‍റെ വിഷയങ്ങളായ ആരോഗ്യത്തിനും ആയുസ്സിനും തൂണുകളുണ്ട്. സത്യത്തിന് തുണുകളില്ല. അതിന് സ്വയം നില്‍ക്കാനറിയാം. സത്യവും മഹാസത്യവും ഒന്ന് തന്നെയാണ്. സത്യം ഏകമാണ്, സ്വയംഭൂവാണ്, ഉപാധികള്‍ ഇല്ലാത്തതാണ്. സത്യത്തിന്‍റെ നേരിട്ടുള്ള സന്തതികളാണ് പഞ്ചഭൂതചേതനകള്‍. സത്യത്തിന്‍റെ നിഷേധസന്തതിയാണ് അഹന്താതത്വം. സത്യം പൂര്‍ണ്ണമാണ്. ബാഹ്യമനസ്സ്, ആന്തരിക മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം, അന്നം, വളര്‍ച്ച, സ്ഥിതി എന്നിവയും പ്രായം, ഋതുക്കള്‍, അയനം ഉള്‍പ്പെട്ട കാലം എന്നിവയും എല്ലാം അപൂര്‍ണ്ണമാണ്, മായ ആണ്. മായ എന്നാല്‍ പരിണമിക്കുന്നത് എന്നാണര്‍ത്ഥം. അപൂര്‍ണ്ണമായതും മായ ആയതും ആയ വിഷയങ്ങള്‍ ഒന്നും സത്യമല്ല. സത്യബോധസന്തതികളായ ആത്മബോധവും ആത്മബോധകലകളും പൂര്‍ണ്ണമാണ്, പരിണമിക്കാത്തവയുമാണ്. ഇവ സങ്കോചവികാസ സ്വഭാവമുള്ളവയാണ്. ആത്മബോധത്തിന്‍റെയും ആത്മബോധകലകളുടെയും പ്രശ്നം സൂക്ഷ്മവും സ്ഥൂലവുമായ ആവരണങ്ങളാണ്. ശുദ്ധി വരുത്തി, ധര്‍മ്മമാര്‍ഗ്ഗത്തെ അവലംബിച്ച്, ആന്തരിക മനസ്സിന്‍റെ ഉത്തമശേഷിയായ അവബോധത്തെ ഉയർത്തി, അതിലൂടെ ഭാവനചെയ്ത് ആത്മബോധകലകളെ ആശ്രയിക്കാനായാല്‍ അതിലൂടെ ആത്മബോധം, സത്യബോധം എന്നിവയെ അറിയാനായേക്കുമെന്നും ചിലര്‍ സങ്കല്‍പ്പിച്ചു. ശുദ്ധി, ധര്‍മ്മം, ബലി എന്നിവയിലൂടെ സത്യസന്തതികളായ ആത്മബോധകലകളുടെ സമക്ഷം എത്തിയാലുള്ള അനുഭവമാണ് ആനന്ദം. ശുദ്ധി, ശാന്തത, പ്രസന്നത, ബലം, അയവ്, സ്നേഹം, നീതി, സമചിത്തത, സമർപ്പണം, കാരുണ്യം, നന്മ, ബലി തുടങ്ങിയ സല്‍ഭാവങ്ങളുടെയും ജ്ഞാനം, ഇച്ഛ, ജീവന്‍, കര്‍മ്മം തുടങ്ങിയ ശക്തികളുടെയും സംയോഗമാണ് ആനന്ദാനുഭവത്തിന്, സത്യസാക്ഷാല്‍ക്കാരത്തിന് അടിസ്ഥാനം.

സ്ഥൂലശരീരത്തില്‍ ശുദ്ധിവരുത്തി, നൈസര്‍ഗികമായുള്ള കാമത്തെ അനുഭവിച്ച് അഭിലാഷങ്ങള്‍, സങ്കല്‍പ്പങ്ങള്‍ എന്നിവയെ നിയന്ത്രിച്ചാല്‍, പ്രാണശക്തിയെ മെച്ചപ്പെടുത്തി അഹന്താദോഷങ്ങളെ അമര്‍ച്ച ചെയ്‌താല്‍, പാപകര്‍മ്മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്‌താല്‍; കര്‍ത്തവ്യം, പുണ്യം, ത്യാഗം, നന്മ, ബലി എന്നിവ അനുഷ്ഠിച്ച് ലഘുവായാല്‍; ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി എന്നിവയെ ലഘുവാക്കി ഒന്നൊന്നായി വികസിപ്പിച്ചാല്‍ ആന്തരിക മനസ്സിന് ആനന്ദത്തെ അനുഭവിക്കാനാകുമെന്ന് ചിലര്‍ വിശ്വസിച്ചു. പൂര്‍ണ്ണതയുള്ളതും ഗുരുവുമായ  ആത്മബോധകലകള്‍ ആന്തരിക മനസ്സിലോട്ട് വ്യാപിച്ചാല്‍; പ്രാണശക്തി, ഇന്ദ്രിയങ്ങള്‍, സപ്തധാതുക്കള്‍ എന്നിവയിലോട്ട് വ്യാപിക്കാനിടവന്നാല്‍ സുഖം, സന്തോഷം, സദാനന്ദം എന്നിവയോടൊപ്പം ഇന്ദ്രിയക്ഷമത, ആരോഗ്യം, പൂര്‍ണ്ണായുസ്സ് എന്നിവ കൂടി അനുഭവിക്കാനാകും.

സത്യത്തിന്‍റെ ഭാവമാണ് ആനന്ദം. ആനന്ദം പ്രസന്നതയാണ്. ശുദ്ധതയാണ്. ആനന്ദത്തെ അനുഭവിക്കുന്നത് ശുദ്ധി നേടിയ ആന്തരിക മനസ്സാണ്. ശുദ്ധി നേടിയ ആന്തരിക മനസ്സും ആത്മബോധകലകളുടെ സങ്കേതവും തമ്മില്‍ സമ്മേളിക്കുന്നത് ആത്മബോധത്തോട് ചേര്‍ന്നുള്ള ആനന്ദമയകോശത്തില്‍ വെച്ചാണ്. ശുദ്ധി, ആരോഗ്യം, അവബോധ ഉയർച്ച എന്നിവ സാദ്ധ്യമെങ്കില്‍; ആത്മബോധകലാവികാസം, സദാനന്ദം എന്നിവ സാദ്ധ്യമെങ്കില്‍ ആത്മബോധകലാസങ്കേതം മൂലമുള്ള ചിന്മയാനന്ദം സാദ്ധ്യമാണ്. ചിന്മയാനന്ദം സാദ്ധ്യമെങ്കില്‍ ആത്മബോധപ്രാപ്തിയും സത്യബോധലയവും പരമാനന്ദവും സാദ്ധ്യമാണ്.

 ബാഹ്യമനസ്സിന്‍റെ താല്‍പര്യം സാഹചര്യവിഷയങ്ങളില്‍ ഊന്നിയ ഭൗതികജീവിതാനുഭവങ്ങളാണ്. ആന്തരിക മനസ്സിന്‍റെ ലക്ഷ്യം ആനന്ദവും സത്യലയം മൂലമുള്ള അനുഭൂതിയുമാണ്. സത്യസാക്ഷാല്‍ക്കാര മാര്‍ഗ്ഗങ്ങളില്‍ പ്രഥമമായത് കാര്യശരീരത്തിന്‍റെ ശുദ്ധിയും സൗമ്യത എന്ന സമഭാവനയുമാണ്‌. എല്ലാ ജീവജാലങ്ങളെയും സമമായികാണുന്നത്, നീതിയില്‍ കാണുന്നത് സമഭാവനയാണ്. അത് അഹങ്കാരത്തിന്‍റെ വിരുദ്ധതയാണ്. ബാഹ്യമനസ്സില്‍ സമഭാവന തോന്നാന്‍, കാര്യശരീരത്തില്‍ സൗമ്യത വരുത്താന്‍ ഉതകുന്ന വസ്തുക്കളില്‍ ഒന്നാണ് സോമവീര്യമുള്ള തേങ്ങാപ്പാല്‍. കര്‍മ്മങ്ങള്‍ കൊണ്ട് മാത്രമായി ആവരണങ്ങളില്‍ നിന്ന് മുക്തി സാദ്ധ്യമല്ല. കാര്യശരീരവിഘടനം കൊണ്ട്, മരണം കൊണ്ട്, പുനര്‍ജന്മം കൊണ്ട് അഹങ്കാരത്തില്‍ നിന്നുള്ള മുക്തി സാദ്ധ്യമാണ്. ശുദ്ധി, ദാനം, ബലി, വിനയം, സൗമ്യത, ഉപാസന, ജ്ഞാനം, ഇച്ഛാ, ബലം, കര്‍മ്മം, ധര്‍മ്മം എന്നിവയിലൂടെ ആത്മബോധാനന്ദ സാക്ഷാല്‍ക്കാരം അനുഭവിക്കാനാകും. ആത്മബോധാനന്ദ സാക്ഷാല്‍ക്കാരത്തിന്‍റെ ഫലം ചിന്മയാനന്ദം, സാതന്ത്ര്യം, സംതൃപ്തി, സമാധാനം എന്നിവയാണ്. ആനന്ദബലി, ആത്മബോധകലാമഹാബലി എന്നിവയിലൂടെ സത്യബോധസാക്ഷാല്‍ക്കാരം സാദ്ധ്യമാണ്. സത്യബോധസാക്ഷാല്‍ക്കാരത്തിന്‍റെ ഫലം ശൂന്യത, അഭൗതികത എന്നിവയാണ്. ആത്മബോധവും സത്യബോധവും ഏറെക്കുറെ സമാനങ്ങളാണ്.

മലങ്ങളുടെ ശോധനയാണ്‌ ശുദ്ധി. അനാവശ്യവസ്തുക്കളുടെ ത്യാഗമാണ് ദാനം. പുണ്യകര്‍മ്മഫലങ്ങളുടെ ത്യാഗമാണ് ബലി. സമര്‍പ്പണവും കുദാശയും കുര്‍ബാനയും ബലിയാണ്. ചിരിക്കുന്നത്, ചിരിപ്പിക്കുന്നത്, സന്തോഷത്തെ പങ്കുവയ്ക്കുന്നതാണ് ആനന്ദബലി. ശ്രദ്ധയോടെയും ബഹുമാനത്തോടെയുമുള്ള ഭാവനയാണ് ഉപാസന. ഉപാസന ആനന്ദസാക്ഷാല്‍ക്കാര മാര്‍ഗ്ഗമാണ്. ജ്ഞാനവും വിജ്ഞാനവും സമ്പാദിച്ചാലാണ് ഉപാസന സാദ്ധ്യമാകുന്നത്. അഭിമുഖീകരിച്ചുപോരുന്ന ദോഷയിനം വിഷയങ്ങളെ ഭാവനചെയ്ത് അവയെ ലഘുവാക്കുന്നതാണ് ധ്യാനം. ആവശ്യമില്ലാത്ത വിഷയങ്ങളെയെല്ലാം ഒഴിവാക്കി അത്യാവശ്യമായ വിഷയത്തില്‍ മാത്രം മനസ്സ് കേന്ദ്രീകരിച്ച ശേഷം അതിനെ ആത്മബോധകലകളുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനമാണ് ഉപാസന. ധ്യാനവും ഉപാസനയും മനോകര്‍മ്മങ്ങളാണ്. ഇവ ചെയ്യുമ്പോള്‍ ദേഹത്തെ നിശ്ചലമാക്കണം. കാര്യശരീരത്തിന്‍റെ എല്ലാ അംശങ്ങളെയും മനസ്സ് കൊണ്ട് ഭാവന ചെയ്യാനാകുന്നത് സര്‍വ്വാംഗ ഉപാസനയാണ്. ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് ആദ്യം മുതല്‍ ക്രമത്തില്‍ സ്മരിച്ച് ക്രമത്തിലും പൂര്‍ണ്ണതയോടെയും ആവര്‍ത്തിച്ചും ചെയ്യുന്നത് കര്‍മ്മോപാസനയാണ്. ആരോഗ്യത്തിന്‍റെ നിത്യതയെ കുറിച്ചും പൂര്‍ണ്ണായുസ്സിനെ കുറിച്ചും നിത്യങ്ങളായ ആത്മബോധം, സത്യബോധം എന്നിവയെ കുറിച്ചും ഭാവനചെയ്യുന്നത് അമൃതോപാസനയാണ്. വാര്‍ദ്ധക്യഅതിജീവനം എന്നത് അമൃതോപാസനയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ ബഹുമാനസൂചകമായി സ്തുതിവാക്കുകള്‍ ചൊല്ലുന്നത് വിനയോപാസനയാണ്. അവനവനിലെ ആത്മബോധകലകളെ തിരിച്ചറിഞ്ഞ് അതിലൂടെ സത്യബോധാംശമായ ആത്മബോധത്തെയും അതിനെക്കാളുപരിയായി സത്യബോധത്തെ തന്നെയും സ്തുതിക്കുന്ന നിലയില്‍ ചൊല്ലുന്ന ജപവും മറ്റും സമ്പ്രദായികമായ ഒരു ഉപാസനാരീതിയാണ്. ഭൗതിക അര്‍ത്ഥം കിട്ടാനായി വിനയമെന്നോണം സാഷ്ടാംഗം നമസ്ക്കരിക്കുന്ന പ്രവൃത്തികളും ഉപാസനയാണ്‌.

പ്രഭാതസന്ധ്യ അതിലഘുയിനം ഉഷ്ണവും സായാഹ്നസന്ധ്യ ലഘുയിനം ഉഷ്ണവുമാണ്. ശരീരത്തില്‍ 65% വും ജലമാണ്. ശീത ദേഹപ്രകൃതിക്കാര്‍ പ്രഭാതത്തില്‍ അതിലഘുവായ ഉഷ്ണജലം (നാര) കുടിക്കുന്നത്, സായാഹ്നത്തില്‍ ലഘുവായ ഉഷ്ണജലം (ചൂടാക്കിയ നാര) കുടിക്കുന്നത് ജലോപാസനയാണ്. കാര്യശരീരത്തിന്‍റെ ക്ഷയത്തിനും വിഘടനത്തിനും ഒരു കാരണം ജലത്തിന്‍റെ അപര്യാപതമൂലം ശരീരത്തിലെ വര്‍ദ്ധിച്ച് നിലകൊള്ളുന്ന അമ്ലതയാണ്. ജലം കുടിച്ചാല്‍, ലഘു അമ്ലജലം കുടിച്ചാല്‍ മൂത്രതോത് കൂടും. ദേഹദ്രാവകങ്ങളിലെ വര്‍ദ്ധിച്ച അമ്ലത നില കുറയും. രക്തത്തിലെ പിഎച്ച് മൂല്യം ഉയര്‍ന്ന് ക്രമത്തിലാകും. ദീര്‍ഘമായി നിശ്വസിച്ചാല്‍, ശൂന്യതാസമാനശബ്ദമൊ അമരനാമമൊ അമരസമാനനാമമൊ നിരന്തരം ദീര്‍ഘനേരമെന്നോണം മൃദുശബ്ദത്തില്‍ ചൊല്ലിയാല്‍, തുടര്‍ന്ന് ദീര്‍ഘമായി ഉച്ഛ്വസിച്ചാല്‍ ദേഹദ്രാവകങ്ങളിലെയും രക്തത്തിലെയും വര്‍ദ്ധിച്ചുനിലകൊണ്ട അമ്ലത കുറയും. മസ്തിഷ്കകോശങ്ങള്‍ വേഗത്തില്‍ ശുദ്ധമാകും. വായുവും ജലവും അന്നവും സാരാംഗ്നികളും ഇന്ദ്രിയങ്ങളും പ്രാണശക്തിയും ബാഹ്യമനസ്സും ആന്തരിക മനസ്സും ആത്മബോധകലകളും എല്ലാം സന്ധിക്കുന്ന ഒരു സ്ഥലമാണ് മസ്തിഷ്കം. മസ്തിഷ്കത്തില്‍, ഹൃദയത്തില്‍, കൈവിരലുകളില്‍, വലത് പെരുവിരല്‍ അഗ്രത്തില്‍ അത്തരം ഒരു ലയം നടക്കുന്നതായുള്ള ഭാവനയും ഉപാസനയാണ്. ആത്മബോധകലകളുടെയും  ഭാവനയുടെയും അകമ്പടിയില്ലാതെ ചെയ്യുന്ന സ്ഥൂലശരീരകര്‍മ്മങ്ങള്‍ വ്യായാമമാണ്.

ഭാവനയുടെ വികാസം കര്‍മ്മവും കര്‍മ്മത്തിന്‍റെ വികാസം ധര്‍മ്മക്രമാനുഭവങ്ങളുമാണ്. ധര്‍മ്മത്തിന്‍റെ വികാസമാണ് സത്യം. ധര്‍മ്മത്തിന്‍റെയും സത്യഭാവനയുടെയും സത്യവിശ്വാസത്തിന്‍റെയും ഉല്‍പന്നമായ അനുഭവങ്ങളും അനുഭൂതികളുമാണ് സത്യജീവിതം. ധര്‍മ്മത്തിന്‍റെയും സത്യത്തിന്‍റെയും ഭാവം ക്രമമാണ്, നീതിയാണ്, സമത്വമാണ്. സമത്വത്തിന്‍റെ ബാഹ്യപ്രകടമാണ് ബഹുമാനം. പൂജ എന്നത് ബഹുമാനമാണ്. ബഹുമാനപ്രകടനങ്ങളുടെ ഭാവം പുഞ്ചിരിയും പ്രസന്നതയും നന്മവചനങ്ങളുമാണ്. ബഹുമാനപ്രകടനങ്ങളുടെ ലക്ഷ്യം ആനന്ദമാണ്. ബഹുമാനം കൊടുക്കുന്നവനും അത് സ്വീകരിക്കുന്നവനും സംതൃപ്തിയെ അനുഭവിക്കുന്നു. കൊടുക്കുന്നവനും സ്വീകരിക്കുന്നവനും ആനന്ദത്തെ ഒപ്പം അനുഭവിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകും. ആനന്ദം, അര്‍ത്ഥം എന്നിവയെ ത്യജിക്കുമ്പോള്‍ അവ ശൂന്യതാസമാനമാകും. പൂര്‍ണ്ണത, ശൂന്യത എന്നിവ സത്യവിശേഷങ്ങളാണ്. അഹന്താതത്വത്തെ അഭിമുഖീകരിക്കുമ്പോള്‍ ബഹുമാനഭാവം പ്രകടിപ്പിച്ചില്ലെങ്കില്‍ അത് ദുഃഖത്തിന് ഇടവരുത്തും. ബഹുമാനം സത്യബോധത്തോട് മാത്രമാകണം എന്ന നിര്‍ദ്ദേശം ഭാവപ്രകടനത്തെ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് ഉപാസനയെ കേന്ദ്രീകരിച്ചുള്ളതാണ്. ആന്തരിക മനസ്സ് സല്‍പ്രവൃത്തിയിലും പൂര്‍ണ്ണകര്‍മ്മത്തിലും ഏര്‍പ്പെട്ടാല്‍, ആനന്ദതലത്തില്‍ എത്തിയാല്‍, ആനന്ദത്തെ ബലിയായി സമര്‍പ്പിച്ച്‌ ശൂന്യതാസമാന തലത്തില്‍ എത്തിയാല്‍ താന്‍ ഒറ്റപ്പെട്ടവനാണ് എന്ന തോന്നല്‍ ഇല്ലാതാകും. ഭൗതികജീവിത വിജയത്തിനായി ആത്മബോധകലകളില്‍ ഉചിതമായ ഒന്നിനെ ആശ്രയിക്കുന്നതും ദേഹപ്രകൃതിക്കനുസരിച്ച് അന്നജം, മാംസ്യം, കൊഴുപ്പ്, ജലം, വിറ്റാമിനുകള്‍, ഖനീജങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഹിതയിനം ആഹാരദ്രവ്യങ്ങളെ ഋതുക്കള്‍ക്ക് അനുസരിച്ച് കഴിക്കുന്നതും, ഹിതയിനം ഔഷധങ്ങളെ ഉപയോഗിക്കുന്നതും ഉപാസനയാണ്. വാര്‍ദ്ധക്യഅതിജീവനത്തിലെ മുഖ്യയിനമാണ് ഉപാസന. ഉപാസന ഇല്ലെങ്കില്‍ വാര്‍ദ്ധക്യഅതിജീവനവും ഇല്ല. ഉപാസന വ്യക്തിയുടെ ധര്‍മ്മമാണ്.

സത്യം, സത്യബോധം എന്നത് നിത്യമായ വിശേഷമാണെങ്കിൽ പരിണമിക്കുന്ന കാലം, പരിണമിച്ച് വിചിത്രമായ ദേശം, പരിണമിക്കുന്ന പ്രകൃതിദ്രവ്യങ്ങള്‍, സ്ഥൂലശരീരം, ഇന്ദ്രിയങ്ങൾ, പ്രാണശക്തി, പ്രാണശക്തിയോടൊപ്പം നിലകൊള്ളുന്ന അഹന്താദോഷങ്ങള്‍, മനസ്സ് എന്നിവ ഒന്നും സത്യമല്ല. ആഹാരം, പ്രാണശക്തി എന്നിവയും ഇവയില്‍ നിന്ന് ഉദയംചെയ്ത ബാഹ്യമനസ്സും അതിലെ സങ്കല്‍പ്പങ്ങളും അപൂര്‍ണ്ണങ്ങളായ ആശയങ്ങളും ഒന്നും സത്യമല്ല. ഇവയെല്ലാം അസത്താണ്. സത്യ അംശങ്ങളില്‍ നിന്ന്, ആത്മബോധകലകളില്‍ നിന്ന്, ആത്മബോധത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ആന്തരിക മനസ്സിന് പരിണമിക്കാനായാല്‍ അത്തരം മനസ്സ് പൂര്‍ണ്ണവും സ്ഥിരവും ഏകവുമാകും. ഈ മാര്‍ഗ്ഗത്തിലൂടെ ആന്തരിക മനസ്സിന് സത്യത്തെയും സത്യബോധത്തെയും അറിയാനാകും.

ദൃശ്യപ്രപഞ്ചത്തിന്‍റെ കാര്യം എടുത്താല്‍ 74% വരുന്ന ഹൈഡ്രജനും 24% വരുന്ന ഹീലിയവും 1% വരുന്ന ഓക്സിജനും ഉള്‍പ്പെട്ട 99% ഭാഗവും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തവയാണ്. ഭൗതികതലത്തില്‍ നിന്ന് നോക്കിയാല്‍ സത്യം ശൂന്യതാസമാനമാണ്. സത്യതലത്തില്‍ നിന്ന് നോക്കിയാല്‍ ഭൗതികതലം മായയുമാണ്. ശൂന്യതാസമാനമെന്ന് തോന്നുന്നതും സത്യമായതുമാണ് ഉണ്മ. ഇന്ദ്രിയയാഥാര്‍ത്ഥ്യവും മായ ആയതുമാണ് വാസ്തവികത. ഭൗതികദ്രവ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം വാസ്തവികതയാണ്. വാസ്തവികതയെ ഇന്ദ്രിയസത്യം എന്ന് വിളിക്കാനാകും. കേള്‍ക്കുക, സ്പര്‍ശിക്കുക, കാണുക, രുചിക്കുക, മണക്കുക തുടങ്ങിയവയിലൂടെ അറിഞ്ഞ വിവരങ്ങള്‍ ഇന്ദ്രിയസത്യമാണ്. വസ്തുവിനെ സംബന്ധിച്ച സ്വഭാവഗുണങ്ങള്‍ പരിണമിക്കുന്നത് ആയതിനാല്‍ ഇന്ദ്രിയസത്യം അസ്ഥിരമാണ്. പ്രായം വിത്യാസപ്പെടുന്നത് അനുസരിച്ച് സ്ഥൂലശരീരത്തിന്‍റെ ആകൃതി മാറും. ആ നിലയ്ക്ക് സ്ഥൂലശരീരം സത്യമല്ല, അസത്താണ്. ശൂന്യതാസമാനമായ കൈപ്പുദ്രവ്യങ്ങളും അസത്താണ്. സംസ്കരിച്ച് അതി സൂക്ഷ്മമാക്കിയ ഖനിജ അംശങ്ങളും അസത്താണ്. മരണം സത്യമെങ്കില്‍, മരണപ്രേരകങ്ങള്‍ ആപേക്ഷിക സത്യമെങ്കില്‍ ക്ഷയഅതിജീവനദ്രവ്യം സത്തായ ദ്രവ്യങ്ങളുടെ സൂക്ഷ്മാംശങ്ങളുമായിരിക്കും.

മാവിലെ മാങ്ങയും ആ മാങ്ങയെ സംബന്ധിച്ച് ബാഹ്യമനസ്സില്‍ രൂപപ്പെട്ട ഇന്ദ്രിയാനുഭവ ആശയവും ഏകദേശം സമാനങ്ങളാണ്. ഉറക്കത്തിലും സ്ഥൂലമനസ്സ് ക്ഷയിച്ചഘട്ടത്തിലും മാങ്ങയെ സംബന്ധിച്ച ഓർമ്മ‍ അയാളില്‍ ഇല്ല. മാവില്‍ അപ്പോഴും മാങ്ങ നിലനില്‍ക്കുന്നുണ്ട്. കാലം മാറുന്നത് അനുസരിച്ച് മാങ്ങയുടെ വലുപ്പത്തിലും നിറത്തിലും മണത്തിലും രുചിയിലും വിത്യാസം ഉടലെടുക്കും. എന്നാല്‍ മാങ്ങയെ കുറിച്ചുള്ള അയാളിലെ ഓർമ്മയിൽ അതേ വേഗത്തില്‍ മാറ്റം സംഭവിക്കുകയില്ല. സൂക്ഷ്മജീവികളുടെ ‘ജൈവഘടന’ സംബന്ധിച്ച വിവരങ്ങളാണെങ്കിലും ശരീരകോശത്തെ സംബന്ധിച്ച് ഭൂതകണ്ണാടിയിലൂടെ ദര്‍ശിച്ച ആര്‍.എന്‍.എ കാര്യങ്ങളാണെങ്കിലും രോഗാണുക്കളുടെ ഭൗതികാംശങ്ങള്‍ സംബന്ധിച്ച പരീക്ഷണ, നിരീക്ഷണ വിവരങ്ങളാണെങ്കിലും ബാഹ്യമനസ്സിൽ, അവയെ സംബന്ധിച്ച ഓര്‍മ്മയില്‍ അപ്പോഴും തുടര്‍ന്നും പഴയ രീതിയില്‍ തന്നെ അവയുടെ വാസ്തവികതയ്ക്ക് നിലനിൽപ്പുണ്ട്. സൂക്ഷ്മജീവിയുടെയൊ ശരീരകോശത്തിലെയൊ ജൈവഅംശങ്ങള്‍ അവയെ നീരീക്ഷിച്ച ഘട്ടത്തിലേ തന്നെ പരിണമിച്ചതും വകഭേദമായി മാറികഴിഞ്ഞതുമാണ്. അങ്ങിനെയെങ്കില്‍ വസ്തുവിനെ സംബന്ധിച്ച് മനസ്സില്‍ നിലകൊള്ളുന്ന വര്‍ത്തമാനകാല വിവര നിജസ്ഥിതിയും പഞ്ചേന്ദ്രിയനുഭവ വിവരഓര്‍മ്മകളും മറ്റും  ഭിന്നമാണ്. വാർദ്ധക്യത്തിൽ ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയുടെ ശേഷി വേഗത്തിൽ പരിണമിക്കും. അനുഭവ തീവ്രതയും ഓർമ്മശേഷിയും വിത്യാസപ്പെടും. വസ്തുതാബോധം, പരിസ്ഥിതിബോധം, ഓർമ്മ എന്നിവയെല്ലാം മനുഷ്യരില്‍ പ്രായാനുബന്ധിതവും ആപേക്ഷികവും അപൂര്‍ണ്ണവുമാണ്. വസ്തു സംബന്ധിച്ച് ഒരാളിലുള്ള പഞ്ചേന്ദ്രിയവിവരങ്ങള്‍ മാത്രമല്ല സങ്കൽപ്പ, ഭാവനാവിവരങ്ങളും ആപേക്ഷികങ്ങളാണ്. അങ്ങിനെയെങ്കില്‍ ഈ രീതിയില്‍ സംഘടിപ്പിച്ച് വെച്ച വിജ്ഞാനവിവരങ്ങളില്‍ അധികവും മിഥ്യയാണ്. വാസ്തവികത, ഇന്ദ്രിയസത്യം, ആപേക്ഷികസത്യം എന്നതെല്ലാം മിഥ്യയുടെ, അയാഥാര്‍ത്ഥ്യങ്ങളുടെ, അസത്യത്തിന്‍റെ വകഭേദങ്ങളാണ്. അറിഞ്ഞുവെച്ച വിവരങ്ങളെയും അതിന്‍റെ ചിഹ്നങ്ങളെയും അറിഞ്ഞുകൊണ്ടിരിക്കുന്ന ബാഹ്യവിവരങ്ങളെയും ഈ കാഴ്ചപ്പാടിലൂടെ നോക്കികാണുന്നത് ഒരു തരത്തില്‍ കൌതുകകരവുമാകും.

സത്യം, അസത്യം, എന്ന വേര്‍തിരിവിനും ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെയുള്ള കാലം സംബന്ധിച്ചുള്ള തരംതിരിവിനും അടിസ്ഥാനം ഓര്‍മ്മയും ബുദ്ധിയുമാണ്. ഭൂതകാലത്തിലെ ഒരു അസത്യവിഷയത്തെ വിപരീതരീതിയില്‍ ആയിരം തവണ ആവര്‍ത്തിച്ച് ഭാവനചെയ്‌താല്‍ അത് സത്യമെന്ന് നിലയിലാകും തുടര്‍ന്ന് ബുദ്ധിമനസ്സ് ഓര്‍ക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രപഞ്ചകാര്യങ്ങളെ സംബന്ധിച്ച, വസ്തുവിനെ സംബന്ധിച്ച പഠിച്ചുവെച്ച ഇന്നത്തെ സത്യവിവരങ്ങള്‍ പൂര്‍വ്വികകാലത്തെ അസത്യങ്ങളാണ്. പൂര്‍വ്വികകാലത്തിലെ വിഷയവിവരങ്ങള്‍ അന്ന് സത്യമായിരുന്നു എന്ന് സങ്കൽപ്പിക്കാനായാൽ ഇപ്പോള്‍ അത് അസത്യവും, അവ അന്ന് അസത്യമായിരുന്നു എന്ന് സങ്കല്‍പ്പിച്ചാല്‍ ഇപ്പോള്‍ അത് മനസ്സിനെ സംബന്ധിച്ച് സത്യവുമായിരിക്കും. ഭൗതികകാലത്തെ മാറ്റി നിര്‍ത്തിയാല്‍, ഇന്ദ്രിയങ്ങളും സങ്കല്‍പ്പങ്ങളും ഉള്ള ബുദ്ധിമനസ്സിനെ മാറ്റിനിർത്തി വീക്ഷിച്ചാല്‍ വിഷയങ്ങളെല്ലാം നിത്യവും ഏകവുമെന്നോണം മനസ്സില്‍ അനുഭവപ്പെടും. ദ്വൈതബുദ്ധിയെ ഒഴിവാക്കി മനസ്സില്‍ സമചിത്തതയുള്ള അവബോധഭാവങ്ങളെ നിറയ്ക്കാനായാൽ, വാര്‍ദ്ധക്യഅതിജീവനത്തിന് ഉതകുന്ന സമചിത്തതയെ അവലംബിക്കാനായാല്‍ സത്യബോധത്തെ അറിയാനാകും. ആരോഗ്യം, സന്തോഷം, സംതൃപ്തി, സമാധാനം, ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവയെ അനുഭവിക്കാനാകും.

സത്യവും അതിലേറെ അസത്യവും ഇടകലര്‍ന്നതാണ് ദൃശ്യപ്രപഞ്ചം. സത്യം ഏകവും സ്ഥിരവുമാണ്. അസത്യം ബഹുവിധവും അസ്ഥിരവുമാണ്. വേഗത്തില്‍ പരിണമിക്കുന്നവയാണ്‌ മായ. മായ ആയതെല്ലാം അസത്യമാണ്. പ്രകൃതിയില്‍ അധികവും ബഹുവിധമാണ്. ദൃശ്യപ്രകൃതി അസത്യത്തിന്‍റെതാണ്, അഹന്താതത്വത്തിന്‍റെതാണ്. മലിനദ്രവ്യങ്ങള്‍, അഹന്താദോഷങ്ങള്‍ എന്നിവ പരിണമിക്കുന്നവ ആയതിനാല്‍ അവമൂലം രൂപപ്പെട്ട ദുഃഖം, വേദന എന്നിവ നിത്യമല്ല, സത്യമല്ല. കാര്യശരീരത്തിന്‍റെ ബലമായ ആരോഗ്യാവസ്ഥ പരിണമിക്കുന്ന ഒന്നായതിനാല്‍ അതും സത്യമല്ല. ആത്മബോധകലകളുടെ, ജീവശക്തിയുടെ വികാസഭാവമാണ് ആനന്ദം. ജീവശക്തി, ആനന്ദം എന്നിവ സത്യമാണ്. ആനന്ദത്തിന്‍റെ പൂര്‍ണ്ണതയാണ്, അല്ലെങ്കില്‍ ആനന്ദമഹാബലി മൂലം ഉളവാകുന്ന ശൂന്യതാസമാനവിശേഷമാണ് ആത്മബോധം. ഇത് ശൂന്യതാസമാന സത്യബോധത്തിന്‍റെ അംശമാണ്. ശൂന്യത, ആത്മബോധം, വെളിച്ചം, ശുദ്ധവായു, ശുദ്ധജലം, പഞ്ചഭൂതം, മൂലകം എന്നിവയെല്ലാം ഏകമാണ്. വജ്രം, സ്വര്‍ണ്ണം, വെള്ളി, സിലിക്ക, വിഷം എന്നിവ വേഗത്തില്‍ പരിണമിക്കാത്തവയാണ്, സ്ഥിരങ്ങളാണ്. ആ നിലയ്ക്ക് ഇവയും സത്യസമാനങ്ങളാണ്.

ഏകവും സ്ഥിരവും പൂര്‍ണ്ണവും ശൂന്യതാസമാനവും അഭൗതികവുമാണ് സത്യബോധം. ദ്രവ്യവും ഊര്‍ജ്ജവും ഉള്‍പ്പെട്ട പ്രകൃതിയുടെ പൂര്‍ണ്ണതയാണ് സഗുണബോധം. സഗുണബോധത്തിന് സ്വയം പരിണമിച്ച് ഊര്‍ജ്ജവും ദ്രവ്യവും പ്രകൃതിയും ജീവിയും ആകാനാകും. പ്രകൃതി, ദ്രവ്യം, ഊര്‍ജ്ജം, ജീവി എന്നിവയ്ക്ക് പരിണമിച്ച് സത്യബോധം ആകാൻ കഴിയുകയില്ല. അതിനുള്ള ശേഷി പ്രകൃതിക്കും ജീവിക്കും ഇല്ല. പ്രകൃതി ഭൗതികമാണ്. സത്യബോധം അഭൗതികമാണ്. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി തുടങ്ങിയ ആത്മബോധകലകളുടെ വികാസത്തിലൂടെയുള്ള ആനന്ദത്തിലൂടെയും തുടര്‍ന്നുള്ള ആനന്ദമഹാബലിയിലൂടെയും സത്യബോധത്തെപ്പറ്റി അറിയാനാകും. ഇത്തരം ഭാവനയും ഒരു തരത്തില്‍ സത്യസാക്ഷാല്‍ക്കാരമാണ്. ആന്തരിക മനസ്സിന് സ്ഥൂലശരീരത്തെ കൊണ്ട് കര്‍മ്മങ്ങളെ ചെയ്യിച്ച് ആനന്ദിക്കാനാകും. ആത്മബോധമായി പരിണമിക്കാന്‍ കഴിയുകയില്ല. ജീവശക്തിക്ക് സ്ഥൂലശരീരത്തെ കൊണ്ട് കര്‍മ്മങ്ങളെ ചെയ്യിച്ച് ആനന്ദിക്കാനാകും. ആനന്ദമഹാബലി നടത്തി ആത്മബോധമായി പരിണമിക്കാനുമാകും. ആന്തരിക മനസ്സില്‍ ശുദ്ധി നേടി, സമഭാവന സങ്കല്‍പ്പിച്ച് കാര്യശരീരത്തില്‍ സൗമ്യത സംഘടിപ്പിക്കാനായാല്‍, ആത്മബോധകലകളെ ആശ്രയിച്ച് നിത്യത, ഏകത അനുഭവിക്കാനായാല്‍ ആത്മബോധസന്നിദ്ധിയില്‍ എത്താനാകും. ആത്മബോധസത്യത്തെ നിരീക്ഷിക്കാനാകും. ശുദ്ധി നേടിയ, ഏകനായ ആന്തരിക മനസ്സ്, ഞാന്‍ ആത്മബോധകലയായ ജീവശക്തി എന്ന് സങ്കല്‍പ്പിച്ച്, ആനന്ദമഹാബലി അര്‍പ്പിച്ച് ഞാന്‍ ശൂന്യതാസമാനമായ, സത്യാംശമായ ആത്മബോധമെന്ന് വിശ്വസിച്ചാല്‍, സത്യവിശ്വാസത്തില്‍ നിലകൊണ്ടാല്‍ സത്യബോധസമക്ഷം എത്തിച്ചേരും. ഇതുമൂലം സുഷുപ്തിയിലുള്ള ആത്മബോധകലകള്‍, ആത്മബോധയിനം ശേഷികള്‍ എന്നിവ വികസിക്കും.

ഞാന്‍ അശുദ്ധനാണ്‌, അസത്താണ് എന്ന് സങ്കല്‍പ്പിച്ചാല്‍ അസത്യത്തില്‍, മായയില്‍ വേഗം എത്തിച്ചേരും. എന്നിലെ സത്വം അടിമയാണ് എന്ന് ഭാവനചെയ്‌താല്‍ വിനയം, അച്ചടക്കം, അനുസരണ തുടങ്ങിയ ശേഷികളാകും മനസ്സില്‍ വികാസം നേടുന്നത്. സത്യലയത്തിന് വേണ്ടത് ശുദ്ധി, സ്ഥിരത, പൂര്‍ണ്ണത, ശൂന്യത എന്നിവയാണ്. അശുദ്ധവായുവിനെയും മലമൂത്രങ്ങളെയും ക്രമത്തില്‍ പുറത്തുകളഞ്ഞ് കാര്യശരീരത്തെ ശുദ്ധമാക്കിയാൽ, ബാഹ്യഇന്ദ്രിയങ്ങളെ അടക്കിയാല്‍, മോഹങ്ങളും സങ്കൽപ്പങ്ങളും ജാഗ്രത്തും സ്വപ്നവും ഉള്ള ബാഹ്യമനസ്സിനെ നിയന്ത്രിച്ചാല്‍; തമസ്സ്, രജസ്സ് ഗുണങ്ങളുള്ള ബാഹ്യമനസ്സിനെ ഇല്ലാതാക്കിയാല്‍, പ്രാണവായുവിന്‍റെ ചലനത്തെ മിതമാക്കിയാല്‍, അവനവനിലെ ആത്മബോധകലകളെ, ആത്മബോധത്തെ അറിയാനാകുമെന്ന് ചിലര്‍ വിശ്വസിച്ചു. അഹങ്കാരസഹജമായ ബാഹ്യമനസ്സിലാണ്, വ്യക്തിരൂപമായ സ്ഥൂലശരീരത്തിലാണ്, ശരീരത്തിന് വളരെ വെളിയിലുള്ള വിഷയങ്ങളിലാണ് ഞാന്‍ നിലകൊള്ളുന്നതെങ്കില്‍ ആത്മബോധകലകളെയൊ ആത്മബോധത്തെയൊ സത്യബോധവിശേഷത്തെയൊ ഒന്നും അറിയാനാകുകയില്ല. ബാഹ്യമനസ്സില്‍ നിന്ന് അനാവശ്യയിനം മായാവിഷയങ്ങളെയും അന്യഓര്‍മ്മകളെയും കഥകളെയും ഒഴിവാക്കിയാല്‍, ആന്തരിക മനസ്സിലെ പൂര്‍വ്വകര്‍മ്മഓര്‍മ്മകളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഒഴിവാക്കാനായാല്‍ ആത്മബോധകലായിനം സത്യങ്ങളെ അറിയാനാകും.

കാര്യശരീരത്തില്‍ ശുദ്ധി സംഘടിപ്പിച്ച്, കാര്യശരീരത്തെ സൗമ്യപ്പെടുത്തി, അഹങ്കാരമനസ്സിനെ ഇല്ലാതാക്കി, ആത്മബോധകലാസത്യങ്ങളെ വികസിപ്പിച്ച് ആത്മബോധത്തിന്‍റെ, സത്യബോധത്തിന്‍റെ സമീപത്ത് എത്തപ്പെട്ടാൽ പിന്നെ ദൃശ്യപ്രപഞ്ചത്തിലെ വൈവിദ്ധ്യങ്ങള്‍ക്ക്, അതിലെ വര്‍ണ്ണചന്തങ്ങള്‍ക്ക്, അഹന്താപ്രപഞ്ചത്തിലെ മായാനിയമങ്ങള്‍ക്ക്, അതിലെ അസത്യവിശേഷങ്ങള്‍ക്ക്, അഹന്താവിഷയങ്ങൾക്ക്, അവിദ്യക്ക് ഒന്നിനും പ്രസക്തിയില്ല. സത്യബോധത്തെ, ആത്മബോധത്തെ അറിയാന്‍ കാരണമാകുന്നതില്‍ മുഖ്യം പൂര്‍വ്വജന്മങ്ങളിലെയും വര്‍ത്തമാനകാലത്തിലെയും തീവ്രങ്ങളായ പുണ്യകര്‍മ്മങ്ങള്‍, പ്രായശ്ചിത്തം, പുണ്യകര്‍മ്മഫലങ്ങളുടെ ത്യാഗം എന്നിവ മൂലം ഉളവായ ആനന്ദത്തിന്‍റെ ബലി മൂലം ഉളവായ ശൂന്യതയുടെ പ്രഭാവമാണ്. ശുദ്ധത, ധാര്‍മ്മികത, നിത്യത, ഏകത, പൂര്‍ണ്ണത, സാര്‍വ്വത്രികത, ശൂന്യതാസമാനത എന്നിവയെല്ലാം സത്യബോധം, ആത്മബോധം എന്നിവയുടേതുപോലെ ആത്മബോധകലകളുടെയും വിശേഷങ്ങളാണ്.

സത്യവിശേഷങ്ങള്‍ എവിടെയുള്ളതായാലും അവയെ വിശ്വസിക്കണം. സൂര്യന്‍, ഭൂമിയിലെ അന്തരീക്ഷവായു എന്നിവ സത്യ സമാനങ്ങളാണ്. ആത്മബോധകലകള്‍, ആത്മബോധം, സത്യം, മഹാസത്യം എന്നീ ആശയങ്ങളിലുള്ള വിശ്വാസമാണ് സത്യവിശ്വാസം. സത്യവിശ്വാസത്തിന്‍റെ ഫലം ആനന്ദമാണ്, മംഗളപരമാണ്, ശുഭമാണ്, സമാധാനമാണ്. ആത്മബോധകലകളില്‍ ഒന്നാണ് സുരക്ഷിതത്വം. ആശയവ്യക്തത, ദിശാബോധം, സ്ഥിരത എന്നിവ സുരക്ഷിതത്വത്തെ വികസിപ്പിക്കും. ശുദ്ധി, ശാന്തി, കര്‍മ്മം, ധര്‍മ്മം, ജ്ഞാനം, ഇച്ഛാ, ആരോഗ്യബലം, ജപം, സുരക്ഷിതത്വം, കാരുണ്യം, ആനന്ദബലി എന്നിവയെല്ലാം സത്യബോധ ശൂന്യതയിലോട്ടുള്ള മാര്‍ഗ്ഗങ്ങളാണ്. ശാന്തി എന്നത് ശുദ്ധിസംഘാടനമാണ്, സ്നാനശുശ്രൂഷയാണ്. പാവന, സന്യാസ, റബ്ബി, ക്രിസ്റ്റോ, മിശിഹ, അഭിഷേകം, Cure എന്നീ പദങ്ങള്‍ ശുദ്ധിശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ്. അന്വേഷണം, ക്രമം, കര്‍ത്തവ്യം, നീതി, സമത്വം എന്നിവ ഉള്‍പ്പെട്ടതാണ് ധാര്‍മ്മികത. ആത്മബോധകലകളെ സങ്കല്‍പ്പിക്കുന്നത്, അതിനെ വിശ്വസിച്ച് ജീവിതകര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യക്തിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും ആരോഗ്യം, സ്വസ്ഥത, സന്തോഷം, സമാധാനം, പൂര്‍ണ്ണായുസ്സ് എന്നിവയെ അനുഭവിക്കാൻ ഇടയാക്കുമെന്നും ചിലര്‍ കഠിനമായി വിശ്വസിച്ചു.

സത്യം, സത്യബോധം, മഹാസത്യബോധം എന്നത് ആശയങ്ങളാണ്‌. ദ്രവ്യം, ഊര്‍ജ്ജം എന്നിവയെ അളക്കുന്ന അളവുകോല്‍ കൊണ്ട് ആശയങ്ങളെ അളക്കാന്‍ കഴിയുകയില്ല. ബാഹ്യമനസ്സ് കൊണ്ട് ആന്തരിക മനസ്സിനെ വിശകലനം ചെയ്യാനാകുകയുമില്ല. അവബോധമനസ്സ്, ആന്തരിക സൂക്ഷ്മമനസ്സ്, അതീന്ദ്രിയ മനസ്സ് എന്നിവ ഉള്ള കാലത്തോളം ഭൗതികയിതര ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. പൂര്‍ണ്ണത, നിത്യത, അഭൗതികത എന്നിവ സംബന്ധിച്ച ആശയമാണ് സത്യം. ആത്മബോധകലകള്‍, അത്മബോധം എന്നിവയെ അന്വേഷിച്ചറിയുന്നതിന്‍റെ കൂടെ പരിശുദ്ധവും ശ്രേഷ്ഠവും അദ്വൈതവും കരുണാനിധിയുമായ സത്യബോധവിശേഷത്തെ കൂടി ഭാവനചെയ്ത് ബഹുമാനിക്കാനായാല്‍, സ്തുതിക്കാനായാല്‍, അതുവഴി കൃപയെയും സമാനതകള്‍ ഇല്ലാത്ത അനുഭൂതികളെയും ശൂന്യതാസമാനവിശേഷങ്ങളെയും അനുഭവിക്കാനാകുമെന്ന് ചിലർ വിശ്വസിച്ചു.

ആത്മബോധകലകള്‍, ആത്മബോധം, സത്യബോധം എന്നിവ ഒന്നും ഭൗതികമല്ലെങ്കിലും ദീര്‍ഘകാലത്തെ ഭൗതിക സമ്പർക്കം കൊണ്ട് ആത്മബോധകലകള്‍ക്ക് ഭൗതികത കൈവന്നാൽ ഭൗതികമായ ആന്തരിക മനസ്സിന് അതിനെ വേഗത്തില്‍ ആശ്രയിക്കാനാകുമെന്നും ആകാശഭൂതം അടങ്ങിയ ദ്രവ്യങ്ങളുടെ ഉപയോഗത്തിലൂടെ അതിനെ അനുഭവിക്കാനാകുമെന്നും ഭാവന ചെയ്തപ്പോള്‍ ചിലര്‍ സൗകര്യത്തിനായി സത്യത്തെ ആകാശമെന്നും വിളിച്ചു. ആകാശം എന്നത് ശൂന്യതയാണ്, ഇടമാണ്, ലഘുശബ്ദമാണ്, വൈലറ്റാണ്, കൈപ്പാണ്. ഈ കാഴ്ചപ്പാടില്‍ ചിലര്‍ ഇരുട്ടും വെളിച്ചവും അധികമില്ലാത്ത ഗുഹാശൂന്യതയെ പ്രാപിച്ചും കൈപ്പുരസമുള്ള സസ്യസാരാംശങ്ങളെ രുചിച്ചും ഒച്ച താഴ്ത്തി സഹസ്രവട്ടം സ്തുതിച്ചും സത്യബോധവിശേഷത്തെ അന്വേഷിച്ചു. ചിലര്‍ നിത്യതയുള്ള ദ്രവ്യങ്ങളിലും (ഗ്രാഫൈറ്റ്, സിലിക്ക, മാഗ്നറ്റയിറ്റ്, അലുമിനിയം, സിങ്ക്, വജ്രം, സ്വര്‍ണ്ണം, പ്ലാറ്റിനം, വെള്ളി, ഓസ്മിയം) ആകാശത്തെ അന്വേഷിച്ചു.

അനശ്വരവും ഉപാധികള്‍ ഇല്ലാത്തതും നിഗൂഡവും വിചാരത്തിന് അതീതവുമായ ആശയമാണ് മഹാസത്യബോധം. ദൃശ്യപ്രപഞ്ചബോധാംശങ്ങള്‍, പ്രകൃതി, പ്രകൃതിബോധം; താഴ്ന്ന ബുദ്ധിബോധം, ജനിതകബോധം, അവബോധം, ഉയര്‍ന്ന ബുദ്ധിബോധം, ആത്മബോധം, സത്യബോധം എന്നിവയെക്കാളെല്ലാം ഉപരിയായി, ആശയങ്ങളുടെയെല്ലാം സങ്കേതമായി മഹാസത്യബോധത്തെ ചിലര്‍ സങ്ക‍ൽപ്പിച്ചു. സൃഷ്ടിയുടെ ആദ്യവേളയിൽ സത്യബോധത്തെയും കൂടെ അഹന്താത്വത്വം, ആത്മബോധം എന്നിവയെ അനുവദിച്ച, ആത്മബോധത്തിന് സേവകരായ ആത്മബോധകലകളെ അനുവദിച്ച മഹാസത്യബോധവിശേഷത്തെ ബോധത്തിന്‍റെ പിതാവ് എന്ന നിലയിൽ സങ്കല്‍പ്പിച്ച് ചിലര്‍ നിത്യമെന്നോണവും ആരാധിച്ചു. വര്‍ത്തമാനകാല ജീവിതത്തില്‍ ഏകാന്തതയും മുഷിപ്പും നിസ്സഹായാവസ്ഥയും ഭയവും അനുഭവപ്പെട്ടപ്പോൾ, ഒപ്പം വേദന, ദുഃഖം, ക്ഷീണം എന്നിവ കഠിനമായപ്പോള്‍, അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ ചിലർ സത്യമാതാവിനെയും പ്രകൃതിചേതനകളെയും ആരാധിച്ചു. കാലം പിന്നിട്ടപ്പോള്‍ ചിലര്‍ ഗുഹാപര്‍വ്വതത്തേയും കൈപ്പ് ഇനം മഹാമരത്തേയും വന്‍ ജന്തുരൂപത്തെയും പൂർവ്വപിതൃക്കളുടെ രൂപത്തെയും മാതൃരൂപത്തെയും രൂപമില്ലാത്തതിനെയും ആരാധിച്ചു. ചിലര്‍ സ്വതന്ത്രവും ശുദ്ധവുമായ പർവ്വത ഗുഹാവായുവിനെ പ്രത്യേകമായി ആരാധിച്ചു. ദ്രവ്യം, ഊര്‍ജ്ജം എന്നിവയ്ക്ക് ഉപരിയായി ശുദ്ധി, പൂര്‍ണ്ണത, ഏകത്വം, നിത്യത, അതിസൂക്ഷ്മത എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ‘ശൂന്യകണം’ എന്ന് സങ്കല്‍പ്പിച്ച് ചിലര്‍ ശൂന്യതയിലെ സൂക്ഷ്മത്തെ സങ്കല്‍പ്പിച്ച് ആരാധിച്ചു. ദൈവം എന്ന ശബ്ദത്തിന് പൂര്‍വ്വികര്‍ ശൂന്യം, ആകാശം എന്നത് കൂടാതെ പിതാവ്, സ്വര്‍ഗ്ഗം, സൂര്യന്‍, ശബ്ദം, വായു, സത്യം, സൂക്ഷ്മം, മല, ഗുഹ, സൗമ്യം എന്നെല്ലാം അര്‍ത്ഥം നല്‍കി വിപുലപ്പെടുത്തിയിരുന്നു. ദൃശ്യജഗത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ചുപോരുന്നത് ഈശ്വരനാണ് എന്ന് സങ്കൽപ്പിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോഭവം, ലയം എന്നീ സാമർത്ഥ്യങ്ങള്‍ ചാര്‍ത്തി ചിലര്‍ ജഗതീശ്വരനെ, ദൃശ്യപ്രപഞ്ചപരിഷ്കര്‍ത്താവിനെ ആരാധിച്ചു. ആരാധന എന്നത് ഒരുതരം മനുഷ്യവികാരമാണ്. ആരാധനയ്ക്ക് അടിസ്ഥാനം ചിലർക്ക് മോഹസാക്ഷാല്‍ക്കാരവുമായി, അർത്ഥസമ്പാദനവുമായി ബന്ധപ്പെട്ടുള്ള സാമ്പ്രദായിക ശീലങ്ങളാണെങ്കില്‍, ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പൂര്‍ത്തീകരണമാണെങ്കില്‍, അത് വേറെ ചിലര്‍ക്ക് അജ്ഞത, ദുര്‍ബലത, നിസ്സഹായത, ഭയം, ദുഃഖം, അസംതൃപ്തി, യാചന; അച്ചടക്കം, അനുസരണ, സമർപ്പണം, സ്നേഹം, നന്ദി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ബഹുമാനിക്കാനും ബഹുമാനിക്കപ്പെടാനുള്ള താല്‍പര്യം വെച്ചുപുലര്‍ത്തുന്നത് ബാഹ്യമനസ്സാണ്. മനുഷ്യന് ചുറ്റുമുള്ള ജന്തുജാലങ്ങളിൽ ആചാരപരമായ ആരാധന ഇല്ല എന്നത് ശ്രദ്ധേയമാണ്. ബാഹ്യമനസ്സിൽ ആരാധനാസങ്കല്‍പ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അന്തരികമനസ്സില്‍ മനനം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥൂലശരീരം കൊണ്ടുള്ള പൂജാചാരങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൃശ്യപ്രപഞ്ചവിഷയങ്ങള്‍, വസ്തുപരിണാമം, അഹന്താദോഷകാര്യങ്ങള്‍ എന്നിവ അതിന്‍റെ രീതിയ്ക്ക് നടക്കും. മനുഷ്യന്‍ മരിച്ചുകഴിഞ്ഞാലും ദൃശ്യപ്രപഞ്ചകാര്യങ്ങള്‍ അതിന്‍റെ മുറപോലെ തുടരും. ദൃശ്യപ്രപഞ്ചത്തിലെ വിഷയങ്ങളെല്ലാം തന്നെ അഹന്താതത്വത്തിന്‍റെതാണ്.

സത്യവിരുദ്ധമായ ആശയ ഊര്‍ജ്ജമാണ് അഹന്താതത്വം. അഹന്താകാലവും അഹന്താദോഷങ്ങളും ഉള്‍പ്പെട്ടതാണ് അഹന്താതത്വം. അഹന്താതത്വം ഭൗതികമാണ്. രജസ്സ്, തമസ്സ് ഗുണങ്ങളുടെ സങ്കേതമായ അഹന്താദോഷങ്ങള്‍ നിലകൊള്ളുന്നത് കാര്യശരീരത്തിലാണ്. അഹന്താതത്വത്തെ പ്രതിരോധിച്ചുനിര്‍ത്തുന്നത് ആന്തരിക മനസ്സിനോടൊപ്പമുള്ള പ്രാണശക്തിയാണ്. മനസ്സ്, പ്രാണശക്തി എന്നിവ ക്ഷയിച്ചാല്‍ അഹന്താതത്വം സ്ഥൂലശരീരത്തെ എളുപ്പം ആക്രമിക്കും. അഹന്താതത്വം ഭൂതകാലത്തില്‍ അഭൗതികമായ സത്യബോധഊര്‍ജ്ജത്തിന്‍റെ ഭാഗമായിരുന്നു. പിന്നീടത് ദൃശ്യപ്രകൃതിയില്‍ എത്തിയപ്പോള്‍ ഭൗതികവുമായി. അഹന്താതത്വം ഒരു വിഘടനയിനം ഊര്‍ജ്ജപ്രതിഭാസമാണ്, മായ ആണ്. വേഗത്തിൽ പരിണമിക്കുന്നവയാണ് മായ. പാറ, ശരീരം, ദ്രാവകം, വാതകം തുടങ്ങിയ ദ്രവ്യങ്ങളെല്ലാം തന്നെ മായ ആണ്. മായയുടെ ഒരു വകഭേദമാണ് പ്രതിഭാസം. ഇല്ലെങ്കിലും ഉള്ളതായി തോന്നുന്നതാണ്, അനുഭവിക്കാന്‍ കഴിയുമെങ്കിലും വിശദീകരിക്കാന്‍ കഴിയാത്തതാണ്, വിശദീകരിക്കാന്‍ കഴിയുമെങ്കിലും അനുഭവിക്കാനാകാത്തതാണ് പ്രതിഭാസം. മരീചിക, മഴവില്ല്, കാലം, മനസ്സ്, സൌന്ദര്യം, നീതി, യുക്തി, അതീന്ദ്രിയം; ഭൂഗുരുത്വാകര്‍ഷണം, കാന്തികത്വം, പ്രകാശം, അഹന്താദോഷം, ആത്മബോധം, സത്യബോധം തുടങ്ങിയവയെല്ലാം പ്രതിഭാസങ്ങളാണ്. മായാപ്രപഞ്ചത്തെയും മായകാലത്തെയും അഹന്താതത്വത്തിന് വേണ്ടി സൃഷ്ടിച്ചതാണ്. അതിനെ ദ്വൈതമായി പരിഷ്കരിച്ചതും ബഹുവിധമായി പരുവപ്പെടുത്തിയതും അഹന്താതത്വമാണ്. ജനനം, വളർച്ച, പരിണാമം, ചലനം, പരിഷ്കാരം, വിശ്രമം, തിരോഭവം, നാശം എന്നിവ മായാപ്രപഞ്ചത്തിന്‍റെയും അതിലെ ചരാചരങ്ങളുടെയും സ്വഭാവമാണ്. സ്വഭാവത്തിന്‍റെ ഉല്‍പന്നമാണ് മുറ അഥവാ രീതി. മായാപ്രപഞ്ചം ബഹുമുഖമാണ്, ആപേക്ഷികമാണ്. ചെറുതും വലുതും ചേര്‍ന്ന് വരുമ്പോൾ താരതമ്യം വരും. പ്രയോജനം, ലാഭം, സംയോഗം, സംഘട്ടനം എന്നീ സംഗതികള്‍ വരും. മായാപ്രപഞ്ചവിഷയങ്ങളുടെ ഉത്പന്നമാണ് മനുഷ്യരിലെ മോഹം. ബാഹ്യമനസ്സിലെ മോഹം, അശുഭചിന്തകള്‍ എന്നിവയുടെ സമാഹാരമാണ് മനുഷ്യനിലെ അഹന്താദോഷങ്ങള്‍. മനസ്സിന് അകത്തും മനസ്സിന് പുറത്തും അഹന്താദോഷങ്ങള്‍ ഉണ്ട്. ബാഹ്യമനസ്സിലെ മോഹം, സങ്കല്‍പ്പം, ബുദ്ധി എന്നിവയോടൊപ്പവും കൂടാതെ ആന്തരിക മനസ്സിലെ ചിന്തയോടൊപ്പവും അഹന്താദോഷങ്ങളുണ്ട്. പ്രപഞ്ചവിഷയങ്ങളെ ഇന്ദ്രിയങ്ങള്‍, ബാഹ്യമനസ്സ് എന്നിവയോട് കൂടുതൽ ഒട്ടിച്ചേർപ്പിച്ച് മോഹങ്ങൾ, സങ്കൽപ്പങ്ങള്‍ എന്നിവയെ ഇരട്ടിപ്പിക്കുന്നത് അഹന്താദോഷങ്ങളാണ്. കാര്യശരീരത്തെ അശുദ്ധിപ്പെടുത്തുന്നതും ക്ഷയിപ്പിക്കുന്നതും വിഘടിപ്പിക്കുന്നതും അഹന്താദോഷങ്ങളാണ്. അഹന്താദോഷങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം സ്ഥൂലശരീരം, പ്രാണശക്തി എന്നിവയും, ഇരിപ്പിടം ബാഹ്യമനസ്സുമാണ്. അഹങ്കാരം, മോഹം, ദേഷ്യം, അശുദ്ധി, അജ്ഞാനം, അവിദ്യ, അഹന്താദോഷങ്ങള്‍ എന്നിവയെല്ലാം ഏറെക്കുറെ സമാനങ്ങളാണ്. വിനയമില്ലാത്ത വാക്കും ഭാവവുമാണ് അഹങ്കാരം. ആഗ്രഹിച്ചത്‌ കിട്ടാത്തതിലുള്ള നിഷേധവികാരമാണ് ദേഷ്യം. അഹങ്കാരം, മോഹം, ദേഷ്യം, ഭയം, പക, വൈരാഗ്യം, അസൂയ, വെറുപ്പ്, സംശയം, ദുഃഖം, നിരാശ, അലസത തുടങ്ങിയ തമസ്സ് ഗുണങ്ങളെല്ലാം അവിദ്യമൂലം ഉളവാകുന്ന വികാരങ്ങളാണ്. ത്രികാലങ്ങളും സോറ, സിഫിലിസ്, സൈക്കൊസിസ് തുടങ്ങിയ ദോഷങ്ങളും അഹന്താതത്വത്തിന്‍റെ സൃഷ്ടികളാണ്.

അഹന്താദോഷങ്ങള്‍ കാര്യശരീരത്തോട് ചേര്‍ന്നാല്‍ പാപകര്‍മ്മങ്ങള്‍ വർദ്ധിക്കും. ബാഹ്യമനസ്സിനോട് ചേരുമ്പോള്‍ ആദ്യം സന്തോഷം അനുഭവപ്പെടും. തുടര്‍ന്ന് ദുഃഖം ഇരട്ടിക്കും. സ്ഥൂലശരീരവുമായി ചേര്‍ന്നാല്‍ ആദ്യം ബലം വർദ്ധിക്കും. തുടര്‍ന്ന് സൗമ്യത കുറയും. ഒടുവില്‍ ക്ഷീണിപ്പിച്ചും വേദനിപ്പിച്ചും സങ്കോചിപ്പിച്ചും വിഘടിപ്പിക്കും. കാര്യശരീരവും അതിലെ ശുദ്ധിയും സൗമ്യതയും അതിന്‍റെ കര്‍മ്മങ്ങളും അഹന്താതത്വത്തിന്‍റെ ത്രികാലത്തിന് വിധേയമാണ്. അഹന്താതത്വവുമായി ചേര്‍ന്ന് ബാഹ്യമനസ്സ് സമ്പാദിച്ച അവിദ്യയുടെയും വിജ്ഞാനത്തിന്‍റെയും ബുദ്ധിയുടെയും അതനുസരിച്ചുള്ള കർമ്മങ്ങളുടെയും ഫലം ദുഃഖമാണ്. അഹന്താതത്വം അംഗീകരിക്കുന്ന വിഷയങ്ങളെല്ലാം അസത്യമാണ്. അഹന്താതത്വവും അതിന്‍റെ സന്തതികളും നിഷേധിക്കുന്ന വിഷയങ്ങളെല്ലാം സത്യവുമായിരിക്കും.

അഹന്താദോഷങ്ങള്‍ സജീവമായാല്‍ മോഹം, ദുഃഖം, താപം, ചലനം, ശബ്ദം, ഭാരം, സ്തംഭനം എന്നിവ കൂടും. ഉത്തരവാദിത്വം, സഹകരണം, നന്മ, സുഖം തുടങ്ങിയവയുടെ തോത് കുറയും. ബാഹ്യമനസ്സ് അന്വേഷിച്ചതുകൊണ്ടും ക്ഷണിച്ചതുകൊണ്ടും ആണ് ആദ്യത്തില്‍ അഹന്താതത്വം കാര്യശരീരത്തില്‍ എത്തിയത്. അഹന്താതത്വം പ്രബലമായാൽ അത് വാതപിത്തകഫ ദോഷങ്ങളിലൂടെ പ്രാണശക്തിയെ നേരിട്ട് തന്നെ ബാധിച്ച് ക്ഷയിപ്പിക്കും. സപ്തധാതുക്കളില്‍ ആണെങ്കിൽ ശുക്ര, അസ്ഥി, മജ്ജ, മാംസം, കൊഴുപ്പ് എന്നീ ധാതുക്കളെ ബാധിച്ച ശേഷമാണ് രക്തം, രസം എന്നിവയെ ബാധിക്കുന്നത്. അഹന്താദോഷങ്ങള്‍ നവങ്ങളാണെങ്കില്‍, ബാഹ്യസ്രോതസ്സില്‍ നിന്നുള്ളതാണെങ്കില്‍ ആദ്യം രസധാതുവിനെയും ചര്‍മ്മത്തെയും ബാധിക്കും. മജ്ജധാതു, ശുക്രധാതു എന്നിവയെ ഒടുവിലായി ബാധിക്കും.

പ്രേതാത്മാവ് പുനര്‍ജ്ജനിക്കാനായി ഗര്‍ഭപാത്രത്തില്‍ എത്തിയപ്പോൾ ആവരണ വിസ്തൃതിയെന്നോണം അതിന്‍റെ കൂടെ പുതിയ സ്ഥൂലശരീരാംശങ്ങള്‍, അതിലെ വാരിനാരുകള്‍ (ക്രോമോസോം), പ്രാണശക്തി, മനസ്സ് എന്നിവയെ ചേര്‍ത്തപ്പോള്‍ അഹന്താദോഷങ്ങളെ ഒഴിവാക്കിയിരുന്നു. സ്ഥൂലശരീരവും വാതപിത്തകഫ ബലങ്ങള്‍ ഉള്‍പ്പെട്ട പ്രാണശക്തിയും മനസ്സും വളര്‍ന്ന് വലുതായപ്പോള്‍ സാഹചര്യത്തില്‍ നിലകൊണ്ടിരുന്ന അഹന്താദോഷങ്ങളും കൂടെ ചേര്‍ന്ന് വളർച്ച നേടി. ഓരോ ആത്മബോധവും ഭൂമിയിൽ ആവര്‍ത്തിച്ച് പിറവിയെടുക്കുന്നത് കട്ടിയേറിയ സൂക്ഷ്മശരീരത്തിന്‍റെ ബന്ധനത്തോടെയാണ്. പ്രഥമജന്മത്തിലെ സത്യബന്ധവും കര്‍മ്മബന്ധവും അഹന്താകാലത്തിലെ ഓരോ ജന്മങ്ങളിലെ കർമ്മബന്ധനങ്ങളും ജനനത്തോടെപ്പം കൂടെയുണ്ട്. കാര്യശരീരം വളര്‍ന്ന് അഹന്താസാഹചര്യവുമായി കൂടുതല്‍ ചേരുമ്പോൾ ആവരണത്തിന്‍റെ കനം കൂടും. ബന്ധനവിവരങ്ങള്‍ നിലകൊള്ളുന്നത് വിജ്ഞാനമയകോശത്തിലാണ്. ആന്തരിക മനസ്സിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്‌ ഒടുവിലത്തെ ഏഴ് തലമുറകളിലെ വിവരങ്ങൾ മാത്രമാണ്.

ഭൗതികമായ അഹന്താതത്വത്തിന് ഭൗതികമല്ലാത്തയിനം ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ആനന്ദം തുടങ്ങിയ ആത്മബോധകലകളെ ബാധിക്കാന്‍ കഴിയുകയില്ല. വാര്‍ദ്ധക്യത്തില്‍ ആത്മബോധകലകള്‍ക്ക് ഭൗതികത കൈവരുമ്പോള്‍ അഹന്താതത്വം ഇവയെ ദുര്‍ബലമാക്കും. അഹന്താതത്വം ചേര്‍ന്ന ബാഹ്യമനസ്സിന്‍റെ ഭാവമാണ് അഹങ്കാരം. അഹങ്കാരത്തിലെ രജസ്സ് ഗുണമാണ് ബാഹ്യമനസ്സിലെ താഴ്ന്നയിനം ബുദ്ധി. നിഷേധതര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ആധാരം അഹങ്കാരത്തിന്‍റെ തമസ്സ് ഗുണമാണ്. അഹന്താതത്വം ചേര്‍ന്ന വിജ്ഞാനമാണ്‌ അവിദ്യ. കാമവും മോഹവും ഓർമ്മയും ചേർന്നതാണ് ചിത്തം. പൂര്‍വ്വജന്മത്തില്‍ നിന്ന് എത്തിയ ചിത്തത്തിന്‍റെ കൂടെ താഴ്ന്നയിനം ബുദ്ധി, അവിദ്യ, അഹങ്കാരം, കൃത്രിമബുദ്ധി എന്നിവ കൂടി ചേര്‍ന്നപ്പോള്‍ ബാഹ്യമനസ്സിന്‍റെ വളര്‍ച്ച ഇപ്പോള്‍ വളരെ വേഗത്തിലാണ്. അവിദ്യ ആഘോഷാപരുവത്തിലുമാണ്.

ദൃശ്യപ്രപഞ്ചത്തിലെ വിഷയങ്ങളില്‍ അധികവും അഹന്താതത്വത്തിന്‍റെതാണ്. അഹന്താചലനങ്ങളെല്ലാം ദൈത്വമാണ്. ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിച്ചുപോരുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനം അഹന്താദോഷങ്ങളാണ്. ജീവിതത്തിലെ അപ്രതീക്ഷയിനം പ്രതികൂല അനുഭവങ്ങള്‍ക്ക് കാരണം പൂർവ്വജന്മങ്ങളിലെ പാപകർമ്മങ്ങളാണ്. അഹന്താതത്വവും കാരണമാണ്. അഹന്താലോകത്തിലെ, അഹന്താകാലത്തിലെ, അഹന്താദോഷങ്ങള്‍ കലര്‍ന്ന അന്നം സ്വീകരിക്കുമ്പോൾ കാര്യശരീരത്തോടൊപ്പം അഹന്താദോഷങ്ങളും പുഷ്ടിപ്പെടും. അഹന്താദോഷങ്ങള്‍ സജീവമായാല്‍ അശുദ്ധി, അശ്രദ്ധ, ക്ഷീണം എന്നിവ കൂടും. ആത്മബോധകലകള്‍ നിഷ്ക്രിയമാകും. വാർദ്ധക്യം വേഗത്തിലാകും. വാര്‍ദ്ധക്യഅതിജീവനം പ്രയാസകരമാകും, കഥയുമാകും.

മൂത്രം, മലം, വിയര്‍പ്പ് തുടങ്ങിയ മാലിന്യങ്ങള്‍ അഹന്താതത്വത്തിന്‍റെ തമസ്സുഗുണങ്ങളുടെ ഉല്‍പ്പന്നങ്ങളാണ്. ആഹാരപദാര്‍ത്ഥങ്ങളെ ജലത്തില്‍ കലര്‍ത്തി ഉയര്‍ന്ന ചൂടില്‍ വേവിക്കുമ്പോള്‍ അതിലെ തമസ്സുഗുണം, അമ്ലത എന്നിവ കുറയും. അഹന്താദോഷങ്ങളുടെ തോത് കുറയും. ശരീരത്തില്‍ പുറമെ നിന്ന് എത്തപ്പെടുന്ന മാലിന്യങ്ങളുടെ തോതും രൂപപ്പെടുന്ന മലങ്ങളുടെ തോതും കുറയും. ആഹാരപദാര്‍ത്ഥങ്ങളെ പാചകത്തിന് മുന്‍പേ ഉപ്പുലായനി കൊണ്ട് കഴുകിയാല്‍ അഹന്താദോഷങ്ങള്‍ ദുര്‍ബലമാകും. കാര്യശരീരം വിഘടിക്കുമ്പോള്‍ ആത്മബോധം ഉപേക്ഷിക്കുന്ന ജഡത്തിന്‍റെ ഗുണം തമസ്സാണ്. ചീഞ്ഞ മത്സ്യവും പഴകിയ മാംസവും തമസ്സാണ്. തമസ്സ് ഇനങ്ങളെ സ്ഥൂല അളവില്‍ ആഹരിച്ചാല്‍ വേഗത്തില്‍ ജഡമാകും. തമസ്സ് ഇനങ്ങളെ തിരിച്ചറിയാന്‍ പഠിക്കണം. തമസ്സ് ഇനങ്ങളെ അതിസൂക്ഷ്മ അളവില്‍ സീകരിച്ചതുമൂലം പ്രാണശക്തി ഉത്തേജിക്കപ്പെട്ടാല്‍ സമാനയിനം ദോഷങ്ങള്‍ നിഷ്ക്രിയമാകും. ശീത ദേഹപ്രകൃതിക്കാരായ കുട്ടികളില്‍ ശീതദോഷം ശക്തമായതുമൂലം കരപ്പന്‍, ചൊറി തുടങ്ങിയ പ്രകടമാകുന്ന രോഗാവസ്ഥയില്‍ ലക്ഷണ അടിസ്ഥാനത്തില്‍ ഔഷധം  നല്‍കി പരിഹരിക്കുന്നതും നെല്ലിക്കനീര്‍ കൊണ്ട് അഭിഷേകം ചെയ്യുന്നതും തഥര്‍ത്ഥകാരിയാണ്.

ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങിയ ഘട്ടങ്ങളിലെ വ്യക്തിരൂപങ്ങള്‍ക്ക് കാരണം അഹന്താകാലമാണ്. കര്‍മ്മങ്ങള്‍ക്ക് ഒന്നിനും അഹന്താകാലം സാക്ഷിയാകുന്നുമില്ല. പരിണാമത്തെ വേഗത്തിലാക്കുന്നത് അഹന്താകാലമാണ്. അഹന്താകാലത്തെ അതിജീവിക്കാന്‍ കാര്യശരീരത്തില്‍ ശുദ്ധി പുലർത്തണം. കാര്യശരീരധര്‍മ്മങ്ങളെ സാവധാനമാക്കണം. അഹന്താദോഷങ്ങളുമായി അകൽച്ച പാലിക്കണം. ശ്രദ്ധ, ഏകാഗ്രത, ധ്യാനം, ഉപാസന എന്നത് ധര്‍മ്മവിധികളിലുള്ള വിശ്വാസം മാത്രമല്ല, അതിമോഹങ്ങള്‍ക്കും നാശകാലത്തിനും കാരണക്കാരനായ അഹന്താതത്വത്തിന് എതിരെയുള്ള കര്‍മ്മങ്ങള്‍ കൂടിയാണ്. അഹന്താകാലം, അഹന്താദോഷം എന്നിവയുമായി നേരിട്ട് യുദ്ധം ചെയ്യരുത്. അഹന്താദോഷബഹളങ്ങളെ അശ്രദ്ധ കൊണ്ട്, മൗനം കൊണ്ട്, ക്ഷമ കൊണ്ട്, തമസ്സുദ്രവ്യങ്ങളുടെ സൗമ്യപ്രയോഗം കൊണ്ട് നേരിടണം. ആത്മബോധകലകളെ ആശ്രയിച്ച് അവയെ കൊണ്ടും നേരിടണം. അഹന്താകാലത്തെയും അഹന്താദോഷങ്ങളെയും വിശ്വാസത്തില്‍ എടുക്കരുത്. കാലം പൊറുപ്പിക്കാത്ത മുറിവ് ഇല്ല എന്നൊരു ചൊല്ല് അഹന്താതത്വത്തിന്‍റെതാണ്. അത് വ്യാജമാണ്. അഹന്താദൃശ്യപ്രകൃതിയിലെ ജീവിതം ഏറ്റം, ഇറക്കം സ്വഭാവമുള്ളതാണ്. ഏറ്റത്തിലും ഇറക്കത്തിലും സമചിത്തത പാലിക്കണം.

ശുദ്ധചേതനകളില്‍ നിന്ന് ശുദ്ധചേതന ഉത്ഭവിക്കും. അശുദ്ധചേതനകളില്‍ നിന്ന് അശുദ്ധ ചേതന ഉദയം ചെയ്യും. രോഗങ്ങള്‍ക്ക് കാരണം കാര്യശരീരത്തിലെ അശുദ്ധിയും അശുദ്ധചേതനകള്‍ മൂലമുള്ള വൈഷമ്യങ്ങളുമാണ്. ചെറിയ ഇരുട്ടിനെ കഠിന ഇരുട്ട് വര്‍ദ്ധിപ്പിക്കുന്നതുപോലെ ചെറിയ അശുദ്ധിയെ, വലിയ അശുദ്ധി വര്‍ദ്ധിപ്പിക്കും. ശരീരമാലിന്യങ്ങളോട് അഹന്താദോഷങ്ങള്‍ ചേര്‍ന്നാല്‍ കാര്യശരീരത്തിലെ വൈഷമ്യങ്ങള്‍ വര്‍ദ്ധിക്കും. കാര്യശരീരത്തില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാന്‍ അഹന്താപ്രകൃതിയിലെ സമാനയിനം ഊര്‍ജ്ജങ്ങളെയൊ തമസ്സുയിനം ഊര്‍ജ്ജങ്ങളെയൊ ആയുധമാക്കാനാകും. പ്രാണശക്തി, ആന്തരിക മനസ്സ് എന്നിവയെ ബലപ്പെടുത്തിയും ആത്മബോധകലകളെ വികസിപ്പിച്ചും അഹന്താദോഷങ്ങളെ ഒതുക്കാനാകും. ശുദ്ധിയെ അവലംബിച്ച് അഹന്താദോഷങ്ങളെ പ്രതിരോധിക്കാനായാൽ, കാര്യശരീരപ്രകൃതിക്ക് അനുസരിച്ച് ഹിതകരമായ ആഹാരത്തെ സ്വീകരിച്ച് പ്രാണവായുസഞ്ചാരത്തെയും രക്തസഞ്ചാരത്തെയും ക്രമവല്‍ക്കരിച്ച് കാര്യശരീരത്തിൽ സൗമ്യത വരുത്താനായാല്‍ ദുഃഖം, വേദന, ക്ഷീണം എന്നിവയില്‍ നിന്ന് മോചനം നേടാനാകുമെന്നും അവബോധ ഉയര്‍ച്ചയിലൂടെ, ആത്മബോധകലകളുടെ വികാസത്തിലൂടെ, ഇവയുടെ സംയോജനത്തിലൂടെ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമെന്ന് ചിലർ സങ്കൽപ്പിച്ചു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ മഹാപഞ്ചഭൂതങ്ങള്‍ ഉള്‍പ്പെട്ട ദ്രവ്യങ്ങള്‍, ഊര്‍ജ്ജങ്ങള്‍, ജീവജാലങ്ങള്‍, അഹന്താദോഷങ്ങള്‍, അഹന്താകാലം എന്നിവയുടെയും അഭൗതികങ്ങളായ ആത്മബോധകലകള്‍, ആത്മബോധം, സത്യബോധം എന്നിവയുടെയും എല്ലാം സങ്കേതമാണ് ദൃശ്യപ്രപഞ്ചം. ദൃശ്യപ്രപഞ്ചത്തില്‍ ഉള്ളതില്‍ ഒട്ടുമുക്കാലും അഹന്താതത്വത്തിന്‍റെതാണ്. ദൃശ്യപ്രപഞ്ചത്തില്‍ സത്യബോധം, ആത്മബോധം, ആത്മബോധകലകള്‍ എന്നിവ അടക്കമുള്ള സ്വാതികാംശങ്ങളെല്ലാം തന്നെ രജസ്സ്, തമസ്സ് ഗുണങ്ങളാല്‍ മൂടപ്പെട്ട നിലയിലാണ്. ദൃശ്യപ്രപഞ്ചത്തില്‍ നിന്ന് സ്വാതികാംശങ്ങളും അഭൗതികഘടകങ്ങളും വേർപ്പെട്ടാൽ അഹന്താകാലത്തിനും അഹന്താദോഷങ്ങള്‍ക്കും അഹന്താപ്രപഞ്ചത്തിനും പ്രസക്തി ഇല്ലാതാകും. അഹന്താതത്വം ക്ഷയിക്കും. അഹന്താദോഷ ഊര്‍ജ്ജങ്ങള്‍ സങ്കോചിച്ച് ചുരുങ്ങി അഹന്താതത്വത്തില്‍ ലയിച്ച് പുതിയ ഒരു ലോകത്തില്‍ പ്രവേശിക്കുകയൊ മറ്റൊരു പുതിയ ലോകത്തെ വികസിപ്പിക്കുകയൊ ചെയ്യും. അഹന്താകാലത്തിനും അഹന്താലോകത്തിനും അതീതമായ ഒരു ഭാവിലോകത്തിനെ സംബന്ധിച്ച ഭാവന, അഹന്താതത്വത്തിന്‍റെ വിഘടനം സംബന്ധിച്ച ഭാവന, വിശ്വപ്രപഞ്ചത്തിന്‍റെ വ്യാപ്തി സംബന്ധിച്ച ഭാവന എന്നിവയെല്ലാം അഹന്താതത്വസങ്കല്‍പ്പത്തില്‍, അവിദ്യയില്‍ സാദ്ധ്യമല്ലാത്തതാണ്. കൃത്രിമലോകത്ത് ദീർഘനാൾ കഴിച്ചുകൂട്ടിയപ്പോൾ അഹന്താതത്വം സ്വന്തം ഭൂതകാലത്തെയും അതിന്‍റെ പൂര്‍വ്വകാലശേഷികളെയും പാടെ മറന്നുപോയിരിക്കുന്നു. അഹന്താദോഷസാന്നിദ്ധ്യം മൂലം ആത്മബോധകലകളും അതിന്‍റെ ധര്‍മ്മം, ശേഷികള്‍ എന്നിവ സംബന്ധിച്ച് കുറെയൊക്കെ മറന്നുതുടങ്ങിയിരിക്കുന്നു. കാര്യശരീരത്തില്‍ ധര്‍മ്മബോധം ഇല്ലെങ്കില്‍, ആരോഗ്യം, കര്‍മ്മം എന്നിവ ഇല്ലെങ്കില്‍ അത് വേഗത്തില്‍ നശിക്കും. ധര്‍മ്മബോധം, ആരോഗ്യം, ആനന്ദം എന്നിവയുടെ സംഘാടനമാണ് വാര്‍ദ്ധക്യഅതിജീവനം.

**


No comments:

Post a Comment