Tuesday, 28 July 2026

ആനന്ദബോധം. Dr. Kader kochi.

ആത്മബോധം, ആത്മബോധകലകള്‍, സൂക്ഷ്മ ആവരണങ്ങള്‍, കാര്യശരീരം എന്നിവ ഉള്‍പ്പെട്ടതാണ് മനുഷ്യന്‍. സൂക്ഷ്മ ആവരണങ്ങള്‍, കാര്യശരീരം, അഹന്താദോഷങ്ങള്‍, സാഹചര്യം എന്നിവയെല്ലാം ഭൗതികമാണ്. ദൃശ്യപ്രകൃതിയിലും ദൃശ്യപ്രകൃതിക്ക് വെളിയിലും നിലകൊള്ളുന്ന അഭൗതിക ചേതനാവിശേഷമാണ് സത്യബോധം. സത്യബോധത്തിന്‍റെ അംശമായ ആത്മബോധം അഭൗതികമാണ്. ആത്മബോധത്തിന്‍റെ സഹചാരികളായ ആത്മബോധകലകള്‍ ഭാഗികമായി ഭൗതികമാണ്. സത്തയായ ആത്മബോധവും സഹചാരികളായ ആത്മബോധകലകളും പൂര്‍ണ്ണത ഉള്ളതാണ്. ഇവയെ സംരക്ഷിക്കേണ്ട ആവശ്യമില്ല. സംരക്ഷിക്കേണ്ടത് ആവരണമായ കാര്യശരീരത്തെയാണ്.

ഞാന്‍ എന്ന ആത്മബോധത്തിന്‍റെ ലക്ഷ്യം പുരുഷാര്‍ത്ഥസമ്പാദനമാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പാദങ്ങള്‍ ചേര്‍ന്നതാണ് പുരുഷാർത്ഥം. പുരുഷാര്‍ത്ഥം അനുഭവിക്കുവാൻ കാര്യശരീരം ശുദ്ധിയിലും സൗമ്യതയിലും ആരോഗ്യാവസ്ഥയിലും നിലകൊള്ളേണ്ടതുണ്ട്. ക്രമവും മര്യാദയും നീതിയും കടമയും കര്‍മ്മവും ഉള്‍പ്പെട്ട നിയമങ്ങളാണ് ധര്‍മ്മം. അര്‍ത്ഥം സമൃദ്ധിയും സാമ്പത്തികമൂല്യങ്ങളുമാണ്. ലൈംഗികത, സ്നേഹം, വാത്സല്യം, സന്തോഷം എന്നിവയുടെ അനുഭവങ്ങളാണ് കാമം. പ്രതികൂലസാഹചര്യങ്ങളിൽ നിന്നും കാര്യശരീരം ചെയ്യാനിടയായ പാപഅശുദ്ധികളിൽ നിന്നും ഉള്ള മോചനമാണ് മോക്ഷം. പൂര്‍വ്വജന്മകര്‍മ്മങ്ങളുടെ ഓര്‍മ്മയില്‍ നിന്നുള്ള മുക്തിയും മോക്ഷമാണ്. മോക്ഷത്തിനുള്ള ഉപാധി സത്യമാര്‍ഗ്ഗമാണ്. ഏകത, പൂർണ്ണത, സ്ഥിരത, ശൂന്യത എന്നിവ ഉൾപ്പെട്ടതാണ് സത്യമാർഗ്ഗം. ആത്മബോധത്തിന്‍റെയും ആത്മബോധകലകളുടെയും ജീവിതഘട്ടങ്ങളെ സത്യജീവിതം, ദൃശ്യപ്രപഞ്ചജീവിതം എന്നും ദൃശ്യപ്രപഞ്ചജീവിതത്തെ പാപപുണ്യകര്‍മ്മഘട്ടം, പ്രേതഘട്ടം, പുനര്‍ജന്മ പ്രായശ്ചിത്വഘട്ടം, കര്‍മ്മഫലത്യാഗഘട്ടം എന്നിങ്ങിനെ തരംതിരിക്കാനാകും.

ഭൂമിയില്‍ ഉയര്‍ന്നയിനം ആത്മീയജീവിതം നയിക്കുന്ന ജീവിയാണ് മനുഷ്യന്‍. സൂക്ഷ്മയിനം ആന്തരിക മനസ്സിന്‍റെ കാര്യങ്ങളാണ് ആത്മീയത. ശുദ്ധി, ധര്‍മ്മം, അച്ചടക്കം, ക്ഷമ, കാരുണ്യം, നന്മ, സ്നേഹം, സന്തോഷം, ഐശ്വര്യം, ശുഭം, സദാനന്ദം, ചിന്മയാനന്ദം എന്നിവയാണ് ആത്മീയജീവിതത്തിന്‍റെ സ്വഭാവങ്ങള്‍. ആത്മീയജീവിതത്തിന്‍റെ സത്തയായ ആനന്ദത്തെ അനുഭവിക്കുന്നത് ആന്തരിക മനസ്സാണ്. കാര്യശരീരത്തില്‍ ശുദ്ധി, സൗമ്യത, ആരോഗ്യം എന്നിവയെ സംഘടിപ്പിക്കുക, ബാഹ്യമനസ്സിലെ തമോരജോ ഗുണങ്ങളെ ക്ഷയിപ്പിക്കുക, ബുദ്ധിയുടെ ദ്വന്ദഗുണങ്ങളെ ചേര്‍ത്ത് ഏകമാക്കുക, കാര്യശരീരത്തെ കൊണ്ട് പുണ്യകര്‍മ്മങ്ങളെ നിരന്തരം അനുഷ്ഠിപ്പിച്ച് വിജ്ഞാനമയകോശത്തിലെ പാപകര്‍മ്മ ഓര്‍മ്മകളെ കഴുകികളയുക, പുണ്യകര്‍മ്മഫലത്തെ ത്യജിച്ച് ആനന്ദമയകോശത്തെ ശൂന്യമാക്കുക, ഭൗതികത കൈവന്ന ആത്മബോധകലകളെ ആശ്രയിച്ച് പ്രാണശക്തിയെ മെച്ചപ്പെടുത്തി അഹന്താദോഷങ്ങളെ അമര്‍ച്ചചെയ്യുക, കാര്യശരീരത്തിലെ സൗമ്യത നിലനിര്‍ത്തി പൂര്‍ണ്ണായുസ്സ് അനുഭവിക്കുക, കര്‍മ്മവിഷയവും കര്‍മ്മം ചെയ്യുന്ന സ്ഥൂലശരീരവും കർമ്മത്തെ ചെയ്യിക്കുന്ന മനസ്സും കര്‍മ്മഫലവും വിത്യസ്തമാണെന്നുള്ള ധാരണയെ ഇല്ലാതാക്കി കര്‍മ്മത്തില്‍ പൂര്‍ണ്ണത വരുത്തുക, ത്രികാലവിഷയങ്ങളെ ഏകമാക്കുക, ആത്മബോധകലകളുടെ സങ്കേതവുമായി ചേര്‍ന്ന് ആത്മബോധസന്നിദ്ധിയില്‍ എത്തിച്ചേരുക, ആത്മബോധത്തില്‍ വിലയംപ്രാപിക്കുക എന്നിവയെല്ലാമാണ് ആന്തരിക മനസ്സിന്‍റെ ധര്‍മ്മങ്ങള്‍.

ആത്മീയകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നതും കര്‍മ്മങ്ങളെ പൂര്‍ണ്ണമാക്കുന്നതും ആത്മബോധകലകളാണ്. ആത്മബോധകലകളുടെ ഗുണം സ്വാതികമാണ്. പ്രഭാവം ആനന്ദപരമാണ്. ഭൗതികത വന്ന ആത്മബോധകലകളെ അനുഭവിക്കുന്നത് ഭൗതികമായ ആന്തരിക മനസ്സാണ്. ആത്മബോധകലകള്‍ക്ക് ലഘു ഗുരുത്വങ്ങള്‍ വന്നാല്‍ അത് അടുത്ത ഗുണത്തിൽ ലയിക്കും. ജ്ഞാനശക്തി വികസിച്ച് ലഘുവായാല്‍ അത് ഇച്ഛാശക്തിയാകും. ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി ക്രമത്തില്‍ വികസിച്ച് ലഘുവായാല്‍ ആനന്ദാനുഭവമാകും. ക്ഷമാശക്തി, കർമ്മശക്തി, ജീവശക്തി ക്രമത്തില്‍ സങ്കോചിച്ച്, ഗുരുവായി ജ്ഞാനശക്തിയില്‍ എത്തിയാല്‍ അത് നിഷ്ക്രിയമാകും. ആത്മബോധകലകള്‍ വികസിച്ച് ലഘുവായാല്‍, ലഘുവായ ആത്മബോധകലകള്‍ പരസ്പരം ചേര്‍ന്ന് ഏകമായാല്‍ അത് ആത്മബോധത്തില്‍ ലയിച്ച് ഇല്ലാതാകും. ആന്തരിക മനസ്സ് ശുദ്ധി നേടി ഉയര്‍ന്ന് ഭൗതികത വന്ന ആത്മബോധകലകളുമായി ചേരുമ്പോള്‍ അല്ലെങ്കില്‍ ഭൗതികത പ്രാപിച്ച ആത്മബോധകലകള്‍ ലഘുവായി ആന്തരിക മനസ്സിനോട് ചേരുമ്പോള്‍ അനുഭവിക്കാനാകുന്ന വികാരമാണ് സദാനന്ദം. വിശുദ്ധി നേടി ഉയര്‍ച്ച പ്രാപിച്ച സൂക്ഷ്മയിനം ആന്തരിക മനസ്സ് ആത്മബോധകലകളുടെ സങ്കേതവുമായി ചേരുമ്പോള്‍ അനുഭവിക്കുന്ന വികാരമാണ് ചിന്മയാനന്ദം. പ്രതികൂലയിനം സാഹചര്യങ്ങള്‍, അനാവശ്യയിനം വിഷയങ്ങള്‍, മോഹങ്ങള്‍, പാപപ്രേരണകള്‍, പാപശീലങ്ങള്‍, പാപകര്‍മ്മ ഓർമ്മകള്‍ എന്നിവയുടെയെല്ലാം ബന്ധനങ്ങളില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം. പുണ്യം ആയിരം തവണ ചെയ്‌താൽ പുണ്യത്തോടും ബന്ധനം ജനിക്കും. ബന്ധനം രൂപപ്പെട്ടാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും. സ്വാതന്ത്ര്യത്തിന്‍റെ ഭാവവും പ്രഭാവവുമാണ് ആനന്ദം. ദീര്‍ഘിച്ചുനില്‍ക്കുന്ന സുഖവും സന്തോഷമാണ് ആനന്ദം. ആനന്ദിക്കുന്നത് ആന്തരിക മനസ്സാണ്. ഇന്ദ്രിയങ്ങളുടെയും ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും ലക്ഷ്യം ആനന്ദമാണ്. ഇന്ദ്രിയങ്ങള്‍, സങ്കല്‍പ്പം, മോഹം, വിഷയം, ധാരണ, ബുദ്ധി, ചിന്ത, അറിവ്, സഹനം, വിവേകം, അശ്രദ്ധ, ശ്രദ്ധ, കാമം, സൃഷ്ടി, കർമ്മം, പ്രയോജനം, സുഖാനുഭവം, ത്യാഗം, നന്മ, ക്ഷമ, സമചിത്തത, സ്വാതന്ത്ര്യം, സന്തോഷം, സംതൃപ്തി എന്നീ ക്രമത്തിൽ ആനന്ദത്തിൽ എത്താനാകും. സുഖം, ദുഃഖം എന്നിവയ്ക്ക് കാരണമുണ്ട്. കാരണം പിന്‍വലിയുമ്പോള്‍ സുഖദുഃഖങ്ങള്‍ ഇല്ലാതാകും. കാര്യശരീരത്തിലെ ശുദ്ധിയും സൗമ്യതയുമാണ്‌ സുഖത്തിന് ആധാരം. ദുഃഖത്തിന് കാരണം മനസ്സിലെ അശുദ്ധിയാണ്. സുഖദുഃഖങ്ങളെ സമചിത്തതയോടെ കാണാനായാല്‍ അനുഭവിക്കാനാകുന്നത് ഏകതയാണ്. ശുദ്ധി, ബലം, ഏകത എന്നിവ വഴിയുള്ള അനുഭൂതിയും ആനന്ദമാണ്.

ഇന്ദ്രിയങ്ങളും ബാഹ്യമനസ്സും അനുഭവിക്കുന്ന അനുകൂലയിനം അവസ്ഥയാണ് സ്വസ്ഥത അഥവാ സുഖം. സുഖം ഹ്രസ്വമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനായാല്‍, ബാഹ്യമനസ്സിലെ അധമവിഷയങ്ങളെ ഒഴിവാക്കാനായാൽ, ദോഷദിശകള്‍ക്ക് വിപരീതമായി സഞ്ചരിക്കാനായാല്‍, ജന്മസഹജമായി കിട്ടിയ ആത്മബോധകലകളെ വികസിപ്പിച്ച് ഏകമാക്കാനായാല്‍ ആനന്ദത്തെ അനുഭവിക്കാനാകും. ശുദ്ധി, ശാന്തി, ശ്രദ്ധ, ജപം, പൂജ, ബലി എന്നിവ ആനന്ദത്തിലോട്ട് നയിക്കുന്ന ഉപാസനാരീതികളാണ്. ശുദ്ധി കുളിയാണ്. ശാന്തി മനോശുദ്ധിയാണ്‌. അനാവശ്യവിഷയങ്ങളെയെല്ലാം അവഗണിച്ച് ആവശ്യമുള്ള വിഷയത്തെ മാത്രം സ്വീകരിച്ച് അതിനെ സാഹചര്യവുമായി കൂട്ടിച്ചേര്‍ത്ത് ഹിതമാക്കി വികസിപ്പിക്കുന്ന സൃഷ്ടികർമ്മമാണ് ശ്രദ്ധ. അനുകൂലയിനം വാക്കുകളുടെ ശബ്ദം താഴ്ത്തിയുള്ള പ്രവൃത്തിയാണ് ജപം. പൂജ ബഹുമാനകര്‍മ്മമാണ്. എല്ലാവരോടും വിനയപൂർവ്വമായി സംസാരിക്കണം. മുഖം എപ്പോഴും പ്രസന്നമാക്കണം. മറ്റുള്ളവരുടെ ധനാത്മകഗുണങ്ങളെ തിരിച്ചറിഞ്ഞ് സ്തുതിച്ചാൽ മനോബലം കൂടും. അത് പരിശീലിക്കണം. ആവശ്യവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, സമ്മാനം, നാണയം, കാണിക്ക എന്നിവയുടെ സമര്‍പ്പണം, വഴിപാട്, സേവനം, ഫലിതംപറച്ചില്‍, ത്യാഗം, നമസ്ക്കാരം എന്നിവയെല്ലാം പൂജയാണ്. കൃപ വഴിയും ആനന്ദം അനുഭവിക്കാനാകും. സത്യബോധമൊ ആത്മബോധമൊ വിശുദ്ധി നേടിയ ആന്തരിക മനസ്സിനോട് നേരിട്ട് ചേര്‍ന്നാല്‍ അനുഭവിക്കാനാകുന്ന അനുഗ്രഹമാണ് കൃപ. കൃപാനുഗ്രഹത്തിന് അടിസ്ഥാനം പൂർവ്വജന്മസുകൃതങ്ങളാണ്. ഇഷ്ടകര്‍മ്മമായാലും അനിഷ്ടത്തോടെയുള്ള കര്‍മ്മമായാലും, പ്രതികാരകര്‍മ്മമായാലും നിഷ്കാമകര്‍മ്മമായാലും അതിന് അനുപാതികമായി തന്നെ കര്‍മ്മഫലം പിന്തുടരുന്നുണ്ട്. ഓരോ കര്‍മ്മവും ശ്രദ്ധയോടെ, മര്യാദാക്രമത്തോടെ, യുക്തിയോടെ അനുഷ്ഠിച്ച് പൂര്‍ത്തികരിക്കുമ്പോഴാണ് അനുകൂലഫലം അനുഭവിക്കാനാകുന്നത്. സ്വാതികകര്‍മ്മങ്ങള്‍, നിഷ്കാമകര്‍മ്മങ്ങള്‍ എന്നിവയുടെ ഫലമായി കൃപയെ നേരെത്തെ അനുഭവിക്കാനാകും.

ആനന്ദത്തെ അനുഭവിക്കാൻ ആരോഗ്യത്തിലും അവബോധത്തിലും ജീവിക്കണം. ആന്തരിക മനസ്സിന്‍റെ ഉണർച്ചയും വികാസവും അനുസരിച്ച് ആനന്ദതോത് കൂടും. ആനന്ദം സംഭവിച്ചാൽ പുതിയ മോഹങ്ങള്‍ രൂപപ്പെടുന്ന അവസ്ഥ ഇല്ലാതാകും. മോഹങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് സംതൃപ്തി. മോഹങ്ങള്‍ ഇരട്ടിച്ചാല്‍ ആസക്തിയാകും. സങ്കല്‍പ്പം, മോഹം, കോപം, ഭയം, ചിന്ത, ഭാവന, ലൈംഗികത എന്നിവയെ 40 ദിവസം ഉപേക്ഷിക്കാനായാൽ ആസക്തി ലഘുവാകും. സങ്കല്‍പ്പങ്ങള്‍, മോഹങ്ങള്‍ എന്നിവ നിലകൊള്ളുന്ന ബാഹ്യമനസ്സ് ഇല്ലാതായാൽ ആന്തരിക മനസ്സ് കൂടുതൽ സജീവമാകും. മോഹത്തിന്‍റെ സ്ഥൂലരൂപമാണ് പ്രാർത്ഥന. മോഹങ്ങളെ നടപ്പാക്കാന്‍ മാര്‍ഗ്ഗം കാണാതെ വരുമ്പോള്‍ ബാഹ്യമനസ്സ് സ്വീകരിക്കുന്ന ഒരു എളുപ്പമാര്‍ഗ്ഗമാണ് യാചനായിനം പ്രാര്‍ത്ഥന. 200 കൊല്ലക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആയുസ്സ് അനുവദിക്കണമേ എന്ന മോഹം വിജയിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് മരണാനന്തരമുള്ള സ്വര്‍ഗ്ഗജീവിതപ്രാപ്തിക്കായി മോഹിക്കുന്നത്. കാരുണ്യം, നിഷ്ക്കാമകർമ്മം, മഹാബലി എന്നിവയെ ശീലമാക്കിയവരെയും കര്‍മ്മഫലം നോക്കാതെ ലോകസേവ ചെയ്യുന്നവരെയും സംബന്ധിച്ച് സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള യാചനയിലും അതിന്‍റെ കൂട്ടബഹളങ്ങളിലും താല്‍പര്യമുണ്ടാകുക പ്രയാസകരമാണ്.

ആഗ്രഹങ്ങളോടും സന്തോഷത്തോടും പ്രതീക്ഷയോടും ഒപ്പം വേദന, ദുഃഖം, കുറ്റബോധം, നിരാശ എന്നിവ കൂടി അനുഭവിക്കുന്ന ജീവിയാണ് മനുഷ്യൻ. വേദനയ്ക്ക് നിദാനം അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം എന്നീ ആവരണങ്ങളിലെ അശുദ്ധിയും വൈഷമ്യങ്ങളുമാണ്. വേദന ഭൗതികമാണ്. കുറ്റബോധം ഭൗതികപ്രതിഭാസമാണ്. ഭൗതികമായതിനെ ഭൗതികം കൊണ്ട് പരിഹരിക്കാനാകും. കുറ്റബോധം കൂടുതലും നിലകൊള്ളുന്നത് വിജ്ഞാനമയകോശത്തിലാണ്. വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പാപകർമ്മ ഓര്‍മ്മങ്ങളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് നിര്‍വീര്യമാക്കുമ്പോഴും പുണ്യകര്‍മ്മ ഓര്‍മ്മകളെ ഉപാധികള്‍ ഇല്ലാതെ ത്യജിക്കുമ്പോഴും സന്തോഷം അനുഭവിക്കാനാകും. പുണ്യകർമ്മങ്ങളിലൂടെ, അതിന്‍റെ ആവർത്തനങ്ങളിലൂടെ സന്തോഷത്തെ നിലനിര്‍ത്താനാകും. ശുദ്ധി, ആരോഗ്യം, സമൃദ്ധി, ത്യാഗം എന്നീ മാര്‍ഗ്ഗേനെ അനുഭവിക്കുന്ന സുഖത്തിന് വകഭേദങ്ങളുണ്ട്‌. സമൃദ്ധിസുഖമാണ് ലക്ഷ്യമെങ്കില്‍ കര്‍മ്മങ്ങളെ ഇരട്ടിപ്പിച്ച് അര്‍ത്ഥങ്ങളെ സമ്പാദിക്കണം. കൂടുതൽ സേവനപരമായി, സാമൂഹികമായി ജീവിക്കണം. മനസ്സ് അനുഭവിച്ചുപോരുന്ന സംഘര്‍ഷപ്രയാസങ്ങള്‍ക്ക് ഒരു കാരണം വിഷയങ്ങളുടെ ബാഹുല്യമാണ്. ബാഹ്യവിഷയങ്ങളിലുളള അമിതശ്രദ്ധയിൽ നിന്ന്, അധികസങ്കല്‍പ്പങ്ങളില്‍ നിന്ന്, അനാവശ്യവിഷയങ്ങളില്‍ നിന്ന്, അത്തരം ഓര്‍മ്മകളില്‍ നിന്ന് മോചനം നേടാനായാലാണ് സന്തോഷം, സമാധാനം എന്നിവയെ അനുഭവിക്കാന്‍ സാദ്ധ്യമാകുന്നത്‌.

ആഹ്ലാദമില്ലായ്മ, ദുഃഖം എന്നിവയ്ക്ക് കാരണം അഹന്താദോഷങ്ങള്‍ മൂലമുള്ള അശുദ്ധിയും വൈഷമ്യങ്ങളുമാണ്. സാമൂഹികജീവിതത്തിലെ സംഘര്‍ഷബഹളങ്ങളെല്ലാം അഹന്താദോഷങ്ങളുടെ നേര്‍പ്രകടനങ്ങളാണ്. കഥകളിലെ നാമങ്ങള്‍ക്ക് അതിഗുണങ്ങള്‍ ചാര്‍ത്തി അതടിസ്ഥാനപ്പെടുത്തി വര്‍ത്തമാനകാലവിഷയങ്ങളെ വിധിനിര്‍ണ്ണയം നടത്താന്‍ ആവേശം ഉണരുന്നതും ഒറ്റക്കൊ സംഘം ചേര്‍ന്നൊ അയല്‍ക്കാരുടെ ആയുസ്സ് നശിപ്പിക്കാന്‍ വേണ്ട ബലം കൈവരുന്നതും അഹന്താദോഷങ്ങള്‍ മൂലമാണ്. അഹന്താബഹളങ്ങളുടെ കൂട്ടായ്മയാണ് ഉത്സവങ്ങള്‍. ഉത്സവങ്ങളും ബഹളയിനം ആഘോഷങ്ങളും അവ സൃഷ്ടിക്കുന്ന സന്തോഷവികാരങ്ങളും ഹ്രസ്വമാണ്. ആഘോഷങ്ങൾ ഒരു തരത്തില്‍ അഹന്താബലപൂജയാണ്. അഹന്താബലങ്ങളുടെ തമസ്സുര്രൂപമാണ് യുദ്ധം. യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിന്തകളും അതിനുള്ള ഒരുക്കങ്ങളും തമസ്സാണ്. സ്വാതികത എന്നത് കാരുണ്യമാണ്, നന്മയാണ്. നന്മയുടെ ഉല്‍പന്നമാണ് ആനന്ദം. ആനന്ദത്യാഗമാണ് മഹാബലി.

ആന്തരിക മനസ്സ് ആത്മബോധകലകളുമായി സന്ധിക്കുമ്പോള്‍ അനുഭവിക്കുന്ന സുഖമാണ് സദാനന്ദം. ശുദ്ധിയിലുടെയും സൗമ്യതയിലുടെയും കാര്യശരീരത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമ്പോള്‍, പ്രായശ്ചിത്വത്തിലൂടെ വിജ്ഞാനമയകോശത്തിലെ പാപകര്‍മ്മയിനം ഓര്‍മ്മകളെ ഇല്ലാതാക്കുമ്പോള്‍, ആനന്ദമയകോശത്തിലെ പുണ്യകര്‍മ്മഓര്‍മ്മകളെ ഉപാധികള്‍ ഇല്ലാതെ ത്യജിക്കുമ്പോള്‍, ആത്മബോധകലകള്‍ പരസ്പരം ചേര്‍ന്ന് വികസിച്ച് സൂക്ഷ്മയിനം ആന്തരിക മനസ്സിനോട് അടുക്കുമ്പോള്‍ ആന്തരിക മനസ്സ് അനുഭവിക്കുന്ന സുഖാവസ്ഥയാണ് ചിന്മയാനന്ദം. വ്യക്തിജീവിതത്തില്‍ ആന്തരിക മനസ്സിന് അനുഭവിക്കാനാകുന്ന ഉയര്‍ന്ന അനുഭൂതിയാണ് ചിന്മയാനന്ദം.

സൂക്ഷ്മയിനം ആന്തരിക മനസ്സും വികാസം പ്രാപിച്ച ആത്മബോധകലകളും ഭൗതികത വെടിഞ്ഞ് അഭൗതികമായ ആത്മബോധത്തോട് ചേരുമ്പോള്‍, അഭൗതിക ആത്മബോധം സ്വയം അനുഭവിക്കുന്ന അഭൗതിക അനുഭൂതിയാണ് പരമാനന്ദം. പരമാനന്ദവേളയില്‍ ഭൗതികമായ സ്ഥൂലശരീരമൊ പ്രാണശക്തി, മനസ്സ്, വിജ്ഞാനമയകോശം, ആനന്ദമയകോശം തുടങ്ങിയ സൂക്ഷ്മശരീരങ്ങളോ അഹന്താദോഷങ്ങളോ ആത്മബോധകലകളോ ഒന്നും ആത്മബോധത്തിന്‍റെ കൂടെ ഇല്ല. അഹന്താകാലത്തെ ഒഴിവാക്കി ആത്മബോധം സത്യബോധത്തില്‍ വിലയംപ്രാപിക്കുന്നതാണ് സത്യസാക്ഷാല്‍ക്കാരം.

വാർദ്ധക്യത്തിൽ എത്തിയിട്ടും സുഖത്തെയും സദാനന്ദത്തെയും അനുഭവിക്കാനാകാതെ വന്നാല്‍ ജീവിതവിഷയങ്ങളെ മാറ്റി പുതിയ വിഷയത്തിലോട്ടും കര്‍മ്മത്തിലോട്ടും പോകണം. പുതിയ അര്‍ത്ഥങ്ങളെ തേടണം. ആശയം, ഓര്‍മ്മ എന്നിവ നിലകൊള്ളുന്നത് ആന്തരിക മനസ്സിലാണ്. ബാഹ്യമനസ്സിലെ സങ്കല്‍പ്പം, മോഹം എന്നിവയെ മാറ്റിയാല്‍, പ്രതികൂലയിനം ഓര്‍മ്മകളെ നിയന്ത്രിച്ചാല്‍ മനസ്സില്‍ ഇടം കൂടികിട്ടും. വിജ്ഞാനമയകോശത്തിലെ പാപകര്‍മ്മഓര്‍മ്മകളെ പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയാല്‍ ഭൂതകാലത്തിലെ ആശയങ്ങള്‍ ഇല്ലാതാകും. കഥകളും പഴയ ആശയങ്ങളും ഇല്ലാതാകുമ്പോൾ ബാഹ്യമനസ്സിലെ വിഷയങ്ങൾ മാറും. അഹിതങ്ങളായ വിഷയങ്ങളെ തിരസ്ക്കരിക്കുകയും ഹിതങ്ങളായ വിഷയങ്ങളെ തിരഞ്ഞെടുത്ത് സ്വീകരിക്കുകയും ചെയ്യണം. വിഷയം, മനസ്സ്, ആശയം എന്നിവ പരസ്പരം ഹിതം ആകുമ്പോള്‍ സന്തോഷം ലഭിക്കും. അഹിതമായ സാഹചര്യങ്ങളും അതിലെ വിഷയങ്ങളും അഹന്താദോഷങ്ങളും അഹന്താകാലവും നിലനിന്നതുകൊണ്ടാണ് ദുഃഖവും നിരാശയും വേദനയും അനുഭവിക്കേണ്ടിവന്നത്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതുകൊണ്ടാണ്‌ സുഖത്തിനും സന്തോഷത്തിനും ആഹ്ലാദത്തിനും ആനന്ദത്തിനും അതിനപ്പുറമുള്ള ചിന്മയാനന്ദത്തിനും പ്രസക്തി വന്നത്. എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും ഒടുവില്‍ പരമാനന്ദം എന്ന ശൂന്യസാഗരത്തില്‍ അവസാനിക്കും.

ദുഃഖവും ദുരിതവും വേദനയും പതിവായാൽ അതിനെ പരിഹരിക്കേണ്ടത്, ആനന്ദസാക്ഷാല്‍ക്കാരത്തിനായി പരിശ്രമിക്കേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്. വേദന, ദുഃഖം എന്നിവയുടെ പരിഹാരം ഭൗതികമാണ്. സ്ഥൂലശരീരരോഗചികിത്സ, പ്രാണശക്തീരോഗചികിത്സ, മനോരോഗചികിത്സ എന്നിങ്ങിനെ പരിഹാരത്തെ വിഭജിക്കാനാകും. അഹന്താദോഷങ്ങള്‍ ആദ്യം ബാധിക്കുന്നത് കാമമയകോശത്തെയും ബുദ്ധിമയകോശത്തെയുമാണ്. കാര്യശരീരം, രോഗം, മരുന്ന് എന്നിവ ഭൗതികമാണ്. മനസ്സ്, ഭൗതികത കൈവന്ന ആത്മബോധകലകള്‍, അഹന്താദോഷങ്ങള്‍ എന്നിവ ഭൗതികപ്രതിഭാസങ്ങളാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയങ്ങള്‍ കൊണ്ട്, മനസ്സുകൊണ്ട് മാത്രം അനുഭവിക്കാനൊ വിശദീകരിക്കാനൊ കഴിയുന്നതാണ് പ്രതിഭാസം. കുറ്റബോധം ഒരു പ്രതിഭാസമാണ്. അതിനെ പരിഹരിക്കുവാൻ മനസ്സ് കൊണ്ടും ആത്മബോധകലകള്‍ കൊണ്ടും സാദ്ധ്യമാകും. ഔഷധങ്ങളെ സംസ്കരിച്ച് അതിന്‍റെ ഭൗതികത കുറച്ച് സൂക്ഷ്മമാക്കി പ്രയോഗിച്ചാല്‍ മനസ്സിനെയും ഭൗതികത കൈവന്ന ആത്മബോധകലകളെയും ഉത്തേജിപ്പിക്കാനാകും. കുറ്റബോധത്തെ ഇല്ലാതാക്കാനുമാകും. പ്രതിഭാസയിനം പ്രയാസങ്ങളെ പ്രതിഭാസങ്ങള്‍ കൊണ്ട് പരിഹരിക്കാനാകും. ആത്മബോധകലകളിലെ ഭൗതികത അഭിവൃദ്ധിപ്പെടുന്ന ഘട്ടമാണ് വാർദ്ധക്യം. വൃദ്ധന്‍ എന്നാല്‍ അഭിവൃദ്ധി പ്രാപിച്ചവന്‍ എന്നും അര്‍ത്ഥമുണ്ട്.

ജീവിതാഭ്യാസത്തിന്‍റെയും ജീവിതവ്യവഹാരത്തിന്‍റെയും ലക്ഷ്യം ആരോഗ്യാനുഭവവും ആനന്ദാനുഭൂതിയുമാണ്. ജീവിതത്തെ അനുഭവിക്കുന്നത് ഭൗതിക പ്രതിഭാസമായ മനസ്സാണ്. സ്വസ്ഥത എന്നത് പ്രതിഭാസമായ മനസ്സിന്‍റെ ഒരു സുഖാനുഭവവും അതിലേറെ ഒരു അനുഭൂതിയുമാണ്. മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയെ അറിഞ്ഞ്, പരിസ്ഥിതിയെയും അതിലെ വിഷയയാഥാർത്ഥ്യങ്ങളെയും അറിഞ്ഞ്, ജീവിതാവശ്യങ്ങളെയും അനാവശ്യങ്ങളെയും വേർത്തിരിച്ചറിഞ്ഞ്, ആത്മബോധകലകളുടെ വിരുദ്ധതയായ അഹന്താതത്വത്തെയും അതിന്‍റെ സന്താനങ്ങളായ അഹന്താകാലത്തെയും അഹന്താദോഷങ്ങളെയും പ്രതിരോധിച്ച്, കർമ്മങ്ങളെ അവനവന് ഹിതമായും പരോപകാരമായും പരിണമിപ്പിച്ച്, ആരോഗ്യബലം സ്വാതന്ത്ര്യത്തോടെ അനുഭവിക്കേണ്ടത്, ആനന്ദത്തെ ആസ്വദിക്കേണ്ടത്, പൂര്‍ണ്ണായുസ്സ് അനുഭവിക്കേണ്ടത് ആന്തരിക മനസ്സിന്‍റെ കൂടി കര്‍ത്തവ്യമാണ്.

ആരോഗ്യജീവിതം, ആനന്ദജീവിതം, പൂര്‍ണ്ണായുസ്സ് എന്നിവ അനുഭവിക്കുന്നതിന് സഹായകങ്ങളായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ധര്‍മ്മം. അതിനുള്ള സാഹചര്യം ഒരുക്കാന്‍ ഉതകുന്നതാണ് അര്‍ത്ഥം. ചുറ്റുമുള്ള ജീവജാലങ്ങളുടെയെല്ലാം അവകാശത്തെ മാനിക്കുന്നത് ധർമ്മനീതിയാണ്. ജീവിതത്തിന്‍റെ അടിസ്ഥാനം അർത്ഥനീതിയെക്കാൾ ധർമ്മനീതിയിൽ അധിഷ്ഠിതമാകണം. ധർമ്മം എന്നതിന്‌ ക്രമം, മര്യാദ, കര്‍ത്തവ്യം, യോഗ, ലോഗോസ് എന്നെല്ലാം അർത്ഥവ്യപ്തിയുണ്ട്. വര്‍ത്തമാനകാലജീവിതത്തിലെ കാതലായ കാര്യം മനുഷ്യൻ ദാരിദ്രത്തില്‍, ബലക്കുറവിൽ, അശുദ്ധിയിൽ, രോഗങ്ങളിൽ, ദുഃഖങ്ങളിൽ ജീവിക്കണമൊ അതോ ശുദ്ധിയിൽ, ബലത്തിൽ, ബുദ്ധിയിൽ, അവബോധത്തിൽ, സന്തോഷത്തില്‍ ആനന്ദത്തിൽ ജീവിക്കണമൊ എന്നതാണ്. വാര്‍ദ്ധക്യത്തിലെ അവബോധം എന്നത് ഉയർന്നയിനം ജീവിതപ്രേമമാണ്. രോഗങ്ങളെ പ്രതിരോധിച്ചും പിടിപെട്ട രോഗങ്ങളെ നേരെത്തെ തന്നെ പരിഹരിച്ചും ആരോഗ്യത്തെ മെച്ചപ്പെടുത്തിയും പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍ പ്രാപ്തി നേടുന്നതില്‍ വ്യക്തിയെ സഹായിക്കേണ്ടത് വൈദ്യത്തിന്‍റെ ധര്‍മ്മമാണ്. പൂര്‍വ്വകാലങ്ങളില്‍ വൈദ്യത്തിന്‍റെ ധര്‍മ്മം നിര്‍വ്വഹിച്ചുപോന്നത് മതങ്ങളായിരുന്നു. ഓരോ കാലത്തിലെയും ദേശത്തിലെയും ജനങ്ങളുടെ ബലത്തിനും ആനന്ദത്തിനും ഹിതകരമായ ആചാരങ്ങള്‍ക്കായി നിര്‍ദ്ദേശിച്ച ആശയങ്ങളുടെ സങ്കേതത്തെയാണ് മതം എന്ന് വിളിച്ചുപോന്നത്. നിലവിലുള്ള മതത്തെ പരിഷ്കരിച്ചപ്പോഴാണ് പുതിയ മതം ഉടലെടുത്തത്. അപരിഷ്കൃത ആചാരങ്ങളില്‍ കടിച്ചുതൂങ്ങാനുള്ള വാശിയും അവയെ ചുറ്റുമുള്ള മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ബഹളങ്ങളും മനസ്സിന്‍റെ വികലതയാണ്. വികലതക്ക് ആധാരം അഹന്താദോഷങ്ങളാണ്, അവിദ്യയാണ്. അവിദ്യയെ പൂര്‍ണ്ണമായി ഇല്ലായ്മചെയ്യാന്‍ കഴിയുകയില്ല.

124 വര്‍ഷത്തിലധികം ആയുസ്സ് അനുഭവിച്ചുപോരുന്നവര്‍ ആരും തന്നെ ഭൂമിയില്‍ ഇപ്പോൾ ഇല്ലാത്തതാണ്. ആ നിലയ്ക്ക് മനുഷ്യന്‍റെ ഉയർന്ന ആയുസ്സ് പൂർവ്വനിശ്ചയമാണ് എന്ന് കരുതാവുന്നതാണ്. 200 വര്‍ഷത്തോളം ആയുസ്സ് ലഭിക്കണമേ എന്ന് മനസ്സുരുകി കൂട്ടപ്രാര്‍ത്ഥന നടത്താന്‍ പോലും കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് യാചനാമനസ്സുകളുടെ നില എന്നത് ഏറെ യാഥാര്‍ത്ഥ്യമാണ്. ജീവശക്തിയടക്കമുള്ള ആത്മബോധകലകളുടെ  പ്രതിബിംബമാണ് മനസ്സ്. മനസ്സിന്‍റെ പ്രതിബിംബമാണ് പ്രാണശക്തി. ജീവശക്തി സങ്കോചിച്ചാല്‍, ആന്തരിക മനസ്സ് ക്ഷയിച്ചാല്‍ പ്രാണശക്തിയും ക്ഷയിക്കും. പൂര്‍ണ്ണായുസ്സ് കാംക്ഷിക്കുന്നവര്‍ ആന്തരിക മനസ്സിനെ അറിഞ്ഞ് സംരക്ഷിക്കണം. അതിനുതകുന്ന ആഹാരങ്ങളെയും പ്രകൃതിയിനം ഔഷധങ്ങളെയും പ്രയോജനപ്പെടുത്തണം.

പ്രകൃതിയിലെ ഘടകങ്ങളില്‍ അധികവും ഭിന്നങ്ങളാണ്. ഇരുട്ട്, വെളിച്ചം; രാത്രി, പകല്‍; കടല്‍, കര എന്നതെല്ലാം ദൃശ്യപ്രകൃതിയിലെ ദ്വന്ദങ്ങളാണ്. മനുഷ്യമസ്തിഷ്കവും ദ്വന്ദമാണ്. ഇതുമൂലം വസ്തുവിനെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നപരിഹാരത്തെക്കുറിച്ചും ഉള്ള അഭിപ്രായങ്ങള്‍ ഒരാളില്‍ തന്നെ ദ്വന്ദമാകും, ബഹുവിധവുമാകും. സൂക്ഷ്മതലത്തിലൂടെ നോക്കിയാല്‍ പ്രകൃതിയിലുള്ളതെല്ലാം ഏക പ്രാപഞ്ചികാവബോധത്തിന്‍റെ അംശങ്ങളാണ് എന്ന് ഭാവന ചെയ്യാനാകും. എല്ലാ ജീവികളിലെയും കണ്ണിന്‍റെ ആകൃതി ഏകദേശം സമാനമാണ്. കോശം, മൂലകത്തിലെ ആറ്റം എന്നിവയെ സൂക്ഷ്മതലത്തില്‍ പരിശോധിച്ചാല്‍ അതില്‍ 99% അംശവും ശൂന്യതാസമാനമായ ആകാശഭൂതമത്രേ. പ്രപഞ്ചത്തിന്‍റെ നിലനിൽപ്പ് അതിന്‍റെ ഘടകങ്ങളിലെ സൗമ്യതയുടെ അടിസ്ഥാനത്തിലാണ് എന്നും ചിലര്‍ വിശ്വസിച്ചു. പഞ്ചഭൂതങ്ങള്‍ തമ്മിലുള്ള സൗമ്യത തെറ്റിയാല്‍, പ്രകൃതിഘടകങ്ങള്‍ തമ്മിലുള്ള സൗമ്യത തെറ്റിയാല്‍ ധര്‍മ്മം, ദേശം, കാലം എന്നിവ തമ്മിലുള്ള സൗമ്യത തെറ്റും. കാര്യശരീരത്തിന്‍റെ കാര്യത്തിലാണെങ്കില്‍ സപ്തധാതുക്കള്‍ തമ്മിലുള്ള സൗമ്യത തെറ്റിയാല്‍ പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള ക്രമം തകരാറിലാകും. അഹന്താദോഷങ്ങള്‍ പ്രബലവുമാകും. നശ്വരങ്ങളായ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയെ സൗമ്യതയിൽ, ക്രമത്തിൽ നിലനിർത്തുന്നത് ധർമ്മപ്രജ്ഞയാണ്. അവനവനിലെ ധർമ്മപ്രജ്ഞയ്ക്ക് അടിസ്ഥാനം ആത്മബോധകലകളാണ്. അവനവനിലുള്ള ആത്മബോധകലകളെ ബലം, കർമ്മം, വിചാരം, വികാരം, അവബോധം, ആനന്ദം ക്രമത്തിൽ അറിയുകയും പരിഷ്കരിച്ച് അനുഭവിക്കുകയും ഒപ്പം മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവയെ ശുദ്ധിയിലും സൗമ്യതയിലും നിലനിർത്തി ആരോഗ്യത്തോടെ ആയുസ്സ് പൂര്‍ണ്ണമായി അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യലാണ് മനുഷ്യജീവിതത്തിന്‍റെ ദൗത്യം. അതിന് ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ചും സ്ഥൂലശരീരത്തെക്കുറിച്ചും പ്രാണശക്തിയെക്കുറിച്ചും മനസ്സിനെക്കുറിച്ചും ആത്മബോധകലകളെക്കുറിച്ചും കോശങ്ങളില്‍ സംഭവിക്കുന്ന സ്ഥൂലസൂക്ഷ്മ പരിണാമങ്ങളെക്കുറിച്ചും ഒപ്പം കാര്യശരീരത്തിന്‍റെ ശുദ്ധിക്കും സൗമ്യതയ്ക്കും സഹായിക്കുന്ന ആഹാരങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെക്കുറിച്ചും അറിയണം. സ്ഥൂലശരീരകർമ്മങ്ങളെ സൗമ്യമാക്കാനായാല്‍, അവയവധർമ്മങ്ങളെ സാവധാനമാക്കാനായാൽ, കോശങ്ങളെയും സാരാംഗ്നികളെയും സംരക്ഷിക്കാനായാൽ, സ്ഥൂലശരീരത്തിലെ ക്ഷതങ്ങളെ പ്രതിരോധിക്കാനായാൽ, പ്രായശ്ചിത്തം അനുഷ്ഠിക്കാനായാല്‍, ദോഷകാലത്തെ പ്രതിരോധിക്കനായാല്‍, അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാനായാല്‍ പൂര്‍ണ്ണായുസ്സ് അനുഭവിക്കാനാകുമെന്ന് ചിലര്‍ ദൃഢമായി വിശ്വസിച്ചു.

പൂര്‍ണ്ണായുസ്സിന് അടിസ്ഥാനം ആരോഗ്യമാണ്. ആഹാരം, ശുദ്ധി, അദ്ധ്വാനം, വിശ്രമം എന്നിവയാണ് ആരോഗ്യത്തിന്‍റെ നാല് പാദങ്ങൾ. ബലം നൽകുന്നതെല്ലാം ആഹാരത്തിൽ ഉൾപ്പെടും. ഓരോ തവണ സ്വീകരിക്കുന്ന ആഹാരങ്ങളും ദിനരാത്രങ്ങള്‍, ഋതുക്കള്‍, അയനം എന്നിവയ്ക്ക് അനുസരിച്ച് അനുഷ്ഠിക്കുന്ന ഓരോ ചര്യകളും കാലപ്രകൃതിക്ക് എന്നത് കൂടാതെ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ പ്രായഭേദങ്ങൾക്ക് അനുസരിച്ചും ദേഹപ്രകൃതിക്കനുസരിച്ചും ലിംഗസ്വഭാവങ്ങൾക്ക് അനുസരിച്ചും ഹിതമാണെന്ന് ഉറപ്പാക്കണം. ആഹാരകാര്യത്തില്‍ ശുദ്ധി പ്രത്യേകം പുലർത്തണം. Asclepius എന്നാല്‍, Cure എന്നാൽ ശുദ്ധി എന്നാണർത്ഥം. ശുദ്ധി എന്നത് വായുശുദ്ധി, ദന്തശുദ്ധി, ചര്‍മ്മശുദ്ധി, ത്വക്കുശുദ്ധി; സപ്തധാതുക്കള്‍, പ്രാണശക്തി, മനസ്സ് എന്നിവയിലെ ശുദ്ധി ഉള്‍പ്പെടെ കാര്യശരീരത്തില്‍ ആകെയുള്ള ശുദ്ധിയാണ്‌. തൊഴിലിലും സാമുഹിക ഇടപെടലുകളിലും വ്യവഹാരങ്ങളിലും സത്യസന്ധത പുലര്‍ത്തി സന്തോഷവാനായിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. യാഥാര്‍ത്ഥ്യബോധത്തിലും സത്യസന്ധതയിലും ഉള്ള ജാഗ്രതയാണ് അവബോധം. വൈകൃതസങ്കല്‍പ്പങ്ങളും അത്യാഗ്രഹങ്ങളും ചൂഷണചിന്തകളും കാപട്യഭാവങ്ങളും കോപ്രാട്ടി ആചാരങ്ങളുടെ ആവര്‍ത്തനങ്ങളും വിട്ട്, മനോശുദ്ധിയും പ്രാണശുദ്ധിയും ദേഹശുദ്ധിയും വരുത്തി ദേഹപ്രകൃതിക്കനുസരിച്ചുള്ള അന്നം സ്വീകരിച്ച്, അശുദ്ധശ്വാസത്തെ സാവധാനത്തിലും ദീർഘിച്ചും പുറത്തുവിട്ട്, സല്‍ക്കര്‍മ്മങ്ങളെ അനുഷ്ഠിച്ച്, അവബോധത്തെ സ്വായത്തമാക്കി, സാരാംഗ്നികളുടെ വിനിമയത്തെ മിതമാക്കാനും ദോഷബലങ്ങളെ നിര്‍വീര്യമാക്കാനും ഉതകുന്ന ദ്രവ്യങ്ങളെയും ഊർജ്ജത്തെയും പ്രയോജനപ്പെടുത്തി പ്രാണശക്തിയെ വര്‍ദ്ധിപ്പിച്ച്, ആത്മബോധകലകളെ വികസിപ്പിച്ച് ആരോഗ്യാവസ്ഥയിൽ ജീവിക്കാനായാൽ സുഖം, ആനന്ദം എന്നിവയെ ദീർഘനാൾ അനുഭവിക്കാനാകും.

ഭയം, ദുഃഖം, ക്ഷീണം, വേദന തുടങ്ങിയ പ്രയാസങ്ങളുടെ മുഖ്യഹേതു പ്രാണശക്തിയെ ബാധിച്ച അഹന്താദോഷങ്ങളാണ്. പ്രതികൂലങ്ങളായ ആശയങ്ങളെയും ഊർജ്ജവിശേഷങ്ങളെയും വിഷയങ്ങളെയുമാണ് അഹന്താതത്വം എന്ന് വിളിക്കുന്നത്. ആർത്തിയെ പോഷിപ്പിക്കുന്ന, ബുദ്ധിയെയും യുക്തിയെയും നിയന്ത്രിക്കുന്ന, എളുപ്പം തിരിച്ചറിയാൻ കഴിയാത്ത ശക്തിവിശേഷമാണ് അഹന്താതത്വം. അത് ആത്മബോധകലകളുടെയും അവബോധത്തിന്‍റെയും വിരുദ്ധതയാണ്. ബാഹ്യമനസ്സിന്‍റെ മിത്രവുമാണ്. നിജരോഗങ്ങൾക്ക് അടിസ്ഥാനം അഹന്താതത്വത്തിന്‍റെ സന്തതികളായ അഹന്താദോഷ ഊർജ്ജങ്ങളാണ്. ജനിതകയിനം രോഗപ്രയാസങ്ങളായാലും സാഹചര്യം, സംസ്കാരം എന്നിവ  സൃഷ്‌ടിച്ച രോഗപ്രയാസങ്ങളായാലും അതിന്‍റെ വര്‍ദ്ധനവിന് പ്രേരകമാകുന്നത് ബാഹ്യമനസ്സ് സംഘടിപ്പിച്ച സങ്കൽപ്പങ്ങളാണ്. ബാഹ്യമനസ്സിന്‍റെ സങ്കൽപ്പങ്ങൾക്ക് അടിസ്ഥാനം അഹന്താദോഷ ഊർജ്ജങ്ങളാണ്. വാർദ്ധക്യത്തിൽ എത്തിയാൽ പൂർവ്വജന്മയിനം, മാതായിനം, പിതായിനം, ആർജിതയിനം, പരിണാമയിനം എന്നിങ്ങിനെ അഞ്ചിനം അഹന്താതത്വം മൂലമുള്ള ദോഷരോഗങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. അകത്തെ അഹന്താദോഷങ്ങളെ ദൂരീകരിക്കുന്നതിനോടൊപ്പം പുറത്തുള്ള അഹന്താദോഷങ്ങളെ അവഗണിക്കുകയും പ്രതിരോധിക്കുകയും ചെയ്യണം. ബാഹ്യമനസ്സില്‍ അനാവശ്യമായെത്തുന്ന സങ്കൽപ്പങ്ങളെ നിയന്ത്രിക്കണം. വികലസങ്കല്‍പ്പങ്ങളെ പടച്ചുവിടുന്ന ബാഹ്യകേന്ദ്രങ്ങളെയും അതിന്‍റെ ആക്രമണങ്ങളെയും തിരിച്ചറിഞ്ഞ് ഒഴിവാക്കണം.

മനുഷ്യൻ അനുഭവിച്ചുപോരുന്ന ദൈനംദിന ദുഃഖങ്ങളുടെ കാരണങ്ങളില്‍ ഒന്ന് ജന്മസഹജമായുള്ള ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനുള്ള നിവൃത്തിയില്ലായ്മയാണ്. നിവൃത്തിക്ക് അന്തിമപരിഹാരം ആത്മബോധകലകളെ ആശ്രയിക്കലാണ്. ദൈനംദിന ദുഃഖങ്ങൾക്ക് മറ്റൊരു കാരണം ആസക്തിയാണ്. മനസ്സ് എന്നത് ഇല്ലാത്ത ഒന്നാണെങ്കിൽ; ഇല്ലാത്ത മനസ്സ് സൃഷ്‌ടിച്ച, ഇല്ലാത്ത അഹന്താദോഷങ്ങള്‍ സൃഷ്ടിച്ച വെറും തോന്നലുകളാണ് ദുഃഖമെങ്കില്‍ ദുഃഖത്തിന് ഒട്ടുംതന്നെ പ്രസക്തി ഇല്ലാത്തതാണ്. പ്രസക്തി ഉള്ളത് സ്ഥൂലശരീരത്തിനും ഒപ്പമുള്ള പ്രാണശക്തിക്കുമാണ്. പ്രാണശക്തി എന്നത് ഇല്ലാത്ത ഒന്നാണെങ്കില്‍ പിന്നെ പ്രസക്തിയുള്ളത് സ്ഥൂലശരീരത്തിന് മാത്രമാണ്. അനുഭവങ്ങളും ചലനങ്ങളും ഇല്ലാത്ത സ്ഥൂലശരീരമാണ് ജഡം. ജഡത്തിന്‍റെ കാര്യങ്ങളില്‍ മാത്രം താല്‍പര്യം വെച്ചുപുലര്‍ത്തിയാല്‍, അവിദ്യയില്‍ ശരണം തേടിയാല്‍ വേഗം ജഡത്തില്‍ എത്തിച്ചേരും.

മനുഷ്യൻ അനുഭവിച്ചുപോരുന്ന വേദനകളുടെ മുഖ്യകാരണം ഇന്നലെത്തെയും ഇന്നത്തെയും പാപകര്‍മ്മങ്ങള്‍ മൂലം വിജ്ഞാനമയകോശത്തില്‍ വന്ന ഋണവും നിഷേധാത്മകവുമായ മാറ്റങ്ങളാണ്. അതുമൂലം കാര്യശരീരത്തില്‍ രൂപപ്പെട്ട വൈഷമ്യങ്ങളാണ്. ഇത്തരം വൈഷമ്യങ്ങളില്‍ അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചതാണ് ദുരിതങ്ങള്‍ വ്യാപകമാകാനും അകാലത്തില്‍ വാർദ്ധക്യം സംഭവിക്കാനും ഇടയാക്കിയത്.

കാര്യശരീരത്തെ സൗമ്യതയില്‍ നിലനിര്‍ത്തുന്ന ധര്‍മ്മനിയമങ്ങൾ ഏതെല്ലാമാണ് എന്നറിഞ്ഞ് അവയെ അനുസരിക്കണം. സ്ഥൂലശരീരത്തിലെ ശുദ്ധി, പോഷണം, സപ്തധാതുക്കളിലെ ക്രമസന്തുലനം എന്നിവയോടൊപ്പം പ്രാണശക്തിയുടെ പോഷണം, ധാതുബലങ്ങളിലെ സൗമ്യത, ഊര്‍ജ്ജമര്‍മ്മങ്ങളിലെ ശുദ്ധി, മര്‍മ്മചാലുകളുടെ സന്തുലനം എന്നിവയെയും സംഘടിപ്പിച്ച് നിലനിര്‍ത്തണം.

പ്രകൃതിയിലെ നിയമങ്ങൾ, പ്രതിഭാസങ്ങൾ, ഊര്‍ജ്ജങ്ങള്‍, പദാർത്ഥങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള അറിവുകളെ ജനിതകമായി കിട്ടിയത്, ആർജിതമായത് എന്നിങ്ങിനെ തരംതിരിക്കാനാകും. കാര്യശരീരത്തെക്കുറിച്ചും ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രശ്നപരിഹാരങ്ങളെക്കുറിച്ചും ബന്ധപ്പെട്ട് സംഘടിപ്പിച്ച സുക്ഷ്മ അറിവുകളാണ് ജ്ഞാനം. സാഹചര്യവിഷയങ്ങള്‍, ഭൗതികദ്രവ്യങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശേഷാല്‍ധാരണയാണ് വിജ്ഞാനം. ജ്ഞാനവും വിജ്ഞാനവും വിത്യസ്ത സംഗതികളാണ്. ഭൗതികങ്ങളായ വിജ്ഞാനം സമ്പാദിച്ചതുകൊണ്ടൊ അവയെ വിശേഷാല്‍ബുദ്ധികൊണ്ട് താരതമ്യം ചെയ്ത് തരംത്തിരിച്ചതുകൊണ്ടൊ ജീവിതത്തിൽ സംതൃപ്തി കിട്ടണമെന്നില്ല. മനസ്സിനെയും പ്രാണശക്തിയെയും ദേഹപ്രകൃതിയിലെ സൂക്ഷ്മയിനം യാഥാർത്ഥ്യങ്ങളെയും തിരിച്ചറിയുമ്പോൾ, പ്രകൃതിനിയമങ്ങളെ അറിഞ്ഞ് അനുസരിക്കുമ്പോൾ, ശുദ്ധിയെയും ബലത്തെയും അവലംബിച്ച് അഹന്താദോഷങ്ങളെ അതിജീവിക്കുമ്പോൾ, ആത്മബോധകലകളെ വികസിപ്പിക്കുമ്പോള്‍, കര്‍മ്മഫല അർത്ഥങ്ങളെ ഉപാധികളില്ലാതെ ത്യജിക്കുമ്പോൾ, അനിശ്ചിതത്വത്തെ അംഗീകരിക്കുമ്പോൾ, ആത്മബോധകലകളെ സംയോജിപ്പിക്കുമ്പോള്‍ ആത്മബോധത്തിലോട്ടുള്ള മാർഗ്ഗത്തിൽ എത്തുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്, സംതൃപ്തിയാണ്, അനുഭൂതിയാണ് ചിന്മയാനന്ദം (Bliss). അതിനെ ലക്ഷ്യംവെയ്ക്കണം. സ്വയം സാദ്ധ്യമാക്കേണ്ട സംഗതിയാണ് ആനന്ദജീവിതം.

ജ്ഞാനം, അവബോധം, ശ്രമം, സാധന, ക്രമബന്ധം, അദ്ധ്വാനം, കര്‍മ്മതപസ്സ്, ക്ഷമ, നന്മ, കരുണ, സമര്‍പ്പണം എന്നിവയുടെയെല്ലാം സംയോഗം യൗവനത്തെ പോഷിപ്പിക്കും, രോഗങ്ങളെ പരിഹരിക്കും, വാര്‍ദ്ധക്യത്തെ പ്രതിരോധിക്കും; ജീവിതത്തെ സന്തോഷത്തിൽ, അനുഭൂതിയിൽ, സിദ്ധിയിൽ, ആനന്ദപ്രാപ്തിയിൽ എത്തിക്കും. ഇതിന് ഉതകംവിധത്തില്‍ ആത്മബോധകലകളായ ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി എന്നിവയെ നേരെത്തെ തന്നെ ആശ്രയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് അർത്ഥങ്ങളെ സമ്പാദിച്ച് അതിനെ വിനിയോഗിക്കണം.

ദീര്‍ഘായുസ്സുള്ള കോശങ്ങള്‍, ആന്തരിക മനസ്സ്, ആത്മബോധകലകള്‍ എന്നിവയെപ്പറ്റി അറിയാനാകുന്നത് മുഖ്യമായും നാഡീവ്യൂഹത്തിന്‍റെ ധര്‍മ്മങ്ങളിലൂടെയാണ്. അനേകലക്ഷം പരിണാമങ്ങളിലൂടെ കടന്നുപോന്ന ഒന്നാണ് ആത്മബോധത്തിന്‍റെ ഇപ്പോഴത്തെ ആവരണങ്ങള്‍. വാഹനവും ആവരണവുമായ കാര്യശരീരത്തിന് വിവിധ തലങ്ങളും സൂക്ഷ്മങ്ങളും വ്യാപനങ്ങളും ഉണ്ട്. നാഡിവ്യൂഹം ഇല്ലെങ്കില്‍, ഉന്നത മസ്തിഷ്കകേന്ദ്രങ്ങളും ഇടത്, വലത് മസ്തിഷ്കപ്രവർത്തനങ്ങളും സുഷ്മുനയും അതിന്‍റെ ഏകോപനം ഇല്ലെങ്കിൽ സ്വാതികമനസ്സും അവബോധവും അതിന്‍റെ ശേഷികളും ഇല്ല. അഹങ്കാരമനസ്സുകളും അതിന്‍റെ ദ്രോഹാനുഭവങ്ങളും ഇല്ല. സങ്കല്‍പ്പങ്ങള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍, ഓർമ്മ, ബുദ്ധി, ഭാവന, വിവേകം, അവബോധം എന്നിവയുടെയെല്ലാം സങ്കേതമായ മനസ്സ് നാഡീവ്യൂഹത്തിന്‍റെ ധർമ്മ ഉൽപന്നമാണ്. സങ്കല്‍പ്പം, അന്വേഷണം, ഇന്ദ്രിയവിശകലനം, അനുമാനം, ധാരണ, വിശ്വാസം, ബുദ്ധി, യുക്തി, നിഗമനം, അറിവ്, ഓർമ്മ, വികാരം, വിചാരം, വിവേകം, ക്ഷമ എന്നിവയെല്ലാം മനസ്സിന്‍റെ ശേഷികളാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരിയം എന്നിവ ഇതിന്‍റെ ഭാവങ്ങളും തമസ്സ്, രജസ്സ്, സ്വാതികം എന്നിവ ഗുണങ്ങളുമാണ്. ആഗ്രഹമനസ്സിന്‍റെയും യുക്തിമനസ്സിന്‍റെയും കർമ്മമനസ്സിന്‍റെയും സ്നേഹമനസ്സിന്‍റെയും ഉയർച്ചയുടെ അനുഭവതലമാണ് ഉയർന്ന അവബോധം അഥവാ തുരിയം. ഉയർന്ന അവബോധത്തിന്‍റെ ഉറവിടം അവനിലെ ആത്മബോധമാണ്. പ്രകൃത്യാതീതമായ സത്യബോധത്തിന്‍റെ അംശമായിരുന്നു മനുഷ്യനിലെ ആത്മബോധം എന്നാണ് സങ്കല്‍പ്പം. സത്യബോധം സംബന്ധിച്ച വിവരങ്ങള്‍ സങ്കോചാവസ്ഥയിലുള്ള, ഭൗതികതാധിക്യമുള്ള ആത്മബോധകലകള്‍ക്ക് ഇപ്പോള്‍ അജ്ഞാതമാണ്. ആത്മബോധകലകളോട്‌ ചേര്‍ന്ന ആന്തരിക മനസ്സിന്‍റെ ഭാവമാണ് അവബോധം. കൂടിയ അവബോധം ഉള്ളവരും കുറഞ്ഞ അവബോധം ഉള്ളവരും അവബോധം തീരെ ഇല്ലാത്തവരും ഉണ്ട്. വാര്‍ദ്ധക്യഘട്ടത്തില്‍  സാഹചര്യത്തിനോട്‌ അനുകൂലയിനം സമചിത്തത കാണുന്നവരും പ്രതികൂലയിനം സമചിത്തത കാണുന്നവരും ഉണ്ട്. ഏത് ഇനത്തിലുള്ള അവബോധമായാലും അതിൽ ഒന്നിലും തിന്മ, ഹിംസ, ദ്രോഹം, പാപം എന്നിവയ്ക്ക് സ്ഥാനമില്ലാത്തതാണ്.

വിശ്വപ്രകൃതി അനന്തമാണ്. വിശ്വപ്രകൃതിയിലെ ദ്രവ്യങ്ങൾ, ഊർജ്ജങ്ങൾ എന്നിവയുടെ കാര്യങ്ങളും അനന്തമാണ്. വിശ്വപ്രകൃതിയെ സംബന്ധിച്ച കാര്യങ്ങളുടെ 99.9 ശതമാനം സംഗതികളും മസ്തിഷ്കകോശങ്ങൾക്ക് അജ്ഞാതമാണ്. ദൃശ്യപ്രകൃതി സംബന്ധമായി മനുഷ്യൻ ഇതുവരെ സംഘടിപ്പിച്ച വിവരങ്ങളിൽ അധികവും സങ്കൽപ്പപരമാണ്. ഭൗതികപ്രകൃതി സംബന്ധിച്ച കാര്യങ്ങളിലധികവും സങ്കൽപ്പപരമെങ്കിൽ, മായ എങ്കിൽ, നിഗൂഢമെങ്കിൽ, അജ്ഞാതമെങ്കില്‍ പ്രപഞ്ചാതീതമായ സംഗതികളുടെ കാര്യങ്ങൾ, പഞ്ചഭൂതയിതര അഭൗതിക കാര്യങ്ങൾ, സങ്കല്‍പ്പത്തിനും ഭാവനയ്ക്കും അതീതമായ ഊർജ്ജ പ്രതിഭാസങ്ങളുടെ കാര്യങ്ങൾ എന്നിവ അതിലും എത്രയൊ അജ്ഞാതമായിരിക്കും. തികച്ചും സൂക്ഷ്മമൊ അജ്ഞാതമൊ ആയ കാര്യങ്ങളുടെ പേരിൽ ബോധനം നടത്തുകയും കലഹങ്ങൾ സൃഷ്ടിക്കുകയും ജീവഹത്യ ചെയ്യുകയും മറ്റും ചെയ്യുന്ന ജീവിയത്രേ മനുഷ്യൻ. ഇത് മസ്തിഷ്കകോശങ്ങളില്‍ നിലകൊള്ളുന്ന അഹന്താദോഷങ്ങളുടെ ഒരു വികൃതിയാണ് എന്ന് കരുതുന്നവരും ഉണ്ട്. ഇത്തരം വികൃതികളുള്ളവരുടെ എണ്ണം, അതുമൂലമുള്ള ജീവിതപ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്ന സഹോദരങ്ങളുടെ എണ്ണം, സഹജീവികളുടെ എണ്ണം കാലം പുരോഗമിക്കുന്തോറും ദേശ, ഭാഷാ വിത്യാസമില്ലാതെ തന്നെ കൂടിക്കൂടിവരുന്നു എന്നത് ഖേദകരമായ ഒരു സംഗതിയാണ്.

കോശങ്ങളിലും അവയവങ്ങളിലും സംഭവിക്കുന്ന തകരാറുകളെ സ്വയം പരിഹരിക്കാനുള്ള ഒരു ശേഷി എല്ലാം ജീവജാലങ്ങള്‍ക്കും എന്നപോലെ മനുഷ്യനുമുണ്ട്. ഈ ശേഷി സ്വഭാവികമായി തന്നെ കുറയുന്ന ഘട്ടമാണ് വാര്‍ദ്ധക്യം. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യതയും ദൃശ്യപ്രകൃതി, കാര്യശരീരം എന്നിവ തമ്മിലുള്ള സന്തുലനവും മറ്റും അയന, ഋതു, പക്ഷ, ദിന കാലങ്ങളുടെ ഭേദങ്ങൾക്ക് അനുസരിച്ച് വിത്യാസമാകും. ഇതുമൂലം കുറെയിനം ആരോഗ്യവൈഷമ്യങ്ങള്‍ സ്വാഭാവികമായി തന്നെ ആവിർഭവിക്കും. അതിനെ തിരിച്ചറിഞ്ഞ് മനോചര്യ, ദേഹചര്യ; ദിനചര്യ, ഋതുചര്യ എന്നിവയെ സമ്യക്ക് ആക്കല്‍ വ്യക്തിയുടെ ധര്‍മ്മമാണ്.

സാധാരണനിലയില്‍ കോശങ്ങള്‍ക്ക് 50 മുതല്‍ 70 തവണ വരെ വിഭജിച്ച്‌ പുനരുജ്ജീവിക്കാനാകും. ഏകദേശം 300 കോടിയിലധികം തവണ വരെയുള്ള ഹൃദയമിടിപ്പിനും 100 കോടിയിലധികം തവണ വരെയുള്ള ശ്വസനത്തിനും ഉള്ള ശേഷി മനുഷ്യന് ജന്മസഹജമായി തന്നെയുണ്ട്. ഇത്തരം ശേഷി അകാലത്തിൽ കുറഞ്ഞാല്‍ ആയുസ്സുദൈർഘ്യം കുറയും. അകാലമരണത്തിന് ഇടവരുത്തുന്ന കാരണങ്ങളിൽ മുഖ്യം ഇപ്പോൾ ഹൃദ്രോഗം, മസ്‌തിഷ്കാഘാതം, അതിരക്തസമ്മർദ്ദം, കരൾവീക്കം, പ്രമേഹം, വൃക്കസ്തംഭനം, ശ്വാസകോശക്ഷയം തുടങ്ങിയ രോഗങ്ങളായിട്ടുണ്ട്. ഇവ മിക്കതും ജീവിതസമ്പ്രദായത്തിലെ തകരാറുകള്‍ കൊണ്ടൊ ആരോഗ്യകാഴ്ചപ്പാടിലെ വികലത കൊണ്ടൊ ആരംഭിക്കുന്നവയത്രേ.

സ്ഥൂലശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, മനസ്സ് എന്നിവ ഓരോന്നിനും കര്‍മ്മമുണ്ട്‌. ഓരോന്നിലും അശുദ്ധിയുണ്ട്. കര്‍മ്മങ്ങള്‍ക്ക് ആധാരം കാമമോഹങ്ങളാണ്. കര്‍മ്മഫലം സുഖദുഃഖങ്ങളാണ്. ഒരുവനിലെ കാമം, മോഹം, വിഷയാസക്തി എന്നിവ സ്വകര്‍മ്മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ അപരന്‍റെ കാമമോഹങ്ങളും അതിന്‍റെ ഉത്പന്നമായ കര്‍മ്മങ്ങളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കാമങ്ങള്‍ ബഹുവിധമാകുമ്പോള്‍, കര്‍മ്മങ്ങള്‍ വിപരീതങ്ങളും വൈരുദ്ധ്യങ്ങളും ആകുമ്പോള്‍, അതില്‍ ശുദ്ധിയും ക്രമവും മര്യാദയും ധര്‍മ്മവും ഇല്ലാതെ വരുമ്പോള്‍ അത് സംഘട്ടനങ്ങളില്‍, ദുഃഖങ്ങളില്‍, നാശത്തില്‍ പര്യവസാനിക്കും. ചുറ്റുമുള്ളവരുടെ താല്‍പര്യങ്ങളുടെയും അവരുടെ തന്ത്രങ്ങളുടെയും ഇരയാണ് സാധാരണ മനുഷ്യന്‍റെ വര്‍ത്തമാനകാലജീവിതം.

മനുഷ്യര്‍ ഓരോരുത്തരും നിര്‍ബ്ബന്ധമായും പാലിക്കേണ്ട മര്യാദാനിയമങ്ങളാണ്‌ ധര്‍മ്മം. അതിമോഹം, അന്ധവിശ്വാസം, സ്വാർത്ഥത എന്നിവയുടെ അടിസ്ഥാനത്തില്‍, അഹന്താകാല അനുഗ്രഹത്തില്‍ രൂപംകൊണ്ട മാമൂല്‍ അനുഷ്ഠാനക്രമങ്ങളല്ല മറിച്ച് ആരോഗ്യത്തിനും സുഖത്തിനും സന്തോഷത്തിനും സ്വാതന്ത്രത്തിനും നന്മയ്ക്കും സമത്വത്തിനും എല്ലാം പ്രേരകമാകുന്ന വിവേകനിബന്ധനകളാണ് ധർമ്മം. വ്യക്തിഗത ആരോഗ്യത്തിന്‍റെ മാത്രമല്ല സാമുഹ്യാരോഗ്യത്തിന്‍റെ അടിസ്ഥാനവും വിവേകയിനം ധർമ്മമാണ്. ശുദ്ധി, ദാനം, ക്രമം, കര്‍ത്തവ്യം, കടമ, പ്രവൃത്തി, നിവൃത്തി, ചേര്‍ച്ച, സംയോഗ, വിനയം, വ്രതം, സഹനം, മൗനം, തപസ്സ്, ക്ഷമ, ത്യാഗം, നന്മ, കാരുണ്യം, സ്നേഹം, സമര്‍പ്പണം തുടങ്ങിയവയും ആത്മബോധകലകളുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ കര്‍മ്മങ്ങളും എല്ലാം ധർമ്മത്തില്‍ ഉൾപ്പെടും. ധര്‍മ്മഗുണങ്ങള്‍ ജന്മസഹജമായി കിട്ടിയിട്ടില്ലെങ്കില്‍ വിശ്വപ്രകൃതിയിൽ നിന്ന് പഠിക്കണം. അഹന്താതത്വങ്ങളില്‍ നിന്ന് പഠിക്കരുത്. ധര്‍മ്മം, സംഘം, സത്യം എന്നിവയുടെ ഉല്‍പന്നമാണ് ആനന്ദാനുഭവം.

അധര്‍മ്മത്തിന്, മര്യാദക്കേടിന്, പാപകര്‍മ്മങ്ങള്‍ക്ക്, പ്രജ്ഞാപരാധത്തിന്, ആത്മബോധകലാവിരുദ്ധതയ്ക്ക് എല്ലാം നിദാനം അഹന്താദോഷങ്ങള്‍ മൂലം രൂപംകൊണ്ട ബുദ്ധിവൈകൃതങ്ങളാണ്. ആന്തരിക മനസ്സും ബാഹ്യമനസ്സും തമ്മില്‍, മനസ്സും മനസ്സുകളും തമ്മില്‍, മനസ്സും അഹന്താതത്വ പരിസ്ഥിതിയും തമ്മില്‍ എങ്ങിനെയൊക്കെ പെരുമാറണമെന്നുള്ള സന്മാര്‍‍ഗ്ഗനിയമങ്ങളുടെ ലംഘനം തന്നെയാണ് ആരോഗ്യവൈഷമ്യങ്ങള്‍ക്കും ദുഃഖപ്രശ്നങ്ങള്‍ക്കും രോഗപ്രയാസങ്ങള്‍ക്കും ദുരിതങ്ങൾ‍ക്കും വഴിയൊരുക്കുന്നത്. ധര്‍മ്മലംഘനത്തിന് കാരണമായ കാമമോഹങ്ങളുടെ അടിസ്ഥാനവും അഹന്താദോഷങ്ങളാണ്. അഹന്താതത്വം, അഹന്താകാലം, അഹന്താദോഷങ്ങൾ, ഇവയുടെ ഉല്‍പന്നമെന്നോണമുള്ള പൂര്‍വ്വജന്മ പാപകര്‍മ്മഫലങ്ങള്‍, വൈകൃത സാഹചര്യങ്ങൾ എന്നിവയെല്ലാമാണ് മനോമലങ്ങളുടെ വര്‍ദ്ധനവിനും അധര്‍മ്മങ്ങള്‍ക്കും കൃതിമയിനം ദോഷങ്ങളുടെ ആവിര്‍ഭാവത്തിനും എല്ലാം നിദാനമാകുന്നത്. ഇവയുടെ ബന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രഥമമായത് ശുദ്ധിയാണ്‌. മറ്റൊന്ന് കാമമോഹങ്ങളുടെ നിയന്ത്രണമാണ്. മോഹനിയന്ത്രണവും പുണ്യകര്‍മ്മഫലത്യാഗങ്ങളും മറ്റും പരാജയപ്പെട്ടാല്‍ ശുദ്ധിമാര്‍ഗ്ഗങ്ങളെയും മോക്ഷമാര്‍ഗ്ഗങ്ങളെയും പരിഷ്കരിക്കണം. ജീവിതത്തില്‍ അഭിമുഖീകരിച്ചുപോരുന്ന യുക്തിയാംശം ഇല്ലാത്ത പൂർവ്വയിനം ആശയങ്ങളോട്, കാല്‍പനികചരിത്രങ്ങളോട്, ബോധനാകാപട്യങ്ങളോട്, ദേശനാട്യങ്ങളോട്, സ്വാര്‍ത്ഥസമാജശാസനകളോട്, അയല്‍ക്കാരന്‍റെ അട്ടഹാസജല്‍പനങ്ങളോട്, പരദൂഷണകോലാഹലങ്ങളോട്, വിഷലിപ്തരചനകളോട്, കലാകോപ്രായങ്ങളോട്, അരോചകയിനം ആട്ടങ്ങളോട് ഇവയെല്ലാം ഉള്‍പ്പെട്ട അഹന്താതത്വപരിസ്ഥിതിയോട്, അതിലെ ചൂഷണതന്ത്രവ്യവസ്ഥിതികളോട് എല്ലാം ഒരു നിസംഗത പുലര്‍ത്തണം. സഹിഷ്ണുതയും നിസംഗതയും അശ്രദ്ധയും ക്ഷമയും മൗനവും സമചിത്തതയും ബലിയും മോക്ഷമാർഗ്ഗം തന്നെയാണ് എന്നും ചിലര്‍ വിശ്വസിച്ചു.

കാമം, മോഹം, ഇന്ദ്രിയപ്രിയങ്ങളായ വിഷയങ്ങള്‍, വസ്തുക്കള്‍ എന്നിവയെ കുറിച്ചും ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും സംഭവഗതികളെ കുറിച്ചും ധർമ്മത്തെ കുറിച്ചും പുണ്യപാപങ്ങളെ കുറിച്ചും കുറഞ്ഞ കാലത്തിനുള്ളില്‍ ഒരു തിരിച്ചറിവ് നേടണം. ആവശ്യമില്ലാത്ത വിഷയങ്ങളെയും ഓര്‍മ്മകളെയും ധൈര്യപൂര്‍വ്വം ഒഴിവാക്കണം. കാലം എന്നത് പ്രകൃതിയെ സംബന്ധിച്ചുള്ള മനസ്സിന്‍റെ ഒരു വിഭജനം മാത്രമാണ്. അയനം, മാസം, പക്ഷം, ആഴ്ച, മണിക്കൂര്‍ എന്നിവയൊന്നും ഇല്ലായെന്നും ഉണ്ടെങ്കിൽ അത് ഋതുക്കൾ മാത്രമാണ്, ദിനരാത്രങ്ങൾ മാത്രമാണ് എന്നും കണക്കാക്കി കര്‍മ്മങ്ങളെ ക്രമീകരിക്കുവാന്‍ മനസ്സിനെ സജ്ജമാക്കണമെന്നും ഓരോ വസന്തവും ഓരോ പ്രഭാതവും അതിലെ വായുക്കളും എത്തുന്നത് തനിക്കുള്ള നന്മയും സ്വസ്ഥതയും സന്തോഷവും ശാന്തിയും കൊണ്ടാണ് എന്ന് കരുതി അവയെ വരവേൽക്കണമെന്നും ചിലർ നിര്‍ദ്ദേശിച്ചു.

ഉറക്കത്തില്‍ ബാഹ്യമനസ്സില്ല. കാലാനുഭവ സബോധവും ഇല്ല. മനസ്സ് ഇല്ലാത്ത, കാലബോധം ഇല്ലാത്ത ഉറക്കവേളകള്‍ സ്വസ്ഥതയെ പ്രദാനം ചെയ്യുന്നുണ്ട് എന്നത് അനുഭവബോദ്ധ്യമാണ്. അത്തരം സുഖാനുഭവത്തിന് വ്യക്തിക്ക് വെളിയിലുള്ള അഹന്താകാലബോധം സാക്ഷിയാകുന്നുമില്ല. വ്യക്തിക്ക് വെളിയിലുള്ള കാലബോധങ്ങളും വ്യക്തിയിലെ കാലാനുഭവബോധവും തമ്മില്‍ നേരിട്ട് ബന്ധമൊന്നും ഇല്ല. വ്യക്തിക്ക് വെളിയിലുള്ള കാലം അഹന്താതത്വത്തിന്‍റെ അംശമാണ്. ഒരുവനിലുളള ജീവശക്തി വ്യക്തിക്ക് വെളിയില്‍ കാന്തികവൈദ്യുതോര്‍ജ്ജതരംഗങ്ങളായി, കണികകളായി സഞ്ചരിച്ച് മറ്റൊരു മസ്തിഷ്കത്തില്‍ എത്തി ഉത്തേജനം, രചന, വിചാരം എന്ന ക്രമത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത് കര്‍മ്മങ്ങളെ അനുവദിക്കും. മസ്തിഷ്കത്തില്‍ നിന്നുള്ള വിചാരങ്ങള്‍ കാന്തികവൈദ്യുതോര്‍ജ്ജതരംഗങ്ങളായി, കണികകളായി പുറത്തോട്ട് സഞ്ചരിച്ചാല്‍ അതിന് ശരീരത്തിന് വെളിയില്‍ നിലകൊള്ളാനാകും. പ്രകാശവേഗതയില്‍ സഞ്ചരിച്ചാല്‍ അതിന് ഭാവിയിലെ കാര്യങ്ങളെ സംബന്ധിച്ചും അറിയാനായേക്കും. അകലെയും ഭാവിയിലും ഉള്ള ഊര്‍ജ്ജകണികകള്‍ പിറകോട്ട് പ്രകാശവേഗതയില്‍ സഞ്ചരിച്ച് മസ്തിഷ്കത്തില്‍ എത്തി രചന നടത്തിയാലും ഭാവിയെക്കുറിച്ച് അറിയാനായേക്കും. ഇതിന് ഉതകുംവിധത്തില്‍ മസ്തിഷ്കത്തെ പരുവപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

അഹന്താകാലം എന്നത് കോശത്തിന്‍റെ ആയുസ്സ് കൂടിയാണ്. അന്ത്യമുള്ള ഒന്നാണ് കോശത്തിന്‍റെ കാലം. ഓരോ കോശവിഭാഗങ്ങളിലെയും വിഭജനതവണ കഴിഞ്ഞാല്‍, കോശായുസ്സ് കഴിഞ്ഞാൽ, ജീവജാലത്തിന്‍റെ ആയുസ്സ് തീർന്നാൽ പിന്നെ കാലത്തിന് പ്രസക്തിയുമില്ല. രക്തത്തിലെ ചുവന്നയിനം കോശങ്ങളുടെ ആയുസ്സ് ഏകദേശം 120 ദിവസമാണ്. ചുവന്ന രക്തകോശങ്ങളില്‍ ഗ്ലുക്കോസ്, പ്രാണവായു എന്നിവ അടക്കമുള്ള പോഷകങ്ങളുടെ തോത് കൂടിയാല്‍ കോശങ്ങളുടെ ആയുസ്സും കൂടും. രക്തത്തില്‍ ജലത്തിന്‍റെ തോത് കൂടിയാല്‍ രക്തസമ്മര്‍ദ്ദവും കൂടും. രക്തത്തിലെ വെളുത്തയിനം കോശങ്ങളുടെ ആയുസ്സ് ചില ഘട്ടത്തില്‍ മണിക്കൂറുകൾ മാത്രമാണ്. മണിക്കൂറുകൾ മാത്രമുള്ള കോശയിനം ആയുസ്സുകാലത്തിനൊ ഘടികാരം സൂചിപ്പിക്കുന്ന നിമിഷ ഭൗതികകാലത്തിനൊ ആന്തരിക മനസ്സിന്‍റെ ദീര്‍ഘിച്ചുള്ള കർമ്മങ്ങളുടെ സാക്ഷിയാകാന്‍ കഴിയുകയില്ല. സാക്ഷിത്വത്തിനായി ആത്മബോധം നിലകൊള്ളുന്നത് ശരീരത്തിനകത്തും ശരീരത്തില്‍ വെളിയിലെന്നോണവുമാണ് എന്ന് സങ്കൽപ്പിച്ച് ചിലര്‍ ശരീരത്തിലെ ദ്രാവകങ്ങളെപ്പറ്റിയും ചലനങ്ങള്‍ കൂടുതലുള്ള ശരീരഭാഗങ്ങളെപ്പറ്റിയും കോശങ്ങള്‍ക്കും സ്ഥൂലശരീരത്തിനും വെളിയില്‍ നിലകൊള്ളുന്ന ഊർജ്ജക്ഷേത്രങ്ങളെപ്പറ്റിയും പ്രത്യേകമായി അന്വേഷിച്ചു. കാര്യശരീരത്തില്‍ നിന്ന് വളരെ അകലം വരെയും ആത്മബോധത്തിന് നിലകൊള്ളാനാകും എന്നും ചിലര്‍ ഭാവന ചെയ്തുനോക്കി. കോശത്തിന് വെളിയിലുള്ള ഭൗതികകാലത്തിനല്ല, കോശത്തിന് അകത്തുള്ള കാലത്തിനാണ് പ്രസക്തി എന്ന് കണക്കാക്കി കോശത്തെ സംരക്ഷിക്കേണ്ടത് ധര്‍മ്മമാണ്.

ദൃശ്യപ്രപഞ്ചത്തിലെ സൂര്യഅയനകാലമായാലും ഋതുക്കളായാലും ചന്ദ്രപക്ഷകാലമായാലും ദിനരാത്രകാലമായാലും ആ കാലസൂത്രബോധത്തില്‍, അതോടൊപ്പമുള്ള സാഹചര്യത്തില്‍ ദോഷബോധങ്ങള്‍, നാശഘടകങ്ങള്‍, നാശതന്ത്രങ്ങള്‍ എപ്പോഴും ഒളിഞ്ഞിരിപ്പുണ്ട് എന്ന് അറിഞ്ഞ് ഇവയില്‍ ജാഗരൂകരാകണമെന്നും ഇവയെ പ്രതിരോധിക്കണമെന്നും ചിലർ നിർദേശിച്ചു. പ്രിയമായതിനെ വെറുപ്പുള്ളതാക്കിയും അപ്രിയമായതിനെ പ്രിയമുള്ളതാക്കിയും കാലം പരിണമിപ്പിക്കും. മധുരമുള്ള ആഹാരപദാര്‍ഥങ്ങളെ അധികം അളവില്‍ കഴിച്ചുശീലിച്ചവർ വാര്‍ദ്ധക്യത്തില്‍ അതിനെ വര്‍ജ്ജിക്കാന്‍ നിര്‍ബ്ബന്ധിതരാകും. കഠിനയിനം ഔഷധങ്ങളെ ആശ്രയിച്ചുപോന്നവര്‍ക്ക് അവയെ തുടര്‍ന്ന് കഴിക്കുമ്പോള്‍ വിഷങ്ങളായി ഭവിക്കും. ധനത്തെയും അര്‍ത്ഥങ്ങളെയും അധികാരത്തെയും വെറുത്തവർ പിന്നീട് അതിന്‍റെ ഉപാസകരാകും. ആശയവാദികളെ ഭൗതികവാദികളാക്കിയും തിരിച്ചും കാലം പരിണമിപ്പിക്കും.

ക്ഷമയും ഏകാന്തതയും അതിലെ നിശബ്ദതയും സ്വാതന്ത്ര്യം, സന്തോഷം, സമാധാനം എന്നിവയെ അനുവദിക്കുന്നതാകയാല്‍ അവയെ ഇടയ്ക്കിടെ സംഘടിപ്പിക്കണം. ഓരോ വര്‍‍ത്തമാനകാലനിമിഷത്തിലും ശാന്തതയോടെ, സ്വസ്ഥതയോടെ, സ്വാതന്ത്ര്യത്തോടെ, സന്തോഷത്തോടെ, പ്രസന്നതയോടെ, സൗമ്യതയോടെ കര്‍മ്മനിരതനായി ജീവിക്കാന്‍ മനസ്സിനെയും പ്രാണശക്തിയെയും സ്ഥൂലശരീരത്തെയും പരുവപ്പെടുത്താന്‍ ശ്രമിക്കണം. കാലം നോക്കി കോലം കെട്ടണം എന്ന ചൊല്ലിന് മൂല്യം കിട്ടിയ കാലമാണ്. പറ്റുമെങ്കില്‍ ചുറ്റുമുള്ള അന്തരീക്ഷവായുവിനെയും താഴെയുള്ള മണ്ണിനെയും പരുവപ്പെടുത്താന്‍ ആകുമൊ എന്ന് നോക്കണം. മായ അല്ലാത്തത് ഒന്നുംതന്നെ, പരിണമിക്കാത്തത് ഒന്നുംതന്നെ ഈ ദൃശ്യപ്രപഞ്ചത്തിൽ ഇല്ല എന്ന് ഇടയ്ക്കിടെ ഓർക്കണം. മണ്ണിനെ കൃഷിക്കായി പരുവപ്പെടുത്താന്‍ കൈക്കോട്ട്‌, ട്രാക്ക്ടർ എന്നിവയെ ഉപയോഗിക്കുന്നതുപോലെ പറ്റുമെങ്കില്‍ മലിനീകരണം തപസ്സാക്കിയ അയല്‍ക്കാരനെയും അയാളുടെ സമാജക്കാരനെയും മന്ത്രം, തന്ത്രം, അര്‍ത്ഥം എന്നിവയെ പ്രയോജനപ്പെടുത്തി പരുവപ്പെടുത്താനാകുമൊ എന്ന് നോക്കണം. നന്മവിദ്യകൾക്ക് സാഹചര്യത്തെയും സാമൂഹികപ്രശ്നങ്ങളെയും ഒട്ടുംതന്നെ പരുവപ്പെടുത്താൻ ആകുന്നില്ല എങ്കിൽ ഇവയെയൊക്കെ സഹിക്കാനായി നേരെത്തെ തന്നെ ഒരുങ്ങണം. ഇന്ദ്രിയങ്ങളെയും വിഷയങ്ങളെയും നിയന്ത്രിക്കണം. പരിസ്ഥിതിയെയും അയല്‍ക്കാരനെയും തലമുറകളെയും പരിണമിപ്പിക്കലല്ല മറിച്ച് സ്വയം സംസ്കരിക്കലാണ് അവനവന്‍റെ ധർമ്മം എന്ന്‍ ഇടയ്ക്കിടെ ഓര്‍ക്കണം. അത് എഴുതിവെച്ച്, ഏലസ്സ് കെട്ടി, ഇടയ്ക്കിടെ ആവര്‍ത്തിച്ച് ഉറക്കെ വായിക്കണം.

പുല്ല്, ഉറുമ്പ്, കുരങ്ങന്‍, ആന, പാമ്പ്, ഭ്രാന്തന്‍ എന്നിവയുടെ ചിത്രം ആയിരം തവണ വരച്ചാലും നിറം കൂട്ടി പെരുപ്പിച്ച് വരച്ചാലും, ആകാശം മുട്ടെ ഉയരത്തില്‍ നിർമ്മിച്ച് ശില്‍പ്പമാക്കിയാലും മനസ്സിനെ സംബന്ധിച്ച് അവയെല്ലാം കണ്ണുകളിലെ ചര്‍മ്മപാളികളിലൂടെ എത്തുന്ന ഒരു രൂപം മാത്രമാണ്. കാലം പിന്നിടുമ്പോള്‍ രൂപം പരിണമിച്ച് നശിക്കും. ഇത്തരം രൂപകോലങ്ങളെയും അതിന്‍റെ അംശങ്ങളെയും സംബന്ധിച്ച് മനസ്സ് സ്വരുക്കൂട്ടിയ സങ്കൽപ്പകാര്യങ്ങള്‍ വരച്ച ആളിന്‍റെയൊ അവയെ സംബന്ധിച്ച് വിവരിച്ച ചില താല്‍പര്യക്കാരുടെയൊ മനസ്സില്‍ കുറച്ചുനാള്‍ നിലനിൽക്കും. അതനുസരിച്ച് അവരുടെ ഹോർമോൺ ഘടനയിൽ, സ്രവത്തിൽ, ദേഹധാതുക്കളില്‍, സ്പന്ദനങ്ങളില്‍, പ്രാണശക്തിയില്‍ എല്ലാം ഇത്തിരി മാറ്റങ്ങള്‍ സൃഷ്ടിക്കും. അവരുടെ കർമ്മങ്ങൾ ഇത്തിരി നാള്‍ ധനാത്മകമാകുകയും ചെയ്യും. ഇത്തരം നിറക്കൂട്ടുകള്‍ക്കൊ ശില്‍പ്പങ്ങള്‍ക്കൊ അവയെ സംബന്ധിച്ചുണ്ടാക്കിയ സങ്കല്‍പ്പവിവരണങ്ങള്‍ക്കൊ അനുബന്ധവിഷയങ്ങള്‍ക്കൊ മറ്റൊരു ദേശത്തില്‍, മറ്റൊരു കാലത്തില്‍, മറ്റൊരാളുടെ കാര്യശരീരത്തില്‍, മസ്തിഷ്കത്തില്‍, അതേ അളവിൽ ഹോര്‍മോണ്‍ വ്യതിയാനം രൂപപ്പെടുത്താന്‍, പരിവർത്തനം സൃഷ്ടിക്കാൻ കഴിയുകയില്ല. അത്തരത്തിൽ സാദ്ധ്യമാണ് എന്ന നിലയിലുള്ള ശാസനകളും അതിനെ പിന്‍പറ്റിയുള്ള വിശ്വാസാചാരങ്ങളും ബാഹുബലകർമ്മനടപടികളും അതിന്‍റെ ആവര്‍ത്തന കോലാഹലങ്ങളും പാഴുവേലകളാണ്. ഇവയെല്ലാം ഒരു തരത്തില്‍ ധിക്കാരങ്ങളുമാണ്. നിരീക്ഷണ, പരീക്ഷണ യുക്തിയാധിഷ്ടിതം എന്ന ലേബലിലൂടെ വ്യാപനമാക്കുന്ന ശാസനാവിദ്യകളുടെ പ്രയോജനകാര്യങ്ങളും ദാരിദ്രയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് നോക്കിയാല്‍ ഇതിൽ നിന്ന് ഒട്ടുംതന്നെ ഭിന്നവുമല്ല.

മഴ പെയ്താൽ വിളയും കളയും വളരും. വിളയെ ആഹാരമായും കളയെ ചില ഘട്ടത്തില്‍ ഔഷധമായും പ്രയോജനപ്പെടുത്താം. അധികമായുള്ള കളയെയും മുൾച്ചെടികളെയും മുളയിലേ തന്നെ നുള്ളണം. വിളയെ പരിപാലിക്കാതെ, അതിനെ ആഹാരമാക്കാതെ കളയെ മാത്രം ശ്രദ്ധിക്കാൻ ഇടവരുന്നതും കളയെ ആഹാരമാക്കാനും മൂടുപടം അണിഞ്ഞ് അയല്‍ക്കാരനെ ഹിംസിക്കാനും മറ്റുമുള്ള ഉത്സാഹത്തിന് നിദാനം അഹന്താദോഷങ്ങളാണ്. കളയുടെയും അതിലെ മുള്ളിന്‍റെയും ദോഷങ്ങളെ അറിയാതെ അവയെ ഉള്‍പ്പെടുത്തി സുഗന്ധവും ചന്തവുമില്ലാത്ത ഇനം പൂന്തോട്ടം നിര്‍മ്മിച്ച് അതില്‍ മാത്രം ശ്രദ്ധിച്ചും അതുപോലെ, അതിദീര്‍ഘദൂരം ഓടി പേശികളെ ക്ഷീണിപ്പിച്ചും പാഴുവേലകളായ ചിത്രങ്ങള്‍, ബഹളങ്ങളായ ശബ്ദങ്ങള്‍ എന്നിവയില്‍ അധികം നേരം ചിലവഴിച്ച് ഇന്ദ്രിയങ്ങളെ തളര്‍ത്തിയും മറ്റും ആയുസ്സ് കളയുന്ന ശീലങ്ങള്‍ക്ക്, ചുറ്റുമുള്ളവരുടെ ആയുസ്സ് കളയിപ്പിക്കുന്ന  സംസ്കാരങ്ങള്‍ക്ക് ആധാരവും അവിദ്യയാണ്, അഹന്താദോഷങ്ങളാണ്.

കര്‍മ്മം ചെയ്‌താല്‍ കര്‍മ്മഫലം ഒന്നുകില്‍ ദുഃഖമായിരിക്കും അല്ലെങ്കില്‍ സുഖമായിരിക്കും. ദുഃഖങ്ങളെ സൃഷ്ടിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക എന്നതാണ് വിവേകം. മിഥ്യാബോധം, മിഥ്യാനുഭവം, യാഥാര്‍ത്ഥ്യം എന്നിവയെ തമ്മിൽ വേര്‍‍തിരിച്ചറിയാനും ഇന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയും മോഹവിഷയങ്ങള്‍ ആരോഗ്യജീവിതത്തിന് ഹിതമാണോ അഹിതമാണോ എന്നറിയാനും മനസ്സിനെ പോഷിപ്പിക്കണം. ധാരണ, ഓര്‍മ്മ എന്നിവയെ ഇടയ്ക്കിടെ പരിപോഷിപ്പിക്കണം. ആന്തരിക മനസ്സിനെ ഉണര്‍ത്തി അവബോധം, സ്വാതികബുദ്ധി, ജ്ഞാനശക്തി, ഇച്ഛാശക്തി, കര്‍മ്മശക്തി എന്നിവയെ വികസിപ്പിക്കണം. സ്വാര്‍ത്ഥതയിലും അതടിസ്ഥാനത്തിലുള്ള യുക്തിയിലും, അതുപോലെ അജ്ഞതയിലും അന്ധവിശ്വാസത്തിലും അലസതയിലും കേട്ടുകേള്‍വിയിലും ഊഹത്തിലും പാഴുവേലകളിലും അവിദ്യകളിലും മാത്രമായി എല്ലായിപ്പോഴും അഭിമാനിച്ച് ജീവിക്കരുത്. ശുദ്ധിയിൽ, മര്യാദയില്‍, വിശേഷാല്‍ബുദ്ധിയില്‍, വിവേകത്തിൽ, കര്‍ത്തവ്യത്തില്‍, കടമയില്‍, വിനയത്തില്‍, ബഹുമാനത്തില്‍, സഹകരണത്തില്‍, സഹനത്തില്‍, ക്ഷമയില്‍, ഉത്സാഹത്തിൽ, നന്മയില്‍, ത്യാഗത്തില്‍, അനുസരണയില്‍, സമര്‍പ്പണത്തില്‍, ഇവ പ്രകാരമുള്ള അർത്ഥത്തിൽ, സ്വധര്‍മ്മത്തില്‍, സമചിത്തതാബോധത്തില്‍, ആനന്ദബലിയില്‍, പറ്റുമെങ്കില്‍ മഹാബലിയില്‍  ജീവിക്കണം. അപ്പോള്‍ ദുഃഖം അകലും. അപ്പോള്‍ അശുദ്ധി ഇല്ലാത്ത, തമസ്സിനെ സൃഷ്ടിക്കാത്ത, വേദന, ദുഃഖം, മുഷിപ്പ് എന്നിവ ഇല്ലാത്ത ആനന്ദയിനം ജീവിതമുഹൂര്‍ത്ത്വങ്ങളെ ആസ്വദിച്ച് അനുഭവിക്കാനാകും. ഈ നിലയില്‍ ജീവിതകര്‍മ്മങ്ങള്‍, ആയുസ്സ് എന്നിവയെ പരുവപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു.

                  **   


No comments:

Post a Comment