Tuesday, 28 July 2026

ധര്‍മ്മബോധം. Dr. Kader kochi.

ജീവിതത്തിലെ വിഷയം കാര്യശരീരത്തിന്‍റെ ആരോഗ്യബലവും സുഖവും സ്വസ്ഥതയും സന്തോഷവുമാണ്. സുഖസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രഥമമായത് കാര്യശരീരത്തിലെ ശുദ്ധിയും സൗമ്യതയുമാണ്. മനസ്സിനെ വികസിപ്പിക്കാനായാല്‍ സന്തോഷത്തെ അനുഭവിക്കാനാകും. ജീവിതത്തിന്‍റെ മറ്റൊരു കാര്യം നിലനില്‍പ്പാണ്. ആരോഗ്യത്തിന്‍റെയും നിലനില്‍പ്പിന്‍റെയും ഫലമാണ് പൂര്‍ണ്ണായുസ്സ്. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഉള്‍പ്പെട്ട കാര്യശരീരം ഭൗതികമാണ്. ആത്മബോധത്തിന്‍റെ ഭോഗത്തിനുള്ള ഉപകരണമാണ് കാര്യശരീരം. ഭോഗത്തിനുള്ള ഉപാധി സാഹചര്യവും ചുറ്റുമുള്ള പ്രകൃതിയുമാണ്. ആത്മബോധകലകളിലെ ജീവശക്തിയാണ് കാര്യശരീരകര്‍മ്മത്തിന്‍റെ കര്‍ത്താവ്. വാതപിത്തകഫബലങ്ങളായ പ്രാണശക്തിയും കര്‍ത്താവാണ്. ജീവിതാനുഭവങ്ങളുടെ ഭോക്താവ് മനസ്സാണ്. കര്‍ത്താവ്, ഭോക്താവ്‌ എന്നിവ ദ്വന്ദമാകുന്നതാണ് വേദന, ദുഃഖം, ക്ഷയം എന്നിവയ്ക്ക് കാരണമാകുന്നത്.

നിത്യജീവിതത്തിലെ മുഖ്യപ്രശ്നം വേദനയാണ്. വേദന ഭൗതികമാണ്. വേദനയെ അനുഭവിക്കുന്നത് അഹങ്കാരവും ബുദ്ധിയും ചിത്തവും ഉള്‍പ്പെട്ട ബാഹ്യമനസ്സാണ്. ബാഹ്യമനസ്സിനോടൊപ്പമുള്ള പ്രാണശക്തിക്കും വേദനയുണ്ട്. ഉറക്കത്തില്‍ ബാഹ്യമനസ്സ് ഇല്ല, വേദനയും ഇല്ല. ആത്മബോധകലയായ ജീവശക്തി ഉറക്കത്തിലേതുപോലെ വേദനയെ ഏറ്റെടുത്താല്‍ വേദന ലഘുവാകും. വേദന ഇല്ലാത്ത അവസ്ഥയാണ് സുഖം. ദീര്‍ഘിച്ചുനില്‍ക്കുന്ന സുഖവും സന്തോഷവുമാണ് ആനന്ദം. ആനന്ദസമ്പാദനത്തിലോട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ മുഖ്യം ധർമ്മാനുഷ്ഠാനങ്ങളാണ്.

ദൃശ്യപ്രകൃതിയില്‍ നിത്യമായി നിലനില്‍ക്കുന്ന നിയമങ്ങളാണ് ധര്‍മ്മം. ശുദ്ധി, ക്രമം, സൗമ്യത, മര്യാദ, സമത്വം, നീതി, ഹിതം, പ്രയോജനം, സ്ഥിരത, വികാസം, ജിജ്ഞാസ, ശരിയായ പെരുമാറ്റം, കര്‍ത്തവ്യബോധം, ബഹുമാനം, സത്യാഭിമുഖ്യം എന്നിവ ധര്‍മ്മത്തിന്‍റെ സ്വഭാവങ്ങളാണ്. സത്യം പൂര്‍ണ്ണതയാണ്. സത്യത്തെ പിന്തുണയ്ക്കുന്ന ആശയമാണ് ധര്‍മ്മം. ധര്‍മ്മം എന്ന പദത്തിന്‍റെ അര്‍ത്ഥം പിന്തുണയ്ക്കുക എന്നാണ്. പൂര്‍ത്തികരിച്ച കർമ്മവും ധര്‍മ്മമാണ്. കര്‍മ്മം എന്നത് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഓരോന്നിന്‍റെയും പ്രവൃത്തികളാണ്. പ്രവൃത്തിയുടെയും കര്‍മ്മത്തിന്‍റെയും ഉല്‍പന്നമാണ് ജീവശക്തി. ഓരോ കര്‍മ്മവും പ്രായം, ദേഹപ്രകൃതി എന്നിവയ്ക്കനുസരിച്ചും ഋതുക്കൾ, ദേശം എന്നിവയ്ക്കനുസരിച്ചും ആവശ്യങ്ങള്‍ അനുസരിച്ച് ഹിതമാക്കേണ്ടത് ധര്‍മ്മമാണ്.

വ്യക്തിധര്‍മ്മത്തില്‍ മുഖ്യം കാര്യശരീരത്തിലെ സംരക്ഷണമാണ്. കര്‍മ്മങ്ങള്‍ക്ക് ആമുഖമെന്നോണം വിജ്ഞാനവും ജ്ഞാനവും സമ്പാദിക്കണം. ജ്ഞാനാന്വേഷണമാണ് തപസ്സ്. അത് ദേഹപ്രകൃതിയെ തിരിച്ചറിയാനും സംരക്ഷിക്കാനും ദേഹിയെ സ്വതന്ത്രമാക്കാന്‍ ഉതകുന്നതുമാകണം. സാഹചര്യത്തെക്കുറിച്ചുള്ള വിശേഷാല്‍അറിവാണ് വിജ്ഞാനം. വിജ്ഞാനം സ്ഥൂലവും ജ്ഞാനം സൂക്ഷ്മവുമാണ്. ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും വേർതിരിച്ചറിയണം. ആഗ്രഹങ്ങളെ പരമാവധി നിയന്ത്രിക്കണം. കാമങ്ങളെയും സഫലീകരിക്കാവുന്ന ആഗ്രഹങ്ങളെയും ആദ്യമേതന്നെ പൂര്‍ത്തികരിക്കണം. ജീവിതാവശ്യങ്ങളെ നിറവേറ്റണം. കാമപൂർത്തീകരണത്തിന് കർമ്മമല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല. നൈസര്‍ഗികമായ കാമമോഹങ്ങള്‍ നിലനിൽക്കുന്നിടത്തോളം കാലം കർമ്മങ്ങളെ കഠിനമെന്നോണം ചെയ്യണം. കര്‍മ്മങ്ങള്‍ അവനും ചുറ്റുമുള്ളവര്‍ക്കും ഉപകാരമുള്ളതാകണം. ധര്‍മ്മത്തിന്‍റെ മേല്‍വിലാസത്തിലായാലും ചെയ്യുന്ന കർമ്മങ്ങൾ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ നോക്കണം. കർമ്മങ്ങള്‍ നന്മ ആകണമെങ്കിൽ സങ്കൽപ്പം, ശ്രദ്ധ, ബുദ്ധി, ഭാവന, വിശ്വാസം എന്നിവയെ ആദ്യമേതന്നെ സ്വാതികമാക്കണം. സ്വാതികമനസ്സില്‍ നിന്ന് തമസ്സുകര്‍മ്മങ്ങള്‍ രൂപപ്പെടുകയില്ല. കർമ്മങ്ങളെ മെച്ചപ്പെടുത്തിയാൽ ഫലവും മെച്ചപ്പെടും. സുഖദുഃഖങ്ങളെല്ലാം കര്‍മ്മഫലങ്ങളാണ്.

മോഹപൂര്‍ത്തീകരണം എന്നതിലുപരി ഓരോ പ്രവൃത്തിയെയും നിവൃത്തിയെയും ധര്‍മ്മത്തില്‍ അതിഷ്ടിതമാക്കണം. ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ട അനുകൂലയിനം കര്‍മ്മമാണ്‌ പ്രവൃത്തി. ചെയ്തുകഴിഞ്ഞ കര്‍മ്മത്തില്‍ നിന്നും പ്രതികൂലമാകുന്ന കര്‍മ്മത്തില്‍ നിന്നും സാഹചര്യം, വിഷയം എന്നിവയില്‍ നിന്നും ഉള്ള പിന്മാറ്റമാണ് നിവൃത്തി. കര്‍മ്മം ക്രമത്തില്‍, മര്യാദയില്‍, നീതിയില്‍, ഹിതത്തില്‍ ആകാതെ വരുന്നതിന്, പ്രവൃത്തി ആകാതെ വരുന്നതിന് ആധാരം അഹന്താദോഷങ്ങളാണ്. അഹന്താതത്വം പരിണമിപ്പിച്ച ജനിതകദോഷങ്ങളോ ആര്‍ജിതദോഷങ്ങളോ പരിസ്ഥിതിയിലെ അസംബന്ധങ്ങളോ ആണ്. ദുഃഖം, അസംതൃപ്തി എന്നിവ സ്വഭാവമാകുന്നതിന്‍റെ അടിസ്ഥാനവും അഹന്താദോഷങ്ങളാണ്. ധര്‍മ്മത്തെ തടസ്സപ്പെടുത്തുന്നത്, സ്ഥൂലശരീരത്തെ ക്ഷയിപ്പിക്കുന്നത്, പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തുന്നത്, ആർത്തിയെ വർദ്ധിപ്പിക്കുന്നത്, ആത്മബോധം, സത്യബോധം തുടങ്ങിയ പ്രതിഭാസങ്ങളെ നിഷേധിപ്പിക്കുന്നത്, ആത്മബോധാപരാധങ്ങള്‍ക്ക് പ്രേരകമാകുന്നത്, സത്യത്തെ മറപ്പിക്കുന്നത് എല്ലാം അവനവനിൽ ചേക്കേറിയ അഹന്താദോഷങ്ങളാണ്. അവനവനിലെ അഹന്താദോഷങ്ങളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളില്‍ മുഖ്യം ചുറ്റുമുള്ളവരിലെ അഹന്താദോഷങ്ങളാണ്. ബാഹ്യ അഹന്താദോഷങ്ങളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകേണ്ടിവരുന്ന അവസ്ഥയുണ്ടെങ്കില്‍ ധര്‍മ്മരീതിയില്‍, സമാനരീതിയില്‍, ദൈവവ്യാപാശ്രയരീതിയില്‍ പരിഹരിക്കാനാകുമെന്നും ചിലർ വിശ്വസിച്ചു.

ആയുസ്സുകാലം ഏറെക്കുറെ പൂര്‍വ്വനിശ്ചയമാണ്. വര്‍ത്തമാനകാലത്തില്‍ മനുഷ്യന് അനുഭവിക്കാനാകുന്ന ആയുസ്സ് ഏകദേശം 124 വര്‍ഷമാണ്‌. വര്‍ത്തമാനകാലത്തില്‍ തന്നെ ശാന്തിയോടെയും ബലത്തോടെയും സുഖത്തോടെയും സ്വസ്ഥതയോടെയും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിതത്തെ അനുഭവിച്ച് ആയുസ്സ് പൂർണ്ണമാക്കാൻ മനുഷ്യന്‍ ബാദ്ധ്യസ്ഥനാണ്. അതിന് വേണ്ട ധര്‍മ്മയിനം മാര്‍ഗ്ഗങ്ങളെയും വിദ്യകളെയും നിയമങ്ങളെയും വിജ്ഞാനതന്ത്രങ്ങളെയും കൗമാരത്തിലേ തന്നെ അറിഞ്ഞുവെയ്ക്കണം. ആരോഗ്യബലം, ശരീരഅയവ്, വിജ്ഞാനം, അര്‍ത്ഥം എന്നിവ സംഘടിപ്പിക്കുന്നതിനുള്ള കളരിയത്രെ വിദ്യാഭ്യാസം. അത്യാഗ്രഹം, ആസക്തി, ഭയം, അസൂയ, വെറുപ്പ്, വിരോധം, കളവ്, വഞ്ചന, ദ്രോഹം, ഹിംസ തുടങ്ങിയവയെ സൃഷ്ടിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക, അതിന് പ്രേരകമാകുന്ന സാഹചര്യങ്ങള്‍, വിഷയങ്ങള്‍, സൂത്രങ്ങള്‍, രചനകള്‍, ആവിഷ്ക്കാരങ്ങള്‍, കുതന്ത്രങ്ങൾ എന്നിവയെയെല്ലാം തിരിച്ചറിയുക, ദാനവും ധര്‍മ്മവും പുണ്യവും ബലിയും ചെയ്യുന്നതിന് വ്യക്തിയെ പ്രാപ്തമാക്കുക എന്നതെല്ലാമാണ്‌ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസം നേടിയ സമൂഹത്തില്‍ നിന്നാണ് സുവര്‍ണ്ണമായ ദേശവും പരിഷ്കൃതമായ കാലവും ഉദയംചെയ്യുന്നത്. അത്തരം സല്‍സമൂഹത്തിലെ മര്യാദാകർമ്മങ്ങളാണ് പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങളായി, ധര്‍മ്മനിയമങ്ങളായി രൂപാന്തരപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള സാമുഹികാചാരങ്ങള്‍ വിപരീതങ്ങളായാല്‍ കൂടി അതിനോട് പൊരുത്തപ്പെടണം. സഹോദരനെയും അയല്‍വാസിയെയും അമിതമായി ചൂഷണം ചെയ്യാനുള്ള കുതന്ത്രങ്ങൾ അഭ്യസിക്കുന്നത്, അത്തരം അഭ്യാസങ്ങളിൽ മേനി തോന്നുന്നത്, ഇരവേട്ടയ്ക്ക് ഉതകുന്ന ആചാരങ്ങള്‍ പുതുതായി സംവിധാനം ചെയ്യുന്നത്, എല്ലാനേരവും അതില്‍ മാത്രം ശ്രദ്ധിച്ച് അത്തരം കര്‍മ്മങ്ങള്‍ ആവര്‍ത്തിച്ചുപോരുന്നത്, അധമവിശേഷങ്ങളെയും ഹിംസവിഷയങ്ങളെയും മാത്രം ജല്‍പ്പനമാക്കുന്നത്‌ എല്ലാം തമസ്സാണ്.

ധര്‍മ്മം സ്വാതികമാണ്. ലോകധര്‍മ്മനിയമങ്ങള്‍ അഭ്യസിക്കുന്നതും അതിനെ അറിഞ്ഞ് ആചരിക്കുന്നതുമാണ് ബ്രഹ്മചര്യം. കൗമാരത്തിലെ അച്ചടക്കവും ചൂഷണസംവിധാനങ്ങളിൽ നിന്ന് മോചനം നേടാനുള്ള പഠനകളരികളും ഇന്ദ്രിയവിഷയങ്ങളിലെ നിയന്ത്രണവും, കൂടാതെ ജഗതുമോഹബന്ധനത്തില്‍ നിന്ന് വിടുതല്‍ നേടാനുള്ള അഭ്യാസവും ലൈംഗികമര്യാദകളും പൃഷ്ടകാമത്തില്‍ നിന്നുള്ള അശ്രദ്ധയും ബ്രഹ്മചര്യാനുഷ്ഠാനത്തില്‍ ഉള്‍പ്പെടും. ശുദ്ധി, മനോനിയന്ത്രണശേഷി എന്നിവ സ്വായത്തമാക്കിയ ശേഷമാണ് മനുഷ്യന്‍ വിശ്വപ്രകൃതിയോട്, ജീവജാലങ്ങളോട്, സഹോദര മനസ്സുകളോട്, അവനിലെ തന്നെ ആത്മബോധത്തോട് എല്ലാം സംവദിക്കേണ്ടത്. കൗമാരത്തിലെ വിദ്യാഭ്യാസവും ബ്രഹ്മചര്യാനുഷ്ഠാനവും ഓരോരുത്തരുടെയും ധര്‍മ്മമാണ്.

മര്യാദാപെരുമാറ്റങ്ങളും കര്‍ത്തവ്യകര്‍മ്മങ്ങളും സംബന്ധിച്ച സമത്വനിയമങ്ങളാണ് ധര്‍മ്മം. ധര്‍മ്മത്തിന്‍റെ പൂര്‍ണ്ണതയാണ് സത്യം. ആകാശം, അഗ്നി എന്നീ ഭൂതചേതനാസങ്കല്‍പ്പങ്ങളുടെ പേരിലായാലും പൂര്‍വ്വികരായ മാതാപിതാഗുരുക്കളുടെ നാമരൂപങ്ങളുടെ പേരിലായാലും വര്‍ണ്ണവേഷത്തിന്‍റെ അടിസ്ഥാനത്തിലായാലും ഒറ്റക്കോ കൂട്ടം ചേര്‍ന്നോ സ്വാര്‍ത്ഥതാല്‍പര്യാടിസ്ഥാനത്തിൽ ധര്‍മ്മനിയമങ്ങളെയും സത്യവിശേഷങ്ങളെയും വികലമായി വ്യാഖ്യാനിക്കുന്നത്, ദ്രോഹപരമായ നിലയില്‍ ആസൂത്രണം ചെയ്ത് കാപട്യത്തോടെയും മറ്റും ആചാരമാക്കി അടിച്ചേല്‍പ്പിക്കുന്നത് സത്യബോധത്തോടുള്ള ഒരിനം വെല്ലുവിളിയായി പൂര്‍വ്വികര്‍ കണക്കാക്കിയിരുന്നു.

ഇടവും വായുവും ജലവും അഗ്നിബലങ്ങളും ഭൂമിയും അതിലെ ദ്രവ്യങ്ങളും അറിവും കാലവും ഉള്‍പ്പെട്ടതാണ് പരിസ്ഥിതി. ഹോമോവര്‍ഗ്ഗത്തിന്‍റെ പൂര്‍വ്വികര്‍, ആദിമമനുഷ്യര്‍ ഭൂമിയില്‍ ജന്മംകൊണ്ടിട്ട് യഥാക്രമം 70 ലക്ഷം, 25 ലക്ഷം കൊല്ലം പിന്നിട്ടുവെന്നാണ് അനുമാനം. ആവര്‍ത്തിച്ചുള്ള പ്രളയസംഭവങ്ങള്‍ക്ക് ശേഷം ആഗ്രഹമനസ്സ്, ആശയവിനിമയശേഷി എന്നിവയുള്ള ആധുനികമനുഷ്യൻ രൂപംകൊണ്ടത് ഏകദേശം 3 ലക്ഷം കൊല്ലം മുൻപെ മാത്രമാണ്. കാര്യശരീരത്തിന്‍റെ ഒരു ലഘുപതിപ്പാണ്‌ മനുഷ്യനിലെ ബീജങ്ങള്‍. ബീജസങ്കലനം നടക്കുന്നത് ഗർഭനാളികളിൽ ഒന്നിൽ വെച്ചാണ്. ഗർഭപാത്രത്തിൽ ആദ്യം ചേക്കേറുന്നത് പുനർജ്ജനിക്കുന്നതിന് പ്രാപ്തമായ പ്രേതാത്മാവാണ് എന്നാണ് സങ്കല്‍പ്പം. പ്രേതാത്മാവ് സങ്കലനബീജകോശത്തെ സ്വാഗതം ചെയ്ത് സ്വീകരിക്കുകയാണ് എന്നും ഒരു ഭാവനയുണ്ട്. രണ്ടിനം ബീജങ്ങളുടെ സങ്കരവളര്‍ച്ചയാണ് ഭ്രൂണം. ഭ്രൂണത്തിന്‍റെ വികാസമാണ് ഗര്‍ഭസ്ഥശിശു. ശിശുവില്‍ രണ്ടിനം ജനിതകബോധം ഉള്‍പ്പെട്ടിട്ടുണ്ട്. ജനിച്ചതെല്ലാം ഒരിക്കല്‍ നശിക്കും. ബീജങ്ങളുടെ സംയോഗം കൊണ്ടും ആത്മബോധകലകളുടെ പ്രേരണകൊണ്ടും അമ്മയിലെ പ്രാണശക്തി കൊണ്ടും വളര്‍ച്ച നേടിയ കാര്യശരീരം ജനിച്ച്, വളര്‍ന്ന്, വലുതായി ഒടുവില്‍ നശിക്കും. ആത്മബോധം അതിന്‍റെ കര്‍മ്മഫല ആവരണങ്ങളില്‍ നിന്ന് സ്വതന്ത്രമാകുംവരെയും സത്യബോധത്തില്‍ ലയിക്കാന്‍ വേണ്ട പ്രാപ്തി, മുഹൂര്‍ത്ത്വം എന്നിവ കൈവരിക്കുംവരെയും ജനനമരണചക്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും എന്നും ചിലര്‍ വിശ്വസിച്ചു. ഇന്ദ്രിയഗോചരമല്ലാത്തതിനെയും അഭൗതികമായതിനെയും നിഷേധിക്കുന്നവര്‍ ആത്മബോധസത്തയെയും ആത്മബോധകലകളെയും ഇവയുടെ പ്രയാണത്തെയും വാശിയോടെ നിഷേധിച്ചു. കാന്തികവൈദ്യതോര്‍ജ്ജങ്ങളെയും റേഡിയോതരംഗങ്ങളെയും എക്സ്റേ പ്രകാശത്തെയും സമാനയിനം ബലങ്ങളെയും തമസ്സുയിനം സൂക്ഷ്മജീവികളെയും മറ്റും കണ്ടില്ലെങ്കിലും ചിലർ അവയെ അംഗീകരിച്ചു. വാശിക്കും പക്ഷപാതിത്വത്തിനും സത്യനിഷേധത്തിനും അടിസ്ഥാനം അഹന്താദോഷങ്ങള്‍ രൂപപ്പെടുത്തിയ അവിദ്യയാണ് എന്ന വിശ്വാസത്തിൽ ഇത്തരം ബഹളങ്ങളെയെല്ലാം ചിലര്‍ അവഗണിച്ചു.

അശുദ്ധി നിലകൊള്ളുന്നത് പ്രാണമയകോശത്തിലേക്കാള്‍ കൂടുതല്‍ മനോമയകോശത്തിലാണ്. കാമമയകോശത്തില്‍ അതിമോഹം രൂപപ്പെടുന്നതിന് ആധാരം അഹന്താതത്വപരിസ്ഥിതിയാണ്. അശുദ്ധിയെ നിലനിര്‍ത്തുന്നതും മോഹങ്ങളെ വര്‍ദ്ധിപ്പിക്കുന്നതും അഹന്താദോഷങ്ങളാണ്. അഹന്താദോഷങ്ങളുടെ സങ്കേതമാണ് പരിസ്ഥിതി. ദ്രവ്യങ്ങള്‍, ഊര്‍ജ്ജങ്ങള്‍, ജീവജാലങ്ങള്‍, മനുഷ്യര്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പരിസ്ഥിതിയുമായി മനസ്സ്, ആത്മബോധകലകള്‍ എന്നിവ ബന്ധപ്പെടുന്നതും അനുഭവിക്കുന്നതും ഇന്ദ്രിയങ്ങള്‍, സ്ഥൂലശരീരം എന്നിവ മുഖേനെയാണ്. മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അതല്ല പഞ്ചേന്ദ്രിയങ്ങള്‍, ആറാംഇന്ദ്രിയം കൂടാതെ സ്വപ്നേന്ദ്രിയം, അതീന്ദ്രിയം എന്നിവ കൂടിയുണ്ട് എന്നും ചിലര്‍ വിശ്വസിച്ചു. പരിസ്ഥിതി, കാര്യശരീരം എന്നിവയുടെ സംബന്ധങ്ങളുടെ കര്‍മ്മഉല്‍പ്പന്നമാണ് മനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍. പരിസ്ഥിതിയുമായും പരിസ്ഥിതിയിലെ അഹന്താദോഷങ്ങളുമായും കൂടുതൽ ബന്ധപ്പെടുന്നത് ബാഹ്യമനസ്സാണ്. അഹന്താദോഷങ്ങൾ നേരിട്ട് ആന്തരിക മനസ്സിനെ അന്വേഷിക്കുന്നില്ല. സങ്കല്‍പ്പങ്ങളിലുടെയും പഞ്ചേന്ദ്രിയങ്ങളിലൂടെയും സ്ഥൂലശരീരകര്‍മ്മങ്ങളിലുടെയും മറ്റും അഹന്താദോഷങ്ങളുമായി ബന്ധപ്പെടുന്നത് ബാഹ്യമനസ്സാണ്. ആന്തരിക മനസ്സ് അഹന്താദോഷങ്ങളുമായി പ്രാണശക്തി മുഖേനെയും ബന്ധപ്പെടുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങൾ ക്ഷയിച്ചാല്‍, ബാഹ്യമനസ്സ് നശിച്ചാല്‍ പരിസ്ഥിതി, ദൃശ്യപ്രപഞ്ചം എന്നിവ സംബന്ധിച്ച വിജ്ഞാനം ഇല്ല. ആന്തരിക മനസ്സ് നശിച്ചാല്‍ ദൃശ്യപ്രപഞ്ചം, ആത്മബോധകലകള്‍, ആത്മബോധം, സത്യബോധം എന്നിവ സംബന്ധിച്ച ജ്ഞാനവും ഇല്ല. പ്രാണശക്തി നശിച്ചാല്‍ വ്യക്തിയുമില്ല. പ്രാണശക്തിയെ സംരക്ഷിക്കലാണ് വ്യക്തിയുടെ മുഖ്യധര്‍മ്മം.

വർത്തമാനകാലജീവിതത്തിലെ മുഖ്യസംഗതി പരിസ്ഥിതി, സ്ഥൂലശരീരം, പ്രാണശക്തി, ബാഹ്യമനസ്സ്, അവബോധം എന്നിവ തമ്മിലുള്ള സൗമ്യയിനം സംബന്ധവും അതുമൂലമുള്ള ജീവിതാനുഭവങ്ങളും അനുഭൂതിവികാരങ്ങളുമാണ്. അവബോധം, ഉയർന്ന ബുദ്ധിശക്തി, ആന്തരിക മനസ്സ്, ഉപബോധമനസ്സ്, ഭൗതികത കൈവന്ന ആത്മബോധകലകള്‍ എന്നിവയെല്ലാം ഏറെക്കുറെ സമാനങ്ങളാണ്. പരിസ്ഥിതി, കാര്യശരീരം എന്നിവ ക്രമത്തിലും സൗമ്യമായ രീതിയിലും സംയോജിക്കുമ്പോഴാണ് ആരോഗ്യം, സുഖം, സ്വസ്ഥത, സന്തോഷം, സംതൃപ്തി, സമാധാനം, പൂര്‍ണ്ണായുസ്സ് എന്നിവയെ അനുഭവിക്കാനാകുന്നത്. സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ ഓരോന്നിന്‍റെയും ആഹാരങ്ങള്‍, പോരായ്മകള്‍, തകരാറുകള്‍ എന്നിവയെപ്പറ്റി അറിയണം. വൈഷമ്യങ്ങളെയും പോരായ്മകളെയും അപ്പപ്പോൾ തന്നെ പരിഹരിച്ച് ശുദ്ധിയിലും സൗമ്യതയിലും നിലനിര്‍ത്തണം. പ്രാണശക്തി അതിന്‍റെ സജീവതയില്‍ നിലകൊള്ളുമ്പോഴാണ്‌ ആരോഗ്യം, സുഖം എന്നിവയെ അനുഭവിക്കാനാകുന്നത്. സുഖമെന്നത്, സന്തോഷമെന്നത് പലപ്പോഴും നൈമിഷികമാണ്. ആനന്ദം എന്നത് ഭൂതകാലം, ഭാവികാലം എന്നിവയെപ്പോലെ ചിലപ്പോൾ ഭാവനയുമാണ്.

പ്രാണശക്തിയുടെ ആഹാരങ്ങളിൽ മുഖ്യം അന്തരീക്ഷവായുവാണ്. മനസ്സിന്‍റെ ആഹാരങ്ങളില്‍ മുഖ്യം ജലമാണ്. മനുഷ്യശരീരത്തില്‍ 65% വും ഓക്സിജനാണ്. വര്‍ത്തമാനകാലം, സാഹചര്യം എന്നിവയെ തിരിച്ചറിഞ്ഞ് പ്രാണശക്തിയുടെ ആഹാരമായ പ്രാണവായുവിനെയും ശരീരത്തിന്‍റെ മുഖ്യ അംശമായ ജലത്തെയും സ്വീകരിക്കുന്നതിലെ ധർമ്മനിയമങ്ങള്‍ പാലിച്ചാല്‍, അതടിസ്ഥാനത്തിൽ കാര്യശരീരത്തിൽ സൗമ്യത വരുത്തിയാൽ ആരോഗ്യത്തോടൊപ്പം പൂര്‍ണ്ണായുസ്സ് കൂടി അനുഭവിക്കാനാകുമെന്ന് ചിലർ ദൃഡമായി വിശ്വസിച്ചു.

വിജ്ഞാനം, അര്‍ത്ഥം, രോഗപരിഹാരം, ആരോഗ്യം, പൂര്‍ണ്ണായുസ്സ് എന്നിവയുടെ സംഘാടനം ഓരോരുത്തരുടെയും ധര്‍മ്മത്തിൽപ്പെട്ട കാര്യമാണ്. ധര്‍മ്മനിര്‍വ്വഹണവും അതിന്‍റെ അനുഭവങ്ങളുമാണ് മനുഷ്യജീവിതം. ദൃശ്യപ്രകൃതി നിലനിന്നുപോരുന്നത് അത് നിത്യമായ ചില ക്രമനിയമങ്ങളെ സ്വയം അനുസരിക്കുന്നതുകൊണ്ടാണ്. ഭൂഗുരുത്വബലനിയമം, ആകര്‍ഷണവികര്‍ഷണനിയമം, ധ്രുവത്വനിയമം, ചലനനിയമം, ക്രമതാളനിയമം, ആദിഅന്ത്യനിയമം, സംഘാത്വത്തില്‍ ഏകത്വം, ദ്വൈതപൂരകത്വം, സാദൃശ്യചേര്‍ച്ചാതത്വം, പ്രത്യക്ഷപരോക്ഷവിപരീതനിയമം, കാര്യകാരണനിയമം, കര്‍മ്മഫലനിയമം തുടങ്ങിയവയെല്ലാം ദൃശ്യപ്രകൃതിയില്‍ നിലനില്‍ക്കുന്ന ധര്‍മ്മനിയമങ്ങളാണ്. ഇത്തരം സ്ഥിരനിയമങ്ങളെ അറിഞ്ഞ് അനുസരിച്ചാൽ മനുഷ്യനും നിലനിൽപ്പുജീവിതം അനുഭവിക്കാനാകും. പ്രവൃത്തി, അധര്‍മ്മം എന്നിവയാണ് വാര്‍ദ്ധക്യത്തിന് നിദാനമെങ്കില്‍ വാര്‍ദ്ധക്യഅതിജീവനം ഇവയ്ക്ക് വിപരീതവുമാകും.

സ്ഥിരവും പ്രയോജനകരവുമായ ധര്‍മ്മനിയമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ സങ്കേതത്തെയാണ് മതം എന്ന് വിളിച്ചുപോന്നിരുന്നത്. പരിണാമത്തിന്‍റെ കുത്തൊഴുക്കിൽപ്പെട്ട് ധർമ്മരീതികളും സത്യമതവ്യാഖ്യാനങ്ങളും മാറി. ധർമ്മം എന്നാൽ ക്രമയമനിയമങ്ങള്‍ എന്നും മതം എന്നാല്‍ സത്യത്തെ സംബന്ധിച്ച, കാരുണ്യവാനായ ദൈവത്തെ സംബന്ധിച്ച അഭിപ്രായം എന്നും ദേവ് എന്നാല്‍ ആകാശം എന്നുമാണര്‍ത്ഥം. ധര്‍മ്മം എന്നതും ഇബാദത്ത് അഥവാ അനുസരണ എന്നതും ഏകദേശം ഒന്നുതന്നെയാണ്. ധര്‍മ്മത്തിന്‍റെ ഔന്നത്യമാണ് സത്യമതം അഥവാ സത്യവിശ്വാസം. വിശ്വപ്രപഞ്ചസത്യനിയമങ്ങളെ സങ്കല്‍പ്പിച്ച് അറിയുകയും അതിനോട് സൗമ്യരസപ്പെടുകയും അതിനെ സാംശീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് മനുഷ്യന്‍റെ എക്കാലത്തെയും ധര്‍മ്മമായി, കര്‍ത്തവ്യമായി ചിലര്‍ കണക്കാക്കിയിരുന്നു. കര്‍മ്മത്തിന്‍റെ പൂര്‍ണ്ണതയാണ് ധര്‍മ്മം. ധര്‍മ്മത്തിന്‍റെ പൂര്‍ണ്ണതയാണ് സത്യം. സത്യത്തിലോട്ടുള്ള കര്‍മ്മമാര്‍ഗ്ഗമാണ് അനുസരണ. അനുസരണങ്ങളും നിരോധനങ്ങളും ചേര്‍ന്നതാണ് ധര്‍മ്മ ആശയങ്ങള്‍.

ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വയം അനുസരിക്കേണ്ട നിബന്ധനകളാണ് നിയമം. സാമുഹികജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചര്യകളാണ് യമം. ശുദ്ധി, പുതിയ വിജ്ഞാനശേഖരണം, കര്‍മ്മത്തെ പൂര്‍ണ്ണതയില്‍ ചെയ്യല്‍, സന്തോഷം, സര്‍വ്വചരാചരങ്ങളിലും നിലകൊള്ളുന്ന ചേതനാതത്വം അഥവാ ബോധം ഏകം തന്നെയെന്ന് കണക്കാക്കി പെരുമാറല്‍ എന്നിവയാണ് നിയമം. ഹിംസ, കളവുപറയല്‍, മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുക്കല്‍, ഉദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അല്ലാതെ വസ്തുക്കളെ ഉപയോഗിക്കല്‍, ആവശ്യത്തിലധികം അര്‍ത്ഥം ശേഖരിച്ചുവെയ്ക്കല്‍ എന്നിവയെല്ലാമാണ് യമം. യമനിയമങ്ങളെ ആചരിക്കേണ്ടത് വ്യക്തിയിലെ സത്തയായ ആത്മബോധമല്ല. കാര്യശരീരമാണ്. പ്രകൃതിനിയമങ്ങളുടെ അനുകരണത്തിനും ധര്‍മ്മക്രമാനുഷ്ഠാനത്തിനും മുന്നോടിയായി കാര്യശരീരത്തെ പറ്റി സ്ഥൂലമായും സൂക്ഷ്മമായും അറിയണം. സ്ഥൂലശരീരത്തിന്‍റെ അംശങ്ങളായ സപ്തധാതുക്കള്‍, ഇന്ദ്രിയങ്ങള്‍ എന്നിവയെ പറ്റിയും പ്രാണശക്തിയുടെ ഘടകങ്ങളായ വാതം, പിത്തം, കഫം എന്നീ ബലങ്ങളെ പറ്റിയും മനസ്സിന്‍റെ അംശങ്ങളായ അഹങ്കാരം, ബുദ്ധി, കാമം, മോഹം, ഓർമ്മ, മനനം, യുക്തി, വിവേകം, വികാരം, അവബോധം എന്നിവയെപ്പറ്റിയും എല്ലാം അറിയണം. കാര്യശരീരത്തിലെ ഓരോന്നിന്‍റെ ആഹാരങ്ങളെ സംബന്ധിച്ചും അഹന്താദോഷങ്ങൾ ബാധിച്ചാല്‍ ഉണ്ടാകുന്ന വിവിധ അവസ്ഥകളെ സംബന്ധിച്ചും ഇവയുടെയെല്ലാം പരിഹാരത്തെ കുറിച്ചും അറിയണം. കാര്യശരീരത്തെ ശുദ്ധിയിലും സൗമ്യതയിലും നിലനിര്‍ത്തണം. ആരോഗ്യം, സുഖം, ആനന്ദം എന്നിവയ്ക്ക് ഉതകുന്ന യമനിയമങ്ങള്‍ കൂടാതെ പൂര്‍ണ്ണായുസ്സിനെ അനുവദിക്കുന്ന വിധിരീതികള്‍ കൂടി ഉള്‍പ്പെട്ടതാണ് ധര്‍മ്മം.

ശുദ്ധി, ശാന്തി, ക്രമം, മര്യാദ, സൗമ്യത, നീതി, താളം, സല്‍ബന്ധം, പരസ്പരബഹുമാനം, ത്യാഗം, നന്മ, കര്‍ത്തവ്യം, ദാനം, ക്ഷമ, വായുപാനം, ജലപാനം, അന്നഭോജനം, പ്രശ്നപരിഹാരം, ശുഭം തുടങ്ങിയവയെല്ലാം ധര്‍മ്മത്തിലെ ഘടകങ്ങളാണ്. വിജ്ഞാനം, ഇന്ദ്രിയനിയന്ത്രണം, ആത്മനിയന്ത്രണം, ധൃതിയില്ലായ്മ, സത്യസന്ധത, നിര്‍മ്മലത, വിട്ടുവീഴ്ച, പൊറുത്തുകൊടുക്കല്‍, ത്യാഗസന്നദ്ധത, സഹോദരസേവ, ഭൂതദയ, കോപമില്ലായ്മ, പ്രസന്നത, ആതിഥേയത്വം, സംഘംചേരല്‍, യാഥാര്‍ത്ഥ്യബോധം, വിവേകഉയർച്ച എന്നിവയെല്ലാം ധർമ്മനിയമങ്ങളില്‍ ഉള്‍പ്പെടും. ത്യാഗം, സ്നേഹം, സമർപ്പണം എന്നിവയുടെ തീവ്രത പൂർവ്വകാലങ്ങളിലെ ധർമ്മത്തിൽ കുറവായിരുന്നുവെന്നും ധര്‍മ്മത്തിന്‍റെ പരിഷ്കാരമെന്നോണമാണ് മതങ്ങള്‍ ഉദയംചെയ്തത് എന്നും ചിലര്‍ നിരീക്ഷിച്ചു.

കാര്യശരീരത്തിലെ ശുദ്ധി, കാര്യശരീരത്തിന്‍റെ പോഷണം, സംരക്ഷണം; ധർമ്മത്തിന്‍റെ അനുഷ്ഠാനം, പരിവർത്തനം, സംസ്ക്കരണം; നിഷ്കാമകര്‍മ്മം, പരോപകാരം; പാപം ചെയ്യാതിരിക്കല്‍, സഹകരണം, ഇണക്കം, പ്രായശ്ചിത്വം ചെയ്യല്‍, സ്നേഹം, ഭൂതദയ, ജ്ഞാനസമ്പാദനം എന്നിവയെല്ലാം ധര്‍മ്മത്തിന്‍റെ വിഷയങ്ങളാണ്. ധര്‍മ്മവിഷയങ്ങളില്‍ ചിലത് ഭൗതികമാണ്. ചിലത് ഭൗതിക പ്രതിഭാസങ്ങളാണ്. സ്ഥൂലശരീരം ഭൗതികമാണ്. പ്രാണശക്തി ഭൗതിക ഊര്‍ജ്ജമാണ്. മനസ്സ് പ്രതിഭാസയിനം ഊര്‍ജ്ജമാണ്. ഭൗതികമായ കാര്യശരീരത്തെ സംരക്ഷിക്കാന്‍ ആന്തരിക മനസ്സുകൊണ്ട് ചെയ്യുന്ന പ്രജ്ഞായജ്ഞങ്ങളും ധര്‍മ്മമാണ്. ഇവ മനസ്സിന്‍റെ മെച്ചപ്പെട്ട നിലയിലുള്ള കര്‍‍മ്മങ്ങളാണ്. ഇവ ഓരോരുത്തരും സ്വയം ചെയ്യേണ്ട കാര്യമാണ്. ശുദ്ധിയെ അവലംബിച്ചും വേദന, ദാഹം, വിശപ്പ്‌ എന്നിവയെ പരിഹരിച്ചും കാര്യശരീരത്തെ സംരക്ഷിക്കുന്നത്, ആഗ്രഹങ്ങളെ സഫലീകരിച്ചും പുണ്യകര്‍മ്മങ്ങള്‍ ചെയ്തും സന്തോഷം അനുഭവിക്കുന്നത് എല്ലാം ഭൗതികയിനം കര്‍മ്മങ്ങളാണ്. തമസ്സുദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തി പ്രാണശക്തിയെ ഉത്തേജിപ്പിച്ച് അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കുന്നത് ഭൗതികയിനം കര്‍മ്മമാണ്. അഹന്താദോഷങ്ങളെ പ്രതിരോധിക്കേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്. ആരോഗ്യത്തോടെ ജീവിക്കുന്നതിനും സുഖം, സ്വസ്ഥത, സന്തോഷം എന്നിവ അനുഭവിക്കുന്നതിനും ആഹാരം അടക്കമുള്ള അര്‍ത്ഥം വേണ്ടതുണ്ട്. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. അർത്ഥം, പുണ്യം എന്നിവ മാത്രമല്ല സുഖം, സന്തോഷം, സംതൃപ്തി എന്നിവയെ അനുവദിക്കുന്ന ധര്‍മ്മവും ശുഭഘടകമാണ്. ആരോഗ്യപൂർണ്ണമായ ജീവിതത്തിന്, ദീർഘായുസ്സ് അനുഭവത്തിന് ആശ്രയമാക്കേണ്ടത് അർത്ഥനീതിയേക്കാൾ ഉപരി ധർമ്മനീതികളെയാണ്.

ധർമ്മനിയമങ്ങൾ ബാധകമല്ലാത്ത, ക്രമനിയമങ്ങൾക്ക് അതീതമായ, സംരക്ഷണം ആവശ്യമില്ലാത്ത അഭൗതിക ഊർജ്ജ ആശയമാണ് ആത്മബോധം. ആത്മബോധത്തിന്‍റെ ആവരണമായ സ്ഥൂലശരീരത്തിൽ ദ്രവ്യതോത് കൂടും, ഊര്‍ജ്ജതോത് കുറയും. സൂക്ഷ്മയിനം ആവരണങ്ങളായ പ്രാണശക്തി, മനസ്സ് എന്നിവയില്‍ ദ്രവ്യതോത് കുറയും, ഊര്‍ജ്ജതോത് കൂടും. ഭൗതികമായ കാര്യശരീരവും അഭൗതിക സ്വഭാവമുള്ള ആത്മബോധകലകളും തമ്മില്‍ ശുദ്ധി, ധര്‍മ്മം, പുണ്യം, ബലി എന്നിവയിലൂടെ അല്ലാതെ ചേരുകയില്ല. ഭൗതികമായ ആന്തരിക മനസ്സും അഭൗതികമായ ആത്മബോധവും തമ്മില്‍ ചേരണമെങ്കില്‍ ഭൗതികത ഇല്ലാതായ ആത്മബോധകലകളുടെ സഹായം വേണം. ആനന്ദസാക്ഷാല്‍ക്കാരം അനുഭവിക്കണമെങ്കില്‍ സ്ഥൂല, സൂക്ഷ്മ ആവരണങ്ങളിലെ ശുദ്ധിയും കര്‍മ്മഫലത്യാഗം മൂലമുള്ള ലഘുത്വവും വേണം.

മനോകർമ്മങ്ങളുടെ തുടര്‍ച്ചയാണ് ശരീരകര്‍മ്മങ്ങൾ. മനസ്സും മനസ്സിന്‍റെ കര്‍മ്മങ്ങളും ഇല്ലെങ്കില്‍ സ്ഥൂലശരീരകർമ്മങ്ങള്‍ ഇല്ല. സ്ഥൂലശരീരകര്‍മ്മങ്ങള്‍ ഇല്ലാതായാല്‍ ശരീരഭാഗങ്ങൾ ക്ഷയിക്കും. വ്യക്തിരൂപം വിത്യാസപ്പെടും. മനസ്സിനെ സംരക്ഷിക്കാൻ ആവശ്യത്തിന് ജലം കുടിക്കുന്നതും പ്രാണശക്തിയെ സംരക്ഷിക്കാന്‍ വേണ്ടവിധത്തില്‍ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുന്നതും ശരീരഭാഗങ്ങള്‍, സാരാംഗ്നികള്‍ എന്നിവയെ സംരക്ഷിക്കാന്‍ ശരീരത്തിലെ മലങ്ങളെ ദാനം ചെയ്യുന്നതും ദേഹപ്രകൃതിക്കനുസരിച്ച് ഹിതങ്ങളായ ആഹാരദ്രവ്യങ്ങളെ സ്വീകരിക്കുന്നതും ശരീരഭാഗങ്ങളെ ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതും ധര്‍മ്മമാണ്.

കാര്യശരീരത്തിലെ വൈഷമ്യങ്ങള്‍, പുറമെ നിന്ന് എത്തിയ മാലിന്യങ്ങള്‍, വിഷങ്ങള്‍, സ്ഥൂലശരീരത്തിലെ ധാതുമലങ്ങളുടെ വര്‍‍ദ്ധനവ്, ആഹാരക്കുറവ്, ജനിതകദോഷങ്ങള്‍, ആര്‍ജിതദോഷങ്ങള്‍, ഹോര്‍മോണുകളുടെ വൈഷമ്യം, ഹോർമോണുകളുടെയും സാരാംഗ്നികളുടെയും ശോഷണം, പ്രതിസാരാംഗ്നികളുടെ ആവിര്‍ഭാവം എന്നിവയാണ് ആരോഗ്യക്ഷയത്തിനും ആധി, വ്യാധി എന്നിവയ്ക്കും പൊതുവെ കാരണമാകുന്നത്. സ്ഥൂലശരീരത്തിനും പ്രാണശക്തിക്കും മനസ്സിനും അഹിതങ്ങളായ ആഹാരഘടകങ്ങളെ സ്വീകരിച്ചാല്‍, ദേഹപ്രകൃതിക്ക്‌ വിരുദ്ധങ്ങളായ കര്‍മ്മരീതികളെ അവലംബിച്ചാൽ സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലുള്ള സൗമ്യത തകരാറിലാകും. പ്രാണശക്തിക്ക് അഹിതമായതാണ് വിഷം. അത് സാരാംഗ്നികളെയും ഉപസാരാംഗ്നികളെയും നശിപ്പിക്കും, പ്രതിസാരാംഗ്നികളെ സൃഷ്ടിക്കും. വിഷം വളരെ സാവധാനത്തില്‍ മാത്രം പരിണമിക്കുന്നവയാകയാല്‍ അതിനെ എളുപ്പം നശിപ്പിക്കാന്‍ കഴിയുകയില്ല. ദേഹത്തില്‍ ഏതിനത്തില്‍പ്പെട്ട വിഷം എത്തിയാലും ഒട്ടും വൈകാതെ തന്നെ അവയെ വിസര്‍ജ്ജിപ്പിച്ചുകളയണം. വിസര്‍ജ്ജിപ്പിച്ച് കളയാന്‍ കഴിയാത്ത ഘട്ടത്തില്‍ പ്രത്യൌഷധങ്ങളെ പ്രയോജനപ്പെടുത്തി വിഷത്തെ നിര്‍വീര്യമാക്കണം. ഉഷ്ണവിഷത്തില്‍ കഠിന ഉഷ്ണയിനങ്ങളും ശീതവിഷത്തില്‍ കഠിന ശീതയിനങ്ങളും ക്ഷയവര്‍ദ്ധകങ്ങളാണ്. ഉഷ്ണവിഷത്തെ മൃദുയിനം ശീതവിഷം കൊണ്ടും ശീതവിഷത്തെ മൃദുയിനം ഉഷ്ണവിഷം കൊണ്ട് നിര്‍വീര്യമാക്കണം.

ഉഷ്ണയിനത്തില്‍പ്പെട്ട രോഗാണുക്കള്‍ കൂടുതലായും ആക്രമിക്കുന്നത് ശീതദേശങ്ങളിലെ ഉഷ്ണ ദേഹപ്രകൃതിക്കാരെയാണ്. ഉഷ്ണയിനം രോഗാണുക്കള്‍ (ഹെപ്പറ്റയിറ്റിസ് ബി, ചിക്കന്‍പോക്സ്) ശീത ദേഹപ്രകൃതിക്കാരെ ബാധിച്ചാല്‍ തന്നെയും അത്രയ്ക്ക് തീവ്രമാകുകയില്ല. ഇത്തരം ഉഷ്ണയിനം അണുക്കള്‍ക്ക് ഉഷ്ണ അന്തരീക്ഷത്തില്‍ സജീവമായി നിലകൊള്ളാനും ഉഷ്ണദേശങ്ങളിലെ ന്യൂനപക്ഷക്കാരായ ഉഷ്ണ ദേഹപ്രകൃതിക്കാരില്‍ പ്രതികൂലമായി ബാധിക്കാനുമാകും. ഇത്തരം രോഗങ്ങളില്‍ ഉഷ്ണയിനം മരുന്നുകളെ അതിസൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം. കേരളം പോലുള്ള ഉഷ്ണപ്രദേശത്തിലെ ശീത ദേഹപ്രകൃതിക്കാരെ തീവ്രമായി ബാധിക്കുന്നത് ശീതയിനത്തില്‍പ്പെട്ട രോഗാണുക്കളും (ഹെപ്പറ്റയിറ്റിസ് എ, ഇ) ശീതയിനം ദോഷങ്ങളുമാണ്. മൂത്രസ്രാവരോഗങ്ങള്‍, വയറിളക്കം, ശ്ലീപദം എന്നിവ ശീതരോഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. വിഷങ്ങളില്‍ ശീതയിനങ്ങളെ നിര്‍വീര്യമാക്കാന്‍ ലഘു ഉഷ്ണയിനങ്ങളായ കറുവപ്പട്ട, കുരുമുളക്, തിപ്പലി, മഞ്ഞള്‍, ചുക്ക് എന്നിവയെ മിത അളവില്‍ ഉപയോഗിക്കണം. മദ്യം, അമ്ലം, ഉപ്പ് എന്നിവയുടെ ഉപയോഗം അധികരിച്ചാല്‍, ഉഷ്ണയിനം വിഷം ദേഹത്തില്‍ എത്തിയാല്‍ അത് ശ്വാസകോശം, വൃക്ക, കരള്‍, അഗ്നേയഗ്രന്ഥി തുടങ്ങിയവയെ തകരാറിലാക്കും. ഉഷ്ണയിനം വിഷദ്രവ്യം ലഘുവും അതിസൂക്ഷ്മവുമായ അളവിലാണ് ദേഹത്തിൽ എത്തുന്നതെങ്കില്‍ ആദ്യം അത് പ്രാണശക്തിയെ ഉത്തേജിപ്പിക്കും. പ്രാണശക്തി അതിനോട് പ്രതിപ്രവര്‍ത്തിച്ച് സാരംഗ്നികളെ സ്രവിപ്പിച്ച് ഉഷ്ണദോഷങ്ങളെ നിര്‍വീര്യമാക്കും. കുരുമുളക്, വെളുത്തുള്ളി, കായം, ഉപ്പ്, ഗന്ധകം, പരാദം, സ്വര്‍ണ്ണം എന്നിവ ഉഷ്ണയിനം വിഷദ്രവ്യങ്ങളാണ്. ഇവയെ ജലത്തിലോ, ലായകങ്ങളിലോ നേര്‍പ്പിച്ച്‌, സംസ്കരിച്ച് അതിസൂക്ഷ്മമാക്കി ലഘു അളവിൽ പ്രയോഗിച്ചാല്‍ അത് പ്രാണശക്തിയെയും ശീതയിനം സാരാംഗ്നികളെയും ഉത്തേജിപ്പിച്ച് ഉഷ്ണയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കും. ശീതയിനം രോഗപ്രയാസങ്ങളെയും പരിഹരിക്കും. കൊട്ടംചുക്കാദി തൈലം, പൈന്‍ തൈലം, ദേവദാരു തൈലം, മിറ തൈലം എന്നിവ അഭിഷേകം ചെയ്യുന്നത് ഉഷ്ണയിനം ദോഷരോഗങ്ങളെയും സമാനയിനം രോഗലക്ഷണങ്ങളെയും ഭേദമാക്കും. ശുദ്ധിയും ധര്‍മ്മവും ദോഷനിര്‍വ്വീകരണവും രോഗചികിത്സയും കാര്യശരീരപോഷണവും ഉള്‍പ്പെട്ട സമഗ്രവൈദ്യആശയമാണ് വാര്‍ദ്ധക്യഅതിജീവനം.

ശീതവീര്യമുള്ള സിന്നാമോമം കര്‍പ്പൂരം സൂക്ഷ്മമാത്രയില്‍ പ്രയോഗിച്ചാല്‍ അത് കാര്യശരീരത്തിൽ പ്രവര്‍ത്തിച്ച്‌ ഉഷ്ണയിനം സാരാംഗ്നികളെ ഉത്തേജിപ്പിക്കും. ഇത് ഉഷ്ണമേഖലയിലെ ശീതയിനം ദോഷങ്ങളെ നിഷ്ക്രിയമാക്കും. ശീതയിനം നിജരോഗമായ വയറിളക്കത്തില്‍, ശ്ലീപദത്തില്‍ പച്ച കര്‍പ്പൂരം അതിസൂക്ഷ്മ അളവില്‍ പ്രയോഗിക്കുമ്പോള്‍ പ്രാണശക്തിയുടെ പ്രതി പ്രവര്‍ത്തനമെന്നോണം അത് ഉഷ്ണസാരാംഗ്നികളെയും ഉഷ്ണബലത്തെയും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിച്ച ഉഷ്ണബലത്തില്‍ ശീതദോഷങ്ങള്‍ നിര്‍വീര്യമാകും. ശീതരോഗങ്ങള്‍  പരിഹരിക്കപ്പെടും. കുന്തിരിക്കം, കുട്ക്കി, മഞ്ചിഷ്ട, ഏലം, കരയാംപൂവ്വ് എന്നിവ ചേര്‍ന്ന തയ്യാറാക്കിയ ശീതതൈലത്തെ അഭിഷേകം ചെയ്‌താല്‍ കാലിനേയും മറ്റും ബാധിക്കുന്ന ശീതവാതം ശമിക്കും. ശീതയിനം മൂത്രസ്രാവരോഗത്തിന്‍റെ മൃദു അവസ്ഥയിൽ ചന്ദനം, ശീതകര്‍പ്പൂരം, കരിങ്ങാലി, നെല്ലിക്ക എന്നിവയെ അഭിഷേകം ചെയ്യുന്നതും തഥര്‍ത്ഥകാരിരീതിയാണ്. മഴ കൊണ്ടതുമൂലമുള്ള മൂക്കൊലിപ്പ് ഒരു ശീതയിനം പ്രയാസമാണ്. ഉഷ്ണയിനം അലര്‍ജിക് ജലദോഷങ്ങളില്‍ ഉഷ്ണയിനമായ കുരുമുളക് പുകയോ വിഴാലരി പുകയോ അതിസൂക്ഷ്മ അളവില്‍ നസ്യം ചെയ്യുന്നത്, ഗുഗ്ഗുലുവിന്‍റെ പുക ഏല്‍ക്കുന്നത്, പുതീന ചായ കുടിക്കുന്നത് എല്ലാം തഥര്‍ത്തകാരിയാണ്. മസ്തിഷ്കജ്വരം, ചിക്കന്‍പോക്സ് എന്നിവ ഉഷ്ണയിനം രോഗങ്ങളാണ്. ഇത്തരം അവസ്ഥയില്‍  ഉഷ്ണയിനം മരുന്നുകളെ അഭിഷേകം ചെയ്യുന്നതും തഥര്‍ത്ഥകാരിരീതിയാണ്. കാര്യശരീരത്തില്‍ ഉടലെടുക്കുന്ന അശുദ്ധി, വൈഷമ്യങ്ങള്‍, രോഗപ്രയാസങ്ങള്‍ എന്നിവ സ്ഥൂലങ്ങളായാലും സൂക്ഷ്മങ്ങളായാലും അവയെ യഥാസമയം പരിഹരിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. പ്രകൃതിദ്രവ്യങ്ങളില്‍ ഏതെല്ലാമാണ് സ്ഥൂലത്തിലും സൂക്ഷ്മത്തിലും വിഷമാകുന്നത്, ഏതെല്ലാമാണ് ഔഷധമാകുന്നത്, ഏതെല്ലാമാണ് അന്നമാകുന്നത്, ഏതെല്ലാം ആഹാരഘടകങ്ങൾ തമ്മിലാണ് വിരുദ്ധമാകുന്നത്, എപ്പോഴെല്ലാമാണ് അഹിതമാകുന്നത്, ഓരോന്നിന്‍റെയും വീര്യം എന്താണ് എന്നതെല്ലാം അറിയേണ്ടതും പിടിപെട്ട രോഗങ്ങളെ യഥാവിധി പരിഹരിക്കേണ്ടതും ഓരോരുത്തരുടെയും ധര്‍മ്മമാണ്. അതില്‍ വ്യക്തിയെ സഹായിക്കുന്ന മേഖലയാണ് വൈദ്യം.

ദേശവും കാലവും ഉള്‍പ്പെട്ടതാണ് പരിസ്ഥിതി. കാര്യശരീരം, പരിസ്ഥിതി എന്നിവ തമ്മില്‍ അനുകൂലമായ ഒരു ബന്ധം രൂപപ്പെടുത്താനായാല്‍ ബാഹ്യമനസ്സിൽ സന്തോഷം അനുഭവിക്കാനാകും. ഓരോ ജീവിയും അത് നിലകൊള്ളുന്ന പരിസ്ഥിതിയെ സംബന്ധിച്ചുള്ള വിവരങ്ങളെയും സുഖം ലഭ്യമാകാന്‍ വേണ്ട വിഷയങ്ങളെയും അന്വേഷിക്കുന്നുണ്ട്. വിശേഷാൽബുദ്ധി, ആശയവിനിമയശേഷി എന്നിവ കുറഞ്ഞതുകൊണ്ട് കൂടിയാണ് നാൽക്കാലികളെ പൊതുവില്‍ മൃഗം എന്ന് സംബോധന ചെയ്യുന്നത്. മൃഗ എന്ന പദത്തിന് അന്വേഷിക്കുന്നത് എന്നും മാന്‍ (Man) എന്നും അര്‍ത്ഥമുണ്ട്. മൃഗങ്ങള്‍ പരിമിതമായ ഇന്ദിയങ്ങള്‍‍ കൊണ്ടാണ് ആഹാരത്തെയും ബലത്തെയും സുഖത്തെയും അന്വേഷിക്കുന്നത്. ഇതുമൂലം പ്രാഥമികമായി രൂപപ്പെടുന്നത് മിഥ്യാബോധം തന്നെയാണ്. മനുഷ്യന്‍ (Man) അന്വേഷിക്കുന്ന വിഷയങ്ങള്‍, അവന് വേണ്ട വിവരങ്ങള്‍, ആഹാരദ്രവ്യങ്ങള്‍ എല്ലാംതന്നെ അവന് ചുറ്റുമുള്ള പരിസ്ഥിതിയിൽ നേരെത്തെ തന്നെ ഉള്ളതാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിവയിലെ കർമ്മജീവിതം സംബന്ധിച്ച വിവരങ്ങളും രോഗം, വേദന, സുഖദുഃഖ അനുഭവങ്ങള്‍, ദുരിതങ്ങള്‍, മരണം എന്നിവ സംബന്ധിച്ച വിവരങ്ങളും മരണാനന്തരജീവിതം ഉണ്ടെങ്കില്‍ അത് സംബന്ധിച്ച കുറേ വിവരങ്ങളും അവന്‍റെ വിജ്ഞാനമയകോശത്തില്‍ നേരത്തെ തന്നെ നിലകൊള്ളുന്നുണ്ട് എന്നും ചിലര്‍ വിശ്വസിച്ചു. ധര്‍മ്മം എന്നതിന് അന്വേഷണം എന്നും അര്‍ത്ഥമുണ്ട്. മനസ്സില്‍ ഉദിച്ച ഓരോ മോഹവും അന്വേഷണമാണ്. ബാഹ്യമനസ്സിന്‍റെ അന്വേഷണവിഷയങ്ങളില്‍ മുഖ്യമായത് കാമപൂര്‍ത്തീകരണം, മോഹപൂര്‍ത്തീകരണം, സുഖാനുഭവം എന്നിവയ്ക്ക് ഉതകുന്ന ഇനങ്ങളാണ്. അന്വേഷിക്കുന്നതാണ് അറിയാനാകുന്നത്. അന്വേഷണവിഷയങ്ങള്‍, അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവിധികള്‍ എന്നിവ അവനിലെ ആത്മബോധകലകളില്‍, ഉപബോധമനസ്സില്‍, ആനന്ദമയകോശത്തില്‍, ആന്തരിക സൂക്ഷ്മമനസ്സില്‍ നേരത്തെ തന്നെ നിലകൊള്ളുന്നതുപോലെ പരിസ്ഥിതിയിലും നേരത്തെ തന്നെ നിലകൊള്ളുന്നുണ്ട് എന്നും ചിലര്‍ വിശ്വസിച്ചു. ബാഹ്യമനസ്സിനെ അറിയുന്നതുപോലെ; ആന്തരിക മനസ്സ്, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയിലെ നിഗൂഡഅംശങ്ങളെ അന്വേഷിക്കുന്നതുപോലെ, പരിസ്ഥിതിയെക്കുറിച്ചും സൂക്ഷ്മമായി അന്വേഷിക്കണം. പരിസ്ഥിതിയെ അന്വേഷിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനവനെ തന്നെ അന്വേഷിക്കണം. ബാഹ്യമനസ്സിലെ സങ്കല്‍പ്പങ്ങളെ നിയന്ത്രിച്ചാല്‍, മോഹങ്ങളെ ഒഴിവാക്കിയാല്‍, ദഹനശേഷിയെ മെച്ചപ്പെടുത്തിയാല്‍, ശ്വസനനിരക്ക് കുറച്ചാല്‍; ആന്തരിക മനസ്സ്, ഉപബോധമനസ്സ് എന്നിവയിലെ ശേഷികളെയും വിജ്ഞാനമയകോശത്തിലെ നിഗൂഡവിവരങ്ങളെയും കുറേശ്ശെ കുറേശ്ശെയായി ഉയര്‍ത്തികൊണ്ടുവരാനാകും. ബാഹ്യമനസ്സിനെ തളര്‍ത്തുന്ന ഔഷധങ്ങളെ (ഉദാ: Para sympatholytic & Sympatholytic) അതിസൂക്ഷ്മ മാത്രയിൽ ഉപയോഗിച്ചാൽ അത് ഉപബോധമനസ്സ്, ഭൗതികത വന്ന ആത്മബോധകലകള്‍ എന്നിവയെ ഉണര്‍ത്തും. പരിസ്ഥിതിയെ അന്വേഷിക്കുമ്പോള്‍ അത് അഹന്താദോഷങ്ങളെപ്പറ്റി മാത്രമായുള്ള അന്വേഷണത്തില്‍ പരിമിതപ്പെടാതെയും അതിന്‍റെ സ്വാധിനത്തില്‍ വീഴാതെയും ശ്രദ്ധിക്കണം.

പരിസ്ഥിതിയിലെ മുഖ്യകാര്യം പരിണാമമാണ്. പരിസ്ഥിതിയിലെ ദ്രവ്യങ്ങള്‍ ഏത് നാമത്തില്‍ അറിയപ്പെട്ടാലും അതിലെ അടിസ്ഥാനഘടകങ്ങള്‍ പഞ്ചഭൂതങ്ങളോ മൂലകങ്ങളോ അതിലെ സൂക്ഷ്മഘടകങ്ങളോ ആണ്. ഭൂമി, ജലം, അഗ്നി, വായു എന്നീ ഭൂതങ്ങളുടെ ഉല്‍പത്തി ആകാശഭൂതത്തില്‍ നിന്നാണ്. ഭൂമിഭൂതത്തിന്‍റെ ക്ഷയപരിണാമമാണ് ജലഭൂതം. അഗ്നിഭൂതത്തിന്‍റെ ക്ഷയപരിണാമമാണ് വായുഭൂതം. വായുഭൂതത്തിന്‍റെ ക്ഷയപരിണാമം വഴിയും ആകാശഭൂതം ഉളവാകും. ആകാശ, വായു ഭൂതങ്ങളുടെ സങ്കോചമാണ് അഗ്നിഭൂതം. ആകാശ, വായു, അഗ്നി, ജലം എന്നീ ഭൂതങ്ങളുടെ സങ്കോചമാണ് ഭൂമിഭൂതം. ശൈശവത്തിന്‍റെ വളര്‍ച്ചാപരിണാമമാണ് ബാല്യം. കൗമാരത്തിന്‍റെ വളര്‍ച്ചാപരിണാമമാണ് യൗവനം. യൗവനത്തിന്‍റെ ക്ഷയപരിണാമമാണ് വാര്‍ദ്ധക്യം. ഋതുക്കളെ സംബന്ധിച്ച് ആണെങ്കില്‍ ശിശിരത്തിന്‍റെ പരിണാമമാണ് വസന്തം. ഗ്രീഷ്മത്തിന്‍റെ പരിണാമമാണ് വര്‍ഷം. വര്‍ഷത്തിന്‍റെ പരിണാമമാണ് ശരത്. ശരതുഋതു പരിണമിച്ചതാണ് ഹേമന്തം. കാര്യശരീരം, വിഷയം, പരിസ്ഥിതി എന്നിവ തമ്മിലുള്ള ബന്ധത്തെ അനുകൂലമായും പ്രതികൂലമായും പരിണമിപ്പിക്കാന്‍ ഇച്ഛാശക്തിക്ക് കഴിയും. ആത്മബോധകലയായ ജ്ഞാനശക്തിയുടെ വികാസരൂപമാണ് ഇച്ഛാശക്തി. ആഹാരത്തെ സ്ഥൂലശരീരമായും സൂക്ഷ്മശരീരമായും, സൂക്ഷ്മശരീരങ്ങളെ സ്ഥൂലശരീരമായും പരിണമിപ്പിക്കാന്‍ ആത്മബോധകലകള്‍ക്ക് കഴിയും. സ്ഥൂലശരീരവും സൂക്ഷ്മശരീരവും ആത്മബോധത്തിന്‍റെ ആവരണങ്ങളാണ്. പുണ്യകര്‍മ്മത്യാഗം, മഹാബലി, ആനന്ദത്യാഗം തുടങ്ങിയ ശൂന്യതാവിവരങ്ങള്‍ അടങ്ങിയ ആനന്ദമയകോശം, കര്‍മ്മഫലവിവരങ്ങള്‍ അടങ്ങിയ വിജ്ഞാനമയകോശം; മനോമയകോശം, പ്രാണമയകോശം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് സൂക്ഷ്മശരീരം. ചിത്തം, അഹങ്കാരം, സാമാന്യബുദ്ധി എന്നിവ ഉള്‍പ്പെട്ട കാമമയകോശവും വിശേഷാല്‍ബുദ്ധി, അവബോധം, ഭാവന എന്നിവ ഉള്‍പ്പെട്ട ബുദ്ധിമയകോശവും ചേര്‍ന്നതാണ് മനോമയകോശം. പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ ഉള്‍പ്പെട്ട വായുബലം; പിത്തബലം, കഫബലം; അദൃശ്യയിനം പ്രാണശക്തീകേന്ദ്രങ്ങളായ നാഡീമര്‍മ്മങ്ങള്‍, പ്രാണചാലുകള്‍; ഓജസ്സ് എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് പ്രാണമയകോശം. സപ്തധാതുക്കള്‍, ദേഹമലങ്ങള്‍, ഇന്ദിയങ്ങള്‍ എന്നിവ അടങ്ങിയതാണ് സ്ഥൂലശരീരം. സ്ഥൂല, സൂക്ഷ്മ ശരീരങ്ങള്‍ ചേര്‍ന്ന ആത്മബോധ ആവരണം പരിണമിച്ച് നശിക്കും. ഇതിനെ പ്രതിരോധിക്കേണ്ടത് കാര്യശരീരത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ക്ഷയപ്രതിരോധം വ്യക്തിയുടെ ധര്‍മ്മമാണ്.

ആഹാരത്തില്‍ നിന്ന് രൂപപ്പെട്ട സ്ഥൂലശരീരം വേഗത്തിൽ പരിണമിക്കും. മൂത്രം, മലം തുടങ്ങിയ സ്ഥൂലശരീരത്തിന്‍റെ അശുദ്ധികളും ആസക്തി, ഭയം, കോപം, അസൂയ, കാപട്യം, വൈര്യം, സമരം, ബഹളം, ദ്രോഹം, ദുഃഖം തുടങ്ങിയ മനോമലങ്ങളും അഹന്താദോഷങ്ങളും കാര്യശരീരത്തെ വേഗത്തിൽ പരിണമിപ്പിക്കും. പരിണാമം വേഗത്തിലായാല്‍ ആയുസ്സ് കുറയും. മനസ്സിന്‍റെ ലഘുഗുണങ്ങളായ സ്നേഹം, മൗനം, ത്യാഗം, കാരുണ്യം, നന്മ തുടങ്ങിയവയ്ക്ക് പരിണാമത്തെ സാവധാനത്തിലാക്കാനാകും. ബാല്യത്തിലെ സ്ഥൂല, സൂക്ഷ്മ ശരീരങ്ങളെ മൊത്തത്തിലും സൂക്ഷ്മതലത്തിലും അപഗ്രഥിച്ചാല്‍ അതില്‍ 99.9% വും ആകാശഭൂതമാണ് എന്ന് കാണാനാകും. വാര്‍ദ്ധക്യത്തില്‍ ആകാശഭൂതത്തിൽ നിന്ന് വായു, അഗ്നി, ജലം, ഭൂമി എന്നീ ഇനങ്ങളുടെ ക്രമത്തിലുള്ള പരിണാമമായാലും, വിപരീതദിശയിലുള്ള പരിണാമമായാലും പ്രായസംബന്ധിയായ പരിണാമമായാലും പരിസ്ഥിതിയിലെ ഏതുതരം പരിണാമമായാലും അവയുടെയെല്ലാം അന്ത്യം വ്യക്തിയെ സംബന്ധിച്ച് ദുഃഖഹേതുവാണ്. അഹന്താകാലം, അഹന്താദോഷങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അഹന്താതത്വം ദുഃഖഹേതുവാണ്. അഹന്താതത്വത്തിന്‍റെ ഉല്‍പന്നമാണ് ആവരണം. ആവരണത്തിന്‍റെ സ്രോതസ്സ് ആകാശഭൂതമാണ്‌ എന്ന സങ്കല്‍പ്പത്തില്‍ ചിലര്‍ ആകാശഭൂതവുമായി ബന്ധപ്പെട്ട സംഗതികളെയെല്ലാം കൂടുതലായി ബഹുമാനിച്ചു. യൗവനാന്ത്യത്തില്‍ ആകാശഭൂതം അടങ്ങിയ ദ്രവ്യങ്ങളെ പ്രത്യേകം സംസ്കരിച്ച് ദുഃഖപരിഹാരത്തിന്നായി സമാനരീതിയില്‍ പ്രയോജനപ്പെടുത്തിനോക്കി. ക്ഷയപരിണാമത്തിന്‍റെ അന്ത്യം ഭൂമിഭൂതമാണ് എന്ന് ഭാവന ചെയ്തപ്പോള്‍ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ഭൂതങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മമാക്കി ഹിതത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ക്ഷയപരിണാമത്തെ സാവധാനത്തിലാക്കാനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. കാര്‍ബണ്‍, കാത്സ്യം, സിലിക്ക, ഇരുമ്പ്, ദ്രവലോഹം, മറ്റു ലോഹങ്ങള്‍ എന്നിവ ഭൂമിഭൂതം കൂടുതല്‍ അടങ്ങിയവയാണ്. ഇവയെ സംസ്കരിച്ച് അതി സൂക്ഷ്മങ്ങളാക്കി ഉപയോഗിച്ചാല്‍ അത് വാര്‍ദ്ധക്യാന്ത്യഅതിജീവനത്തിന് പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍ അന്വേഷിച്ചു. വളര്‍ച്ചാഘട്ടത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിനെന്നും ജീവിതാനുഭവങ്ങള്‍ കർമ്മഫലപ്രകാരമാണെന്നും സംഭവിക്കുന്നതെല്ലാം പൂർവ്വനിശ്ചയപ്രകാരമാണെന്നും വാര്‍ദ്ധക്യത്തില്‍ കാലദേശാസാഹചര്യങ്ങളില്‍ സംഭവിക്കുന്നതെല്ലാം കാര്യശരീരത്തിന് പ്രതികൂലരീതിയിലാണ് എന്നും കണക്കാക്കി ധര്‍മ്മത്തെ അവലംബിച്ച് ജീവിതവിഷയങ്ങളെ അഭിമുഖീകരിച്ചാൽ, അതടിസ്ഥാനത്തില്‍ അതിജീവനം നടത്തിയാല്‍ ദുഃഖത്തെ ലഘൂകരിക്കാനായേക്കുമെന്നും പൂര്‍ണ്ണായുസ്സ് അനുഭവിക്കാനായേക്കുമെന്നും ചിലര്‍ ഭാവന ചെയ്തുനോക്കി.

പരിസ്ഥിതിയെയും അതിലെ വിഷയങ്ങളെയും അറിഞ്ഞ്, കാലദോഷങ്ങളെയും അഹന്താദോഷങ്ങളെയും അറിഞ്ഞ്; സ്ഥൂലശരീരം, പ്രാണശക്തി എന്നിവയെ സംരക്ഷിക്കുന്നതുപോലെ മനസ്സിനെ അറിഞ്ഞ് സംരക്ഷിക്കേണ്ടതും ധര്‍മ്മമാണ്. ആർത്തി, ഭയം, കോപം, പിടിവാശി, പ്രതിഷേധം, സാര്‍ത്ഥത, ദ്രോഹചിന്ത, അസൂയ, കാപട്യം, നിരാശ, അലസത, വിരോധം, വെറുപ്പ്, ധാർഷ്ട്യം തുടങ്ങിയ മനോമലങ്ങള്‍ സ്ഥൂലമനസ്സിന്‍റെ കിട്ടമാണ്. കിട്ടം കൂടിയാല്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അഹിതമാകും. കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും ജീവിതത്തിന് ഹിതമാകുമൊ വിരുദ്ധമാകുമൊ എന്ന് ഊഹിച്ചറിയുന്നതിന് വിശേഷാല്‍ബുദ്ധിയെ ആശ്രയിക്കണം. കര്‍മ്മഫലം എങ്ങിനെ ആകുമെന്ന് ഊഹിക്കാനുള്ള ശേഷി സ്ഥൂലമനസ്സിന്, അതിലെ വിശേഷാല്‍ബുദ്ധിക്ക് ചില ഘട്ടങ്ങളില്‍ കുറയും. അനുഭവത്തില്‍ നിന്ന് സാരാംശങ്ങളെയും സ്വാതികാംശങ്ങളെയും സ്വീകരിക്കണം. ബലം, സുഖം, സ്വസ്ഥത, സന്തോഷം എന്നിവ സ്വാതികാംശങ്ങളില്‍ ഉള്‍പ്പെടും. കിട്ടത്തെ വര്‍ദ്ധിപ്പിക്കുന്നതൊ വേദന, ദുഃഖം, കോപം, മുഷിപ്പ് എന്നിവയെ കഠിനമാക്കുന്നതൊ ആയ കര്‍മ്മങ്ങളെയും വിഷയങ്ങളെയും അതിന്‍റെ ഉപജ്ഞാതാക്കളെയും സമാജങ്ങളെയും അതിലെ കണ്ണികളെയും അതിന്‍റെ ചിഹ്നങ്ങളെയും ഒഴിവാക്കണം. അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും ചരിത്രത്തെയും ഒരു കൗതുകത്തില്‍ ഒതുക്കി അവയെ മറക്കണമെന്നും ചിലർ നിർദ്ദേശിച്ചു.

ദ്രവ്യവും ദ്രവ്യവും തമ്മില്‍, ആഗ്രഹവും ആസക്തിയും തമ്മില്‍, ബലവും ബലവും തമ്മില്‍, ദോഷബലവും വിപരീതയിനം ദ്രവ്യംമൂലമുള്ള ജൈവവീര്യവും തമ്മില്‍ ചേരും. ദോഷബലവും വിപരീതയിനം ജൈവബലവും തമ്മില്‍ ചേര്‍ന്നാല്‍ സംഘട്ടനം നടക്കും. ദോഷബലവും സമാനയിനം ജൈവബലവും തമ്മില്‍ ചേര്‍ന്നാല്‍ ചെറിയ ബലം ക്ഷയിക്കും. ദോഷങ്ങള്‍ ശക്തങ്ങളായാല്‍, പ്രാണശക്തി ദുര്‍ബലമായാല്‍ സ്ഥൂലശരീരം ക്ഷയിക്കും. ആകാശഭൂതം സങ്കോചിച്ച് ഭൂമിഭൂതം ആകുന്നതുപോലെ ഭൂമിഅംശത്തില്‍ നിന്ന് രൂപപ്പെട്ട സ്ഥൂലശരീരം (ഓക്സിജന്‍ (65%), കാര്‍ബണ്‍ (18.5%), ഹൈഡ്രജന്‍ (9.5%), നൈട്രജന്‍ (2.6%), കാത്സ്യം (1.3%), ഫോസ്ഫറസ് (0.6%), സള്‍ഫര്‍ (0.3%), പൊട്ടാസ്യം (0.2%), സോഡിയം (0.2%) എന്നിവ അടങ്ങിയത്) വിഘടിച്ച് ഭൂമിയുടെ ഭാഗമായി മണ്ണില്‍ കലരും. അഗ്നി, ജലം, ഭൂമി എന്നിവയില്‍ നിന്നും പ്രത്യേകമായി രൂപപ്പെട്ട ശരീരമെങ്കില്‍ ഒടുവില്‍ അത് അഗ്നിയില്‍ എത്തും. ആകാശം, വായു എന്നീ ഭൂതങ്ങളാല്‍ പ്രത്യേകമായി രൂപപ്പെട്ട ശരീരമെങ്കില്‍ ഒടുവില്‍ അത് ആകാശശൂന്യതയിൽ എത്തും. ഭൂമി, അഗ്നി, ആകാശം എന്നിവയിലും മറ്റും ഉടനെ എത്താതിരിക്കുക എന്നതാണ് വാര്‍ദ്ധക്യഅതിജീവനം. ഇത്തരം കാഴ്ചപ്പാടിൽ ചിലർ വാര്‍ദ്ധക്യത്തില്‍ എത്തുന്നതിന് മുന്‍പേതന്നെ ദീര്‍ഘദിവസളോളം ഉപവാസം അനുഷ്ടിച്ചും കൈപ്പ്ദ്രവ്യങ്ങളെ സ്വീകരിച്ചും ആകാശഭൂതത്തെ സംഘടിപ്പിച്ചു. ചിലര്‍ വാര്‍ദ്ധക്യാന്ത്യത്തില്‍ ഖനീജങ്ങളെ സംസ്കരിച്ച് അതിസൂക്ഷ്മമാക്കി ഉപയോഗിച്ചും തേന്‍ മാത്രം (Honey man) കുടിച്ചും സ്ഥൂലശരീരക്ഷയത്തെ പ്രതിരോധിച്ചു. കാര്യശരീരം വിഘടിച്ചപ്പോള്‍ ചിലർ ജഡത്തെ മണ്ണിനടിയില്‍ മറവുചെയ്തു. ചിലർ കത്തിച്ചു. ചിലർ തേൻ, മിറ, കുന്തിരിക്കം, പൈന്‍കര്‍പ്പൂരം, കറുവപ്പട്ട, മല്ലി, ജീരകം, മൈലാഞ്ചി, കന്മദം, മെഴുക്, ഉപ്പ്, കുമ്മായം, ചുവന്ന കളിമണ്ണ്‍, ടാർ എന്നിവ പുരട്ടി മമ്മികളാക്കി സൂക്ഷിച്ചു. ഇവരുടെ പിന്‍തലമുറക്കാരില്‍ ചിലര്‍ മമ്മികളെ കായകല്‍പ്പ ഔഷധങ്ങളാക്കിയും ഉപയോഗിച്ചുനോക്കി.

ജനിച്ചുവളര്‍ന്ന പരിസ്ഥിതിയില്‍ തുടര്‍ന്നും ജീവിക്കാന്‍ മനുഷ്യന്‍ പൊതുവെ തല്‍പരനാണ്. പരിസ്ഥിതിയിലെ സൌകര്യങ്ങള്‍ പരിമിതങ്ങളായിരുന്നപ്പോഴും പ്രതികൂലമായിരുന്നപ്പോഴും അതിനോട് ഇണങ്ങിയാണ് ജീവിച്ചുപോന്നത്. ജനസംഖ്യയില്‍ വര്‍ദ്ധനവ് സംഭവിച്ചത്, പ്രകൃതിവിഭവങ്ങള്‍ പ്രതികൂലമായത്, ചൂഷണതന്ത്രങ്ങള്‍ വികാസം പ്രാപിച്ചത്, അഹങ്കാരമനസ്സുകള്‍ വ്യാപകമായത്, ദേഹപ്രകൃതി പരിണമിച്ചത്‌ എല്ലാം പുതിയ പരിസ്ഥിതിയെ അന്വേഷിക്കാന്‍ മനുഷ്യനെ നിര്‍ബ്ബന്ധിതനാക്കി. വിദ്യാഭ്യാസ സൌകര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍, ശാസ്ത്രസാങ്കേതികരംഗം പുരോഗതി കൈവരിച്ചപ്പോള്‍, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഇന്ദ്രിയങ്ങളുടെ ലോകവും മോഹങ്ങളുടെ വ്യാപ്തിയും മനോസംഘര്‍ഷങ്ങളുടെ തീവ്രതയും വര്‍ദ്ധിച്ചു. മോഹവിഷയങ്ങളെ തിരഞ്ഞെടുക്കുന്നത് ബാഹ്യമനസ്സാണ്. അതില്‍ തൃപ്തി അനുഭവിക്കുന്നത് ഉയർന്ന ബുദ്ധിമനസ്സാണ്. അവന്‍റെയും സഹോദരങ്ങളുടെയും അയല്‍ക്കാരന്‍റെയും മോഹവിഷയങ്ങള്‍, ജീവിതമാർഗ്ഗങ്ങള്‍, അര്‍ത്ഥങ്ങള്‍ എന്നിവ സമാനങ്ങളോ ചിലപ്പോൾ വിപരീതങ്ങളോ വിരുദ്ധങ്ങളോ വിചിത്രങ്ങളോ ആകാം. വിവിധ ദേശങ്ങളിലെ ആളുകള്‍, സംഘങ്ങള്‍ എന്നിവയുടെ അന്വേഷണങ്ങള്‍, കര്‍മ്മങ്ങള്‍, ഫലങ്ങള്‍, അനുഭവങ്ങള്‍ എന്നിവ വിത്യസ്തങ്ങളായും ഭവിക്കാം. അന്വേഷിക്കുന്ന മനസ്സ്, ഇന്ദ്രിയങ്ങള്‍; ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ ഗുണം അനുസരിച്ച് നിരീക്ഷണങ്ങളും വിലയിരുത്തലുകളും മാറും. അര്‍ത്ഥവിഷയങ്ങളെ അന്വേഷിക്കാത്ത ബാഹ്യമനസ്സ്, അര്‍ത്ഥവിഷയങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്ന ബാഹ്യമനസ്സ്, വിഷയങ്ങളോട് വികലമായി പ്രതികരിക്കുന്ന ബാഹ്യമനസ്സ്; അര്‍ത്ഥവിഷയങ്ങളെ ശ്രദ്ധിക്കാത്ത ആന്തരിക മനസ്സ്, പ്രകോപനങ്ങള്‍ ഉണ്ടായിട്ടും പ്രതികരിക്കാതെ സമചിത്തതയോടെ നിലകൊള്ളുന്ന അവബോധമനസ്സ്, പ്രശ്നങ്ങളില്‍ യുക്തിപരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിവേകമനസ്സ് എന്നിങ്ങിനെയെല്ലാം പൂര്‍വ്വികര്‍ മനസ്സിനെ വിഭജിച്ചുനോക്കിയിരുന്നു. ബാഹ്യമനസ്സ് കൊണ്ടുള്ള അന്വേഷണമായാലും വിവേചനബുദ്ധി കൊണ്ടുള്ള അന്വേഷണമായാലും ധര്‍മ്മ മര്യാദാമാര്‍ഗ്ഗത്തിലാണ് അവര്‍ അന്വേഷിച്ചത്. ആയുസ്സ് കാലത്തിനുള്ളില്‍, വര്‍ത്തമാനകാലത്തില്‍ അനുഭവിക്കാനാകുന്ന കാര്യങ്ങള്‍ക്കാണ് അന്വേഷണത്തില്‍ അവര്‍ മുന്‍‌തൂക്കം നല്‍കിയത്. ജീവിതചര്യകളുടെ ലക്ഷ്യം ആയുസ്സിൽ ഉടനീളമുള്ള സുഖം ആണെന്നതിനാല്‍ അതിനുതകുംവിധമുള്ള വിഷയങ്ങൾ, ദ്രവ്യങ്ങൾ, മാര്‍ഗ്ഗങ്ങള്‍ എന്നിവയെ കൗമാരത്തില്‍ തന്നെ അന്വേഷിച്ചുതുടങ്ങണമെന്നും അഭിമുഖീകരിക്കേണ്ടിവരുന്ന വിഷയങ്ങളിലെ ശരി, തെറ്റ് എന്നത് ആപേക്ഷികങ്ങളാണെങ്കില്‍ കൂടി അവയെ വേര്‍തിരിച്ച് അറിയാന്‍ വേണ്ട വിശേഷാല്‍ബുദ്ധി, ഉത്സാഹം, പ്രാപ്തി എന്നിവയെ കൗമാരത്തില്‍ തന്നെ സമ്പാദിക്കണമെന്നും അതിന് ഹിതകരമായ സാഹചര്യങ്ങളെ കണ്ടെത്തേണ്ടതുണ്ടെങ്കില്‍, ഒരുക്കേണ്ടതുണ്ടെങ്കില്‍, പരിഷ്കരിക്കേണ്ടതുണ്ടെങ്കില്‍ യൗവനത്തിന് മുന്‍പേതന്നെ കണ്ടെത്തി ഒരുക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. സാഹചര്യങ്ങള്‍ അഹിതങ്ങളാണെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും വിരോധികളായ സഹോദരങ്ങള്‍ ഉണ്ടെങ്കില്‍, അസൂയക്കാരും ദുഷ്ടന്മാരുമായ അയല്‍ക്കാര്‍ ഉണ്ടെങ്കില്‍ അവരെ സഹിക്കണമെന്നും സാദ്ധ്യമെങ്കിൽ അവരില്‍ നിന്ന് ശരീരം കൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും അകന്നുനില്‍ക്കണമെന്നും ഇതുവരെ ഉണ്ടായ ജീവിതാനുഭവങ്ങളിൽ മെച്ചമായവയെ സ്വീകരിച്ച് ആവര്‍ത്തിക്കണമെന്നും ഒപ്പം അതിജീവനത്തിന് ഉതകുന്ന കര്‍മ്മങ്ങള്‍ ഉത്സാഹത്തോടെ നിരന്തരം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. വിജ്ഞാനമയകോശത്തില്‍ നിലകൊള്ളുന്ന പാപവിഷയങ്ങളെ പരിഹരിച്ച് ശുദ്ധമാകാനും ജനിതകയിനം പോരായ്മകളെ അതിജീവിക്കാനും ഉദ്ദേശിക്കുന്നുവെങ്കിൽ കഠിനമായ സല്‍കര്‍മ്മങ്ങളില്‍ മുഴുകണമെന്നും പ്രായശ്ചിത്വകര്‍മ്മങ്ങളും പുണ്യകര്‍മ്മങ്ങളും ആവര്‍ത്തിച്ച് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. യൗവനത്തില്‍ ശരീരസംരക്ഷണത്തിന് പ്രാദേശിക ആഹാരങ്ങളെയും അഹന്താദോഷങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് മോചനം നേടാന്‍ വിപരീതദേശയിനം ഔഷധങ്ങളെയും വിശേഷതീര്‍ത്ഥങ്ങളെയും പ്രയോജനപ്പെടുത്തണമെന്നും അതിന്നായി തീര്‍ഥാടനം നടത്തണമെന്നും വാര്‍ദ്ധക്യത്തില്‍ ദേഹസംരക്ഷണത്തിനായി വിപരീതദേശയിനം ആഹാരങ്ങളെ പ്രത്യേകം പ്രയോജനപ്പെടുത്തണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. വേദനാഘട്ടത്തില്‍ ഔഷധത്തെ യുക്തിവ്യപാശ്രയരീതിയില്‍ സ്വീകരിക്കണമെന്നും പ്രാണശക്തിയുടെ ക്ഷീണത്തില്‍ ഗന്ധകം, ആര്‍സെനിക്, ഖനീജങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ അംശങ്ങള്‍  അതിസൂക്ഷ്മ അളവില്‍ അടങ്ങിയ സസ്യഔഷധങ്ങളെയൊ വിശേഷ ഉറവതീര്‍ത്ഥത്തെയൊ പ്രയോജനപ്പെടുത്തണമെന്നും പൂര്‍വ്വികരില്‍ ചിലര്‍ നിര്‍ദ്ദേശിച്ചു.

ആത്മബോധവുമായി ബന്ധമില്ലാത്ത ഒന്നാണ് ധര്‍മ്മമെങ്കില്‍ സത്യബോധഉപാസനയില്‍ ധര്‍മ്മാചരണത്തിന് പ്രസക്തിയില്ല. സത്യബോധം തന്നെയാണ് ആത്മബോധം, ആത്മബോധത്തിന്‍റെ ഭാവം തന്നെയാണ് ധര്‍മ്മം എന്ന് കണക്കാക്കി ചിലര്‍ ധർമ്മത്തെ എല്ലായിപ്പോഴും ആചരിച്ചു. കഠിനങ്ങളായ ധര്‍മ്മപ്രവൃത്തികളെ തുടര്‍ന്നും സൽക്കർമ്മങ്ങള്‍, സല്‍ക്കര്‍മ്മഫലത്യാഗങ്ങള്‍ എന്നിവയെ തുടര്‍ന്നും ആനന്ദാനുഭവം ഇല്ലെങ്കില്‍ ധര്‍മ്മഉപാസനയ്ക്ക് എന്ത്‌ പ്രസക്തിയാണുള്ളത് എന്ന് ചിലര്‍ സന്ദേഹിച്ചു. മനുഷ്യജീവിതം ഒരു ആകസ്മികതയാണ് എന്നും ദൈവേച്ഛയാണ് എന്നും അതിലെ ദുഃഖാനുഭവങ്ങൾ വിധിയാണ് എന്നും ചിലർ സങ്കല്‍പ്പിച്ചു. അഹന്താതത്വം ഒരുക്കിയ ഒരു മഹാകെണിയാണ് മനുഷ്യജന്മം എന്നും ചിലര്‍ ഭാവനചെയ്തു. ഭൗതികജീവിതം ധർമ്മനിയമങ്ങൾക്ക് വിധേയമാണെന്നും കര്‍മ്മഫലങ്ങളുടെ ഓർമ്മ അനുസരിച്ച് പരലോകജീവിതം പിന്തുടരുന്നുണ്ട് എന്നും ചിലര്‍ തീവ്രമായി വിശ്വസിച്ചു. പരലോകം സത്യലോകവുമായി ബന്ധപ്പെട്ടതെങ്കില്‍ അപരലോകം എന്ന ഒന്നുകൂടി മഹാസത്യബോധലോകത്തോട് ബന്ധപ്പെട്ട് കാണുമെന്ന് ചിലര്‍ ഭാവനചെയ്തു.

മനുഷ്യന് ജീവിക്കാൻ വേണ്ട ഇടവും വായു, അഗ്നി, വെളിച്ചം, ജലം, അന്നം, അറിവ് തുടങ്ങിയ അർത്ഥങ്ങളും എല്ലാം വിശ്വപ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. അത് ഇന്നലെകളിലും മിനിഞ്ഞാനും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇന്നും പരിസ്ഥിതിയില്‍ ഉണ്ട്. ഇല്ലാത്ത അവസ്ഥ അനുഭവപ്പെടുന്നുവെങ്കിൽ അത് കൃത്രിമമത്രേ. നിത്യവൃത്തിക്കായി കാര്യശരീരത്തെ എല്ലാ നേരവും വ്യാപൃതമാക്കേണ്ടിവരുന്നുവെങ്കില്‍, ആഹാരത്തിന്നായി സ്ഥൂലശരീരത്തെ കൊണ്ട് കഠിനമായി പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നുവെങ്കില്‍, അതിന്നായി കുതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കേണ്ടിവരുന്നുവെങ്കില്‍, അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ നെട്ടോട്ടം ഓടേണ്ടിവരുന്നുവെങ്കില്‍ ഇന്ദ്രിയങ്ങളില്‍, ബുദ്ധിയില്‍, ചിന്തകളില്‍ തകരാറുണ്ട്, വിദ്യാഭ്യാസക്കുറവുണ്ട്, ഓജസ്സ് കുറവുണ്ട്, കാര്യശരീരത്തില്‍ പരിമിതികളുണ്ട് എന്ന് അറിയണം. അല്ലെങ്കിൽ സാഹചര്യസംവിധാനത്തില്‍ കാര്യമായ അപാകതയുണ്ട് എന്ന് തിരിച്ചറിയണം. അഹന്താസാഹചര്യത്തിലെ അപാകതകള്‍ പണ്ടും എപ്പോഴും എങ്ങും ഇതിലധികമായും ഉണ്ടായിരുന്നു എന്നറിയണം.

മനോശുദ്ധി തന്നെയാണ് ശാന്തി. ശാന്തിയിലൂടെയും മനോസംസ്ക്കരണത്തിലൂടെയും രൂപപ്പെടുന്ന ഒന്നാണ് മര്യാദ അഥവാ നല്ല പെരുമാറ്റം. സത്യബോധവും ആത്മബോധവും തമ്മിൽ, ആത്മബോധവും ആത്മബോധകലകളും തമ്മില്‍, ആത്മബോധകലകളും ആന്തരിക മനസ്സും തമ്മിൽ, ആന്തരിക മനസ്സും ബാഹ്യമനസ്സും തമ്മിൽ, മനസ്സും സ്ഥൂലശരീരവും തമ്മിൽ; ബാഹ്യമനസ്സും ബാഹ്യമനസ്സുകളും തമ്മിൽ ഒരു മര്യാദാ ഉടമ്പടിയുണ്ട്. മര്യാദാഉടമ്പടിയാണ് ധര്‍മ്മം അഥവാ നീതി. സമത്വഉടമ്പടി അഥവാ ധര്‍മ്മനീതി തെറ്റുന്നതാണ് നീണ്ടുനിൽക്കുന്ന ദുഃഖത്തിനും വേദനയ്ക്കും ക്ഷീണത്തിനും നിദാനമാകുന്നത്. മര്യാദാഉടമ്പടിയെ നിരന്തരം തെറ്റിപ്പിക്കുന്നതില്‍ ഒന്ന് അഹന്താദോഷങ്ങളാണ്, അഹന്താദോഷങ്ങള്‍ നിറഞ്ഞ പരിസ്ഥിതിയാണ്. മറ്റൊന്ന് അഹന്താകാലവും അഹന്താദോഷങ്ങളും ബാഹ്യമനസ്സും ചേര്‍ന്ന് രൂപംകൊണ്ട അവിദ്യയാണ്. ബാഹ്യമനസ്സും അഹന്താദൃശ്യപ്രപഞ്ചവും തമ്മിൽ പ്രത്യേക ക്രമനിയമങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നും ദൃശ്യപ്രപഞ്ചത്തിന്‍റെ പരോക്ഷഭാവം ധര്‍മ്മനീതിനിയമങ്ങളെ നിഷേധിക്കുന്ന രീതിയിലാണ് എപ്പോഴും നിലകൊള്ളുന്നത് എന്നും ചിലര്‍ നിരീക്ഷിച്ചു.

അഹന്താദൃശ്യപ്രപഞ്ചവും ബാഹ്യമനസ്സും, ഇതരമനസ്സുകളും ബാഹ്യമനസ്സും തമ്മിലുള്ള അസംബന്ധം പോലെ ബാഹ്യമനസ്സ്, ആന്തരിക മനസ്സ്‌ എന്നിവ തമ്മില്‍ രൂപപ്പെട്ട അസംബന്ധവും മനോസംഘര്‍ഷം, ക്ഷീണം, വേദന എന്നിവയ്ക്ക് കാരണമാകും. അവനവനിലുള്ള സല്‍ബോധങ്ങളെ നശിപ്പിക്കാനും അനാവശ്യമായതൊ തമസ്സായതൊ ആയ ബന്ധങ്ങളെ രൂപപ്പെടുത്താനും ആത്മബോധകലകളെക്കുറിച്ച് അജ്ഞനായിരിക്കാനും അതിനെ നിഷേധിക്കാനും മറ്റും പ്രേരണയാകുന്നത് ബാഹ്യമനസ്സിന്‍റെ രജസ്സ്, തമസ്സ് ഗുണങ്ങളാണ്. രജസ്സ്, തമസ്സ് ഗുണങ്ങള്‍ക്കും അതടങ്ങിയ അഹങ്കാരത്തിന്‍റെ തീവ്രതയ്ക്കും ആധാരം ബാഹ്യമനസ്സിനോടൊപ്പം നിലകൊള്ളുന്ന അഹന്താദോഷങ്ങളാണ്.

സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയുടെ സൗമ്യതയ്ക്കും സൽകര്‍മ്മ അനുഷ്ഠാനത്തിനും കാലദേശസാഹചര്യത്തിലെ ജീവിതത്തിനും എല്ലാം അഹിതമായി നിലകൊള്ളുന്ന വിഷയങ്ങള്‍, ബന്ധങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവയെ യഥാസമയം തന്നെ ഒഴിവാക്കണം. അല്ലെങ്കില്‍ അത് സംഘട്ടനത്തില്‍ പര്യവസാനിക്കും, ദുഃഖകാരണവുമാകും. മരത്തിനെ നശിപ്പിക്കുന്നത് വെയില്‍, കാറ്റ്, മഴ, മഞ്ഞ് എന്നിവ മാത്രമല്ല മരത്തിലെ ഇത്തിക്കണ്ണി കൂടിയാണ്. മനുഷ്യന്‍റെ മുഖ്യശത്രു അവനിലൊ ഇണയിലൊ അയല്‍വാസികളിലൊ ഉള്ള അഹന്താദോഷങ്ങളാണ്. ഇവ വികസിപ്പിച്ച് പരുവപ്പെടുത്തിയ ആര്‍ത്തിയൊ അതുമൂലമുള്ള ബഹളങ്ങളോ ആണ്.

മനുഷ്യന്‍റെ ആയുസ്സ് ഹ്രസ്വമാണ്. മനുഷ്യന്‍ ജനിക്കുന്നതിന് മുന്‍പേതന്നെ പരിസ്ഥിതി ഇവിടെയുണ്ട്. മനുഷ്യന്‍റെ ആയുസ്സ് അവസാനിച്ചാലും പരിസ്ഥിതി ഇവിടെ നിലനില്‍ക്കും. ആകാശത്തെ താരങ്ങളും കിഴക്കുപടിഞ്ഞാറ് നീന്തുന്ന സൂര്യനും മാറിമാറി നീങ്ങുന്ന ചന്ദ്രനും അവിടെയൊക്കെ തന്നെ നിലകൊള്ളും. മുറ്റത്തെ അണുക്കള്‍ നിറഞ്ഞ മണ്ണും ഔഷധഗുണമുള്ള ഓക്കും പൈനും സർപ്പം കയറാത്ത ലോബന്‍ കർപ്പൂര (സിന്നമിക് അമ്ലം) മരവും എല്ലാം അതാതിടങ്ങളിൽ തന്നെ നിലകൊള്ളും. ആദ്യം നശിക്കുന്നത് അവനിലെ സ്ഥൂലശരീരധാതുക്കളും  സ്ഥൂലമനസ്സുമാണ്. തുടർന്ന് അവനിലുള്ള ആന്തരിക മനസ്സും പ്രാണശക്തിയും നശിക്കും.

നൈസര്‍ഗികമായ കാമത്തെ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പ്രാണശക്തിയെയും സ്ഥൂലശരീരത്തെയും അറിഞ്ഞ് സംരക്ഷിക്കണം. അതിന് ശ്രമിക്കാതെ, ഭാവനകളുടെ അകമ്പടിയില്ലാതെ സംഘടിപ്പിച്ച വിശ്വാസങ്ങളുടെയും വ്യാമോഹങ്ങളുടെയും പിന്നാലെയുള്ള യാത്രകള്‍, തകരയെയും മഹാഗണിഫലത്തെയും അന്റാര്‍ട്ടിക്കയിലെ മഞ്ഞിനേയും ഓസോണ്‍ ഇതര പാളികളെയും അതിലും ഉപരിയായുള്ള വിശ്വപ്രപഞ്ചവിഷയങ്ങളെയും അഭൗതിക കാര്യങ്ങളെയും അതുമായി ബന്ധപ്പെട്ട കഥകളെയും മറ്റും മാത്രമായി സംരക്ഷിക്കാനുള്ള വെമ്പലുകള്‍, അതിന്‍റെ മേല്‍വിലാസത്തില്‍ നടത്തിപ്പോരുന്ന കൂട്ടബഹളകോലാഹലങ്ങള്‍ എല്ലാം തന്നെ കൂടെ കൂടിയ അഹന്താദോഷങ്ങളുടെ ചില വികൃതികള്‍ മാത്രമാണെന്നും ചിലര്‍ തിരിച്ചറിഞ്ഞിരുന്നു.

മരിച്ചവര്‍ എന്നപോലെ വളരെ അകലെയുള്ള അപരിചിതരും ഒരു നിലയ്ക്ക് അന്യരാണ്. അന്യരെയും അവരെ സംബന്ധിച്ച ചരിത്രത്തെയും അത്യാവശ്യമില്ലെങ്കില്‍ മറക്കണം. വര്‍ത്തമാനകാലത്തില്‍, അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍, സ്വജീവനത്തിൽ ആർജവത്തോടെ ജീവിക്കാനാകണം. വര്‍ത്തമാനകാലത്തിലെ വിരുദ്ധയിനം മനുഷ്യരില്‍ നിന്ന്, അവരുടെ നാട്യകോപ്രായങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന്, അത്തരം ആവര്‍ത്തന ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്ന് അകന്നുനിൽക്കാനായാല്‍, കണ്‍വെട്ടത്ത് വന്ന് ഇവര്‍ ആവര്‍ത്തിച്ചുനടത്തുന്ന കുരവകളെയും തുള്ളല്‍ക്കേളികളെയും എല്ലാം സഹിക്കാനായാല്‍, ഇടയ്ക്കിടെ കണ്ണടയ്ക്കാനായാല്‍ സ്വസ്ഥത, സമാധാനം എന്നിവയെ അനുഭവിക്കാനാകും. വിശേഷാല്‍ബുദ്ധി ദ്വൈതമായതിനാല്‍, ബഹുമുഖമായതിനാല്‍ അതടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയുള്ള ജീവിതം ദുഃഖസുഖ സമ്മിശ്രമാകുന്നത് സ്വാഭാവികമാണ്. ബുദ്ധിയുള്ളിടത്തോളം കാലം, ബുദ്ധിയെ ആശ്രയിക്കേണ്ട കാലത്തോളം, അവബോധം വികസിക്കാത്ത കാലത്തോളം ദുഃഖത്തെ പൂര്‍ണ്ണമായി ത്യജിക്കാന്‍ സാദ്ധിക്കുകയില്ല എന്നും അതിനാല്‍ ദുഃഖത്തെ സഹിക്കാന്‍ പഠിക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ ആരുടെതായാലും അവ യുക്തിഭദ്രമെങ്കില്‍ സ്വീകരിക്കണം. ആഹാരദ്രവ്യങ്ങള്‍, ഔഷധങ്ങള്‍, ജീവിതചര്യകള്‍ എന്നിവയെ അറിഞ്ഞ് പരിഷ്കരിച്ച് ജീവിതകര്‍മ്മങ്ങളെ ചിട്ടപ്പെടുത്തേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്.

ആയുസ്സുക്കാലത്തിലെ അനുഭവയാഥാര്‍ത്ഥ്യങ്ങളാണ് ജീവിതം. അത് കോപദുഃഖസുഖ സമ്മിശ്രങ്ങളാണ്. ജീവിതാനുഭവങ്ങളില്‍ അധികവും മനസ്സിന്‍റെ തോന്നലുകളാണ്. സുഖദുഃഖങ്ങളും മനസ്സിന്‍റെ തോന്നലുകളാണ്. സുഖത്തെക്കാള്‍ മനസ്സിനെ ഏറെ സ്വാധീനിക്കുന്നത് ദുഃഖമാണ്. മനുഷ്യന്‍ പരിണമിച്ച് വന്നതും നിലകൊള്ളുന്നതുമായ പരിസ്ഥിതി ബാഹ്യമനസ്സിലെ സാമാന്യബോധത്തില്‍ സൃഷ്‌ടിച്ച ആശകളാണ്, അഹന്താപരിസ്ഥിതിയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ രൂപപ്പെട്ട ബഹുമുഖങ്ങളായ മോഹബന്ധങ്ങളാണ്, ഇവമൂലമുണ്ടായ ബന്ധനങ്ങളാണ് സുഖദുഃഖങ്ങളുടെയെല്ലാം അടിസ്ഥാനം. ബാഹ്യമനസ്സും അവിദ്യയും ഒരുക്കിയ മോഹങ്ങള്‍ കൂടാതെ അഹങ്കാരം, അജ്ഞത എന്നിവയും ദുഃഖസൃഷ്ടിപ്പിന്‍റെ കാരണങ്ങളാണ്. ഇന്ദ്രിയങ്ങളുടെ വിഭ്രാന്തികളാണ്, അതടിസ്ഥാനത്തിലുണ്ടായ അദ്ധ്യാപനങ്ങളാണ്, അതുമൂലമുള്ള മനോമലങ്ങളാണ് ഒട്ടുമുക്കാല്‍ പാപകർമ്മങ്ങൾക്കും ദുഃഖങ്ങൾക്കും വേദനകൾക്കും നിദാനമാകുന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പരിമിതികള്‍ നേരിടുന്ന ജീവിയാണ് മനുഷ്യന്‍. അതുകൊണ്ടാണ് മനുഷ്യൻ സമൂഹമായി ജീവിക്കുന്നത്. പരിമിതികള്‍ വര്‍ദ്ധിച്ചാൽ, ദാരിദ്രം അനുഭവിക്കേണ്ടിവന്നാൽ ദുഃഖത്തിന്‍റെ വ്യാപ്തി കൂടും. മുജന്മപാപങ്ങള്‍ ഇല്ലെങ്കില്‍, തമോരജോ മനസ്സ്‌ ഇല്ലെങ്കില്‍; അഹങ്കാരം, അധര്‍മ്മം എന്നിവ ഇല്ലെങ്കില്‍ ദുഃഖവും ഇല്ല. ജ്ഞാനം, ഇച്ഛാശക്തി, പശ്ചാത്താപം, സഹനം, കാരുണ്യം, നന്മ, പരിത്യാഗം, മഹാബലി എന്നിവ പോലെ ധര്‍മ്മാനുഷ്ടാനങ്ങളും ഉപാസനകളും ദുഃഖനിവാരണത്തിന് ഉതകുമെന്ന് ചിലര്‍ തീവ്രമായി തന്നെ വിശ്വസിച്ചു.

മനോസുഖം, ദേഹസുഖം എന്നിങ്ങിനെ സുഖം രണ്ടുതരമുണ്ട്. ധര്‍മ്മം, മര്യാദ, സല്‍കര്‍മ്മം, അന്നം, അര്‍ത്ഥം, ശുദ്ധി, ആരോഗ്യം, ലൈംഗികത, ജ്ഞാനം, വിജ്ഞാനം, സൌന്ദര്യം, വ്രതം, ഭേഷജം എന്നിവയെല്ലാം സുഖത്തെ അനുവദിക്കുന്ന ഘടകങ്ങളാണ്. അന്നത്തെ ആഹരിക്കുമ്പോഴും വിഷയങ്ങളെ ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവ കൊണ്ട് അനുഭവിക്കുമ്പോഴും ഇന്ദ്രിയങ്ങളെ നിയന്തിക്കുമ്പോഴും ബാഹ്യമനസ്സിനെ ഉണര്‍ത്തുമ്പോഴും തളർത്തുമ്പോഴും ആന്തരികമനോതലങ്ങളെ ഉണര്‍ത്തുമ്പോഴും ഉറങ്ങുമ്പോഴും സുഖത്തെ അനുഭവിക്കാനാകും. വയര്‍ നിറയെ ഭക്ഷണം കഴിച്ച് ആടിയാലും തേന്‍ കുടിച്ച് തുള്ളിയാലും കരഞ്ഞാലും സുഖത്തെ അനുഭവിക്കാനാകും. ഇത്തരം സുഖങ്ങളെല്ലാം ക്ഷണികമാണ്. പരിസ്ഥിതി അനുസരിച്ച്, വിഷയങ്ങളോടുള്ള കാഴ്ചപ്പാട് അനുസരിച്ച്, വ്യക്തിയുടെ പ്രത്യേകത അനുസരിച്ച് സുഖാനുഭവത്തിന്‍റെ തോത് വിത്യാസപ്പെടും. ഏതുതരം സുഖമായാലും അതിനെ അനുഭവിക്കുന്നത് മനസ്സാണ്. ഭൂമിയിലെ എല്ലാ ജീവികളും സുഖത്തെ കാംക്ഷിക്കുന്നു. മനുഷ്യന്‍ ദീര്‍ഘസുഖത്തെയും പൂര്‍ണ്ണായുസ്സിനെയും കാംക്ഷിക്കുന്നു. ഋതുക്കള്‍ എന്നപോലെ ദുഃഖസുഖങ്ങള്‍ ഒന്നിന് ശേഷം മറ്റേത്‌ എന്ന ക്രമത്തില്‍ ഒരു പ്രവാഹം പോലെ തുടര്‍ന്നുകൊണ്ടിരിക്കും. ജീവിതകർമ്മങ്ങൾ അനുകൂലവും ആരോഗ്യപൂര്‍വ്വവും അല്ലാത്തതുകൊണ്ടാണ് ജീവിതം എപ്പോഴും ദുഃഖമയമാകുന്നത്. അനുകൂലകർമ്മങ്ങൾ ചെയ്താലാണ്, പ്രവൃത്തി പൂര്‍ത്തികരിച്ചാലാണ് സുഖത്തെ അനുഭവിക്കാനാകുന്നത്. പ്രവൃത്തി എന്നത് കഠിനാദ്ധ്വനം, സ്വാര്‍ഥത, രാഗം എന്നിവയാണെങ്കില്‍ നിവൃത്തി എന്നത് മിതാദ്ധ്വാനവും വൈരാഗ്യവും കാരുണ്യവുമാണ്. വാര്‍ദ്ധക്യഅതിജീവനം എന്നത് നിവൃത്തീകരണമാണ്.

** 


No comments:

Post a Comment